19 Aug

ലോകസഹകരണ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം

 

– സി.പി. ജോണ്‍

( മുന്‍ കേരള പ്ലാനിങ് കമ്മീഷന്‍ അംഗവുംപ്രമുഖ സഹകാരിയും )

 

വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടര്‍ എന്ന പഠനം വിറ്റുവരവിന്റെ
വലിപ്പം കണക്കാക്കി 300 സഹകരണ സംഘങ്ങളെ ലോകത്തെമ്പാടും
ചാര്‍ട്ട് ചെയ്യുമ്പോള്‍ മൂന്നു സഹകരണ സംഘങ്ങള്‍ മാത്രമാണ്
ഇന്ത്യയുടേതായിട്ടുളളത്. ഓരോ രാജ്യത്തെയും ആളോഹരി
വരുമാനത്തിന്റെ എത്ര മടങ്ങാണ് ഓരോ സഹകരണ
സംഘത്തിലെയും വിറ്റുവരവ് എന്നു പരിശോധിക്കുമ്പോള്‍പ്പോലും
വെറും അഞ്ച് സഹകരണ സംഘങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ ഭാഗത്തു
നിന്നു ലോകത്തിന്റെ മുന്നില്‍ നമുക്കു വെക്കാനുളളത്.

 

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും സഹകരണ വാരാഘോഷം നടന്നു. ഈ സന്ദര്‍ഭത്തില്‍ സഹകരണ മേഖല പൊതുവിലും, കേരളത്തിലെ സഹകരണ മേഖല പ്രത്യേകിച്ചും, നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചെറിയൊരു വിചിന്തനമാകാം എന്നു കരുതുന്നു. നമുക്കറിയാം, ഈ കാലം വല്ലാത്തൊരു വിഷമം പിടിച്ച കാലംതന്നെയാണ്. ‘ന്യൂ നോര്‍മല്‍’ എന്നുപോലും പറയാനാകാത്തവിധം ‘ന്യൂ അബ്‌നോര്‍മല്‍’ എന്നു വിളിക്കാവുന്ന ഒരു കാലഘട്ടം. അസാധാരണമായ കാലം എന്ന പരിഭാഷ ന്യൂ നോര്‍മലിനു വേണ്ടത്ര മതിയാകുന്നുമില്ല. എന്താണു ലോകത്തെമ്പാടുമുളള സഹകരണ മേഖല ഈ സന്ദര്‍ഭത്തില്‍ ചിന്തിക്കുന്നത് എന്ന് ആദ്യം നോക്കാം.

കോ-ഓപ്പറേറ്റീവ് മോണിറ്ററിന്റെ പഠനം

എല്ലാ വര്‍ഷവും വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ എന്ന ഒരു വലിയ പഠനം ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ ( ഐ.സി.എ ) നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷവും വിശദമായ പഠനങ്ങള്‍ നടത്തി അവര്‍ റിപ്പോര്‍ട്ട് വെച്ചിട്ടുണ്ട്. അവര്‍ സാധാരണ ചെയ്യാറുളളതു ലോകത്തെ ഏററവും പ്രധാനപ്പെട്ട 300 കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ ചാര്‍ട്ട് ചെയ്യുക എന്നുളളതാണ്. രണ്ടു തരത്തിലാണു ചാര്‍ട്ട് തയാറാക്കുക. ഒന്ന്, ഈ സൊസൈറ്റികളുടെ വിറ്റുവരവിന്റെ വലിപ്പമനുസരിച്ചാണ്. വിറ്റുവരവിന്റെ വലിപ്പം കണക്കാക്കി, 300 സഹകരണ സംഘങ്ങളെ ലോകത്തെമ്പാടും ചാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യ ഒരല്‍പ്പം നാണിക്കേണ്ടതായിട്ടുണ്ട്. മൂന്നു സഹകരണ സംഘങ്ങളാണ് ഇന്ത്യയുടേതായിട്ടുളളത്. രണ്ട്, ഓരോ രാജ്യത്തെയും ആളോഹരി വരുമാനത്തിന്റെ എത്ര മടങ്ങാണ് ഓരോ സഹകരണ സംഘത്തിലെയും വിറ്റുവരവ് എന്നു പരിശോധിക്കലാണ്. അങ്ങനെ പരിശോധിക്കുമ്പോള്‍പ്പോലും വെറും അഞ്ച് സഹകരണ സംഘങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ലോകത്തിന്റെ മുന്നില്‍ നമുക്കു വെക്കാനുളളത്. ഏറ്റവും കൂടുതല്‍ സംഘങ്ങള്‍ യു.എസ്സിലാണ് – 74. മൊത്തം വിറ്റുവരവ് വെച്ച് നോക്കുമ്പോള്‍ 44 സംഘങ്ങള്‍ ഫ്രാന്‍സില്‍നിന്നാണു വരുന്നത്. ജര്‍മനിയില്‍നിന്നു 30, നെതര്‍ലാന്‍ഡ്‌സില്‍നിന്നു 17, ഇറ്റലിയില്‍നിന്നു 12.

