25 Jun

ആളില്ലാ കസേരകള്‍, സഹകരണമാന്വല്‍

ടി. സുരേഷ് ബാബു

ജി.കെ. ദേവധാറിന്റെ നേതൃത്വത്തില്‍ നിയമിതരായ തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ 24 -ാം അധ്യായം ചര്‍ച്ച ചെയ്യുന്നതു സഹകരണ വകുപ്പിന്റെ ഇല്ലായ്മകളും പോരായ്മകളുമാണ്. വകുപ്പില്‍ ആവശ്യത്തിനു ജീവനക്കാരില്ലെന്നതായിരുന്നു സമിതി കേട്ട പരാതികളില്‍ പ്രധാനം. ഇതില്‍ കഴമ്പുണ്ടെന്നു കണ്ട സമിതി വകുപ്പില്‍ അടിമുടി പുന:സംഘടന ആവശ്യമാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.

സമിതി ആദ്യം പരിശോധിച്ചതു സഹകരണ രജിസ്ട്രാര്‍ ഓഫീസിലെ സ്ഥിരം സ്റ്റാഫിന്റെ എണ്ണമാണ്. ഫീല്‍ഡിലെ എക്‌സിക്യുട്ടീവ് വര്‍ക്കിനു 20 ഇന്‍സ്‌പെക്ടര്‍മാരും 20 പ്യൂണും ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ്ുമാണ് അക്കാലത്ത് ( 1930 – 34 ) ഉണ്ടായിരുന്നത്. ഓഫീസില്‍ ഒരു ഹെഡ് ക്ലര്‍ക്ക്, 13 ക്ലര്‍ക്ക്, രണ്ടു ടൈപ്പിസ്റ്റ്, എട്ടു പ്യൂണ്‍മാര്‍ എന്നിവരുമുണ്ടായിരുന്നു. താല്‍ക്കാലിക ജീവനക്കാരായി ഏഴു ഇന്‍സ്‌പെക്ടര്‍മാര്‍, ഏഴ് പ്യൂണ്‍മാര്‍, രണ്ടു ക്ലര്‍ക്കുമാര്‍, രണ്ടു കോപ്പിയിസ്റ്റുകള്‍ എന്നിവരാണുള്ളത്. കണക്കുകളുടെ ടാബുലേഷനും ഓഡിറ്റ് ഉത്തരവുകള്‍ തയാറാക്കാനും മറ്റുമായി 1932 ല്‍ ഒരു താല്‍ക്കാലിക അസി. രജിസ്ട്രാറെയും നിയമിച്ചിരുന്നതായി അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു.

രജിസ്ട്രാറുടെ
ശമ്പളം പോരാ

1914 ല്‍ സഹകരണ വകുപ്പിന്റെ തുടക്കകാലത്തു രജിസ്ട്രാറുടെ ശമ്പളം 250 – 50 / 2 – 350 രൂപ എന്ന കണക്കിലായിരുന്നു. അതുതന്നെയാണിപ്പോഴും എന്നു സമിതി ആശ്ചര്യത്തോടെ പറയുന്നു. 1019 ല്‍ത്തന്നെ ഇക്കാര്യം ആരോ ചൂണ്ടിക്കാട്ടിയിരുന്നുവത്രെ. സഹകരണ പ്രസ്ഥാനത്തെ ഒരു പരീക്ഷണമായി അവതരിപ്പിച്ചിരുന്ന കാലത്തില്‍ നിന്നും നമ്മള്‍ എത്രയോ മുന്നോട്ടുപോയി. സംഘങ്ങളുടെ എണ്ണം കൂടി, അംഗങ്ങളുടെ എണ്ണം വര്‍ധിച്ചു, പ്രവര്‍ത്തന മൂലധനം വര്‍ധിച്ചു. എന്നിട്ടും, രജിസ്ട്രാറുടെ ശമ്പളത്തില്‍ മാത്രം വര്‍ധനവില്ലാത്തതില്‍ സമിതിക്കും നിരാശയുണ്ട്. രജിസ്ട്രാറുടെ പദവിയും ശമ്പളവും സംബന്ധിച്ച് മക്‌ലഗന്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശതന്നെ തിരുവിതാംകൂറിലും നടപ്പാക്കണമെന്നു സമിതി അഭിപ്രായപ്പെടുന്നു. ഒരു സീനിയര്‍ ജില്ലാ കളക്ടറുടെ പദവിയാണു മക്‌ലഗന്‍ കമ്മിറ്റി രജിസ്ട്രാര്‍ക്കു നിര്‍ദേശിച്ചിരുന്നത്. അക്കാലത്തു സീനിയര്‍ ജില്ലാ കളക്ടര്‍മാരുടെ ശമ്പളം 2,250 രൂപയായിരുന്നു.

