പത്തപ്പിരിയത്ത് പാവങ്ങള്‍ക്ക് അത്താണി

moonamvazhi

യു.പി. അബ്ദുള്‍ മജീദ്

(2021 ജനുവരി ലക്കം)

മലപ്പുറം പത്തപ്പിരിയത്ത് 20 വര്‍ഷം മുമ്പ് 192 പേര്‍ അംഗങ്ങളായി ആരംഭിച്ച വനിതാ സഹകരണ സംഘം തുടക്കം മുതല്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മികച്ച വനിതാ സംഘത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഈ സംഘത്തില്‍ ഇപ്പോള്‍ 12,100 വനിതകള്‍ അംഗങ്ങളാണ്.

പാവപ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യല്‍ക്കട. ഉപജീവനത്തിനു ചെറിയ വരുമാനമെങ്കിലും ഉറപ്പുവരുത്താന്‍ ആട് വിതരണം. പണമില്ലാത്തതിനാല്‍ പഠനം മുടങ്ങാതിരിക്കാന്‍ ദത്തെടുക്കല്‍. നിത്യരോഗികള്‍ക്ക് ധനസഹായം. വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം . ബാങ്കിങ് രംഗത്തെ കുതിപ്പിനിടയിലും നന്മയുടെ നാട്ടുവഴികളിലൂടെ സഞ്ചരിച്ച് ദാരിദ്ര്യത്തിന്റെ മടയിലുള്ളവരെ
ചേര്‍ത്തു പിടിച്ചാണ് മലപ്പുറം പത്തപ്പിരിയത്തെ വനിതാ സംഘം സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച വനിതാ സംഘത്തിനുള്ള ബഹുമതി നേടിയത്.

മരക്കച്ചവടക്കാരുടെയും ഫുട്‌ബോള്‍ പ്രേമികളുടേയും നാടാണ് എടവണ്ണ. ഏറനാട്ടിലെ പഴയ അരപ്പട്ട കെട്ടിയ ഗ്രാമം . ചാലിയാറിനു കുറുകെ പാലവും വലിയ റോഡുകളും കൂറ്റന്‍ കെട്ടിടങ്ങളുമൊക്കെ ഉയര്‍ന്നതോടെ എടവണ്ണ ആകെ മാറി. വന്‍കിട വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെയായി എടവണ്ണ വികസിച്ചപ്പോള്‍ തൊട്ടടുത്ത പത്തപ്പിരിയത്തും
മാറ്റങ്ങളുണ്ടായി. ഗ്രാമവികസനത്തിനു സ്ത്രീകളുടെ സംഘശക്തിയുടെ സാധ്യത തിരിച്ചറിഞ്ഞ ഒരു പറ്റം വനിതകളുടെ കൂട്ടായ്മയായിരുന്നു രണ്ടായിരത്തില്‍ ആരംഭിച്ച വനിതാ സഹകരണ സംഘം. എടവണ്ണ പഞ്ചായത്തിലെ 192 സ്ത്രീകള്‍ ചേര്‍ന്നു പത്തപ്പിരിയം കേന്ദ്രമായി ആരംഭിച്ച വനിതാ സംഘം വളര്‍ന്നു പന്തലിച്ച് 12,100 അംഗങ്ങളും 16 കോടിയിലധികം നിക്ഷേപവുമുള്ള ബാങ്കിങ് സ്ഥാപനമായി മാറിയപ്പോഴാണ് സഹകരണ വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ് തേടിയെത്തുന്നത്.

തുടക്കം മുതല്‍ ലാഭം

തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം പൊതുനന്മാ ഫണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെച്ചാണ് പാവങ്ങള്‍ക്കു തുണയായത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചപ്പോള്‍ 400 കുട്ടികളാണ് പങ്കെടുത്തത്. വിദഗ്ധ ചികിത്സ വേണ്ടവര്‍ക്ക് തിരുവനന്തപുരത്തു പോവാനുള്ള ചെലവ് സംഘം വഹിച്ചു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക
രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ധനസഹായ പദ്ധതി നടപ്പാക്കുന്ന വനിതാ സംഘം കോവിഡ് കാലത്ത് ഭിന്നശേഷിക്കാര്‍ക്ക് മരുന്നുകള്‍ വാങ്ങി നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ശുദ്ധജലം ബോട്ടിലുകളില്‍ നിറച്ചു നല്‍കിയും സംഘം സേവന രംഗത്ത് മാതൃകയായി.