നമ്മളെ അതിശയിപ്പിക്കുന്ന തരത്തില്‍ കേരളത്തിലെ ഒരു ജില്ലയുടെ മാത്രം ജനസംഖ്യയുളള ഫിന്‍ലാന്‍ഡില്‍ നിന്ന്, ഒരിക്കലും ഒരു സാമ്രാജ്യശക്തിയായി ജീവിച്ചിട്ടില്ലാത്ത കൊച്ചുരാജ്യമായ ഫിന്‍ലാന്‍ഡില്‍നിന്നു, പത്തു സംഘങ്ങള്‍ കടന്നുവരികയാണ്. സ്‌പെയിനില്‍നിന്നു എട്ടു സംഘങ്ങളും ഫിന്‍ലാന്‍ഡിലെപ്പോലെ ചെറുരാജ്യമായ നോര്‍വേയില്‍നിന്ന് ഏഴു സംഘങ്ങളും. പട്ടിക നീട്ടുന്നില്ല. ന്യൂസീലന്‍ഡില്‍ നിന്നുപോലും ഏഴ് സഹകരണ സംഘങ്ങള്‍ ആദ്യ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ സ്ഥാനം പിടിക്കുന്നു എന്നത് ഏറെ രസകരമാണ്. രണ്ടാമത്തെ രീതിയനുസരിച്ച് ആളോഹരി വരുമാനത്തിന്റെ എത്ര ഇരട്ടിയാണു വിറ്റുവരവ് എന്നു പരിശോധിക്കുമ്പോള്‍ അമേരിക്ക 74 ല്‍നിന്നു 45 ലേക്കു താഴുകയും എന്നാല്‍, ഫ്രാന്‍സ് 44 ല്‍നിന്ന് 46 ലേക്ക് ഉയരുകയും ജപ്പാന്‍ 24 ല്‍നിന്നു 26 ലേക്ക് ഉയരുകയുമാണു ചെയ്തത്. ഇന്ത്യ മൂന്നില്‍നിന്നു അഞ്ചായി ചുരുങ്ങിയെന്ന് ആശ്വസിക്കാം. രണ്ടാമത്തെ വിഭാഗത്തില്‍ ജര്‍മനി – 30, ഇറ്റലി -17, നെതര്‍ലാന്‍ഡ്‌സ്- 16, ഫിന്‍ലാന്‍ഡ ്-10, സ്‌പെയിന്‍ -11, ന്യൂസിലന്‍ഡ് അപ്പോഴും പത്തുതന്നെ. എന്നുപറഞ്ഞാല്‍, നമ്മുടെ സഹകരണ മേഖലയിലെ വന്‍കിട സഹകരണ പ്രസ്ഥാനങ്ങള്‍പോലും ലോക സഹകരണ ഭൂപടത്തില്‍ വലിയ സ്ഥാനമുളളതല്ല എന്നര്‍ഥം. ഇന്ത്യയിലെ സഹകരണ സംഘങ്ങള്‍ എടുത്താല്‍ രാസവളം ഉല്‍പ്പാദിപ്പിക്കുന്ന ഇഫ്‌കോയാണ് ഒന്നാമത്. മറ്റൊന്നു നമുക്കെല്ലാം സുപരിചിതമായ അമുല്‍. അടുത്തതു ക്രിബ്‌കോയാണ്. കേരളത്തില്‍നിന്നു ഒരു സംഘംപോലും അതില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നുളളതും ശ്രദ്ധേയമാണ്.

