ലാഭം സ്വകാര്യവത്കരിക്കുമ്പോള്‍

Deepthi Vipin lal

പി.ആര്‍. പരമേശ്വരന്‍

‘ അപകടകരമായ ഒരു ധനവ്യവസ്ഥയെ നിലനിര്‍ത്താന്‍ ഒരു ഗ്രാമത്തിനേ കഴിയൂ ‘ എന്ന വിചിത്രമായ ഒരു തലക്കെട്ടില്‍ യു.എസ്.എ. യിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ അനാട്ട്. ആര്‍. അദിമാട്ടിയുടെ ഒരു പഠനം 2016 ല്‍ പ്രസിദ്ധീകൃതമായി. ഇന്നത്തെ മൂലധന, ധന വിപണിയിലധിഷ്ഠിതമായ ആധുനിക സമ്പദ്‌വ്യവസ്ഥയുടെ നീതിരാഹിത്യം, ധാര്‍മിക ദാരിദ്ര്യം എന്നിവ വിശദീകരിക്കുകയാണ് പ്രസിദ്ധമായ ഈ സര്‍വകലാശാലയുടെ ബിസിനസ് സ്‌കൂളിലെ ഗവേഷകനായ അദിമാട്ടി.

2007- 08 ല്‍ യു.എസ്‌. എയില്‍ തുടങ്ങി ലോകമാകെ വ്യാപിച്ച സാമ്പത്തികത്തകര്‍ച്ച ( ഇന്ത്യയുടേത് ഒട്ടേറെ കാരണങ്ങളാല്‍ ഈ ഘട്ടത്തിലും പിടിച്ചുനിന്ന ധനവ്യവസ്ഥയാണെന്നത് ഇവിടെ ഓര്‍മിപ്പിക്കട്ടെ ) യുടെ പശ്ചാത്തലത്തില്‍ ധനവിപണി, സര്‍ക്കാര്‍, കേന്ദ്രബാങ്ക്, അക്കാദമിക് ലോകം, മാധ്യമം എന്നിങ്ങനെയുള്ള മേഖലകളിലെ വ്യക്തികളോ സംവിധാനങ്ങളോ ആധുനിക മൂലധന, ധനവിപണിയിലധിഷ്ഠിതമായ പുത്തന്‍ സാമ്പത്തിക വ്യവസ്ഥകളെ എങ്ങനെ സ്വാധീനിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു എന്നതിലെ നീതിരാഹിത്യവും ധര്‍മിക ദാരിദ്ര്യവും തുറന്നുകാട്ടുന്ന ഒരു പഠനമാണിത്. അടിസ്ഥാന വിവരങ്ങളുടെ സമൃദ്ധി ( ഡാറ്റ എന്നിതിനെ വിളിക്കുന്നു ) , വികസിതമായ ഗണിതശാസ്ത്ര വിശകലന സമ്പ്രദായങ്ങള്‍ ( മാത്തമാറ്റിക്കല്‍ അനാലിസിസ് ) എന്നിവയുടെ ഉപയോഗത്തിലൂടെ പുതിയ കാലത്തെ സാമ്പത്തിക പഠനങ്ങള്‍ എങ്ങനെ ധാര്‍മിക, മൂല്യവ്യവസ്ഥകളില്‍ നിന്ന് അകന്ന് നീതിരഹിതവും അപകടകരവുമായ ഒരു വ്യവസ്ഥിതിയെ നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നാണ് ഈ പഠനം വിശദീകരിക്കുന്നത്.

രസകരമായ വസ്തുത എന്തെന്നാല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക, ബാങ്കിങ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ മൂലധന, ധനവിപണികളുടെ പ്രവര്‍ത്തനങ്ങളെയാണ് ഈ പഠനം നോക്കിക്കാണുന്നത്. സ്വകാര്യ ബാങ്കിങ്ങിന്റെയും മൂലധന വിപണിയുടെയും നീതിരാഹിത്യവും ധാര്‍മികദാരിദ്ര്യവുമാണ് പഠനവിഷയം. എന്നാല്‍, ഈ പഠനത്തില്‍ നിന്നു ഉയര്‍ന്നുവരുന്ന നിഗമനങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ ധന, പണ, സാമ്പത്തിക നയവിനിമയങ്ങളുടെ നടത്തിപ്പിനും ബാധകമാണെന്നും ഒറ്റ വായനയില്‍ത്തന്നെ വ്യക്തമാകും.

