‘കെയ്കി’നൊപ്പം വേണം വകുപ്പിനും പുതിയ സമീപനം

Deepthi Vipin lal

(2021 ജൂലായ് ലക്കം)

വികസന, ക്ഷേമ പദ്ധതികളില്‍ സഹകരണ പങ്കാളിത്തം ഉറപ്പാക്കുന്ന സര്‍ക്കാര്‍ കാഴ്ചപ്പാട് ‘ക്രൗഡ് ഫണ്ടിങ്ങി’ന്റെ ജനാധിപത്യ സമീപനമാണെന്നു പറയാം. സര്‍ക്കാര്‍ ഒരു നയരൂപവത്കരണ സമിതിയും നിയന്ത്രണാധികാരിയുമായി മാറുകയും അതിനനുസരിച്ച് മൂലധനം ഇറക്കിക്കുകയും ചെയ്യുന്നതാണു പുതിയ കാഴ്ചപ്പാട്. എല്ലാ പദ്ധതികളും സര്‍ക്കാര്‍ പണം നല്‍കി നടപ്പാക്കുന്ന രീതിക്കു പരിമിതികള്‍ ഏറെയുണ്ട്. ആ പരിമിതി പണത്തിനു മാത്രമല്ല വൈവിധ്യമായ പദ്ധതികള്‍ ഏറ്റെടുത്തു സാമൂഹിക വളര്‍ച്ച കൈവരിക്കുന്നതിനുമുണ്ടാകും. ഇതിനു ബദലാണു സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന, ജനക്ഷേമ പദ്ധതികളില്‍ സര്‍ക്കാരിതര മൂലധനം ഉറപ്പാക്കുക എന്നത്. ഇതിന് ആശ്രയിക്കാവുന്നതു സ്വകാര്യ മേഖലയെയാണ്. സ്വകാര്യ മേഖലയെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പോടെ പ്രോത്സാഹിപ്പിക്കുന്നതു കേരളത്തിന് അത്ര പ്രീതിയുള്ള കാര്യമല്ല. അതേസമയം, സര്‍ക്കാര്‍ സംവിധാനത്തോളം ജനകീയമായ സഹകരണ മേഖലയെ കേരളം ആവോളം പിന്തുണച്ചിട്ടുമുണ്ട്. അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനവും ജനാധിപത്യപരമായ ഭരണസംവിധാനവുമാണു സഹകരണ സംഘങ്ങളുടേത് എന്നതാണ് അതിനു കാരണം. അതാണു സഹകരണ പങ്കാളിത്തത്തോടെ പദ്ധതിനിര്‍വഹണമെന്ന കാഴ്ചപ്പാട് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കാന്‍ കാരണം.

കാര്‍ഷികോല്‍പ്പാദന, സംസ്‌കരണ, വിതരണ, വിപണന സംവിധാനമൊരുക്കുന്നതിന് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ‘കെയ്ക്’ ( കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള ) പദ്ധതി. കാര്‍ഷികോല്‍പ്പാദനം കൂടുന്നതിനനുസരിച്ച് കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കുന്നില്ല. സംസ്‌കരണ, വിപണന സംവിധാനം മെച്ചപ്പെടാത്തതാണു കാരണം. ഉല്‍പ്പാദനാനന്തര പ്രവര്‍ത്തനങ്ങള്‍ക്കു സഹകരണ മൂലധനം ഉപയോഗിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹകരണ സംഘങ്ങളിലൂടെ കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കും. ഇതിനു സര്‍ക്കാര്‍ സബ്‌സിഡിയുണ്ടാകും. വ്യത്യസ്തമായ ആശയങ്ങളുമായി സംരംഭങ്ങള്‍ക്കൊരുങ്ങുന്ന ആര്‍ക്കും ഇതു കിട്ടും. ആത്യന്തികമായി ഇതെല്ലാം കര്‍ഷകന്റെ വരുമാനം കൂട്ടും. മാതൃകാപരമായ ഒരു പദ്ധതിനിര്‍വഹണ രീതിയാണിത്. സഹകരണ സംഘങ്ങള്‍ക്ക് ഒരുപാട് മുന്നേറാനും ഇടപെടാനും ഇതിലൂടെ കഴിയും.