കോവിഡും കാലാവസ്ഥാ വ്യതിയാനവും

സ്ഥാനവലിപ്പവും നമ്മുടെ ഇടവും മാത്രമല്ല, സഹകരണ പ്രസ്ഥാനങ്ങള്‍ എങ്ങനെയാണു പുതിയ കാലഘട്ടത്തോട് സംവദിക്കേണ്ടത് എന്നും വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ പറയുന്നു. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍, പ്രകൃതിദത്തമായ അപകടങ്ങള്‍, സഹകരണ മേഖലയെ തുറിച്ചുനോക്കുന്നുണ്ട്. കോവിഡും കാലാവസ്ഥാ വ്യതിയാനവും. ഈ രണ്ടിന്റെയും മുന്നില്‍ അന്തംവിട്ടു നില്‍ക്കുകയല്ല സഹകരണ പ്രസ്ഥാനത്തിനു ചെയ്യാനുളളത്. രണ്ടിനെയും നേരിടുന്നതിനു മനുഷ്യസമൂഹത്തെ സജ്ജമാക്കാന്‍ മറ്റാരേക്കാളും മുന്നിട്ടിറങ്ങാന്‍ കഴിയുന്നതു സഹകരണ പ്രസ്ഥാനത്തിനാണ് എന്ന് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് നമ്മളെ ഓര്‍മിപ്പിക്കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ലാഭമല്ല കോ-ഓപ്പറേറ്റീവിന്റെ ലക്ഷ്യം. ലാഭം കോ-ഓപ്പറേറ്റീവിന്റെ പ്രവര്‍ത്തനത്തിന്റെ ഒരു ഉല്‍പ്പന്നം മാത്രമാണ്. ലാഭം ലക്ഷ്യമാക്കാതെ സേവനം ലക്ഷ്യമാക്കുകയും ലാഭം കിട്ടുകയാണെങ്കില്‍ അത് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്യുക എന്നതാണല്ലോ സഹകരണ തത്വങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുളളത്. അതുകൊണ്ട് ആഗോളവല്‍ക്കരണ കാലഘട്ടമെന്നു വിളിക്കുന്ന ഈ ആധുനിക കാലഘട്ടത്തില്‍ ലാഭമാണു ലക്ഷ്യമെന്നും ലാഭമില്ലാത്തതെല്ലാം അനാവശ്യമാണെന്നുമുള്ള തത്വശാസ്ത്രം കോവിഡ് – കാലാവസ്ഥാ ദുരന്തങ്ങളുടെ മുന്നില്‍ അപ്രസക്തമായിത്തീരുന്നു.