ഒളിച്ചുകളിക്കുന്നവര്‍

അപകടത്തിലാകുന്ന ഒരു വ്യവസ്ഥയെ രക്ഷിക്കാന്‍ യഥാര്‍ഥ കാരണങ്ങള്‍ അന്വേഷിക്കാതെ, അവയ്ക്ക് ഉത്തരവാദികളായവരെ തുറന്നുകാട്ടാതെ സര്‍ക്കാരിലെയും ബാങ്കിങ് വ്യവസ്ഥകളിലെയും അക്കാദമിക് മേഖലകളിലെയും അതിലുപരി ഇവയ്ക്ക് ഒക്കെ കാവലാളാകേണ്ട മാധ്യമ ലോകത്തെയും വ്യക്തികള്‍ എങ്ങനെയാണ് ഒളിച്ചുകളിക്കുന്നതെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. സാധാരണ ഒരു സാമ്പത്തിക പഠനരേഖക്ക് പ്രതീക്ഷിക്കാവുന്ന തലക്കെട്ടില്‍ നിന്നു വ്യത്യസ്തമായ ഈ തലക്കെട്ടും അതുകൊണ്ടു തന്നെയാണ്. വളര്‍ന്നുവരുന്ന ഒരു കുട്ടിയെ നന്നാക്കാന്‍ അവന്റെ ഗ്രാമത്തിനു കഴിയുമെങ്കില്‍ അവനെ ചീത്തയാക്കാനും ആ ഗ്രാമത്തിനുതന്നെ കഴിയുമെന്ന ഒരു പഴമൊഴിയില്‍ നിന്നാണ് ഈ തലക്കെട്ടിന്റെ ജനനം.

ഒരു പ്രതിസന്ധി ബലപ്പെട്ടുവരുമ്പോള്‍ത്തന്നെ അതിനു കാരണമായവര്‍ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ എങ്ങനെ പുതിയ ‘വിവരണ നിര്‍മിതി’ സൃഷ്ടിച്ചെടുക്കുന്നു, അടിയന്തിര രക്ഷോപായങ്ങള്‍തന്നെ എങ്ങനെയാണ് പ്രതിസന്ധിക്കുള്ള മറുമരുന്നെന്ന പ്രതീതി സൃഷ്ടിക്കുന്നത് എന്നിവയൊക്കെയാണ് ഈ പഠനത്തില്‍ വിശദീകരിക്കുന്നത്. അതിനാവശ്യമായ ഭരണ പിന്‍ബലം ( സര്‍ക്കാരിന്റെതാകുമ്പോള്‍ അതുവേറെ വേണ്ടെന്നു മാത്രം ), അക്കാദമിക് പിന്തുണ, വിവരശേഖരണങ്ങളുടെ മറച്ചുവെയ്ക്കല്‍, ആവശ്യമായവ മാത്രം തിരഞ്ഞെടുക്കല്‍, ന്യായം എന്ന് പുറമെ തോന്നുംവിധം അവയുടെ തെറ്റായ വിശകലനം എന്നിങ്ങനെ ഈ പുതിയ ‘വിവരണനിര്‍മിതിക്ക്’ ആധുനിക സാമ്പത്തിക ശാസ്ത്രം തന്നെ ഒട്ടേറെ ഉപായങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. യു.എസ.്എ.യിലെ ബാങ്കിങ് തകര്‍ച്ചയും അതിനിടയാക്കിയ ചട്ടങ്ങളുടെ അപര്യാപ്തതയും പഠിക്കുന്ന ഈ ഗവേഷകന്‍ കണ്ടെത്തുന്നത് പുതിയ ധനവ്യവസ്ഥയുടെ ( ഇത് ആഗോള തലത്തില്‍ ഇന്ന് പരസ്പരം കെട്ടുപിണഞ്ഞുകിടക്കുകയാണ്. മൂലധന, പണവിപണികളുടെ പ്രവര്‍ത്തനം ഇന്നു ഒരു രാജ്യത്തിന്റെ മാത്രം അധീശത്വത്തില്‍ അടിമപ്പെട്ടവയല്ല ) നീതിരാഹിത്യം, കരുത്തരോടുള്ള ആനുകൂല്യം, ദരിദ്രരോടുള്ള അവഗണന എന്നിവയാണ്. അദ്ദേഹം സ്വകാര്യ ബാങ്കിങ് വിപണിവ്യവസ്ഥയുടെ അധാര്‍മികത അക്കമിട്ടു നിര്‍ത്തുന്നത് ഇങ്ങനെയാണ് :

1. പുതിയ കോര്‍പ്പറേറ്റ് സംസ്‌കാരം പ്രോല്‍സാഹിപ്പിക്കുന്നത്, മൗനം ( ഇത് സ്വയം പാലിക്കുന്നതോ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതോ ആകാം ), മറച്ചുവയ്ക്കലോ അല്ലെങ്കില്‍ അസ്പഷ്ടമാക്കലോ, ഉത്തരവാദിത്തത്തില്‍ നിന്നൊഴിയല്‍ എന്നിവയാണ്.

