23 Sep

ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

– സി.എന്‍. വിജയകൃഷ്ണന്‍

കേരളത്തില്‍ സഹകരണ സംഘങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ
തടസ്സപ്പെടുത്തുന്ന നടപടികള്‍ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുകയാണ്.
ഇതിനു തടയിടാതെകേരള സര്‍ക്കാര്‍ നിശ്ശബ്ദമായി എന്തിനോവേണ്ടി
കാത്തിരിക്കുകയാണ്.

 

സഹകരണ മേഖലയില്‍ ഏറെ ആശങ്കകള്‍ നിലനില്‍ക്കുന്ന ഘട്ടമാണിത്. സഹകരണ മേഖലയെ ബാധിക്കുന്ന വിധത്തില്‍ കേന്ദ്ര നിയമങ്ങളിലുണ്ടായ ഭേദഗതികള്‍, അതിനെത്തുടര്‍ന്നു റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍, ഇതനുസരിച്ച് സംസ്ഥാന സഹകരണ നിയമത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ ഈ മേഖലയിലുണ്ട്. ഇതിനൊപ്പമാണു കേന്ദ്ര സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിലൂടെ വരാനിരിക്കുന്ന അപകടങ്ങള്‍. ഈ പ്രശ്‌നങ്ങളൊന്നും പൊടുന്നനെ സംഭവിച്ചതല്ല. ആദായനികുതിയുടെ രൂപത്തിലാണിതു തുടങ്ങിയത്. അതു വര്‍ഷങ്ങളോളം നിലനിന്നു. സുപ്രീം കോടതിയില്‍നിന്നു സഹകരണ സംഘങ്ങള്‍ക്ക് അനുകൂല വിധിയുണ്ടായപ്പോഴാണ് അതിന് ആശ്വാസമായത്. പക്ഷേ, അപ്പോഴേക്കും കേന്ദ്ര ഫിനാന്‍സ് നിയമത്തിലും ബാങ്കിങ് നിയന്ത്രണ നിയമത്തിലും ഭേദഗതികള്‍ വന്നു.

ഫിനാന്‍സ് നിയമത്തിലെ ഭേദഗതിയനുസരിച്ച് പണമിടപാടിനു നിയന്ത്രണം വന്നു. ഈ നിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു വ്യക്തികളുടെ പരിഗണനയാണു നല്‍കിയത്. ഒരു കോടി രൂപയില്‍ക്കൂടുതല്‍ ഒരു വര്‍ഷം പണമായി പിന്‍വലിച്ചാല്‍ പിന്‍വലിക്കുന്ന പണത്തിന്റെ രണ്ടു ശതമാനം നികുതിയായി നല്‍കേണ്ടിവരുന്ന സ്ഥിതി സഹകരണ സംഘങ്ങള്‍ക്കുണ്ടായി. അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചെറുധനകാര്യ സ്ഥാപനങ്ങളാണു സഹകരണ സംഘങ്ങള്‍. കൂലിപ്പണിക്കാരും ടാക്‌സി തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരുമെല്ലാം അംഗങ്ങളായാണു സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുമായെല്ലാം ഡിജിറ്റല്‍ പണമിടപാട് നടത്തണമെന്ന വ്യവസ്ഥ പാലിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു കഴിയില്ല. അതുകൊണ്ടുതന്നെ സംഘങ്ങളുടെ പരിമിതിയും അതു സാധാരണ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും പരിഗണിക്കാതെയാണു പണമിടപാടിനു പരിധിവെച്ചത്. ഈ വ്യവസ്ഥയില്‍ നിന്ന് ആവശ്യമായവയെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. കേരളത്തിലെ സഹകരണ സംഘങ്ങളെ, പ്രത്യേകിച്ച് കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ , ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. കര്‍ണാടകയിലെ റബ്ബര്‍ വ്യാപാരികള്‍വരെ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ആ പരിഗണന പോലും കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു ലഭിച്ചില്ല.

ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയാണു രണ്ടാമത്തേത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിലല്ലാതെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് ഇതിലുണ്ടായ ഒരു ഭേദഗതി. അര്‍ബന്‍ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കടുപ്പിക്കുന്ന വ്യവസ്ഥകളും കൊണ്ടുവന്നു. ഭരണസമിതിക്കു മുകളില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് കൊണ്ടുവന്നു. സംസ്ഥാന – അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സി.ഇ.ഒ. എന്ന പദവി കൊണ്ടുവന്നു. ഇങ്ങനെ നിയമിക്കപ്പെടുന്ന ആള്‍ക്കു കാലപരിധി നിശ്ചയിച്ചു. നിയമനത്തിനു റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നായി. ഇതിനൊക്കെയപ്പുറം, സഹകരണ ബാങ്കുകള്‍ പിരിച്ചുവിടാനും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്താനും നിര്‍ബന്ധിത ലയനം നടത്താനും റിസര്‍വ് ബാങ്കിന് അധികാരം ലഭിച്ചു.

നമ്മള്‍ ഇപ്പോഴും കാത്തിരിപ്പിലാണ്

ഫിനാന്‍സ് ആക്ട് ഭേദഗതിയിലും ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ച് നമ്മള്‍ കുറ്റം പറയുമ്പോള്‍ത്തന്നെ അതിന്റെ ആഘാതം ഇല്ലാതാക്കാന്‍ കേരളം എന്തു ചെയ്തുവെന്നതും പരിശോധിക്കേണ്ടതുണ്ട്. കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനു പൂര്‍ണ അധികാരങ്ങളുണ്ട്. അത്തരം നിയമ ഭേദഗതികള്‍ കാലത്തിനനുസരിച്ച് ഉണ്ടാകേണ്ടത് അനിവാര്യവുമാണ്. സഹകരണ സംഘങ്ങള്‍ ഒരുപാട് വ്യാപിക്കുകയും വളരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ വായ്പാ ശൃംഖല കേരളത്തിലാണ്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ വന്ന ചില നിയന്ത്രണങ്ങള്‍ നമുക്കു താല്‍ക്കാലിക ബുദ്ധിമുട്ടാകുന്നതാണെങ്കിലും അംഗീകരിക്കേണ്ടിവരും. സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസം കൂട്ടാന്‍ ഉദ്യോഗസ്ഥമേധാവിക്കു യോഗ്യതയും ചുമതലയും നിശ്ചയിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടുണ്ടെങ്കില്‍ അതിനെ നല്ലതിനുവേണ്ടിയാണെന്നു കരുതി അംഗീകരിക്കാം. അതേസമയം, ഓഹരിയില്‍ വരുത്തുന്ന മാറ്റങ്ങള്‍, അംഗങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങളുമായുള്ള ഇടപാടില്‍പ്പോലും കേരള ബാങ്കില്‍ നിയന്ത്രണം കൊണ്ടുവരുന്ന രീതി, സംസ്ഥാന സഹകരണ നിയമത്തെ അപ്രസക്തമാക്കി സഹകരണ സംഘം ഭരണസമിതിയുടെ അധികാരം പരിമിതപ്പെടുത്തല്‍ എന്നിവയെല്ലാം എതിര്‍ക്കപ്പെടേണ്ടവ തന്നെയാണ്.

സഹകരണ മേഖലയ്ക്കു ദോഷകരമാകുന്ന പല വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കൊണ്ടുവരുമ്പോഴും കേരളം നിശ്ശബ്ദമായി ഏറ്റുവാങ്ങുകയാണെന്നു പറയാതിരിക്കാനാവില്ല. സഹകരണ സംഘങ്ങളുടെ പണമിടപാട് പരിമിതപ്പെടുത്തിയപ്പോള്‍ അതിന് ഇളവുതേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കണമെന്ന് എല്ലാ സഹകാരികളും പലവട്ടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2019 സപ്റ്റംബറില്‍ ഈ നിബന്ധന കൊണ്ടുവന്നിട്ട് 2020 ജനുവരിയിലാണ് അന്നത്തെ സഹകരണ മന്ത്രി കേന്ദ്രത്തിന് ഇളവ് ആവശ്യപ്പെട്ട് കത്തു നല്‍കിയത്. അതു പരിഗണിക്കപ്പെട്ടില്ല എന്നതു വേറെ കാര്യം. പക്ഷേ, കാലംതെറ്റിയുള്ള ആവശ്യമായി അതിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് അവസരം ഒരുക്കിയതില്‍ നമുക്കുണ്ടായ വീഴ്ചയും ഒരു കാരണമാണ്.

