12 May

കാര്‍ഷിക വിപ്ലവത്തിന് സഹകരണക്കൂട്ടായ്മ

കാര്‍ഷിക വിപ്ലവത്തിന് സഹകരണക്കൂട്ടായ്മ

സാമ്പത്തിക വളര്‍ച്ചയ്ക്ക് വന്‍ തിരിച്ചടി നേരിടുന്ന ഇക്കാലത്ത് ഭക്ഷ്യ, കാര്‍ഷിക മേഖലയില്‍ എങ്ങനെ സ്വയംപര്യാപ്തമായ സ്വാശ്രയ സമൂഹമായി മാറാം എന്നതിനെക്കുറിച്ചാണ് കേരളം ചിന്തിക്കുന്നത്. ഈ ചിന്ത പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ സഹകരണ സംഘങ്ങള്‍ ആവിഷ്‌കരിച്ചു തുടങ്ങി.

മാ റുന്ന ലോകവും നേരിടുന്ന വെല്ലുവിളിയും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കുന്നത്. എന്നാല്‍, വെല്ലുവിളിയുടെ ആഴമോ മാറേണ്ട രീതിയോ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കോവിഡ് കാലം ഭക്ഷ്യോല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടേണ്ടതിന്റെ അനിവാര്യത കേരളത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് ‘ സുഭിക്ഷകേരളം ‘ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിനൊപ്പം, സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് സഹകരണ സംഘം രജിസ്ട്രാറും നിര്‍ദേശിച്ചിട്ടുണ്ട്.

‘ കോവിഡ് – 19 കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിന്റെ ആഘാതം ബാധിക്കാത്ത ഒരു മേഖലയുമില്ല. പ്രവാസികളുടെ മടങ്ങിവരവോടെ നമ്മുടെ സമ്പദ്ഘടന കൂടുതല്‍ പ്രതിസന്ധിയിലാകും. ഈ അവസ്ഥയെ എങ്ങനെ മറികടക്കാനാകുമെന്നതാണ് നമ്മുടെ പ്രധാന വെല്ലുവിളി. അതിന് നമ്മുടേതായ വഴി കണ്ടെത്തണം. വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംവിധാനം നമുക്കുണ്ട്. ഇതുപയോഗപ്പെടുത്തി പുതിയ സാഹചര്യം നേരിടാന്‍ കഴിയണം. നാടിന്റെ വിഭവശേഷി പൂര്‍ണമായി ഉപയോഗിക്കണം. അത്തരത്തില്‍ ഭക്ഷ്യ, കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്ത സ്വാശ്രയ സമൂഹമായി മാറണം. അതിനുള്ള സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി ‘ – ഇതാണ് രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും

ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും ഇനി വരാനിരിക്കുന്ന ഭവിഷ്യത്താണെന്ന് ഓര്‍മിപ്പിച്ചാണ് സഹകരണ സംഘങ്ങളുടെ മുന്നൊരുക്കം. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും നേരിട്ട് കൃഷിയിലേക്കിറങ്ങാനാണ് നിര്‍ദേശം. 11,994 സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ, സംസ്ഥാനത്താകെ കുറഞ്ഞത് 6997 ഏക്കര്‍ സ്ഥലത്ത് മാതൃകാ കൃഷിത്തോട്ടമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്കും കര്‍ഷകക്കൂട്ടായ്മകള്‍ രൂപവത്കരിച്ച് അവര്‍ക്കും കൃഷിക്കായി പണം നല്‍കും. സംഭരണത്തിന് കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം ഒരുക്കും. ഗ്രാമച്ചന്തകളിലൂടെ വിപണിയുണ്ടാക്കും. ഇങ്ങനെ, സഹകരണ സംഘങ്ങളിലൂടെ കാര്‍ഷികവിപ്ലവത്തിന് വഴിയൊരുക്കാനാണ് സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നത്.