2. ഇത്തരം ധനവ്യവസ്ഥിതി, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലേത്, നീതിരഹിതമാണ്. കാരണം, ശക്തര്‍ക്കും കൂടുതല്‍ സ്വാധീനമുള്ളവര്‍ക്കും ( ഇത് സമ്പത്തില്‍ അധിഷ്ഠിതമാകാം, അല്ലെങ്കില്‍ വിവരാധിഷ്ഠിതമാകാം ) അനുകൂലവും ദരിദ്രര്‍ക്ക് പ്രതികൂലവുമാണ്. ശക്തരായവരുടെ വളര്‍ച്ച ദുര്‍ബലരുടെ ചെലവിലാണ്.

3. ധനവ്യവസ്ഥയില്‍ ഇന്ന് എപ്പോഴും ലാഭത്തെ സ്വകാര്യവത്ക്കരിക്കുന്നു, നഷ്ടത്തെ സമൂഹത്തിന്റേതാക്കുന്നു. നഷ്ടത്തിന്റെ ഈ സാമൂഹികവത്കരണം ഉത്തരവാദിത്തം, ബാധ്യത എന്നിങ്ങനെ സമൂഹത്തില്‍ നിന്നുയരുന്ന ധാര്‍മികമായ ആശങ്കകളെ അപ്രസക്തമാക്കുന്നു.

4. സാമ്പത്തിക മേഖലയിലെ തകര്‍ച്ച സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ ക്ഷേമം, തൊഴില്‍, ജീവിതാവസ്ഥ എന്നിവയെ ബാധിക്കുന്നു. എന്നാല്‍, രസകരമായ വസ്തുത എന്തെന്നാല്‍ ഈ തകര്‍ച്ചയ്ക്ക് ഇടയാക്കിയ, അല്ലെങ്കില്‍ അതുകൊണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയവര്‍ക്ക് ( പലപ്പോഴും ഈ രണ്ട് കൂട്ടരും ഒരേ ആള്‍ക്കാരാണ്. മൂലധന ശക്തികളുടെ ആള്‍രൂപങ്ങളാണിവര്‍ ) ഏതു തകര്‍ച്ചയിലും ഏറ്റവും കുറഞ്ഞ നഷ്ടമേ വരൂ. അല്ലെങ്കില്‍ ഒരു നഷ്ടവും വരില്ല. എല്ലാ തകര്‍ച്ചകളും സാധ്യതകളുടെ വിളനിലമാണെന്ന ഇന്ന് ഓഹരി, കോര്‍പ്പറേറ്റ് രംഗത്തെ അതികായനായ വാറന്‍ ബഫറ്റിന്റെ വേദവാക്യം ഓര്‍ക്കുക.

5. ഇത്തരം വ്യവസ്ഥകളുടെ അനുസ്യൂതമായ നിലനില്‍പ്പ് ജനാധിപത്യ രാഷ്ട്രങ്ങളെത്തന്നെ വഴിതെറ്റിക്കുന്നു. അവരെ ഭൂരിപക്ഷം വരുന്ന അവശ വിഭാഗങ്ങളുടെ സംരക്ഷകരല്ലാതാക്കിമാറ്റുന്നു. അല്ലെങ്കില്‍, അറിഞ്ഞോ അറിയാതെയോ ഈ സര്‍ക്കാരുകളും മൂലധന ശക്തികള്‍ക്ക് അടിമപ്പെട്ടുപോവുന്നു.