ഇതൊരു പ്രശ്‌നമായി നില്‍ക്കുമ്പോഴാണു ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നത്. ഇതിനെതിരെ നിയമസഭയില്‍ ഒരു പ്രമേയം പാസാക്കി കേരളത്തിന്റെ വികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ നമുക്കായി എന്നതു വസ്തുതയാണ്. പക്ഷേ, സഹകരണ മേഖലയിലുള്ളവരുടെ ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് അന്നത്തെ സഹകരണ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. കോവിഡ് വ്യാപനമാണു കാരണമെന്നതു വസ്തുതയാണ്. എന്നാല്‍, ഒരു നിയമ ഭേദഗതി സംഭവിച്ചുകഴിഞ്ഞു. കാലംതെറ്റി അതിനെതിരെ നമ്മുടെ ആക്ഷേപം പ്രകടിപ്പിച്ചിട്ട് കാര്യമുണ്ടാവില്ല എന്നതും പരിഗണിക്കേണ്ടതായിരുന്നു. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിപ്പോലും അത്തരമൊരു യോഗം കൂടാന്‍ നമുക്കായില്ല. ഇതു കേന്ദ്രത്തെ പരാതി ബോധിപ്പിക്കാനുള്ള ഒരു ചര്‍ച്ചയായി മാത്രം കാണേണ്ട ഒന്നായിരുന്നില്ല. കേന്ദ്ര നിയമങ്ങള്‍ അനുസരിക്കണമെങ്കില്‍ സംസ്ഥാന നിയമത്തിലും ഒട്ടേറെ മാറ്റം വരുത്തേണ്ടതുണ്ട്. പരസ്പര വിരുദ്ധമായ നിയമങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുണ്ടാകുമ്പോള്‍ ആശയക്കുഴപ്പം സ്വാഭാവികമാണ്. ഇത്തരം വൈരുധ്യങ്ങളുണ്ടാകുമ്പോള്‍ കേന്ദ്ര നിയമമാണു നിലനില്‍ക്കുക. പക്ഷേ, സംഘങ്ങള്‍ അനുസരിക്കുന്നതു സംസ്ഥാന നിയമമാണ്. അതിന്റെ പേരില്‍ അവര്‍ കുറ്റക്കാരാകുന്നു. ഈ ദുരനുഭവം കൊല്ലം പരവൂരിലെ ഒരു സഹകരണ ബാങ്ക് ഭരണസമിതി ഇപ്പോള്‍ നേരിടുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ പരാതിയില്‍ കേസ് നേരിടുകയാണ് ആ ബാങ്ക് ഭരണസമിതിയംഗങ്ങള്‍. അതിനാല്‍, കൃത്യമായ ചര്‍ച്ചയും പരിഹാരനിര്‍ദേശങ്ങളും നമുക്കുണ്ടാകേണ്ടതുണ്ട്. അതിനു മുന്‍കൈ എടുക്കേണ്ടതു സര്‍ക്കാരാണ്.