കാര്‍ഷികോല്‍പാദനം കൂട്ടാന്‍ ആറു വകുപ്പുകളിലെ പദ്ധതിവിഹിതം സംയോജിപ്പിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഈ പദ്ധതിയനുസരിച്ച് സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് സംഘങ്ങള്‍ സ്വന്തം രീതിയില്‍ കാര്‍ഷിക മേഖലയില്‍ നടത്തേണ്ട ഇടപെടലിനെക്കുറിച്ചും പദ്ധതി തയാറാക്കിയിട്ടുള്ളത്. കാര്‍ഷിക രംഗത്ത് എല്ലാവിധ സംഘങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാല്‍ അതുണ്ടാക്കുന്ന ഫലം ചെറുതാവില്ല. രണ്ടു രീതിയിലാണ് സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെടുന്നത്. സുഭിക്ഷകേരളം പദ്ധതിയില്‍ സംഘങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതും സ്വന്തം നിലയില്‍ ചെയ്യേണ്ടതുമായ കാര്യങ്ങളാണിത്.

കര്‍ഷകര്‍ക്ക് ആവശ്യമായ വായ്പ നല്‍കുകയെന്നതാണ് സുഭിക്ഷ കേരളം പദ്ധതിയില്‍ പ്രധാനമായും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം. കര്‍ഷക ക്ലസ്റ്ററുകള്‍, സ്വയം സഹായ സംഘങ്ങള്‍, യുവജനങ്ങള്‍ എന്നിവയ്ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അടിസ്ഥാനമാക്കി വായ്പ നല്‍കണമെന്നാണ് നിര്‍ദേശം. സ്വയം സഹായ സംഘങ്ങളിലൂടെ കൃഷി വ്യാപിപ്പിക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ സംഭരിക്കുന്നതിനുള്ള ഫണ്ടും സഹകരണ സംഘങ്ങള്‍ നല്‍കണം. പ്രാദേശിക അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സഹകരണ സംഘം അടിസ്ഥാനമാക്കി കാര്‍ഷിക ഉല്‍പന്നച്ചന്തകള്‍ തുടങ്ങണം. ഇത് നബാര്‍ഡ് നേരത്തെ നിര്‍ദേശിക്കുന്ന രീതിയാണ്. ഒന്നിലേറെ പ്രദേശങ്ങള്‍ക്കാവശ്യമായ വിധത്തില്‍ സംയോജിത സംഭരണ കേന്ദ്രം തുടങ്ങുന്നതിനാവശ്യമായ സൗകര്യം ഉറപ്പുവരുത്താനും സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷിക്കാവശ്യമായ സാധനങ്ങളുടെ വിതരണത്തിന് സൗകര്യമൊരുക്കുകയും പരിശീലനം നല്‍കുകയും ചെയ്യുക എന്നതാണ് സംഘങ്ങള്‍ക്കുള്ള മറ്റൊരു നിര്‍ദേശം.

സ്ഥാപനങ്ങള്‍ നേരിട്ട് ഏറ്റെടുക്കേണ്ടത്

* ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴില്‍ കുറഞ്ഞത് അര ഏക്കറിലെങ്കിലും മാതൃകാ കൃഷിത്തോട്ടം സഹകരണ സംഘങ്ങള്‍ ഏറ്റെടു ത്ത് നടത്തുക. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സംഘാംഗങ്ങള്‍ എന്നിവരുടെ സന്നദ്ധസേവനം ഉറപ്പാക്കിയാവണം ഇത് നടത്തേണ്ടത്.
* സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയഗ്രൂപ്പുകള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ എന്നിവ രൂപവത്കരിച്ച് കൃഷി നടത്തുക. ഇത്തരം ഗ്രൂപ്പുകള്‍ക്ക് വായ്പ അനുവദിക്കുക.
* സംഘങ്ങളുടെ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍വഴി വിത്ത്, വളം, ജൈവവളം, കീടനാശിനികള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ കിട്ടുമാറാക്കുക. കാര്‍ഷിക സേവന കേന്ദ്രം തുടങ്ങാത്ത സംഘങ്ങള്‍ ഇത്തരം സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പ നല്‍കുക.
* കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കുന്നതിനും പൊതിഞ്ഞ് വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കുക. കാര്‍ഷികച്ചന്തയ്ക്ക് സ്ഥലവും സൗകര്യവും നല്‍കുക.
* പ്രാദേശിക തലത്തില്‍ ജൈവവളങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. ഇതിന് സ്വയംസഹായ സംഘങ്ങള്‍ക്ക് രൂപം നല്‍കാം.
* ഉല്‍പന്നങ്ങള്‍ നശിച്ചുപോകാതിരിക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം ഒരുക്കണം.
* പരമാവധി മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുകയും ശൃംഖലാടിസ്ഥാനത്തില്‍ വിപണനം നടത്തുന്നതിനുമുള്ള സജീകരണം സംഘങ്ങളിലൂടെ നടപ്പാക്കുക.

