12 May

മധുരക്കനിയില്‍ ജീവിതം പടുത്തവര്‍

മധുരക്കനിയില്‍ ജീവിതം പടുത്തവര്‍

അഞ്ജു വി.ആര്‍

(2021 ഏപ്രില്‍ ലക്കം)

റുവാണ്ടയിലെ കൃഷിക്കാരനു ഒരു കൈതച്ചക്ക വിറ്റാല്‍ നേരത്തേ കിട്ടിയിരുന്നതു 50 റുവാണ്ടന്‍ ഫ്രാങ്ക്. ഇപ്പോള്‍ സംഘശക്തിയാല്‍
കിട്ടുന്നത് 200 ഫ്രാങ്ക്.

കിഴക്കനാഫ്രിക്കയിലെ റുവാണ്ട എന്ന രാജ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആരുടെയും മനസ്സിലേക്കു ഓടിയെത്തുക ഭീതിദമായ ചിത്രങ്ങളായിരിക്കും. വംശമഹിമയുടെ മിഥ്യാബോധങ്ങളില്‍ അഭിരമിച്ച ഒരു കൂട്ടം കാപാലികര്‍ കൊന്നൊടുക്കിയ നിസ്സഹായരായ മനുഷ്യരുടെ ദീനചിത്രങ്ങള്‍. ഉറ്റവരെ നഷ്ടപ്പെട്ട് അയല്‍നാടുകളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തവരുടെ കണ്ണീര്‍ വറ്റാത്ത മുഖങ്ങള്‍. 1994 ഏപ്രില്‍ ഏഴു മുതല്‍ ജൂലായ് പതിനഞ്ചു വരെ നൂറു ദിവസം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചു ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയിലാണ്. ഹുടു വംശജരായിരുന്നു കൊലയാളി സംഘങ്ങള്‍. ടുട്‌സി ഗോത്രത്തില്‍പ്പെട്ടവരെയും തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെയും അവര്‍ നിഷ്‌കരുണം കൊന്നുതള്ളി. നടുക്കുന്ന ആ ഓര്‍മകളില്‍ നിന്നു കരകയറാന്‍ കാലം കുറെയെടുത്തു. കാല്‍ നൂറ്റാണ്ടിനപ്പുറം നടന്ന ഭീകരതയെ ഓര്‍മിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കൂട്ടക്കരുതിയുടെ തെളിവുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ കൊല്ലം കണ്ടെടുത്ത ഒരു ശവക്കുഴിയില്‍ നിന്നു പുറത്തെടുത്തത് 5400 മനുഷ്യരുടെ ശരീരാവശിഷ്ടങ്ങളാണ്.

എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ് റുവാണ്ടന്‍ ജനത. പ്രതിസന്ധികളെ അതിജീവിക്കാന്‍ അവര്‍ പഠിച്ചുകഴിഞ്ഞു. ഇപ്പോള്‍ പകയുടെയും വെറുപ്പിന്റെയും കനല്‍ കത്തുന്നില്ല. പകരം, സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലൂടെയാണു ദരിദ്രരായ റുവാണ്ടന്‍ ജനത ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഗ്രാമീണജനതയില്‍ കുറേ പേരെങ്കിലും സഹകരണ മേഖലയിലേക്കും ആകൃഷ്ടരായിട്ടുണ്ട്. റുവാണ്ടയിലെ കിഴക്കന്‍ പ്രവിശ്യയിലെ കിരേഹെ ജില്ലയിലെ തുസാമുറാന്‍ സഹകരണ സംഘം ഇതിനുദാഹരണമാണ്. പരസ്പരം ഉയര്‍ത്തുക എന്നാണു തുസാമുറാന്‍ എന്ന വാക്കിനര്‍ഥം. അതു അക്ഷരാര്‍ഥത്തില്‍ പാലിക്കുകയാണ് ഈ സംഘത്തിലെ അംഗങ്ങള്‍.

