സഹകരണ മേഖലക്കെതിരായ പ്രചാരണം പൊതു ജനം തള്ളിക്കളയണം: സെക്രട്ടറീസ് സെന്റര്‍

Deepthi Vipin lal

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ യാതൊരു പ്രതിസന്ധിയുമില്ലന്നും, അര്‍ധസത്യങ്ങള്‍ പെരുപ്പിച്ച് കാണിച്ച് സഹകരണ മേഖലയെ ഒന്നാകെ താറടിച്ച് കാണിക്കുന്ന കോര്‍പ്പറേറ്റ് മാധ്യമ നീക്കം പൊതുജനം തള്ളിക്കളയണമെന്നും കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. 118 വര്‍ഷമായി സഹകരണ സ്ഥാപനങ്ങള്‍ നാട്ടില്‍ പ്രവര്‍ത്തിച്ച് വരുന്നു.

 

നാളിതുവരെയും ഒരാള്‍ക്കും നിക്ഷേപിച്ച പണം തിരികെ നല്‍കാതിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നത് ഗൗവരമേറിയ ഒറ്റപ്പെട്ട സംഭവമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ഒന്നരലക്ഷം കോടിയിലധികം നിക്ഷേപമുള്ള സംസ്ഥാനത്തെ സഹകരണ മേഖലക്ക് കഴിയും. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ലന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അല്പം കാലതാമസം നേരിടുന്നത് സാങ്കേതികം മാത്രമാണ്. മുമ്പ് വാണിജ്യ പൊതു മേഖല ബാങ്കുകളിലും, ന്യൂ ജനറേഷന്‍ ബാങ്കുകളിലും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപിച്ചവര്‍ക്ക് പല തവണ പണം നഷ്ടമായിട്ടുണ്ട്. കോടിക്കണക്കിന് രൂപ നഷ്ടം സംഭവിച്ച് ഇന്നും പലരും കഷ്ടപ്പാടില്‍ ജീവിക്കുന്നു. നിക്ഷേപം തിരിച്ച് കിട്ടാത്ത എണ്ണമറ്റ സംഭവങ്ങളിലെല്ലാം മൗനം പാലിക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍, സര്‍ക്കാറിന്റെ നിക്ഷേപ ഗ്യാരണ്ടി സ്‌കീമില്‍ അംഗങ്ങളായ സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ച് വിടുകയാണെന്നും സമിതി കുറ്റപ്പെടുത്തി.

സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.ഭാഗ്യനാഥ്, പി.ടി.മന്‍സൂര്‍, ഹമീദ് വേങ്ങര, അബ്ദുല്‍ അസീസ് വെട്ടിക്കാട്ടിരി, സൈഫുള്ള കറുമുക്കില്‍, ആയിശക്കുട്ടി ഒളകര, ജുമൈലത്ത് കാവന്നൂര്‍, യൂസുഫ് പള്ളിപ്പുറം, അബൂബക്കര്‍ പുലാമന്തോള്‍ , അഷ്റഫ് അരക്കുപറമ്പ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News