തൊഴില്‍രഹിതരായ അഞ്ച് സ്ത്രീകള്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്തുന്നതിനാണ് സംഘം തയ്യല്‍ കേന്ദ്രം ആരംഭിച്ചത്. ഇവിടെ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ സമീപ പ്രദേശങ്ങളില്‍ വിപണനം നടത്തുന്നു. വനിതാ സംരംഭകര്‍ക്കും സ്വയം തൊഴില്‍ തേടുന്നവര്‍ക്കും ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ പണം വായ്പ കൊടുത്തും സര്‍ക്കാരിന്റെ സബ്‌സിഡി ഉള്‍പ്പെടെയുള്ള ധനസഹായങ്ങള്‍ ലഭ്യമാക്കിയും വനിതാ സംഘം തൊഴില്‍ രഹിതരെ സഹായിക്കുന്നു. സ്ത്രീകള്‍ക്കു വേണ്ടി ആടുവളര്‍ത്തല്‍ പദ്ധതി നടപ്പാക്കുന്ന സംഘം ഓരോ വര്‍ഷവും 20 കുടുംബങ്ങള്‍ക്കാണ് ആടുകളെ നല്‍കുന്നത് . ഒരു വര്‍ഷം ആടുകളെ കൈപ്പറ്റിയവരില്‍ നിന്നു കുട്ടികളെ വാങ്ങി അടുത്ത വര്‍ഷത്തെ വിതരണത്തില്‍ ഉള്‍പ്പെടുത്തുന്നു. നിര്‍ധനരായ ഒട്ടനവധി കുടുംബങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ ആടു വിതരണ പദ്ധതി സഹായിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയില്‍ സര്‍ക്കാരിന്റേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും പദ്ധതികള്‍ ഏറ്റെടുത്ത് മാതൃകാപരമായി നടപ്പാക്കാനും വനിതാ സംഘം മുന്‍പന്തിയിലാണ്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഒരേക്കര്‍ സ്ഥലത്താണ് ഇത്തവണ കരനെല്‍ വിളയിച്ചത്. വിഷരഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രചാരണ പരിപാടികളും പച്ചക്കറിത്തൈകളുടെ വിതരണവും സംഘം ഏറ്റെടുത്തു നടത്തുന്നു. ഉത്സവച്ചന്തകളുടെ നടത്തിപ്പിലും വനിതാ സംഘം മാതൃകയാണ്. ആരോഗ്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചൂഷണം നിലനില്‍ക്കുന്ന മരുന്നു വിപണിയില്‍ സംഘം ഇടപെട്ടത് നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിക്കൊണ്ടായിരുന്നു.

 

 

പത്തപ്പിരിയം വനിതാ സംഘം ജീവനക്കാര്‍

 

വിദ്യാഭ്യാസത്തിനു പ്രോത്സാഹനം

വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ ഏറ്റെടുക്കുന്ന സംഘങ്ങളുടെ മുന്‍നിരയില്‍ ഈ വനിതാ സംഘമുണ്ട്. ദാരിദ്ര്യം മൂലം പഠനംമുടങ്ങുന്ന സാഹചര്യമുള്ള കുട്ടികളെ കണ്ടെത്തി അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായി വഹിക്കുന്ന സംഘം ഒരര്‍ഥത്തില്‍ കുട്ടികളെ ദത്തെടുക്കല്‍ തന്നെയാണ് നടത്തുന്നത്. പത്താം ക്ലാസ്സിലും പ്ലസ്ടു വിലും ഉന്നത വിജയം നേടുന്നവര്‍ക്ക് വനിതാ സംഘം പുരസ്‌കാരം നല്‍കുക പതിവാണ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം വ്യാപകമായതോടെ നിര്‍ധനരായ കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കാനും സംഘം മുന്നിട്ടിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു ലക്ഷം രൂപയാണ് സംഘം നല്‍കിയത് . പ്രളയകാലത്തും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ സംഘം രണ്ടു ലക്ഷം രൂപ നിധിയിലേക്ക് നല്‍കി. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനു ധനസഹായം നല്‍കുന്ന പദ്ധതിയും വനിതാ സംഘത്തിനുണ്ട്.