6. ഇങ്ങനെയൊക്കെ സാധ്യമാക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ നിരവധിയാണ്. അറിവില്ലായ്മ, മനപൂര്‍വ്വമായ, അല്ലെങ്കില്‍ ബോധപൂര്‍വ്വമായ , അജ്ഞത നടിയ്ക്കല്‍, ചിന്താക്കുഴപ്പം സൃഷ്ടിക്കല്‍ എന്നിവയിലൂടെ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കുകയോ മറയ്ക്കുകയോ ചെയ്യുക, വികലമായ ഒരു ന്യായീകരണ ചിത്രം വരച്ച് പ്രശ്നങ്ങളെ മനസ്സിലാക്കാതിരിക്കുക, ചര്‍ച്ചകളെയും സംവാദങ്ങളെയും വഴിതെറ്റിക്കുകയോ കൂട്ടക്കുഴപ്പത്തിലാക്കുകയോ ചെയ്യുക എന്നിവയൊക്കെയാണ് ഇവ.

7. നിയമത്തിന്റെ പിന്‍ബലമുണ്ടെന്ന മറവില്‍ ( കാലം സങ്കീര്‍ണമാണ്, വ്യവസ്ഥകള്‍ സങ്കീര്‍ണമാണ്, ചട്ടങ്ങള്‍ നിരവധിയാണ് ) അസാധ്യവും സാധ്യമാക്കലാണ് മറ്റൊന്ന്. സാധാരണ ഗതിയില്‍ ന്യായീകരിക്കാനാവാത്തതോ സാധ്യമാകാത്തതോ നിയമങ്ങളുടെ രാവണന്‍കോട്ടക്കിടയില്‍ ഇവര്‍ സാധ്യമാക്കും. അത് നിയമത്തിന്റെ പിന്‍ബലമുള്ളതെന്നു അവകാശപ്പെടുകയും തോന്നിപ്പിക്കുകയും ചെയ്യും

ഇത്രയൊക്കെ ഓര്‍മിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ അതിന്റെ രണ്ടാം വര്‍ഷത്തിലേക്കു കടക്കുന്ന സവിശേഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. സ്വകാര്യ മൂലധന ശക്തികളുടെ ദൂഷ്യങ്ങളും പോരായ്മകളും , എത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും , അവയെയൊക്കെ ഈ ശക്തികള്‍ മറികടക്കുന്നുവെന്നാണ് മേല്‍പ്പറഞ്ഞ വിശകലനത്തില്‍ ഈ ഗവേഷകന്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ ലോകത്ത് , ജനക്ഷേമം മുന്‍നിര്‍ത്തി അധികാരത്തിലേറുന്ന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍, ഒരു ഉരകല്ലായി, പ്രവര്‍ത്തനങ്ങളുടെ ധാര്‍മിക ബാധ്യതകള്‍ ഓര്‍മിപ്പിക്കാന്‍ ഒരു മാനദണ്ഡമായി, ഈ പഠനത്തെയും എടുക്കാം. ഒരു സ്വകാര്യ മൂലധന ശക്തിയുടെ പ്രവര്‍ത്തനങ്ങളും സ്വഭാവവുമല്ല സര്‍ക്കാരുകളെ നിര്‍ണയിക്കുന്നതെന്ന പൂര്‍ണബോധ്യവും വേണം. അങ്ങനെ മാത്രമേ ഈ ആമുഖത്തെ കാണാവൂ.

പൂര്‍ണ ബജറ്റ് ഫെബ്രുവരിയില്‍

ഇനി കാര്യത്തിലേക്ക് കടക്കാം. ഫെബ്രുവരിയില്‍ അവതരിപ്പിക്കേണ്ട രണ്ടാം എന്‍.ഡി.എ. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തെ പൂര്‍ണ ബജറ്റിന്റെ പണിപ്പുരയിലാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍. അതിനായുള്ള ചര്‍ച്ചകള്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യ, തൊഴില്‍ വകുപ്പുകളിലെ ഉന്നതരും വ്യവസായ പ്രമുഖരും സാമ്പത്തികവിദഗ്ദരും ആരംഭിച്ചുകഴിഞ്ഞു. വളരെ ശോഭനമായ വളര്‍ച്ച ലക്ഷ്യമിട്ട്, സുതാര്യവും അഴിമതി രഹിതവുമായ വളര്‍ച്ച വാഗ്ദാനം ചെയ്ത എന്‍.ഡി.എ സര്‍ക്കാരിന് എങ്ങനെയോ കാര്യങ്ങളുടെ കടിഞ്ഞാല്‍ കൈവിട്ടതുപോലെയുണ്ട്. ധനകാര്യ നടത്തിപ്പിനെക്കുറിച്ചുമാത്രമാണ് ഈ പ്രസ്താവന. കാരണം, ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ ആധിക്യം നോക്കൂ :

1. രാജ്യത്തിന്റെ പൊതു കടം മോദി സര്‍ക്കാരിന്റെ കീഴില്‍ 82 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത് മുന്‍ സര്‍ക്കാരുകളില്‍ നിന്നുള്ള തുടര്‍ച്ചയും ഉള്‍പ്പെടെയാണ്. പക്ഷേ, ആറ് വര്‍ഷത്തിനിടയില്‍ അതിനു മുമ്പത്തേക്കാള്‍ 50 ശതമാനം വര്‍ധനയാണ് പൊതുകടത്തില്‍ സംഭവിച്ചത്.