ലാഭം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നുളളതു പലപ്പോഴും അപ്രായോഗികമാകുന്നു എന്നു മാത്രമല്ല അസാധ്യവുമായിത്തീ രുന്നു. അതുകൊണ്ട് സഹകരണ രംഗത്തേക്കു ലോകമിന്നു വീണ്ടും നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ആരോഗ്യ മേഖലയില്‍ കോവിഡിനു മാത്രമല്ല, മറ്റു പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലും അതുപോലെത്തന്നെ സ്‌പെഷ്യാലിറ്റി മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍ക്കു നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആരോഗ്യമേഖലയിലെ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക് വളരെ ചെറുതാണ്. പരിയാരത്താണു എം.വി.രാഘവന്റെ നേതൃത്വത്തില്‍ കെ. കരുണാകരന്റെ കാലഘട്ടത്തില്‍ ആദ്യമായി ഒരു സഹകരണ മെഡിക്കല്‍ കോളേജ് ഉണ്ടായത്. പിന്നീട് ഒന്നും ഉണ്ടായിട്ടില്ല. ഉണ്ടായതുതന്നെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സഹകരണ ആശുപത്രികള്‍ ഇന്ത്യയിലെ പൊതുജനാരോഗ്യ മേഖലയില്‍ ഒരു നിര്‍ണായക സാന്നിധ്യമല്ല എന്നു നമുക്കറിയാം. കോഴിക്കോട്ട് സ്ഥാപിച്ചിട്ടുളള എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ പോലുളള സ്‌പെഷ്യാലിറ്റി സെന്ററുകളും തലശ്ശേരിയിലുളള സഹകരണ ആശുപത്രികളും പെരിന്തല്‍മണ്ണയിലെ ഇ.എം.എസ്. സഹകരണ ആശുപത്രിയുമെല്ലാം സഹകരണ മേഖലയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. പക്ഷേ, പൊതുജനാരോഗ്യം മുഖ്യവിഷയമായി വന്നിരിക്കുന്ന ഈ കോവിഡ് കാലഘട്ടത്തില്‍ സഹകരണ മേഖലയുടെ പൊതുജനാരോഗ്യ രംഗത്തെ പ്രവര്‍ത്തനം ഏറ്റവും പ്രസക്തമായിത്തീര്‍ന്നിട്ടുണ്ട്.

കാലാവസ്ഥാ അഭയാര്‍ഥികള്‍

മറ്റൊന്നാണു കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. ‘കാലാവസ്ഥാ അഭയാര്‍ഥികള്‍ ‘എന്നതു ലോകത്തെ അഭയാര്‍ഥി സംഖ്യയുടെതന്നെ നിര്‍ണായക ഘടകമായിത്തീര്‍ന്നിട്ടുണ്ട്. കേരളത്തില്‍ വെളളപ്പൊക്കമുണ്ടാകുമ്പോള്‍ മാറിത്താമസിക്കുക എന്നതു നമുക്കു സുപരിചിതമാണെങ്കിലും അതിനപ്പുറത്തേക്കു പോകുന്ന ഘട്ടത്തിലേക്കു നാം നീങ്ങുകയാണ്. കൊല്ലം ജില്ലയിലെ മണ്‍റോതുരുത്തില്‍നിന്നു ആളുകള്‍ സ്വമേധയാ മാറുന്നു. അവര്‍ അഭയാര്‍ഥികള്‍ എന്നു സ്വയം വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും മറ്റെവിടേക്കെങ്കിലും പോകണം എന്ന ചിന്ത അവരില്‍ രൂഢമൂലമായിരിക്കുന്നു. കാരണം, അവരുടെ മുറ്റത്ത് എന്നും വെളളം നില്‍ക്കുകയാണ്. അതുതന്നെയാണു കുട്ടനാട്ടിലെയും സ്ഥിതി. അതുതന്നെയാണു ചെല്ലാനത്തു മറ്റൊരുതരത്തില്‍ നമ്മളെ തുറിച്ച് നോക്കുന്നത്.

