അഡ്വ. ബി.എസ്. സ്വാതികുമാര്‍
ചോ: ബൈലോ പ്രകാരമുള്ള പ്രവൃത്തികളല്ലാതെ മറ്റെന്തെങ്കിലും പ്രവൃത്തികള്‍ അംഗീകൃത സഹകരണ സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമോ ?
( കെ. രാധാകൃഷ്ണപിള്ള, കൊല്ലം )
ഉ: ഒരു സംഘത്തിന് അതിന്റെ ബൈലോയില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ മാത്രമാണ് അനുവാദമുള്ളത്. മറ്റ് പ്രവൃത്തികള്‍ ചെയ്യാനാവില്ല.
ചോ: ഏതെങ്കിലും പരിപാടികള്‍ സ്പോണ്സര് ചെയ്യുക, അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ സഹകരണ സംഘം ഭരണ സമിതിക്ക് തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയുമോ ?
( ടി. എസ്. സുമ, ആലപ്പുഴ )
ഉ: ഏതെങ്കിലും പരിപാടികള്‍ സ്പോണ്സര് ചെയ്യുക, അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ സംഘം ബൈലോയില്‍ വ്യക്തമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കില്‍ ഭരണ സമിതിക്ക് തീരുമാനമെടുത്ത് നടപ്പാക്കാവുന്നതാണ്. ഇവയൊക്കെ സംഘം ബൈലോയില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കേരള സഹകരണ നിയമപ്രകാരം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുവാദമില്ലാതെ ചെയ്യാന്‍ പാടില്ല. ബൈലോയില്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളില്‍ രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഭരണ സമിതിക്ക് കൈക്കൊള്ളാന്‍ സാധിക്കുകയുള്ളു.
ചോ: സംഘം ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ ഭരണ സമിതിക്ക് നിശ്ചയിക്കാമോ ? പുതിയ ശാഖകള്‍ സ്വയം പ്രഖ്യാപിച്ച് തുടങ്ങാന്‍ സംഘങ്ങള്‍ക്ക് കഴിയുമോ ?
( എസ്. നിരഞ്ജന്, കോട്ടയം )
ഉ: കേരള സഹകരണ നിയമം ചട്ടം 189 പ്രകാരം സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ വിവിധ തസ്തികകളില്‍ പരിഷ്കരിച്ച പേ സ്കെയിലുകള്‍ നടപ്പില്‍ വരുത്തി നോട്ടിഫിക്കേഷനുകള്‍ പുറപ്പെടുവിക്കാറുണ്ട്. സംഘം ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ രജിസ്ട്രാറുടെയും സര്‍ക്കാരിന്റെയും കാലാകാലങ്ങളിലുള്ള സര്‍ക്കുലറുകളുടെയും നോട്ടിഫിക്കേഷനുകളുടെയും അടിസ്ഥാനത്തിലായിരിക്കും. സഹകരണ സംഘം ജീവനക്കാരുടെ ലീവ് റൂള്‍സ് ചട്ടം 190 ല്‍ പ്രതിപാദിച്ചിരിക്കുന്നു. ചട്ടം 185 ല്‍ പ്രമോഷനെക്കുറിച്ചും ചട്ടം 184 ല്‍ പ്രൊബേഷനെക്കുറിച്ചും പ്രതിപാദിക്കുന്നു.
കേരള സഹകരണ നിയമം വകുപ്പ് 74 ബി. പ്രകാരം പ്രവര്‍ത്തന പരിധിക്കകത്ത് രജിസ്ട്രാറുടെ മുന്‍കൂട്ടി രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നിലവില്‍ പുതിയ ശാഖ തുടങ്ങാന്‍ കഴിയുകയുള്ളു.
ചോ: സഹകരണ സ്ഥാപനത്തിന്റെ ഓഡിറ്റ് എന്നു മുതലാണ് യഥാര്‍ഥത്തില്‍ തുടങ്ങേണ്ടത് ? ജീവനക്കാരുടെ അറ്റന്റന്‍സ് ബുക്ക് ക്രമാനുഗതമല്ലെങ്കില് സഹകരണ ഓഡിറ്റര്‍ക്ക് എന്തു നടപടി സ്വീകരിക്കാന്‍ കഴിയും ?