കേന്ദ്ര സഹകരണ മന്ത്രാലയത്തിനു പിന്നിലെ ആപത്ത്

കേന്ദ്രത്തില്‍ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിനും ആഭ്യന്തര മന്ത്രിയായ അമിത്ഷായ്ക്ക് അതിന്റെ ചുമതല നല്‍കിയതിനും പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഒരു സഹകരണ മന്ത്രാലയം കേന്ദ്രത്തിലുണ്ടാകുന്നതുകൊണ്ട് നമ്മള്‍ ആശങ്കയിലാകേണ്ട കാര്യമില്ല. പക്ഷേ, അതു രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ കേരളത്തിലെ സഹകരണ മേഖലയിലുണ്ടാകുന്ന ആഘാതം കാണാതെ പോകരുത്. കേരളത്തില്‍ പുതിയ ഒരു ക്രെഡിറ്റ് സഹകരണ സംഘം രൂപവത്കരിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം, കൃത്യമായ പ്രവര്‍ത്തനപരിധി നിശ്ചയിച്ചാണ് ഇപ്പോള്‍ ക്രെഡിറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പഞ്ചായത്തു മുഴുവനായിപ്പോലും പ്രവര്‍ത്തനപരിധിയില്ലാതെയാണു നിലവിലെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, എന്തു രാഷ്ട്രീയലക്ഷ്യം വെച്ചാണെങ്കിലും ഒരു കൂട്ടായ്മയ്ക്കും പുതിയ സംഘം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

ബി.ജെ.പി. അവരുടെ രാഷ്ട്രീയ സ്വാധീനം കൂട്ടാന്‍ സഹകരണ സംഘങ്ങളെ ആശ്രയിക്കാന്‍ പോകുന്നുവെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുക അവര്‍ നേരിട്ട് കൂടുതലായി ആശ്രയിക്കുന്ന വായ്പാ സംഘങ്ങളിലൂടെയാണ്. സംസ്ഥാന നിയമമ നുസരിച്ച് അതിനു സാധ്യത ഇല്ലാതാകുമ്പോള്‍ കേന്ദ്ര സ്വാധീനത്തില്‍ അതു നിര്‍വഹിക്കപ്പെടും. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണു കേന്ദ്ര നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുള്ളത്. ഒരു നിയന്ത്രണവുമില്ലാതെ മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സംഘങ്ങള്‍ കേരളത്തില്‍ പെരുകാനിടയായാല്‍ അതു നിലവിലെ സഹകരണ വായ്പാ മേഖലയിലെ സാമ്പത്തിക അച്ചടക്കം ഇല്ലാതാക്കും. രാഷ്ട്രീയം പ്രധാന ലക്ഷ്യമാകുമ്പോള്‍ സഹകരണ തത്വങ്ങള്‍ ബലികഴിക്കപ്പെടുമെന്നത് യാഥാര്‍ഥ്യമാണ്. നിക്ഷേപത്തിനു ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ വ്യാപകമായി ഉണ്ടാകുന്നതു കേരളത്തിലെ സഹകരണ സംഘങ്ങളെ ബാധിക്കും. ഇതു പരസ്പരാശ്രിത സാമ്പത്തിക ഘടനയെ ഇല്ലാതാക്കുന്നതും ജനങ്ങള്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതുമാകും.

കേന്ദ്രസഹായത്തോടെ രൂപമെടുത്ത നിധി കമ്പനികളുടെ പ്രവര്‍ത്തനംതന്നെ ഇതിനു നമ്മുടെ മുമ്പില്‍ ഉദാഹരണമായുണ്ട്. ഉയര്‍ന്ന പലിശയാണു നിധി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനുതന്നെ വര്‍ഗീയ പരിവേഷവും നല്‍കുന്നുണ്ട്. ഇതെല്ലാം കേരളത്തിന് ആപത്താണ് എന്നതു നമ്മള്‍ തിരിച്ചറിയണം. നിധി കമ്പനികളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്നതിനെതിരെ കലാപം നടത്തേണ്ട കാര്യമില്ല. പക്ഷേ, ഇവയ്ക്കു നിയന്ത്രണം ഉണ്ടാകേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തു റിസര്‍വ് ബാങ്കും സഹകരണ സംഘം രജിസ്ട്രാറും നിശ്ചയിക്കുന്ന പലിശയ്ക്കപ്പുറം നല്‍കാന്‍ നിധികള്‍ക്കും മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ക്കും വ്യവസ്ഥയുണ്ടാകരുത്. കേന്ദ്ര നിയമം അനുസരിച്ചാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എതിര്‍വാദമുയരും. സംസ്ഥാനത്തിനു പരിമിതിയുണ്ടെന്നും ഉള്‍ക്കൊള്ളുന്നു. പക്ഷേ, സാമ്പത്തിക അരാജകത്വത്തിലേക്കു നയിക്കുന്ന ഈ പ്രവണത ഒഴിവാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു സംസ്ഥാനം ആവശ്യപ്പെടണം. അതു സര്‍വകക്ഷി സംഘം നേരിട്ടു പോയിട്ടാണെങ്കില്‍ അങ്ങനെ.