അതേസമയം, ഈ ലക്ഷ്യം നേടാന്‍ പദ്ധതികാഴ്ചപ്പാടില്‍ മാത്രം മാറ്റമുണ്ടായതുകൊണ്ടായില്ല. വകുപ്പിന്റെ നിര്‍വഹണ രീതിയിലും ഉദ്യോഗസ്ഥ സമീപനത്തിലും മാറ്റമുണ്ടാകണം. സംഘങ്ങള്‍ക്കു നേരിട്ട് സംരംഭങ്ങളിലേക്കിറങ്ങാം, സംഘങ്ങള്‍ക്കു കീഴില്‍ ചെറുകൂട്ടായ്മകളുണ്ടാക്കി സംരംഭകരെ വളര്‍ത്താം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാം – ഇതെല്ലാം സര്‍ക്കാറിന്റെ പദ്ധതിനിര്‍വഹണത്തിലെ പുതിയ കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്‍.സി.ഡി.സി., നബാര്‍ഡ് തുടങ്ങിയ ദേശീയ ഏജന്‍സികളും ഇത്തരം കാര്യങ്ങളാണു സഹകരണ സംഘങ്ങളോട് നിര്‍ദേശിക്കുന്നത്. എന്നാല്‍, ഏതെങ്കിലും സംഘം ഇതിനു മുന്നിട്ടിറങ്ങുമ്പോള്‍ അവരെ പിന്തിരിപ്പിക്കുന്ന സമീപനമാണു ഉദ്യോഗസ്ഥരില്‍നിന്നുണ്ടാകുക. സംഘങ്ങള്‍ നേരിട്ട് സംരംഭങ്ങള്‍ക്കു പണമിറക്കുന്നതിന് ‘നടപടിക്രമങ്ങളുടെ ‘ കുരുക്കുകളുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ രൂപവത്കരിക്കാന്‍ മാനദണ്ഡമില്ല. സ്വയംസഹായ സംഘങ്ങളുണ്ടാക്കാനും സംരംഭക കൂട്ടായ്മയുണ്ടാക്കാനും കൃത്യമായ വ്യവസ്ഥകളില്ല. സംഘങ്ങളുടെ അപേക്ഷകള്‍ വകുപ്പിനുള്ളില്‍ കുടുങ്ങിക്കിടന്നുപോകുന്നതാണ് ഒരു പ്രശ്‌നം. അപേക്ഷകള്‍ പിടിച്ചുവെക്കുന്നതും പൂഴ്ത്തിവെക്കുന്നതും ഉടക്കിടുന്നതുമെല്ലാം ചിലര്‍ക്കു ശീലമാണ്. ഈ മനോഭാവമെല്ലാം മാറണം. അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാന്‍ സമയം നിശ്ചയിക്കണം. നിരസിച്ചാല്‍ മേലധികാരിക്ക് അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ടാകണം. ഫയല്‍നീക്കമറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം വേണം. ഏഴു ദിവസത്തിനുള്ളില്‍ സംരംഭം തുടങ്ങാനാകുംവിധം ‘ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ‘ നടപ്പാക്കിയ സംസ്ഥാനമാണു കേരളം. പക്ഷേ, അപേക്ഷകര്‍ സഹകരണ സംഘങ്ങളാണെങ്കില്‍ എഴുപതു ദിവസം കൊണ്ടും തീര്‍പ്പാകാത്ത സ്ഥിതിയാണ്. അതിനാല്‍, സര്‍ക്കാരിന്റെ പദ്ധതികാഴ്ചപ്പാടിനൊപ്പം വകുപ്പിലെ ചില സമീപനങ്ങളും മാറേണ്ടതുണ്ട്.

– എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News