കച്ചിലപ്പട്ടണത്തിന്റെ പോരാട്ട വീര്യം

Deepthi Vipin lal

ജനിച്ചു വളര്‍ന്ന നാടിന്റെ പൈതൃകം എന്തെന്നറിയാനുള്ള ഉല്‍ക്കടമായ അഭിലാഷത്തില്‍ നിന്നാണു പ്രമുഖ സഹകാരി സി.എം. വേണുഗോപാലന്റെ ‘ കച്ചില പട്ടണത്തിന്റെ കഥ ‘ എന്ന നോവല്‍ ജന്മമെടുത്തത്. ഏഴിമലനാടിന്റെ പ്രധാന പട്ടണമായിരുന്നു കച്ചിലപ്പട്ടണം. പണ്ട് കച്ചിലത്തെരു ആയിരുന്നു കച്ചിലപ്പട്ടണം. ചീനച്ചട്ടിയും ചീന ഭരണിയും ആഡംബര വസ്തുക്കളും വില്‍ക്കാനായി ചീനക്കാരും റോമക്കാരും അറബികളുമെല്ലാം വന്നെത്തിയ പട്ടണം. സംഘകാല കൃതികളിലും മൂഷികവംശ കാവ്യത്തിലും നീലകേശിയുടെ കുത്തുപാട്ടിലും കച്ചിലത്തെരുവിന്റെ കഥ നിറഞ്ഞു നിന്നിരുന്നു.

ചരിത്രത്തിന്റെ അറിയാവഴികളിലൂടെ സഞ്ചരിക്കവെ വേണുഗോപാലന്റെ മനസ്സില്‍ രൂപം കൊണ്ട ചരിത്ര നോവലാണിത്. എഴുതപ്പെടാതെ പോയ പലതുമുണ്ട് ചരിത്രത്തിന്റെ ഏടുകളിലെന്നു നോവലിസ്റ്റ് വിശ്വസിക്കുന്നു. കോലത്തുനാടിന്റെ ചരിത്രവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന മിത്തുകളും ഐതിഹ്യവുമെല്ലാം പഠിച്ചപ്പോഴാണു എഴുത്തുകാരനു മുന്നില്‍ സ്വന്തം നാടിന്റെ പെരുമ തെളിഞ്ഞുവന്നത്. കച്ചിലപ്പട്ടണത്തിലേക്കു വന്ന പരദേശികള്‍ ഇവിടെ ആധിപത്യമുറപ്പിച്ചു. രാജവാഴ്ചയും വര്‍ണവ്യവസ്ഥയും നാടുവാഴിത്തവുമെല്ലാം നടപ്പാക്കി. അവരുടെ അടിമത്തത്തില്‍ കിടന്ന ജനത അവസരം കിട്ടിയപ്പോഴൊക്കെ നാടുവാഴികളെയും ജന്മികളെയും ചോദ്യം ചെയ്തു. അധികാരിവര്‍ഗം നാട്ടുകാരെ നിഷ്‌കരുണം അരിഞ്ഞുതള്ളി. ഇങ്ങനെ ജീവത്യാഗം ചെയ്തവരില്‍ പലരെയും പില്‍ക്കാലത്തു ദൈവക്കോലമായി പിന്‍മുറക്കാര്‍ ആരാധിച്ചു. അതൊരു പ്രതിരോധമായിരുന്നു. ക്രമേണ ഈ പ്രതിരോധം നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടമായി രൂപം മാറി. അതൊരു കൊടുങ്കാറ്റായി ശക്തി പ്രാപിച്ചു. വിദേശാധിപത്യത്തിനെതിരെ ഉയര്‍ന്നുവന്ന ദേശീയ പ്രസ്ഥാനത്തിന്റെ പോരാട്ട കേന്ദ്രമായി കോലത്തുനാട് മാറി. ഈ പോരാട്ടവീര്യം മനസ്സില്‍ പേറുന്ന നോവലിസ്റ്റ് നമ്മുടെ ചരിത്ര പുരുഷന്മാരെയും ഭാവനയില്‍ നിന്നെടുത്ത ചില കഥാപാത്രങ്ങളെയും വര്‍ത്തമാനകാലത്തോടു ചേര്‍ത്തുനിര്‍ത്തിയാണു ഈ ചരിത്ര നോവല്‍ രചിച്ചത്. ദേശഭൂപടത്തെ നോവല്‍ശാഖയില്‍ അടയാളപ്പെടുത്താനുള്ള വേണുഗോപാലന്റെ പരിശ്രമം ശ്ലാഘനീയമാണ്. വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക സവിശേഷതകളെ അടുത്തറിഞ്ഞ ഒരെഴുത്തുകാരന്റെ സാന്നിധ്യം ഈ നോവലില്‍ തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു.

കണ്ണൂര്‍ ചെറുതാഴം പടന്നപ്പുറത്തുകാരനായ വേണുഗോപാലന്റെ രണ്ടാമത്തെ കൃതിയാണിത്. സി.പി.എം. മാടായി ഏരിയ കമ്മിറ്റി അംഗമായ വേണുഗോപാലന്‍ സ്വന്തം ജയില്‍ അനുഭവങ്ങളെ ആധാരമാക്കി എഴുതിയ ‘ അനുഭവങ്ങളുടെ തടവറ ‘ യാണു ആദ്യകൃതി. ചെറുതാഴം മുന്‍ പഞ്ചായത്തു പ്രസിഡന്റായ ഈ എഴുത്തുകാരന്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റു കൂടിയാണ്. ‘ കച്ചില പട്ടണത്തിന്റെ കഥ ‘ പ്രസിദ്ധീകരിച്ചിരിക്കുന്നത് ചിന്ത പബ്ലിഷേഴ്‌സാണ്.

Leave a Reply

Your email address will not be published.

Latest News