ഗ്രാമീണ മേഖലയ്ക്ക് താങ്ങുവേണം

കോവിഡ് വ്യാപനവും ലോക്ഡൗണും സമ്പദ്‌മേഖലയ്ക്ക് കടുത്ത ആഘാതമാണുണ്ടാക്കിയിട്ടുള്ളതെന്ന് റിസര്‍വ് ബാങ്ക് അടക്കം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമീണ-കാര്‍ഷിക മേഖലയില്‍ ഇതിന്റെ ആഘാതം കടുത്തതായിരിക്കും. അതിനാല്‍ 30,000 കോടിരൂപ ഗ്രാമീണ മേഖലയില്‍ ചെലവഴിക്കണമെന്നാണ് നബാര്‍ഡിന് റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശം. ഇതില്‍ 2500 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. 1500 കോടി രൂപ കേരളബാങ്ക് വഴിയും 1000 കോടി ഗ്രാമീണ്‍ ബാങ്ക് വഴിയുമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കേരള ബാങ്കിന് ലഭിച്ച നബാര്‍ഡ് സഹായം പ്രാഥമിക സഹകരണ ബാങ്കുകള്‍വഴിയാണ് വിതരണം ചെയ്യുന്നത്. ഇത് പൂര്‍ണമായി സുഭിക്ഷ കേരളം പദ്ധതിക്കായി ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പദ്ധതി തയാറാക്കുകയും അത് സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുകയും ചെയ്യുമ്പോള്‍ ഉല്‍പാദനം കൂടുമെന്നതില്‍ തര്‍ക്കമില്ല. ഉല്‍പാദനവും സംഭരണവും സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍, വിപണനത്തിന്റെ സാധ്യതകൂടി സഹകരണ മേഖല കണ്ടെത്തേണ്ടിവരും. അതിനുള്ള രൂപരേഖ ഇപ്പോള്‍ തയാറാക്കിയിട്ടില്ല. കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന ഒട്ടേറെ സംരംഭങ്ങളുണ്ട്. വെളിച്ചെണ്ണ മുതല്‍ ശര്‍ക്കരവരെ 127 ഉല്‍പന്നങ്ങള്‍ സഹകരണ സംഘങ്ങളുടേതായി വിപണിയിലുണ്ട്. നാട്ടു ചന്തയില്‍ വിറ്റഴിച്ചതിന് ശേഷമുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ പൊതുവിപണിയിലേക്ക് എത്തിക്കാനായാല്‍ അത് ഏറെ ഗുണം ചെയ്യും.