വംശീയ കൂട്ടക്കൊലയില്‍ പുരുഷന്മാര്‍ നഷ്ടപ്പെട്ട വീടുകളില്‍ കുടുംബഭാരം വന്നുപതിച്ചത് വീട്ടമ്മമാരുടെ ചുമലിലാണ്. എന്നും അനുഭവിക്കുന്ന ദാരിദ്ര്യത്തോടൊപ്പം അനാഥത്വവും കൂടിയായപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നരകതുല്യമായി. തലമുറകളായി കൈമാറിക്കിട്ടിയ ഇത്തിരി മണ്ണില്‍ കൃഷി ചെയ്ത് കുടുംബം മുന്നോട്ടു തള്ളിക്കൊണ്ടുപോകാന്‍ പലര്‍ക്കും കഴിഞ്ഞില്ല. അപ്പോഴാണ് സഹകരണ സന്ദേശം അവര്‍ക്കിടയില്‍ ഒരു സാന്ത്വനമായി എത്തിയത്. തങ്ങളുടെ പ്രദേശത്തു ധാരാളമായി കൃഷി ചെയ്തുവരുന്ന കൈതച്ചക്കതന്നെ എന്തുകൊണ്ടു പരീക്ഷിച്ചുകൂടാ എന്നായി അവരുടെ ആലോചന. കൃഷിയിടങ്ങളിലും നാട്ടുചന്തയിലുമൊക്കെയായിരുന്നു അവരുടെ കൈതച്ചക്ക വില്‍പ്പന. നല്ല കനവും വലിപ്പവും ഉണ്ടായിട്ടുകൂടി കൈതച്ചക്കക്ക് തുച്ഛവിലയേ ആ പാവങ്ങള്‍ക്കു കിട്ടിയിരുന്നുള്ളു.

ഉണക്കിയ കൈതച്ചക്കയ്ക്കു വന്‍ ഡിമാന്റ്

2005 ല്‍ തുസാമുറാന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിച്ചെങ്കിലും തുടക്കത്തില്‍ അംഗങ്ങള്‍ വളരെ കുറവായിരുന്നു. 18 സ്ത്രീകളും 17 പുരുഷന്മാരുമാണ് സംഘത്തില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, 2009 ല്‍ സംഘം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം വിപുലമാക്കാന്‍ തുടങ്ങിയപ്പോള്‍ അംഗബലം ഉയര്‍ന്ന് 141 ലെത്തി. 81 പുരുഷന്മാരും 60 സ്ത്രീകളും. അക്കൊല്ലമാണ് കൂട്ടായുള്ള കൈതച്ചക്കക്കൃഷിയിലേക്കു സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. കൈതച്ചക്കയില്‍ നിന്നു ജ്യൂസും ബിയറും ഉല്‍പ്പാദിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ ആശയം. എന്നാല്‍, ബെല്‍ജിയത്തില്‍ നടന്ന ഒരു കാര്‍ഷിക പ്രദര്‍ശനം കാണാന്‍ പോയ ചില സംഘാംഗങ്ങള്‍ക്കു ഒരു കാര്യം മനസ്സിലായി. ഉണക്കിയ കൈതച്ചക്കയ്ക്ക് വിദേശത്തു ധാരാളം ആവശ്യക്കാരുണ്ട്. തുടര്‍ന്നു സംഘം പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തി. വിളവെടുക്കുന്ന കൈതച്ചക്ക കിട്ടുന്ന വിലയ്ക്ക് വില്‍ക്കുന്ന ഏര്‍പ്പാടു നിര്‍ത്തി. 2013 ല്‍ സംഘം കൈതച്ചക്ക അരിഞ്ഞുണക്കി പാക്കറ്റിലാക്കി വില്‍പ്പന തുടങ്ങി.

ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓക്‌സ്ഫാം എന്ന ഐറിഷ് സന്നദ്ധ സംഘടന 2015 ല്‍ സഹായഹസ്തവുമായി മുന്നോട്ടു വന്നതോടെ ഈ റുവാണ്ടന്‍ സഹകരണ സംഘം ഉയരങ്ങളിലേക്കുള്ള കുതിപ്പു തുടങ്ങി. കൈതച്ചക്ക ഉണക്കി സംസ്‌കരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സംഘത്തിനു കിട്ടി. ജൈവോല്‍പ്പന്നത്തിനുള്ള സര്‍ട്ടിഫിക്കറ്റും സംഘത്തിനു കിട്ടി. അതോടെ, കൈതച്ചക്ക ഉണക്കി വിദേശ രാജ്യങ്ങളിലേക്കു അയക്കാന്‍ തുടങ്ങി. ഒരു കമ്പനിയുമായി കൈകോര്‍ത്തു ഫ്രാന്‍സിലേക്കാണു സംഘം ആദ്യമായി ഉണക്കച്ചക്ക കയറ്റിയയച്ചത്. 449 കി. ഗ്രാം കൈതച്ചക്കയാണു അന്നയച്ചത്. ഇപ്പോള്‍ സംഘം 188 ഹെക്ടറില്‍ കൈതച്ചക്ക കൃഷി ചെയ്യുന്നു. ഒരു വര്‍ഷം 3600 ടണ്ണാണു വിളവ്. അരിഞ്ഞുണക്കിയ കൈതച്ചക്ക രണ്ടു ടണ്‍ വീതം ഓരോ മാസവും കയറ്റിയയയ്ക്കുന്നു.

സംഘാംഗങ്ങള്‍ രണ്ടു രീതിയിലാണു കൈതച്ചക്ക കൃഷി ചെയ്യുന്നത്. സ്വന്തം ഭൂമിയിലും സംഘത്തിന്റെ ഭൂമിയില്‍ കൂട്ടായും. നേരത്തേ ഒരു കൈതച്ചക്ക കൃഷിയിടത്തില്‍ നിന്നു വിറ്റാല്‍ 50 റുവാണ്ടന്‍ ഫ്രാങ്കാണു കര്‍ഷകനു കിട്ടിയിരുന്നത്. അതു മാര്‍ക്കറ്റില്‍ കൊണ്ടുപോയിക്കൊടുത്താല്‍ 100 ഫ്രാങ്ക് കിട്ടിയിരുന്നു. എന്നാലിപ്പോള്‍ സംഘം വന്നതോടെ കഥ മാറി. സംഘത്തില്‍ കൊടുക്കുന്ന കൈതച്ചക്കയ്ക്ക് 200 ഫ്രാങ്കാണു കിട്ടുന്നത്. അതോടെ, സംഘാംഗങ്ങള്‍ പതുക്കെ ദാരിദ്ര്യത്തില്‍ നിന്നു കരകയറിത്തുടങ്ങി. ഇപ്പോള്‍ അവരുടെ മക്കളും സ്‌കൂളില്‍ പോയിത്തുടങ്ങി. അവര്‍ക്കിപ്പോള്‍ ആരോഗ്യ പരിരക്ഷ കിട്ടുന്നുണ്ട്. വീടുകള്‍ പുതുക്കിപ്പണിയുന്നുണ്ട്. കൃഷി ചെയ്യാനായി കൂടുതല്‍ സ്ഥലം വാങ്ങുന്നുമുണ്ട്. എല്ലാം സംഘവിജയം.

ഇപ്പോള്‍ 300 അംഗങ്ങളാണു തുസാമുറാന്‍ സംഘത്തിലുള്ളത്. ഇതില്‍ 55 ശതമാനം പേര്‍ സ്ത്രീകളാണ്. സംഘത്തിലിപ്പോള്‍ 20 സ്ഥിരം ജീവനക്കാരുണ്ട്. കൈതച്ചക്ക സംസ്‌കരണ ശാലയില്‍ 100 പേരും ജോലിയെടുക്കുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണു സംഘം എന്നു പ്രസിഡന്റ് ജീന്‍ ദമാസ്‌കെയിന്‍ ഹകുസിമാന പറഞ്ഞു.

Read also
error: Content is protected !!