പശ്ചിമഘട്ടത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങണമെന്നു സര്‍ക്കാര്‍ പറഞ്ഞാലുമില്ലെങ്കിലും ഇറങ്ങുന്നതാണു യുക്തിയെന്നു കരുതുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിവരികയാണ്. സഹകരണ പ്രസ്ഥാനത്തിന് എങ്ങനെയാണ് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയുക എന്നു ചോദിച്ചാല്‍ അവിടെ കൂട്ടായ പ്രവര്‍ത്തനം എന്നുതന്നെയാണു മറുപടി. അതിന്റെ ഏറ്റവും വിജയകരമായ ഉപകരണം സഹകരണം തന്നെയാണ്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട അഭയാര്‍ഥികളെ കുടിയിരുത്തുക എന്നതു മാത്രമല്ല, മറിച്ച് കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന വിഷയങ്ങളെ ലഘൂകരിക്കാന്‍ വേണ്ട നടപടികളിലും സഹകരണ പ്രസ്ഥാനത്തിനു പങ്കുവഹിക്കാന്‍ കഴിയും.

ഇതില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിനു ദീര്‍ഘകാലാടിസ്ഥാനത്തില്‍, കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കാതെ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന നിരവധി സാധ്യതകള്‍ കണ്ടെത്താന്‍ നാം ശ്രമിക്കേണ്ടതുണ്ട്. അതിലൊന്നാണു സൗരോര്‍ജം. സൗരോര്‍ജ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനു വിപുലമായ സഹകരണ ശൃംഖലകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് നമ്മോട് പറയുന്നുണ്ട്. അതു സാധ്യമാക്കുന്നതിനു പുതിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങുക എന്നുളളത് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതാണ്.

സംഘങ്ങളുടെ കൂട്ടുപ്രവര്‍ത്തനം

സഹകരണ തത്വങ്ങളിലെ ഏഴ് തത്വങ്ങളില്‍ ഒന്നായ സഹകരണ സംഘങ്ങളുടെ കൂട്ടുപ്രവര്‍ത്തനം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. നിരവധി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ഐക്യമുണ്ടാക്കി അതിലൂടെ ഓരോരുത്തരുടേയും മൂലധനച്ചെലവ് കുറച്ച്, വിപുലമായ ഷെയര്‍ ശേഖരിച്ച്, കാലികപ്രധാനമായിട്ടുളള പ്രകൃതിയെ കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുളള ഉല്‍പ്പാദന മേഖലയിലേക്കു കടന്നുവരാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയേണ്ടതായിട്ടുണ്ട്.

കേരളത്തിലെ സഹകരണ മേഖലയിലേക്കു വരുമ്പോള്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മോശം വാര്‍ത്തകളാണു കുറച്ചുകാലമായി വന്നുകൊണ്ടിരിക്കുന്നത്. പല സംഘങ്ങളിലും തട്ടിപ്പ് നടന്നു എന്ന വാര്‍ത്തകള്‍ സഹകാരികളെ മാത്രമല്ല, സാധാരണക്കാരേയും പിടിച്ചുലച്ചിട്ടുണ്ട്. അക്കാര്യത്തില്‍ കര്‍ശനമായ നിയമനടപടികള്‍ വേണമെന്ന കാര്യത്തില്‍ സംശയമില്ല. തട്ടിപ്പ് നടത്തിയിട്ടുളള ആളുകളുടെ സ്വത്തുതന്നെ പിടിച്ചെടുത്ത് ആ സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുളളവര്‍ക്ക് എത്തിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തരം സംഭവങ്ങള്‍ മുമ്പുണ്ടായിരുന്ന കാലഘട്ടത്തില്‍ നിക്ഷേപകര്‍ക്കു പണം അടിയന്തരമായി നല്‍കിയിരുന്നത് അതതു ജില്ലാ ബാങ്കുകളായിരുന്നു. ഇന്നു ജില്ലാ ബാങ്കില്ല, ഉളളതു കേരള ബാങ്കാണ്. കരുവന്നൂര്‍ സംഭവത്തില്‍ കേരള ബാങ്ക് കൈമലര്‍ത്തി. കാരണം, അതിനു പ്രൊവിഷനില്ല. അതു ഷെഡ്യൂള്‍ഡ് ബാങ്കാണ്. (ബാങ്കിന്റെ പേരുതന്നെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നാണെന്നുളളതു വേറെ കാര്യം.) നിക്ഷേപകര്‍ തെരുവിലാകുന്നത് അഭിലഷണീയമായ കാര്യമല്ല. അതുകൊണ്ട് സര്‍ക്കാര്‍ അടിയന്തരമായി നിക്ഷേപകര്‍ക്കു പണം നല്‍കാനുളള സംവിധാനം ഉണ്ടാക്കണം.