( കെ. സുമേഷ്, കോഴിക്കോട് )
ഉ: കേരള സഹകരണ നിയമം വകുപ്പ് 63,64 പ്രകാരം മാനേജിങ് കമ്മിറ്റിയുടെ ചുമതലയാണ് വര്‍ഷത്തിലൊരിക്കല്‍ ഓഡിറ്റ് നടത്തുക എന്നത്. ആയത് സാമ്പത്തിക വര്‍ഷം പിന്നിട്ട് ആറു മാസത്തിനകം ചെയ്യേണ്ടതാണ്. ഇതിനായി, സംഘത്തിലെ ചീഫ് എക്സിക്യുട്ടീവ് സാമ്പത്തിക വര്‍ഷം പിന്നിട്ട് ഒരു മാസത്തിനകം ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് ഭരണ സമിതി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ഈ സ്റ്റേറ്റ്മെന്റ് ഒരു മാസത്തിനകം ഭരണ സമിതി അംഗീകരിച്ച് ഓഡിറ്റര്‍ക്ക് കൈമാറുകയും വേണം.
ജീവനക്കാരുടെ അറ്റന്റന്‍സ് ബുക്ക് ക്രമാനുഗതമല്ലെങ്കില് ആയത് ന്യൂനതാ സംഗ്രഹത്തില്‍ രേഖപ്പെടുത്താനും അതുവഴി ന്യൂനത പരിഹരിക്കാനും ആവശ്യപ്പെടാം. വകുപ്പ് 65 ( 12 ) പ്രകാരം ഓഡിറ്റ് ന്യൂനത പരിഹരിക്കുക എന്നത് ഭരണ സമിതികളുടെ പ്രധാന ചുമതലകളിലൊന്നാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടി രണ്ടു മാസത്തിനകം ന്യൂനതാ പരിഹാര റിപ്പോട്ട് സമര്‍പ്പിക്കണമെന്നും നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ചോ: സഹകരണ സംഘം പ്രസിഡന്റിന് ഓണറേറിയം കൂടാതെ എന്തൊക്കെ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ പറ്റും ? സിറ്റിംഗ് ഫീസ്, വാല്വേഷന് ഫീസ്, മൊബൈല്‍ ചാര്‍ജ് ഫീസ് എന്നിവ എഴുതിയെടുക്കാന്‍ കഴിയുമോ ?
( എം.പി. കഞ്ഞിക്കണ്ണന്‍, കാസര്‍കോട് )
ഉ: കേരള സഹകരണ നിയമം ചട്ടം 40 പ്രകാരം കമ്മിറ്റിയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും രജിസ്ട്രാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ പ്രതിഫലത്തിന് അര്‍ഹരാണ്. എന്നാല്‍, ചട്ടം 48 പ്രകാരം കമ്മിറ്റിയംഗങ്ങള്‍ സംഘത്തില്‍ നിന്ന് ട്രാവലിങ് അലവന്‍സ് , ഡെയിലി അലവന്‍സ് അഥവാ സിറ്റിങ് ഫീ എന്നിവയ്ക്ക് അര്‍ഹരാണ്. മാത്രമല്ല, സംഘത്തിന്റെ ബിസിനസുമായി ബന്ധപ്പെട്ട ടൂര്‍ പരിപാടികള്‍ക്ക് ട്രാവലിങ് , ഡെയിലി അലവന്‍സുകള്‍ക്ക് വ്യവസ്ഥയുണ്ട്. ഇവയുടെയെല്ലാം മിനിമം നിരക്ക് നിശ്ചയിക്കാനുള്ള അധികാരം രജിസ്ട്രാര്‍ക്കാണ്. ചട്ടം 49 പ്രകാരമാണ് കമ്മിറ്റിയംഗങ്ങള്‍ക്ക് ഓണറേറിയം നല്‍കിവരുന്നത്. അത് സംഘത്തിന്റെ പ്രവര്‍ത്തന ബാഹുല്യവും വൈവിധ്യവും കമ്മിറ്റിയംഗങ്ങള്‍ സംഘത്തിനു നല്കുന്ന സേവനങ്ങളും മറ്റും കണക്കിലെടുത്താണ് നിശ്ചയിക്കുന്നത്. ഓണറേറിയം നല്‍കുന്നതും രജിസ്ട്രാറുടെ അനുമതിയോടെ മാത്രമേ ആകാവൂ. രജിസ്ട്രാറുടെ കാലാകാലങ്ങളിലുള്ള സര്‍ക്കുലര്‍ കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ചോ: വര്‍ഷാന്ത്യ സ്റ്റോക്ക് പരിശോധനയില്‍ ഡാമേജ്ഡ് സ്റ്റോക്ക് കണ്ടെത്തിയാല്‍ ഈ ചരക്കിന്റെ തുക സംഘം കണക്കില്‍ നിന്ന് ഒഴിവാക്കാന്‍ എങ്ങനെ കഴിയും ?
