25 Jun

പ്രതിരോധവും സുതാര്യമാകണം

പ്രതിരോധവും സുതാര്യമാകണം

സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന പരിഷ്‌കാരങ്ങള്‍ കേരളത്തിനു ദോഷകരമാകുമെന്ന കാര്യത്തില്‍ ഇവിടെയുള്ള സഹകാരികള്‍ക്കിടയില്‍ രണ്ടഭിപ്രായമില്ല. അതുകൊണ്ടാണു ബാങ്ക് എന്ന പേരുപയോഗിക്കല്‍, നാമമാത്ര അംഗങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കല്‍ എന്നിവയെല്ലാം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ആര്‍.ബി.ഐ. പരസ്യം നല്‍കിയപ്പോള്‍ സഹകാരികള്‍ ഒന്നടങ്കം പ്രതിരോധവുമായി ഇറങ്ങിയത്. സഹകരണ നിക്ഷേപത്തിനു ഗ്യാരന്റി ഇല്ലെന്നു ആര്‍.ബി.ഐ. പറഞ്ഞപ്പോള്‍ നല്ല ഉറപ്പുള്ള ഗ്യാരന്റി നല്‍കാന്‍ സംസ്ഥാനത്തു നിക്ഷേപ ഗ്യാരന്റി ബോര്‍ഡുണ്ടെന്നാണ്് ഓരോ ഇടപാടുകാരോടും സഹകാരികള്‍ പറഞ്ഞത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതു റിസര്‍വ് ബാങ്കാണെങ്കിലും അതിനെ നിയമപരമായി ചോദ്യം ചെയ്യണമെന്നു സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ അതുകേട്ട് സഹകാരികള്‍ ഒന്നടങ്കം കൈയടിച്ചത്. ഓരോ ജില്ലയിലും കേന്ദ്ര ഓഫീസിനു മുമ്പില്‍ തൊണ്ടകീറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരില്‍ വയോധികരായ സഹകാരികള്‍ മാത്രമല്ല സഹകരണ മേഖലയില്‍ ജോലി ചെയ്യുന്ന യുവജീവനക്കാരുമുണ്ട്. സമരത്തിനിറങ്ങിയവരില്‍ ഏറെയും സ്ത്രീകളായിരുന്നു എന്നതാണു മറ്റൊരു കാര്യം. ആര്‍.ബി.ഐ. മുന്നറിയിപ്പ് പരസ്യമായി പ്രത്യക്ഷപ്പെട്ടതിനു ശേഷവും കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ ചോര്‍ന്ന് ഇല്ലാതായിപ്പോയിട്ടില്ല. കാരണം, ആ നിക്ഷേപമെല്ലാം സുരക്ഷിതമാണെന്ന് അവരോട് പറഞ്ഞത് അവരുടെ വിളിപ്പുറത്തുള്ള സഹകാരികളാണ്്. ആ വാക്കിനു റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുനോട്ടീസിനേക്കാളും മൂല്യം അവര്‍ കല്‍പ്പിക്കുന്നുണ്ട്.

അതേസമയം, ഈ ജനവിശ്വാസമെല്ലാം എന്നും എപ്പോഴും അങ്ങനെ നിലനിന്നോളും എന്നു ധരിക്കുന്നതു മൗഢ്യമാണ്. കാരണം, സഹകരണ സംഘങ്ങളുമായി യുവാക്കള്‍ക്കുള്ള ബന്ധം, സഹകരണ ബാങ്കുകളിലെ യുവജനങ്ങളുടെ അക്കൗണ്ടുകളുടെ തോത് എന്നിവയെല്ലാം എത്രയാണെന്നു നമുക്കു നല്ല ബോധ്യമുണ്ട്. സഹകാരികളിലും യുവപ്രാതിനിധ്യം കുറവാണ്. അതായത്, കാര്യങ്ങള്‍ ശരിയായ രീതിയില്‍ ബോധ്യപ്പെടുത്തുകയും സംഘങ്ങള്‍ കാലോചിതമായി മാറുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടു മാത്രമേ പുതിയ തലമുറകളിലും സഹകരണ മേഖലയിലുള്ള ഈ വിശ്വാസം നിലനിര്‍ത്താനാകൂ. അതിനു വാക്കിലും പ്രവൃത്തിയിലും സുതാര്യത വേണം. സഹകരണ മേഖലയില്‍ സമീപകാല സംഭവങ്ങളിലെല്ലാം സുതാര്യതയില്ലാത്ത നടപടികള്‍ പ്രകടമാണ്. റിസര്‍വ് ബാങ്കിനെതിരെയുള്ള പ്രതിഷേധംപോലും ഒരുതരം നിഴല്‍യുദ്ധമാണെന്നു തോന്നിക്കുന്ന വാര്‍ത്തകളാണു പുറത്തുവരുന്നത്. 2020 സെപ്റ്റംബറില്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നപ്പോള്‍ത്തന്നെ അതില്‍ സഹകരണ മേഖലയെ ദോഷമായി ബാധിക്കുന്ന വ്യവസ്ഥകളുണ്ടെന്നു സഹകാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലമായിരുന്നു അത്. സര്‍വകക്ഷി യോഗം ചേര്‍ന്നും സഹകാരികളെ വിളിച്ച് ചര്‍ച്ച നടത്തിയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു അന്നത്തെ സഹകരണ മന്ത്രി പറഞ്ഞത്. ഒന്നും നടന്നില്ല. ഈ സര്‍ക്കാരിന്റെ കാലത്തും സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന പേര് മാറ്റണമെന്നു കാണിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ആര്‍.ബി.ഐ.യെ അറിയിച്ചിട്ടുണ്ട്. ഇതൊക്കെ മറച്ചുവെച്ചാണു റിസര്‍വ് ബാങ്ക് പരസ്യം നല്‍കിയതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. കേസിനു പോകുമെന്നു പ്രഖ്യാപിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും അതു ചെയ്യാതിരിക്കുകയും കൂടിയായപ്പോള്‍ എവിടെയൊക്കെയോ ചില സംശയങ്ങള്‍ ബാക്കിയാണ്. നിക്ഷേപ ഗ്യാരന്റിത്തുക അഞ്ച് ലക്ഷമാക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചിട്ടും ഏറെ നാളായി. ഗ്യാരന്റി ഫണ്ട് ബോര്‍ഡ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. വിശ്വാസമാണ് ഈ മേഖലയുടെ ശക്തി. അതു നിലനിര്‍ത്താന്‍ സഹകാരികളോടുള്ള സമീപനത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി സുതാര്യമാകേണ്ടതുണ്ട്. അല്ലെങ്കില്‍, സഹകാരികളുടെ വാക്കിനെ വിശ്വസിക്കുന്ന സഹകരണ സംഘങ്ങളിലെ ലക്ഷക്കണക്കിന് ഇടപാടുകാരുടെ വിശ്വാസവും ഇല്ലാതായിപ്പോകും.
– എഡിറ്റര്‍

Read also