2. മൊത്തം ആഭ്യന്തര വളര്‍ച്ച എക്കാലത്തേയും താഴ്ന്ന തലത്തിലാണ്. റിസര്‍വ് ബാങ്ക് തന്നെ ഏറ്റവും അവസാനത്തെ ( ഡിസംബര്‍ അഞ്ചിലെ ) ധനനയ പ്രഖ്യാപനത്തില്‍ ആഭ്യന്തര വളര്‍ച്ചനിരക്കില്‍ പ്രതീക്ഷ അഞ്ചു ശതമാനമായി താഴ്ത്തിയിട്ടുണ്ട്. ഇപ്പോഴത്തെ വളര്‍ച്ചനിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് തന്നെ 4.5 ശതമാനമാണ്. ഇതുതന്നെ വിവര വിശകലന തന്ത്രങ്ങളിലൂടെ ഊതിപ്പെരുപ്പിച്ചതാണെന്നും യഥാര്‍ഥ വളര്‍ച്ചനിരക്ക് രണ്ടു ശതമാനം മാത്രമാണെന്നും വാദിക്കുന്ന അക്കാദമിക വിദഗ്ദ്ധരുണ്ട്. ഒന്നാം എന്‍.ഡി.എ. സര്‍ക്കാര്‍ ജി.ഡി.പി. ശ്രേണി കണക്കാക്കുന്നതിലെ മാനദണ്ഡങ്ങള്‍ മൂന്നു വര്‍ഷം മുന്‍പ് മാറ്റിമറിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. ജി.ഡി.പി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ , വികസന മേഖലകളുടെ വൈവിധ്യമാര്‍ന്ന പുരോഗതി, വിവര ശേഖരണങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷം , അല്ലെങ്കില്‍ സര്‍ക്കാരിനു തൃപ്തിയായ കാലഘട്ടത്തിനുള്ളില്‍ , പൊതുവെ പരിഷ്‌കരിക്കാറുണ്ട്. പക്ഷേ, ആദ്യത്തെ എന്‍.ഡി.എ. സര്‍ക്കാര്‍ ഇങ്ങനെ വരുത്തിയ പരിഷ്‌കാരങ്ങളുടെ ശാസ്ത്രീയത പലരും ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ, ഇങ്ങനെ പരിഷ്‌കരിക്കുമ്പോള്‍ പിന്‍വര്‍ഷങ്ങളിലെ വളര്‍ച്ചനിരക്കുകള്‍ പഠനാവശ്യങ്ങള്‍ക്കുമാത്രമേ പുതുക്കി എഴുതാറുള്ളൂ. എന്നാല്‍, ഒന്നാം എന്‍.ഡി.എ. സര്‍ക്കാര്‍ വളര്‍ച്ചനിരക്കുകള്‍ ഇങ്ങനെ പുതുക്കി എഴുതുകയും മുന്‍വര്‍ഷങ്ങളിലെ വളര്‍ച്ചനിരക്ക് കുറയ്ക്കുകയും അതിനാനുപാതികമായി എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലയളവിലെ വളര്‍ച്ചനിരക്ക് ഉയര്‍ത്തുകയും ചെയ്‌തെന്നാണ് എല്ലാ സ്വതന്ത്ര വിദഗ്ധരുടെയും പരാതി. ഈ വിവാദം കെട്ടടങ്ങിയിട്ടില്ല. ചരിത്ര പുനര്‍ നിര്‍മിതിപോലെ വിവരങ്ങളുടെ പിന്‍കാല പുനര്‍ നിര്‍മിതി അക്കാദമിക തലത്തില്‍ സാധാരണ പഠനവിഷയമാണെങ്കിലും യഥാര്‍ഥ ഭരണതലത്തില്‍ നടപ്പാക്കുന്നതിലെ ധാര്‍മികതയും സാധ്യതയുമാണ് പലരും ചോദ്യം ചെയ്യുന്നത്. ഇത് മുന്‍പറഞ്ഞ പഠനത്തില്‍ സ്വകാര്യ മൂലധന, ബാങ്കിങ്, ധനവിപണികളിലെ പോരായ്മയായി ചൂണ്ടിക്കാണിച്ച വിവരങ്ങളുടെ മറച്ചുവയ്ക്കലോ പുനര്‍രചിക്കലോ ആയി കാണേണ്ടതാണ്. ഈ വിവാദം അധികം വിശദീകരിക്കേണ്ട ഇടമല്ല ഇത്.