( ടി. കെ. പ്രതാപചന്ദ്രന്, തൃശ്ശൂര്‍ )
ഉ: ഡാമേജ് സ്റ്റോക്ക് ഭരണ സമിതി തീരുമാനപ്രകാരം പൊതുയോഗത്തില്‍ വെച്ച് എഴുതിത്തള്ളാന്‍ തീരുമാനമെടുക്കണം. ഇത് രജിസ്ട്രാര്‍ അംഗീകരിക്കണം. അതിനു ശേഷം സംഘത്തിന്റെ അക്കൗണ്ടുകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം.
ചോ: ഒരു സഹകരണ സംഘം ബൈലോ വ്യവസ്ഥ പാലിക്കാതെ മൂന്നു പേര്‍ക്ക് എ. ക്ലാസ് അംഗത്വം നല്കി. ഈ മൂന്നു പേര്‍ക്കും കൂടി മതിയായ ഈട് കൂടാതെ 75 ലക്ഷം രൂപ വായ്പ അനുവദിച്ചു. വായ്പാ ബോണ്ട് പരിശോധനയില്‍ കണ്‍കറന്റ് ഓഡിറ്റര്‍ ഇത് കണ്ടുപിടിച്ചു. ഈ വായ്പ അനുവദിച്ചത് സഹകരണ നിയമം, ചട്ടം, ബൈലോ എന്നിവയ്ക്ക് എതിരല്ലേ ? ഈ സാഹചര്യത്തില്‍ സഹകരണ ഓഡിറ്റര്‍ക്ക് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും ?
( കെ.എസ്. സുധീഷ് , പത്തനംതിട്ട )
ഉ: സംഘം ബൈലോയ്ക്കെതിരായി എ ക്ലാസ് അംഗത്വം നല്‍കിയത് തെറ്റായ നടപടിയാണ്. കണ്‍കറന്റ് ഓഡിറ്റര്‍ ഇതു കണ്ടുപിടിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ഈ വിഷയം ന്യൂനതാ സംഗ്രഹത്തില്‍ ഉള്‍പ്പെടുത്തി ഡയരക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റിനു മുമ്പാകെ സമര്‍പ്പിക്കാന്‍ സാധിക്കും. വകുപ്പ് 64 ( 9 ) ( 10 ) പ്രകാരം ഓഡിറ്റ് ഡയരക്ടര്‍ക്ക് ഈ ന്യൂനത സംഘത്തിലും അഫിലിയേറ്റ് ചെയ്ത അപെക്സ് സംഘമുണ്ടെങ്കില് അവിടെയും അറിയിക്കാനും രജിസ്ട്രാര്‍ക്ക് വിവരം നല്കി ഒരു നിശ്ചിത സമയത്തിനുള്ളില്‍ ന്യൂനത പരിഹരിക്കാന്‍ നിര്‍ദേശം നല്കി തുടര്‍നടപടികള്‍ക്ക് അംഗത്തോട് ആവശ്യപ്പെടാനും സാധിക്കും. രജിസ്ട്രാര്‍ക്ക് വകുപ്പ് 65, 66 പ്രകാരം അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാവുന്നതാണ്.