നബാര്‍ഡില്‍ നിന്ന് 1000 കോടിയുടെ അധിക സഹായം കൂടി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പെഷല്‍ ലിക്വുഡിറ്റി ഫണ്ട് എന്ന നിലയിലാണ് നബാര്‍ഡില്‍ നിന്ന് ഈ അധികസഹായം തേടിയിട്ടുള്ളത്. ഇതിനു പുറമെ, നബാര്‍ഡ് കാര്‍ഷിക അനുബന്ധ മേഖലയില്‍ നേരിട്ടും വായ്പ അനുവദിക്കുന്നുണ്ട്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപവത്കരണം, സഹകരണ സംഘങ്ങള്‍ക്ക് കോള്‍ഡ് സ്‌റ്റോറേജ് സ്ഥാപിക്കല്‍, ജലസേചന സൗകര്യമൊരുക്കല്‍ എന്നിവയ്‌ക്കെല്ലാം കുറഞ്ഞ പലിശനിരക്കില്‍ നബാര്‍ഡ് വായ്പ നല്‍കുന്നുണ്ട്. നാഫെഡ്, എന്‍.സി.ഡി.സി., നാഷണല്‍ ബീ ബോര്‍ഡ് ( എന്‍.ബി.ബി ) എന്നിവയും സഹകരണ സംഘങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതു തരം കാര്‍ഷികോല്‍പന്നങ്ങളില്‍നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന സംരംഭത്തിന് 30 ശതമാനം സബ്‌സിഡിയോടെ വായ്പ അനുവദിക്കാനാണ് എന്‍.സി.ഡി.സി.യുടെ തീരുമാനം. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന കര്‍ഷകരുടെ കൂട്ടായ്മയ്ക്കാണ് ഈ സഹായം. മധുര വിപ്ലവം എന്നപേരിലാണ് നാഷണല്‍ ബീ ബോര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ് ഇതിനായി പ്രധാനമായും തിരഞ്ഞെടുത്തിട്ടുള്ളത്. 40 ശതമാനം വരെ സബ്‌സിഡിയാണ് ഇതിനുള്ളത്. സഹകരണ സംഘങ്ങളിലൂടെയാണ് ഇതും കര്‍ഷകര്‍ക്ക് നല്‍കുക. ചുരുക്കത്തില്‍ പണലഭ്യത ഉറപ്പാക്കി ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ചെലവിടുന്ന പണം സഹകരണ സംഘങ്ങള്‍ക്കാണ് സഹായകമാകുന്നത്.

സാധ്യത കൂട്ടുന്ന നാളികേരം

ഭക്ഷ്യോല്‍പാദനം കൂട്ടാന്‍ സംഘങ്ങള്‍ നേരിട്ട് കൃഷിയിറക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ തെങ്ങാണ് എല്ലാവരും നട്ടത്. മൂന്നു വര്‍ഷം കൊണ്ട് വിളവുണ്ടാകുന്ന തെങ്ങിന്‍തൈകളാണ് സംഘങ്ങള്‍ വാങ്ങിയതിലേറെയും. അതായത്, മൂന്നു വര്‍ഷത്തിനപ്പുറം കേരളത്തില്‍ നാളികേര ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. ഇതനുസരിച്ച് ഉല്‍പന്നങ്ങളുടെ നിര്‍മാണം സംഘങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. നാളികേര ഉല്‍പാദനം കൂട്ടാന്‍ കൃഷിവകുപ്പ് നേരത്തെ നടപടികള്‍ തുടങ്ങിയിരുന്നു. ഇതിനുള്ള പദ്ധതിയായിരുന്നു കേരഗ്രാമം. 236 കേരഗ്രാമങ്ങളാണ് കേരളത്തില്‍ തുടങ്ങിയത്. തെങ്ങ് നട്ടുവളര്‍ത്തുന്ന 250 ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടുന്നതാണ് ഓരോ കേരഗ്രാമവും. ഇത്തരം പദ്ധതികളിലൂടെ നാളികേര ഉല്‍പാദനം ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ കൃഷിവകുപ്പിനായി. 2014-15 കാലത്ത് 489.66 കോടി നാളികേരമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചിരുന്നതെന്നാണ് കണക്ക്. 2018-19 ലെ കണക്കനുസരിച്ച് ഇത് 763.13 കോടിയായി ഉയര്‍ന്നു. മൂന്നു വര്‍ഷത്തിനപ്പുറം ഇത് ആയിരം കോടി കടക്കാനിടയാകും.

സംസ്ഥാനത്ത് 15 ബ്രാന്‍ഡ് വെളിച്ചെണ്ണ സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, തേങ്ങയില്‍ നിന്നുള്ള മറ്റു ഉല്‍പന്നങ്ങള്‍ കാര്യമായി ഉണ്ടാക്കുന്നില്ല. തേങ്ങപ്പാല്‍, സ്‌ക്വാഷ്, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ തുടങ്ങി 51 ഉല്‍പന്നങ്ങള്‍ നാളികേരത്തില്‍നിന്ന് ഉണ്ടാക്കാനാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളും കേന്ദ്രീകൃത വിപണിയും കൂടി ഉറപ്പാക്കിയാലേ സഹകരണ സംഘങ്ങള്‍ ലക്ഷ്യമിടുന്ന കാര്‍ഷിക വിപ്ലവം വിജയിപ്പിക്കാനാകൂ.

Read also
error: Content is protected !!