3. ആര്‍.ബി.ഐ. ഡിസംബറിലെ നയപ്രഖ്യാപനത്തില്‍ ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, അത് ഭക്ഷ്യവസ്തുക്കളുടെ കാലവ്യവസ്ഥകള്‍ക്ക് അനുസരിച്ച മാറ്റമാണെന്നും അത് പുതിയ വിളവെടുപ്പോടെ (നല്ല മഴയുണ്ടായതിനാല്‍ അടുത്ത വിള ബംബറാകുമെന്നാണ് പ്രതീക്ഷ ) ഭക്ഷ്യപണപ്പെരുപ്പം കുറയുമെന്നും പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ നാലു നയപ്രഖ്യാപന വേളയില്‍ നിന്നും വ്യത്യസ്തമായി നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ. തയാറായില്ല. ഇനി വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നടപടികള്‍ എന്തെന്ന് കാത്തിരിക്കാം. ഇപ്പോള്‍ അടിസ്ഥാന വായ്പാനിരക്കുകള്‍ അങ്ങനെത്തന്നെ തുടരട്ടെ എന്നാണ് ആര്‍.ബി.ഐ. നിലപാട്.

4. തൊഴിലില്ലായ്മ എക്കാലത്തെയും മോശം നിലയിലാണെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ തൊഴിലില്ലായ്മ കണക്കുകളേയും സര്‍ക്കാര്‍ ഒരവസരത്തില്‍ മറച്ചുവച്ചിരുന്നു. അവിടെയും സര്‍ക്കാരിന്റെ നിലപാട് ഈ കണക്കുകള്‍ യഥാര്‍ഥ വസ്തുതകളെ പ്രതിഫലിപ്പിക്കുന്നതല്ല, തൊഴിലില്ലായ്മയും തൊഴില്‍ സാധ്യതയും തൊഴില്‍ ലഭ്യതയും കണക്കാക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ വേണമെന്നാണ്. സാങ്കേതിക പുരോഗതിയില്‍ വിവര വിപ്ലവം സാധ്യമായ കാലത്ത് മാനദണ്ഡങ്ങള്‍ പുതുക്കേണ്ടത് ആവശ്യമാണ്. പക്ഷേ, പോരായ്മകളുണ്ടെങ്കിലും വിവരശേഖര സ്ഥാപനമായ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ മറച്ചുവെക്കുന്നത് വിവരനിഷേധമാണെന്ന് എല്ലാ അക്കാദമിക വിദഗ്ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നുണ്ട്.

5. ഇതേ അവസ്ഥയാണ് ജനങ്ങളുടെ വാങ്ങല്‍ശക്തി കുറയുന്നുവെന്ന ഉപഭോക്തൃ മനോനില കണക്കാക്കുന്ന കണക്കുകള്‍ പുറത്തു വിടാതെ സര്‍ക്കാര്‍ ഒളിച്ചുകളിച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ടത്. ഉപഭോതൃ മനോഭാവം അളക്കാന്‍ കൂടുതല്‍ കര്‍ശനവും സാധ്യവുമായ പരിഷ്‌കരണം വേണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, പഴയ മാനദണ്ഡങ്ങളിലെ കണക്കുകള്‍ പുറത്തുനല്‍കില്ല എന്ന സമീപനത്തെയാണ് പരിഷ്‌കൃത ലോകം സംശയത്തോടെ നോക്കുന്നത്.