നിക്ഷേപപ്പലിശ കൂട്ടണം

മറ്റൊരു പ്രധാനപ്പെട്ട കാര്യം കേരള ബാങ്കില്‍ ഒരുപാട് പണം ലോണ്‍ കൊടുക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ മൊത്തത്തില്‍ നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായി എന്നതാണ്. ഇതു സാധാരണ സഹകരണ സംഘങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മറുഭാഗത്തു ട്രഷറിയില്‍ സര്‍ക്കാര്‍ ഏഴര ശതമാനം വരെ പലിശ നല്‍കുന്നു. പ്രൈമറി ബാങ്കില്‍ ആറേമുക്കാലും കേരള ബാങ്കില്‍ ആറേകാലുമാണു പലിശ. പ്രൈമറി ബാങ്കില്‍ ട്രഷറിയില്‍ നല്‍കുന്ന പലിശയെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ അനുവദിക്കണം. അല്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കുന്ന ആളുകള്‍, സ്ഥലം വിറ്റുകിട്ടുന്ന പണം കൈയിലുളള ആളുകള്‍, അവരെല്ലാം ട്രഷറിയിലേക്കു പോവുകയും സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ കാലാവധി കഴിയുമ്പോള്‍ ട്രഷറിയിലേക്ക് മാറ്റുകയും ചെയ്യുന്ന സ്ഥിതി വരും. അതു സര്‍ക്കാരിനും സമൂഹത്തിനും നല്ലതല്ല.

സഹകരണ സംഘങ്ങളിലൂടെയാണു പതിനായിരക്കണക്കിനാളുകളുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. കേരള ബാങ്കിനു വായ്പ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സഹകരണ ബാങ്കുകള്‍ക്കു വായ്പ നല്‍കാന്‍ ഒരു ബുദ്ധിമുട്ടും കാണുന്നില്ല എന്ന് ഒരു ചെറിയ സഹകരണ സംഘത്തിന്റെ പ്രസിഡന്റായ എനിക്ക് ഉറപ്പിച്ചുപറയാന്‍ സാധിക്കും. കേരളത്തിലെ സഹകരണമേഖല ക്രെഡിറ്റ് സെക്ടര്‍ എന്ന രീതിയില്‍നിന്നു മറ്റു മേഖലകളിലേക്കുകൂടി ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആവശ്യമായ നിയമങ്ങള്‍, നിയമഭേദഗതികള്‍ ഈ രംഗത്തും നടത്തേണ്ടതായിട്ടുണ്ട്. ഒരു സഹകാരി രണ്ടു തവണയിലധികം സഹകരണ സംഘത്തിന്റെ ഭാരവാഹിയാകാന്‍ പാടില്ല എന്നൊരു ഭേദഗതി വരുന്നുണ്ടെന്നു കേള്‍ക്കുന്നു. ഇതുകൊണ്ടൊന്നും അഴിമതി കുറയില്ല. അതിനു കര്‍ശനമായ ഓഡിറ്റിങ് സമ്പ്രദായമാണു വേണ്ടത്. വലിയ തട്ടിപ്പുകള്‍ കണ്ടെത്തിയാല്‍ അവരുടെ സ്വത്തു പിടിച്ചെടുക്കാനുളള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