നിയമഭേദഗതി അനിവാര്യം

സംസ്ഥാന സഹകരണ നിയമത്തില്‍ ഭേദഗതി അനിവാര്യമായ ഘട്ടമാണിത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു ബാങ്ക് എന്ന പദം ഉപയോഗിക്കാനാകുമോയെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തേണ്ടതുണ്ട്. കേന്ദ്ര നിയമം ഇതു വിലക്കുന്നുണ്ട്. കേരളത്തില്‍ ബാങ്ക് എന്ന പദം ഉപയോഗിക്കാന്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചതായി ഇതുവരെ കേട്ടിട്ടില്ല. പിന്നെ, നിശ്ശബ്ദമായ ഈ കാത്തിരിപ്പ് എത്രകാലത്തേക്കാണെന്നു വ്യക്തമാകുന്നില്ല. റിസര്‍വ് ബാങ്ക് ഒരു നടപടിയിലേക്കു നീങ്ങിയാല്‍ സഹകരണ സംഘങ്ങളാകും പ്രതിക്കൂട്ടിലാവുക. കൊല്ലം പരവൂരിലെ സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങള്‍ അത്തരത്തില്‍ പ്രതിക്കൂട്ടിലായവരാണ്. അതിനാല്‍, ഇതില്‍ വ്യക്തത വരുത്തി സഹകരണച്ചട്ടത്തിലും നിയമത്തിലും ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രവര്‍ത്തനപരിധി ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ എന്‍.ഒ.സി. വാങ്ങണമെന്നു വ്യവസ്ഥയുണ്ട്. ഇതു സംസ്ഥാന സഹകരണ നിയമത്തിലും കൊണ്ടുവരണം. നാളെ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെ കേന്ദ്രം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിനു നിയമപോരാട്ടം നടത്താനെങ്കിലും അത് ഉപകരിക്കും. സഹകരണം സംസ്ഥാന വിഷയമാണ്. അതില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനാണു പ്രഥമ പരിഗണന കിട്ടാനിടയുള്ളത്. 97-ാം ഭരണഘടനാ ഭേദഗതി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിനു കാരണം ഇതു സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമാണ് എന്നതു ചൂണ്ടിക്കാട്ടിയാണ്.

സംസ്ഥാനത്തിന്റെ നിയമപരിധി ലംഘിച്ചുകൊണ്ട് മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ വന്നാല്‍ ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ അതേവാദം നമുക്ക് ആശ്രയിക്കാനാകും. ഇവിടെയുള്ള സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനപരിധി ലംഘിച്ചാണു മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനമെങ്കില്‍ അതു തടയാനുള്ള ശ്രമമാണു സംസ്ഥാനം നടത്തുന്നതെന്നു കോടതിയില്‍ വാദിക്കാന്‍ കഴിഞ്ഞേക്കും. അതതു സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നു നിലവില്‍ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. അതിനാല്‍, സംസ്ഥാനം അധികാരപരിധിക്കു പുറത്തുനിന്നു കൊണ്ടുവന്ന വ്യവസ്ഥ എന്ന ആക്ഷേപം നിലനില്‍ക്കില്ല. സംസ്ഥാന നിയമത്തില്‍ ഈ വ്യവസ്ഥ കൊണ്ടുവരുന്നതു ഭാവിയില്‍ വരാനിരിക്കുന്ന അപകടത്തെ പ്രതിരോധിക്കാനുള്ള ഊന്നുവടിയായേക്കും.

Read also
error: Content is protected !!