6. രണ്ടാം എന്‍.ഡി.എ. സര്‍ക്കാരിന്റെ രണ്ടു ഘട്ടങ്ങളിലായി സമര്‍പ്പിച്ച ( ഇടക്കാല ബജറ്റും തിരഞ്ഞെടുപ്പിനു ശേഷമുള്ള യഥാര്‍ഥ ബജറ്റും ) കോര്‍പ്പറേറ്റ് നികുതി നിബന്ധനകള്‍ മൂന്നു മാസത്തിനകം ഓര്‍ഡിന്‍സിലൂടെ പിന്‍വലിക്കേണ്ടിവന്നത് ബജറ്റ് തയാറാക്കുന്നതില്‍ ധനമന്ത്രിക്കും സര്‍ക്കാരിനും വന്ന ഗുരുതരമായ വീക്ഷണ വീഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടു. വളര്‍ച്ചയും നിക്ഷേപവും കുറയുന്ന അവസരത്തില്‍ കോര്‍പ്പറേറ്റ് നികുതിഭാരം വര്‍ധിപ്പിച്ചത് ആഭ്യന്തര, വിദേശ നിക്ഷേപകരെ അന്ധാളിപ്പിച്ചു. ഈ തിരിച്ചടി തിരുത്താനാണ് 1.45 ലക്ഷം കോടിയുടെ കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ ഓര്‍ഡിനന്‍സിലൂടെ പ്രഖ്യാപിച്ചത്. ഏതായാലും, ഇത്തരം വീഴ്ചകള്‍ അടുത്ത ബജറ്റില്‍ ഒഴിവാക്കാനുള്ള തയാറെടുപ്പുകളുണ്ടെന്നാണ് വാര്‍ത്തകള്‍.

7. വിവാദമായ ജി.എസ്.ടി. നടപ്പാക്കല്‍ വഴി കേന്ദ്രം പ്രതീഷിച്ച വരുമാന വര്‍ധന ഉണ്ടായിട്ടില്ല. മാത്രവുമല്ല, ഓരോ മാസത്തെയും പരോക്ഷ നികുതി വരുമാനം 1000 കോടി എന്ന ലക്ഷ്യത്തിലെത്തിച്ചില്ലെന്നത് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ വഷളാക്കുമ്പോഴാണ് ഈ നികുതിയിളവ് നല്‍കേണ്ടിവന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ക്ഷേമപദ്ധതികള്‍ സാധ്യമാക്കാന്‍ ക്ലേശിക്കുന്ന സര്‍ക്കാരിന് കൂടുതല്‍ കമ്മി വിളിച്ചുവരുത്തുന്നതാണ് ഈ നടപടിയെന്നും ആക്ഷേപമുണ്ടായി.

ഏതായാലും മൊത്തം കമ്മി അനുവദനീയവും ആശാസ്യവുമായ തോതില്‍ പിടിച്ചുനിര്‍ത്തുക, ആവശ്യമായ വളര്‍ച്ചാചോദനക്ക് , പുതിയ നിക്ഷേപങ്ങള്‍ക്ക് ( ഇവയില്‍ ഊന്നല്‍ സര്‍ക്കാര്‍ പദ്ധതികളിലാണ്. അതായത് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ) പണം കണ്ടെത്തുക, പ്രഖ്യാപിച്ചിട്ടുള്ള സാമൂഹിക ക്ഷേമപദ്ധതികള്‍ തളരാതെ മുന്നോട്ടു കൊണ്ടുപോവുക, ആഭ്യന്തര ഉപഭോഗവും വാങ്ങല്‍ശക്തിയും വര്‍ധിപ്പിക്കുക, യുഎസ് – ചീന വാണിജ്യ യുദ്ധത്തില്‍ സാധ്യതകള്‍ കണ്ടെത്തി കയറ്റുമതി വളര്‍ച്ച കൈവരിക്കുക ( ഇപ്പോള്‍ത്തന്നെ കയറ്റുമതി വളര്‍ച്ച പിന്നോട്ടാണ് ) എന്നിവയാകും പുതിയ ബജറ്റ് തയാറാക്കുമ്പോള്‍ ധനമന്ത്രിയുടെ മുന്നിലെ വെല്ലുവിഴികള്‍.

