24 Sep

അന്നമനടയുടെ ‘ആരോഗ്യ’ ബാങ്ക്

അന്നമനടയുടെ ‘ആരോഗ്യ’ ബാങ്ക്

അനില്‍ വള്ളിക്കാട്

ചാലക്കുടിപ്പുഴയോരത്തെ അന്നമനടയിലുള്ള സഹകരണ ബാങ്കിന് നൂറു തികയാന്‍ ഇനി ആറു വര്‍ഷം മാത്രം. ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയുള്ള ബാങ്കില്‍ 9500 അംഗങ്ങള്‍. 155 കോടി രൂപ നിക്ഷേപം.125 കോടിയുടെ വായ്പ. അഞ്ചു വര്‍ഷമായി ആരോഗ്യ മേഖലയിലും
ശ്രദ്ധയൂന്നുന്നു. നീതി ലാബറട്ടറി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, മൊബൈല്‍ ഫ്രീസര്‍, സൗജന്യ അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവ ബാങ്കിന്റെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.

സ് ‌നേഹത്തിന്റെയും സംഹാരത്തിന്റെയും ജലസ്പര്‍ശമുള്ള തൃശ്ശൂര്‍ ചാലക്കുടിപ്പുഴയോരത്ത് ആരോഗ്യപരിപാലന കാര്യത്തില്‍ അതിശ്രദ്ധയുള്ള സഹകരണ ബാങ്കുണ്ട്. ആതുരസേവനത്തിന്റെ വൈവിധ്യ വഴികള്‍ വെട്ടിത്തുറന്ന സംസ്ഥാനത്തെ അപൂര്‍വം സഹകരണ സ്ഥാപനങ്ങളില്‍ ഒന്നെന്ന ഖ്യാതിയോടെ അന്നമനട സഹകരണ ബാങ്ക് പുതിയ ചരിത്രമെഴുതുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ് ആരോഗ്യരംഗത്ത് കാരുണ്യത്തിന്റെ കൈയൊപ്പ് ചാര്‍ത്തിത്തുടങ്ങുത്. നൂറുവയസ്സു തികയാന്‍ ആറു വര്‍ഷം മാത്രമുള്ള ബാങ്ക് ഒരുപാട് കാലത്തെ കയറ്റിറക്കങ്ങള്‍ക്കു ശേഷം ഒന്നരപ്പതിറ്റാണ്ടായി ലാഭവഴിയിലേക്കു തിരിച്ചുകയറിയാണ് സഹകരണത്തിന്റെ സ്‌നേഹമുഖം ഭംഗിയായി തുടച്ചുമിനുക്കുന്നത്.

തുടക്കത്തില്‍ നഷ്ടവഴികള്‍

1926 ല്‍ അന്നമനട റീജിയണല്‍ സഹകരണ സംഘം എന്ന പേരിലായിരുന്നു തുടക്കം. ആദ്യഘട്ടത്തില്‍ നാലു റേഷന്‍ കടകള്‍, രണ്ട് വളം ഡിപ്പോകള്‍, തുണിക്കട, കണ്‍സ്യൂമര്‍ സ്റ്റോര്‍, കശുവണ്ടി സംഭരണം എന്നിവയൊക്കെ നടത്തി. നടത്തിപ്പിലെ പിടിപ്പുകേട് മൂലം എല്ലാം നഷ്ട സംരംഭങ്ങളായി. തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്കിന്റെ ധനസഹായത്തോടെ ചെറിയ തോതില്‍ കാര്‍ഷിക വായ്പാ വിതരണം നടത്തി. അതിനിടെ അന്നമനട സര്‍വീസ് സഹകരണ സംഘം എന്ന പേരിലേക്ക് മാറി. ജില്ലാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് അംഗങ്ങള്‍ക്ക് കാര്‍ഷിക വായ്പയും കൂടെ വിത്തും വളവും നല്‍കല്‍ മാത്രമായിരുന്നു മുഖ്യ പ്രവര്‍ത്തനം. 1979 മുതല്‍ കുറികളും പ്രതിമാസ നിക്ഷേപ പദ്ധതികളും ആരംഭിച്ചു. എല്ലാം നഷ്ടത്തില്‍ത്തന്നെ കലാശിച്ചു. പിന്നീട് ചെറിയ സംഖ്യകള്‍ നിക്ഷേപം സ്വീകരിച്ച് 1995 ല്‍ അന്നമനട സര്‍വീസ് സഹകരണ ബാങ്ക് എന്ന പേരിലേക്ക് മാറി. ഓടുമേഞ്ഞ ചെറിയ രണ്ട് മുറികളില്‍ നിന്ന് സ്വന്തമായി അന്നമനട സെന്ററിനോട് ചേര്‍ന്ന് ആറു സെന്റ് സ്ഥലത്തെ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറി.