അടിത്തറ വികസിപ്പിക്കണം

സഹകരണമേഖലയുടെ അടിത്തറ വികസിപ്പിക്കാനുളള നടപടികളെക്കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തൊഴിലാളി യൂണിയനുകള്‍ ധാരാളമുണ്ടെങ്കിലും തൊഴിലാളികളുടെ സംഘങ്ങള്‍ വളരെ കുറവാണ്. ഇന്ത്യന്‍ കോഫി ഹൗസ് നല്ല മാതൃകയാണ്. ദിനേശ് ബീഡി സംഘം തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ദുര്‍ബലമായി. ഊരാളുങ്കല്‍ പോലുളള സൊസൈറ്റികള്‍ മറ്റു പല മേഖലകളിലേക്കും വികസിച്ചിട്ടുണ്ടെങ്കിലും പുതിയ തൊഴിലാളി സംഘങ്ങള്‍ ഉണ്ടാകുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രാദേശികമായ ചെറുസംഘങ്ങള്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ലോണ്‍ കൊടുക്കാന്‍ സാധിക്കുന്ന ചെറുസംഘങ്ങള്‍ ഉണ്ടാക്കിയാല്‍ സഹകരണ മേഖലയുടെ അടിത്തറ വികസിപ്പിക്കാന്‍ കഴിയും. കുടുംബശ്രീയെ സഹകരണ രംഗവുമായി ബന്ധിപ്പിക്കുക മാത്രമല്ല വനിതാ സഹകരണമായി വികസിപ്പിച്ചെടുക്കാനും സാധിക്കും. അതുപോലെ റെസിഡന്‍സ് അസോസിയേഷന്‍ ശൃംഖലയേയും സഹകരണത്തിന്റെ അടിത്തറയിലേക്കു കൊണ്ടുവരാന്‍ കഴിയും.

സഹകരണ വാരോഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു പരാമര്‍ശം ശ്രദ്ധേയമാണ്. 22,000 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ വെറും 800 മാത്രമാണ് പട്ടികജാതി – പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍. അതില്‍ത്തന്നെ വെറും 400 എണ്ണം മാത്രമാണു പ്രവര്‍ത്തിക്കുന്നത്. നേരത്തേ പറഞ്ഞ കൂട്ടായ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇവയെക്കൂടി ഉള്‍പ്പെടുത്തുക എന്ന നയം കൊണ്ടുവരികയും നിലവിലുളളവയുടെ ബാധ്യത സര്‍ക്കാര്‍ എഴുതിത്തളളുകയും ചെയ്താല്‍ പുതിയ തലത്തില്‍ അവര്‍ക്കു പ്രവര്‍ത്തിച്ച് മുന്നോട്ടുപോകാന്‍ സാധിക്കും. ഇതുതന്നെയാണു മണ്‍പാത്ര നിര്‍മാണത്തൊഴിലാളികളുടെ, മത്സ്യത്തൊഴിലാളികളുടെ, കയര്‍ സംഘങ്ങളുടെയെല്ലാം സ്ഥിതി. ഇത്തരത്തില്‍ പാര്‍ശ്വവത്കൃതരായ ആളുകള്‍ക്കു വേണ്ടി പ്രത്യേകം തയാറാക്കപ്പെട്ട സഹകരണ സംഘങ്ങള്‍ മെച്ചപ്പെടുത്താനുളള ഉത്തരവാദിത്തം ഒരു വലിയ ഉത്തരവാദിത്തമായി കണ്ടുകൊണ്ട്, സഹകരണ സംഘങ്ങളുടെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കാനും ശ്രമിക്കേണ്ടതായിട്ടുണ്ട്. എന്തായാലും, സഹകരണ സംഘത്തിന്റെ ആധുനിക കാലഘട്ടത്തിലെ ഏറിവരുന്ന പ്രസക്തി ചര്‍ച്ചാവിഷയമാകണം. ഒപ്പം, ലോകസഹകരണ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ചെറുതാണ് എന്നുളളതും കേരളത്തിനു സ്ഥാനമേയില്ല എന്നുളളതും ശ്രദ്ധിക്കേണ്ടതുണ്ട്.

Read also