ജി.എസ്.ടി. ലളിതമാക്കല്‍

ഇതിനിടെ, നികുതിപിരിവില്‍ സുതാര്യതയും വളര്‍ച്ചാവര്‍ധനയും സാധ്യമാക്കുക, ജി.എസ്.ടി. ചട്ടങ്ങള്‍ ലളിതമാക്കുക, ഇന്‍വോയ്‌സ് തട്ടിപ്പുകള്‍ തടയുക, നികുതിയടയ്ക്കാന്‍ ഉപഭോക്താവിനെയും കച്ചവടക്കാരെയും പ്രേരിപ്പിക്കുക, നികുതി കൊടുക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന മനോഭാവം വളര്‍ത്തുക, ദിനംതോറും വര്‍ധിക്കുന്ന ചട്ടങ്ങളിലൂടെയും വിജ്ഞാപനങ്ങളിലൂടെയും നികുതി വ്യവസ്ഥ സങ്കീര്‍ണമാക്കുന്നത് ഒഴിവാക്കി ലളിതമാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പരോക്ഷ നികുതികള്‍ തീരുമാനിക്കുന്ന ജി.എസ്.ടി. കൗണ്‍സില്‍ നടത്തുന്ന അന്വേഷണങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. നികുതി എന്നാല്‍ ശിക്ഷ എന്ന മനോഭാവം ഉപഭോക്താവിലും ഉദ്യോഗസ്ഥരിലും സര്‍ക്കാര്‍ തലത്തിലും മാറാത്തത് ഇതിന് ഒരു പ്രധാന കാരണമാണ്.

ഡിസംബര്‍ 18 നു ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സിലില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിടാനായിട്ടില്ല. നികുതിവരുമാനം കൂട്ടാന്‍ നിരക്കുകള്‍ പരിഷ്‌കരിച്ച് ( ചില താഴ്ന്ന നികുതി വിഭാഗങ്ങളുടെ നികുതി കൂട്ടുക ഒരു പരിഹാരമാണ്. ഉദാഹരണത്തിന്, ഏറ്റവും താഴ്ന്ന അഞ്ചു ശതമാനം നികുതി ആറ് ശതമാനമാക്കല്‍ ) പുതിയൊരു തുടക്കത്തിന് ഇപ്പോഴത്തെ മാന്ദ്യം അനുവദിക്കുന്നുമില്ല. ആകെ കൗണ്‍സിലിന്റേതായ പ്രധാന തീരുമാനം ലോട്ടറി നികുതിനിരക്ക് ഏകീകരിച്ചതാണ്. ആദ്യമായി വോട്ടിനിട്ട ഈ നിര്‍ദേശം ബഹുഭൂരിപക്ഷത്തോടെയാണ് പാസായത്. ഇതോടെ സര്‍ക്കാര്‍ ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വര്‍ധിച്ച നികുതി തുല്യമായി. കേരളത്തിന് ഇത് തിരിച്ചടിയാണ്.

പൊതുമേഖലയുടെ വിറ്റഴിക്കല്‍

സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ വലിയൊരു പദ്ധതി എന്‍.ഡി.എ. സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. നരസിംഹറാവു സര്‍ക്കാര്‍ തുടക്കമിട്ട ആഗോളീകരണ പരിഷ്‌കാരങ്ങള്‍ക്കു ശേഷം ( വ്യവസായത്തേയും വളര്‍ച്ചയേയും സര്‍ക്കാര്‍നുകത്തില്‍ നിന്നു നിയന്ത്രണങ്ങളിലൂടെ സ്വതന്ത്രമാക്കിയത് റാവു സര്‍ക്കാരാണ്. ഇത് സ്വകാര്യ മൂലധന ശക്തികളുടെ വളര്‍ച്ചക്ക് കളമൊരുക്കി. സാധാരണ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥകളില്‍ ഒട്ടേറെ ഗുണപരമായ മാറ്റങ്ങളാണ് ഈ ലോകത്തെ അകത്തേക്ക് ക്ഷണിച്ചുവരുത്തുന്നതിലൂടെ സാധ്യമായത്. എന്നാല്‍, അതിന്റെ ദൂഷ്യഫലങ്ങളെ നിയന്ത്രിക്കുന്നതില്‍ തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല എന്ന് ആക്ഷേപമുണ്ട് ) ഏതു സര്‍ക്കാരിന്റേയും പ്രഥമ പരിഗണന പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചമാക്കാന്‍ അവ സ്വകാര്യമേഖലയ്ക്ക് കൈമാറുകയോ സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കുകയോ ആണ്. ലാഭത്തില്‍ നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ( നഷ്ടത്തില്‍ നടക്കുന്നവയ്ക്ക് ആവശ്യക്കാര്‍ ഉണ്ടാവില്ലല്ലോ ) ഓഹരി പങ്കാളിത്തം കുറച്ച് സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കടബാധ്യത കുറയ്ക്കാനുള്ള പോംവഴിയുമാണിത്. ലാഭത്തെ സ്വകാര്യവത്കരിക്കുക, നഷ്ടത്തെ സാമൂഹികവത്കരിക്കുക എന്ന ധനവിപണിയുടെ തന്ത്രം ഇവിടെയും ആരോപിക്കാം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!