രജിസ്ട്രാറുടെ ശമ്പളം അന്നത്തെ ദിവാന്‍ പേഷ്‌കാരുടെ ശമ്പളത്തിനൊപ്പമാക്കണമെന്നാണു സഹകരണാന്വേഷണ സമിതി ശുപാര്‍ശ ചെയ്യുന്നത്. താരതമ്യേന ചെറുപ്പവും പരിചയുവുമുള്ളവരെ മാത്രമേ രജിസ്ട്രാര്‍ തസ്തികയിലേക്കു നിയമിക്കാവൂ എന്നാണു സമിതിയുടെ നിര്‍ദേശം. തുടക്കത്തില്‍ത്തന്നെ 400 – 750 രൂപ തോതില്‍ ശമ്പളവും നിശ്ചയിക്കണം. കൂടാതെ, രജിസ്ട്രാറെ അഞ്ചു വര്‍ഷത്തില്‍ കുറയാതെ ആ തസ്തികയില്‍ ഇരുത്തുകയും വേണം.

രജിസ്ട്രാറെ സഹായിക്കാന്‍ ആവശ്യത്തിനു ഉദ്യോഗസ്ഥരെ നിയമിക്കേണ്ട കാര്യവും അന്വേഷണ സമിതി ഊന്നിപ്പറയുന്നു. സഹകരണ സംഘങ്ങളുടെ എണ്ണം അഞ്ഞൂറോ എഴുന്നൂറോ കടന്നാല്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും കണ്ടുവരുന്ന രീതി അസി. രജിസ്ട്രാര്‍മാരെ നിയമിക്കലാണെന്നു സമിതി പറയുന്നു. മൈസൂരില്‍ 1931 ല്‍ 223 സംഘങ്ങളുണ്ടായിരുന്നപ്പോള്‍ ഒരു ഡെപ്യൂട്ടി രജിസ്ട്രാറും ആറു അസി. രജിസ്ട്രാര്‍മാരും ഉണ്ടായിരുന്നതായി സമിതി ചൂണ്ടിക്കാട്ടുന്നു. മദ്രാസില്‍ സംഘങ്ങളുടെ എണ്ണം മൂന്നൂറിനും നാന്നൂറിനുമിടയിലെത്തിയപ്പോള്‍ അസി. രജിസ്ട്രാര്‍ ഓഫീസും അതിനുള്ള സ്റ്റാഫിനെയും കൊടുത്തിരുന്നു. ബോംബെയില്‍ ആറു അസി. രജിസ്ര്ടാര്‍മാരുണ്ടായിരുന്നു. തിരുവിതാംകൂറില്‍ ജില്ലാ / ഡിവിഷന്‍ തലത്തില്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടണമെന്നു 1925 മുതല്‍ സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെടുന്നതാണെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇക്കാര്യം പിന്നീട് പരിഗണിക്കാം എന്നു പറഞ്ഞ് സര്‍ക്കാര്‍ അതു മാറ്റിവെക്കുകയാണ്. നിലവിലുള്ള ജോലിഭാരം കണക്കിലെടുത്ത് ഉടനെത്തന്നെ നാലു അസി. രജിസ്ട്രാര്‍മാരെ നിയമിക്കേണ്ടതാണ്. ഇതില്‍ മൂന്നു പേരെ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ നിയമിക്കണം. ഇവര്‍ക്കു വായ്പാ സംഘങ്ങളുടെ ചുമതല നല്‍കുകയും വേണം. ഒരാളുടെ കീഴില്‍ 500 സംഘങ്ങളെ കൊടുക്കാം. നാലാമത്തെയാള്‍ക്കു സംസ്ഥാനത്തെങ്ങുമുള്ള വായ്‌പേതര സംഘങ്ങളുടെ ചുമതല നല്‍കണം. ഒട്ടേറെ ജോലിത്തിരക്കുള്ള രജിസ്ട്രാര്‍ക്കു റീ ഓര്‍ഗനൈസേഷന്‍ ഓഫീസര്‍ എന്ന പേരില്‍ ഒരുദ്യോഗസ്ഥനെക്കൂടി അനുവദിച്ചുകൊടുക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഇദ്ദേഹത്തിനു ആവശ്യമായ യാത്രാബത്തയും അനുവദിക്കണം.

സഹകരണ
മാന്വല്‍

തിരുവിതാംകൂറിനു ഒരു സഹകരണ മാന്വല്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു സഹകരണാന്വേഷണ സമിതി അഭിപ്രായപ്പെടുന്നു. നിയമങ്ങളും ചട്ടങ്ങളും സര്‍ക്കുലറുകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാന്വലില്‍ വിവിധ തരത്തിലുള്ള വായ്പാ സംഘങ്ങളുടെയും വായ്‌പേതര സംഘങ്ങളുടെയും ബൈലോകളും ചേര്‍ക്കണം. ഇത്തരമൊരു മാന്വല്‍ എഴുതിയുണ്ടാക്കുന്ന നടപടിയെ വളരെ ലാഘവത്തോടെ കാണരുതെന്നു സമിതി അഭിപ്രായപ്പെടുന്നു. ശ്രദ്ധയോടെയുള്ള പഠനവും വിശദമായ അന്വേഷണവും നടത്തിയേ മാന്വല്‍ തയാറാക്കാവൂ. ആവശ്യത്തിനു ഓഫീസ് സ്റ്റാഫിനെ അനുവദിച്ച് ഒരുദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കണം.