അന്നമനട ബാങ്കിന്റെ ഇന്‍ഷുറന്‍സ് പദ്ധതിബെന്നി ബെഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു

പുത്തനുണര്‍വ്

തൃശ്ശൂരിന്റെ തെക്കേയറ്റത്ത് എറണാകുളം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന അന്നമനട പഞ്ചായത്തിലെ താമസക്കാര്‍ പൊതുവെ കൃഷിയില്‍ താല്‍പ്പര്യമുള്ളവരാണ്. ചാലക്കുടി പുഴയെ പോഷിപ്പിക്കുന്ന ഒട്ടേറെ തോടുകളും അനുബന്ധമായ കനാലുകളും കുളങ്ങളും നിറഞ്ഞ ജലസമൃദ്ധമായ ഗ്രാമമാണിത്. 18 വാര്‍ഡുകളുള്ള പഞ്ചായത്തിലെ 12 വാര്‍ഡുകളാണ് ബാങ്കിന്റെ പ്രവര്‍ത്തനമേഖല. കൃഷിയിലൂടെ ജീവിതാഭിവൃദ്ധി നേടിയ ഇവിടത്തുകാര്‍ വര്‍ധിച്ച ആരോഗ്യ ബോധമുള്ളവരുമാണ്. കാര്‍ഷിക മേഖലയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടുത്ത ചുവടെന്ന നിലയില്‍ ആരോഗ്യ സേവന രംഗത്തേക്ക് അന്നമനട ബാങ്ക് കടന്നതും ജനഹിതം അറിഞ്ഞുകൊണ്ടായിരുന്നു.

രണ്ടായിരാമാണ്ട് പിന്നിട്ടു കഴിഞ്ഞപ്പോള്‍ ബാങ്കിന്റെ വീഴ്ചക്കാലം പതുക്കെ അവസാനിച്ചു. പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തമികവില്‍ 2004 മുതല്‍ ലാഭം കൈവരിച്ചുതുടങ്ങി. ലാഭവിഹിതമായി 25 ശതമാനം വരെ തുക ഇപ്പോള്‍ അംഗങ്ങള്‍ക്ക് അനുവദിക്കുന്നുണ്ട്. ഹെഡ് ഓഫീസിന്റെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ്. മാമ്പ്ര, പൂവ്വത്തുശ്ശേരി, വെസ്റ്റ് കൊരട്ടി, കുമ്പിടി എന്നിവിടങ്ങളിലെ ശാഖകള്‍ രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചു വരെയും പ്രവര്‍ത്തിക്കും. ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. തുടങ്ങിയ ആധുനിക ധനവിനിമയ സൗകര്യങ്ങള്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ബാങ്കുമായി സഹകരിച്ച് ബാങ്കിന്റെ എ.ടി.എം. മാമ്പ്ര ശാഖയില്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രവര്‍ത്തന പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് കാര്‍ഷിക മേഖലയില്‍ മികച്ച രീതിയിലുള്ള ഇടപെടലാണ് ബാങ്ക് നടത്തുന്നത്. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ അനുബന്ധ മേഖലകളായ പശു, ആട്, കോഴി എന്നിവ വളര്‍ത്തുന്നതിനും വായ്പകള്‍ നല്‍കുന്നുണ്ട്. മഴമറ നിര്‍മിച്ചുകൊണ്ടുള്ള പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വായ്പകള്‍ അനുവദിച്ചുവരുന്നു. പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്ത് ബാങ്ക് നേരിട്ട് വാഴ, പച്ചക്കറി, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട്.

കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്നതില്‍ ലളിതവും വേഗവുമായ നടപടിയാണ് ബാങ്കിനുള്ളത്. അപേക്ഷ ലഭിച്ചാല്‍ ‘സ്‌കെയില്‍ ഓഫ് ഫിനാന്‍സ്’ പ്രകാരം അപ്പോള്‍ത്തന്നെ വായ്പ നല്‍കാന്‍ സെക്രട്ടറിക്ക് ചുമതല നല്‍കിയിട്ടുണ്ട്. അടുത്ത ഭരണസമിതി യോഗം ഇത് അംഗീകരിക്കും. രണ്ട് വളം ഡിപ്പോകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റബ്‌കോ ഉല്‍പ്പന്നങ്ങളുടെ അംഗീകൃത ഏജന്‍സി കൂടിയാണ് ബാങ്ക്. 27 ജീവനക്കാര്‍ക്ക് പുറമെ അഞ്ചു കളക്ഷന്‍ ഏജന്റുമാരും ബാങ്കിനുണ്ട്. 58 പ്രതിമാസ നിക്ഷേപ പദ്ധതികള്‍ ബാങ്ക് നടത്തുന്നു.

ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയോടെ പ്രവര്‍ത്തിക്കുന്ന ബാങ്കിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 9500 അംഗങ്ങളാണ് ബാങ്കിനുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം 155 കോടി രൂപയുടെ നിക്ഷേപമുണ്ട്. 125 കോടി രൂപയുടെ വായ്പയും. ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതേയുള്ളു. പ്രളയവും കോവിഡ് ഭീഷണിയും ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഒരു കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നുണ്ടെന്ന് സെക്രട്ടറി ടി.എസ്. ദിലീപന്‍ പറഞ്ഞു. തൊട്ടു മുമ്പത്തെ വര്‍ഷം 1 .26 കോടി രൂപ ലാഭമുണ്ടായിരുന്നു.

ആരോഗ്യവര്‍ഷങ്ങള്‍

ആരോഗ്യ മേഖലയിലേക്കുകൂടി ബാങ്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ട് അഞ്ചു വര്‍ഷമേ ആയിട്ടുള്ളു. ഹൈടെക് നീതി ലാബ് ആദ്യഘട്ടത്തില്‍ തുടങ്ങി. മിതമായ നിരക്കില്‍ കൃത്യമായ പരിശോധനാഫലം നല്‍കിത്തുടങ്ങിയതോടെ ആവശ്യക്കാര്‍ വര്‍ധിച്ചു. പ്രതിദിനം അറുപതിനും നൂറിനു ഇടയില്‍ ആളുകള്‍ ഇപ്പോള്‍ പരിശോധനക്കായി ഇവിടെ എത്തുന്നുണ്ട്. ഏഴു ജീവനക്കാരാണ് ലാബിലുള്ളത്.

നീതി മെഡിക്കല്‍ ലാബറട്ടറി

നീതി ലാബിനൊപ്പം ഡോക്ടറുടെ സേവനം നല്‍കിക്കൊണ്ട് നീതി ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടിങ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ ചുരുങ്ങിയ ചെലവില്‍ ഡോകടറുടെ സേവനം ലഭിക്കും. 2018 ല്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങി. പ്രതിദിനം അര ലക്ഷം രൂപയുടെ വിറ്റുവരവ് ഇവിടെയുണ്ട്. ആറു ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതിനു പുറമെ 24 മണിക്കൂറും സേവന സജ്ജമായ ആംബുലന്‍സ്, മൊബൈല്‍ ഫ്രീസര്‍ എന്നിവയും ബാങ്കിനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയാണ് ബാങ്കിന്റെ ഈ മേഖലയിലെ പ്രവര്‍ത്തനം. കര്‍ക്കിടക മാസത്തില്‍ ഒരു ദിവസം മരുന്നുകഞ്ഞി തയാറാക്കി വിതരണം ചെയ്യും. കര്‍ക്കിടക കഞ്ഞിക്കൂട്ട് മിതമായ നിരക്കില്‍ വില്‍പന നടത്താറുമുണ്ട്.

ഹരിതം സഹകരണ പദ്ധതി പ്രകാരം ഓരോ വര്‍ഷവും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ വിതരണം ചെയ്യും. കളക്ഷന്‍ ഏജന്റുമാരുടെ സേവനം ഉപയോഗപ്പെടുത്തി സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ വിതരണം നടത്തുന്നുണ്ട്. അതതു സമയങ്ങളില്‍ ഉത്സവച്ചന്തകള്‍ സംഘടിപ്പിക്കും. മാമ്പ്ര ശാഖാ കെട്ടിടത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ലിറ്റില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രളയ ദുരിതാശ്വാസം

2018 ലെ പ്രളയം ഏറ്റവും സാരമായി ബാധിച്ച പ്രദേശമാണ് അന്നമനട. പ്രളയത്തിന്റെ ആദ്യദിനം തൊട്ടേ ദുരിത ബാധിതരെ സഹായിക്കാന്‍ ബാങ്ക് മുന്നിലുണ്ടായിരുന്നു. ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനങ്ങളും മരുന്നും വിതരണം ചെയ്തു. ആംബുലന്‍സ് സേവനവും നല്‍കി. വീടുകളില്‍ തിരിച്ചെത്തിയ പ്രളയബാധിതര്‍ക്ക് ബെഡ്ഷീറ്റും നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടുന്ന പ്രളയ സഹായക്കിറ്റുകള്‍ നല്‍കാന്‍ ബാങ്ക് പ്രത്യേകം ശ്രദ്ധിച്ചു. സൗജന്യ കുടിവെള്ള വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്തി. ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം ഉള്‍പ്പടെ ഏതാണ്ട് 58 ലക്ഷം രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങളാണ് ബാങ്ക് നടത്തിയത്. ബാങ്കിന്റെ പൂവ്വത്തുശ്ശേരി ശാഖയും വളം ഡിപ്പോയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ബാങ്കിന്റേതായ കൃഷിയിടങ്ങളും നശിച്ചു. പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘കെയര്‍ കേരള’ പദ്ധതി പ്രകാരം പത്തു വീടുകളുടെ നിര്‍മാണച്ചുമതല ഏറ്റെടുത്ത ബാങ്ക് പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി.

തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഓണക്കാലത്ത് ബാങ്ക് പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന സൗജന്യക്കിറ്റ് വിതരണം ചെയ്തു. ഏകദേശം 6200 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
കോവിഡ് ഭീഷണിയെ പ്രതിരോധിക്കാനും ബാങ്ക് മുന്നിട്ടിറങ്ങി. 3000 മാസ്‌കുകളും 500 സാനിറ്റൈസറുകളും പൊതുജനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓഫീസുകളിലും സൗജന്യമായി വിതരണം ചെയ്തു.

ആശ്രയം, ആശ്വാസം

വാര്‍ധക്യ, രോഗാവസ്ഥകള്‍ പ്രയാസപ്പെടുത്തുന്ന അംഗങ്ങള്‍ക്ക് ബാങ്ക് ആശ്രയവും ആശ്വാസവുമാണ്. 70 വയസ്സ് കഴിഞ്ഞവരും മുപ്പതു വര്‍ഷത്തെ അംഗത്വമുള്ളവരുമായ വയോധികര്‍ക്ക് 1200 രൂപ വാര്‍ഷിക പെന്‍ഷന്‍ നല്‍കുന്ന ആശ്രയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. 500 രൂപ ഒറ്റത്തവണ അടച്ച് 5000 രൂപ കിട്ടുന്ന മരണാനന്തര സഹായ നിധിയും അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തി. കാന്‍സര്‍, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സക്ക് അംഗങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയും ബാങ്കിനുണ്ട്.

ബാങ്കിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് ഈ വര്‍ഷം ജനുവരിയിലാണ് പദ്ധതി തുടങ്ങിയത്. പട്ടി, പാമ്പുകടി തുടങ്ങിയവ ഉള്‍പ്പടെയുള്ള അപകടങ്ങള്‍ക്ക് ചികിത്സക്കായി 25000 രൂപ വരെയും അപകടമരണമുണ്ടായാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും സഹായധനമായി അനുവദിക്കുന്ന പദ്ധതിയാണിത്. പ്രീമിയം തുക ബാങ്ക് അടയ്ക്കും.

അന്നമനട സെന്ററില്‍ സ്വന്തമായുള്ള 15 സെന്റ് സ്ഥലത്തു പുതിയ ഹെഡ് ഓഫീസ് സമുച്ചയം നിര്‍മിക്കാനുള്ള ആലോചനയിലാണെന്നു ബാങ്ക് പ്രസിഡന്റ് പി.ഐ. ജോര്‍ജ് പറഞ്ഞു. കാര്‍ഷിക – സഹകരണ മാര്‍ക്കറ്റും തുടങ്ങാന്‍ പദ്ധതിയുണ്ട്. കുടുംബശ്രീ, ജെ.എല്‍.ജി. കൂട്ടായ്മകള്‍ നിര്‍മിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളും ജൈവ പച്ചക്കറികളും സഹകരണ മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും കാര്‍ഷിക മേഖലക്കാവശ്യമായ സാധനങ്ങളും ഉള്‍ക്കൊള്ളിച്ചാവും മാര്‍ക്കറ്റ് തുടങ്ങുകയെന്നും പ്രസിഡന്റ് പറഞ്ഞു.

മുന്‍ ഭരണസമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ചതിന്റെ മികവ് പ്രസിഡന്റിനുണ്ട്. ഭരണസമിതിയിലെ പഴയ അംഗങ്ങളുടെ പരിചയ മികവിനോടൊപ്പം പകുതിയോളം വരുന്ന പുതുമുഖങ്ങളുടെ ഊര്‍ജസ്വലതയും പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് സെക്രട്ടറി ടി.എസ്. ദിലീപന്‍ പറഞ്ഞു. പി.കെകോയ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ സജി വര്‍ഗീസ്, വി.എ. അബ്ദുള്‍കരീം, ടി.വി. രാജീവ്, എന്‍. ശ്രീദാസ്, ഡേവിസ് കുര്യന്‍, സാനി നാല്‍പാടന്‍. പി.ബി. വിനീഷ്, ഷിംജി സോമന്‍, ടി.കെ. മിനി, സാനിത ഷഫീക്ക് എന്നിവര്‍ അംഗങ്ങളാണ്.

Read also
error: Content is protected !!