പ്രവര്‍ത്തന പരിധി എടവണ്ണ ഗ്രാമപ്പഞ്ചായത്തില്‍ ഒതുങ്ങിയിരുന്ന വനിതാ സംഘത്തിന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കൂടി സഹകരണ വകുപ്പ് അനുവദിച്ചതോടെ വികസന സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്. ക്ലാസ് വണ്‍ വിഭാഗത്തില്‍പ്പെടുന്ന സംഘത്തിനു  ഒമ്പത് സ്ഥിരം ജീവനക്കാരും അഞ്ച് പിരിവ് ജീവനക്കാരുമുണ്ട് .2017 ലാണ് പന്നിപ്പാറയില്‍ ബ്രാഞ്ച് ആരംഭിച്ചത്.

കാര്‍ഷിക, വ്യാപാര വായ്പ

കാര്‍ഷിക ഗ്രാമമായ പത്തപ്പിരിയത്ത് കാര്‍ഷികാവശ്യങ്ങള്‍ക്ക് പരമാവധി വായ്പകള്‍ നല്‍കുന്ന സംഘം വ്യാപാര വായ്പകളും ഗാര്‍ഹികോപകരണ വായ്പകളും മറ്റും കറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്നുണ്ട്. വായ്പകളുടെ തിരിച്ചടവിലും വനിതാ സംഘം മുന്നിലാണ്. സംഘം ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നേരിട്ടിറങ്ങി വായ്പാ കുടിശ്ശികക്കാരെക്കണ്ട് തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നു. 50,000 മുതല്‍ അഞ്ചു ലക്ഷം രൂപ വരേയുള്ള ഗ്രൂപ്പ് നിക്ഷേപ പദ്ധതികളാണ് സംഘത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത്. ഗ്രൂപ്പ് നിക്ഷേപങ്ങളുടെ പ്രതിമാസ ഗഡുക്കള്‍ പിരിച്ചെടുക്കാന്‍ കളക്ഷന്‍ സ്റ്റാഫിനെ ഉപയോഗിക്കുന്നു. വീട്ടമ്മമാര്‍
സമ്പാദ്യത്തിനുള്ള ഏറ്റവും നല്ല വഴിയായി ഗ്രൂപ്പ് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുന്നുണ്ട്. നിത്യേന പണമടയ്ക്കാന്‍ കഴിയുന്ന കച്ചവടക്കാര്‍ക്കും ഈ പദ്ധതി ആശ്വാസമാണ്. 6400-ഓളം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുള്ള സംഘം ലഘു സമ്പാദ്യങ്ങള്‍ സ്വരൂപിക്കുന്നതിലും പ്രത്യേകം താല്‍പ്പര്യമെടുക്കുന്നുണ്ട്. മുറ്റത്തെ മുല്ല പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കി സഹകരണ വകുപ്പിന്റെ അംഗീകാരം നേരത്തേത്തന്നെ വനിതാ സംഘം നേടിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ പൂര്‍ണമായും ഇടപാടുകാര്‍ക്ക് നല്‍കാന്‍ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. വന്‍കിട ദേശസാല്‍കൃത ബാങ്കുകളില്‍ മിക്കതും എടവണ്ണയില്‍ ശാഖ തുറക്കുകയും നിക്ഷേപ സമാഹരണത്തിനും വായ്പാ വിതരണത്തിനും പരസ്പരം മല്‍സരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കിടയില്‍ നിന്നു അതിജീവന തന്ത്രങ്ങള്‍ സ്വയം ആവിഷ്‌കരിച്ച് നിക്ഷേപ സമാഹരണത്തില്‍ എല്ലാ വര്‍ഷവും കുതിച്ചു കയറാന്‍ വനിതാ സംഘത്തിനു കഴിയുന്നുണ്ട്.

പി. വസന്തയാണ് സംഘം പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. രമാദേവി അമ്പാടി, എന്‍.പി. വസന്ത, ഒ.പി. ബിന്ദു, വി.പി. ലളിത , പി. ഉഷ, റൂബി , എ.പി. സുമതി എന്നിവര്‍ സംഘം ഡയക്ടര്‍മാരാണ്. വി.കെ. ഷര്‍മിളയാണ് സെക്രട്ടറി.

Leave a Reply

Your email address will not be published.