തങ്ങള്‍ ഇംഗ്ലീഷില്‍ തയാറാക്കുന്ന സഹകരണാന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാനത്തെ വലിയൊരു വിഭാഗം സഹകാരികള്‍ക്കു മനസ്സിലാവില്ലെന്നു സമിതി വിലയിരുത്തുന്നു. അതിനാല്‍, റിപ്പോര്‍ട്ട് മലയാളത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു സമിതി നിര്‍ദേശിക്കുന്നു. ( റിപ്പോര്‍ട്ട് പില്‍ക്കാലത്തു മലയാളത്തിലാക്കിയോ എന്ന കാര്യം വ്യക്തമല്ല ).

അധ:സ്ഥിതരുടെയും മറ്റു പിന്നാക്ക വിഭാഗക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനു അടിയന്തരമായി പത്തു ഇന്‍സ്‌പെക്ടര്‍മാരെ സഹകരണ വകുപ്പില്‍ നിയമിക്കണമെന്നു സഹകരണാന്വേഷണ സമിതി നിര്‍ദേശിക്കുന്നു. 1932 ലെ കണക്കനുസരിച്ച് തിരുവിതാംകൂറിലെ 136 സഹകരണ സംഘങ്ങള്‍ ലിക്വിഡേഷനിലാണെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. ഈ സംഘങ്ങളില്‍ പകുതിയിലധികം എണ്ണത്തിന്റെ സമാപ്തീകരണനടപടികള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പിലെ ആള്‍ക്ഷാമം കാരണം കഴിഞ്ഞിട്ടില്ല.

വനിതാ സംഘങ്ങള്‍
വെറും അഞ്ച്

സ്ത്രീവിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും വനിതാ സഹകരണ സംഘങ്ങള്‍ തിരുവിതാംകൂറില്‍ ആകെ അഞ്ചെണ്ണമേയുള്ളുവെന്നു അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. വേണ്ടത്ര പ്രചാരണമോ ശ്രദ്ധയോ കിട്ടാത്തുതമൂലം കുറച്ചു വനിതാ സംഘങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. വനിതകള്‍ക്കിടയില്‍ സഹകരണാശയം പ്രചരിപ്പിക്കാന്‍ പുതുതായി നിയമിക്കപ്പെടുന്ന ഇന്‍സ്‌പെക്ടര്‍മാരില്‍ മൂന്നു പേര്‍ വനിതകളാവണമെന്നു സമിതി നിര്‍ദേശിക്കുന്നു.

സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കു തിരുവിതാംകൂറിനു പുറത്തുള്ള പ്രവിശ്യകളില്‍ ആറു മാസം പരിശീലനം കൊടുക്കണമെന്നതാണ് അന്വേഷണ സമിതിയുടെ മറ്റൊരു നിര്‍ദേശം. ഇതിനാവശ്യമായ പഠനാവധിയും അലവന്‍സുകളും ഇവര്‍ക്കു നല്‍കണം. കാലാകാലങ്ങളില്‍ നടത്തുന്ന പരീക്ഷകളില്‍ കഴിവു തെളിയിച്ചാലേ ഇവര്‍ക്കു പ്രമോഷന്‍ കൊടുക്കാവൂ.

വികസന
പ്രവര്‍ത്തനങ്ങള്‍

സഹകരണ വകുപ്പിനാവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ മതിയായ ഫണ്ട് അനുവദിക്കണമെന്നു സഹകരണാന്വേഷണ സമിതി ആവശ്യപ്പെടുന്നു. സഹകരണ വകുപ്പ് പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അതു നടപ്പാക്കാനാവശ്യമായ ഫണ്ട് രജിസ്ട്രാര്‍ക്കും സഹായികള്‍ക്കും അനുവദിക്കണം. രജിസ്ട്രാറുടെ വിവേചനത്തിനനുസരിച്ച് ചെലവഴിക്കാന്‍ പ്രത്യേക ഫണ്ട് സര്‍ക്കാര്‍ അനുവദിക്കണം – സമിതി ശുപാര്‍ശ ചെയ്യുന്നു.

ഗ്രാമങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിച്ചുകൊണ്ട് സഹകരണ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നതാണു സമിതിയുടെ മറ്റൊരു ശുപാര്‍ശ. ഇവയില്‍ സഹകരണ പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കണം. ഇതിനാവശ്യമായ ഫണ്ടും രജിസ്ട്രാറുടെ പേരില്‍ നല്‍കണം. ( തുടരും )

Read also