മാന്ദ്യത്തെ സഹകരണ മേഖലയും കരുതിയിരിക്കണം

web desk

ഏഴു പതിറ്റാണ്ടിനിടെ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വാഹന നിര്‍മാണ-വിതരണ മേഖല കടുത്ത പ്രതിസന്ധിയിലാണ്. മഹാരാഷ്ട്രയില്‍ വാഹന വിതരണ ഏജന്‍സികള്‍ അടച്ചുപൂട്ടുകയും അവരില്‍ പലരും സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലുമാണ്. മൂന്നു മാസത്തിനിടെ വാഹന നിര്‍മാണ-വിതരണ മേഖലയിലെ അഞ്ചു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ ഉപയോഗം 13 ശതമാനം കുറഞ്ഞു. ഇലക്ട്രോണിക്സ് കമ്പനികള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം കുറച്ചു. അടിവസ്ത്രങ്ങളുടെ വില്‍പനപോലും കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

ടെലികോം രംഗം പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും സര്‍ക്കാര്‍ ഇളവുകള്‍ നല്‍കി സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടത്. സാമ്പത്തിക മുരടിപ്പ് തടയാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും ആവശ്യപ്പെടുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രകടനമാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം അറിയാനുള്ള പ്രത്യക്ഷ സൂചകം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. ധനകാര്യ മേഖലയില്‍നിന്നാണ് പ്രതിസന്ധിയുടെ തുടക്കം. പണമൊഴുക്കിലെ കുറവ് പാപ്പരത്തത്തിലേക്ക് പല കമ്പനികളെയും നയിക്കുകയാണ്. 2009-14 വരെയുള്ള കാലയളവില്‍ വിവേചനരഹിതമായി വായ്പകള്‍ അനുവദിച്ചതാണ് ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. 2014ന് ശേഷമാണ് നിഷ്‌ക്രിയ ആസ്തിയായി മാറിയ വായ്പകളിലേറെയും അനുവദിച്ചത്. പുതിയ വായ്പകള്‍ നല്‍കുന്നതിന് ബാങ്കിങ് മേഖലയുടെ ശേഷിയെ നിഷ്‌ക്രിയ ആസ്തി ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇത് പണച്ചുരുക്കത്തിന് കാരണമാവുന്നു.

ഈ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം പ്രളയാനന്തര കേരളത്തില്‍ ഇരട്ടിയായിരിക്കുമെന്ന് ഉറപ്പാണ്. ഇന്നത്തെ സാഹചര്യത്തില്‍ അത് സഹകരണ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കും. സഹകരണ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇടപാടുകള്‍ കാര്യമായി കുറഞ്ഞു. മൊറട്ടോറിയത്തിന് ശേഷം സഹകരണ ബാങ്കുകളിലൊരിടത്തും വായ്പാതിരിച്ചടവ് കാര്യമായി ഉണ്ടാകുന്നില്ല. കേരളബാങ്കിന്റെ വരവും കാത്തുകിടക്കുന്ന ജില്ലാബാങ്കുകള്‍ രണ്ടു വര്‍ഷത്തിലേറെയായി മാന്ദ്യത്തിലാണ്. ഉദ്യോഗസ്ഥഭരണത്തിലായ ജില്ലാ സഹകരണ ബാങ്കുകളില്‍ ചട്ടപ്പടി പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്. കാര്യമായ വായ്പാവിതരണമില്ല. സഹകരണ ബാങ്കുകളിലെ ഇടപാടുകളാണ് ഗ്രാമീണ മേഖലയിലെ പണമൊഴുക്കിന്റെ തോത് നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകം. പ്രളയം ബാധിച്ച കേരളത്തെ കരകയറ്റാന്‍ സഹകരണ സംഘങ്ങള്‍ക്ക് വായ്പാതോത് കൂട്ടേണ്ടിവരും. മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ സംഘങ്ങളിലേക്കുള്ള പണത്തിന്റെ വരവ് ഇനിയും കുറയും. തിരിച്ചടവില്ലാത്ത വായ്പകള്‍ കിട്ടാക്കടത്തിന്റെ തോത് കുട്ടും. വായ്പാവിതരണത്തിന്റെ പണമില്ലാതെ ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ ബാധിച്ച പ്രതിസന്ധി സഹകരണ മേഖലയിലേക്കും പടരും. വരാനിരിക്കുന്നത് അപകടകരമായ സാഹചര്യമാണ്. മാന്ദ്യത്തെ സഹകരണ മേഖലയും കരുതിയിരിക്കണം.

– എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News