19 Aug

വെള്ളിവെളിച്ചെണ്ണയുമായി കൊടിയത്തൂര്‍ സഹകരണബാങ്ക്

വെള്ളിവെളിച്ചെണ്ണയുമായി കൊടിയത്തൂര്‍ സഹകരണബാങ്ക്

27,000 അംഗങ്ങളും 36 കൊല്ലം പ്രവര്‍ത്തന പാരമ്പര്യവുമുള്ള
കൊടിയത്തൂര്‍ സഹകരണ ബാങ്ക് ശുദ്ധമായ വെളിച്ചെണ്ണ
നാട്ടുകാര്‍ക്കു നല്‍കാന്‍ എട്ടരക്കോടി രൂപ മുടക്കിപുതിയൊരു
വെളിച്ചെണ്ണ പ്ലാന്റ് തുടങ്ങിയിരിക്കുകയാണ്. ആദായകരമായ
ഇരുപതോളം സംരംഭങ്ങള്‍ ബാങ്ക് നടത്തുന്നുണ്ട്.

 

– യു.പി. അബ്ദുള്‍ മജീദ്

വൈവിധ്യവല്‍ക്കരണത്തിന്റെ വഴിയില്‍ മുമ്പെ നടന്നു സഹകരണ മേഖലക്കു മാതൃകയായ കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വലിയ മുതല്‍മുടക്കുമായി നാളികേര സംസ്‌കരണ രംഗത്തു ചുവടുറപ്പിക്കുന്നു. കേരകര്‍ഷകര്‍ക്കു കൈത്താങ്ങായും വെളിച്ചെണ്ണ വിപണിയില്‍ വിശ്വാസ്യതയുടെ പ്രതീകമായും മാറുക എന്ന ലക്ഷ്യത്തോടെ എട്ടരക്കോടി രൂപയുടെ കോക്കനട്ട് കോംപ്ലക്‌സ് പദ്ധതിയാണു യാഥാര്‍ഥ്യമായത്.

മില്‍ക്ക് ബൂത്ത് മുതല്‍ പെട്രോള്‍ പമ്പ് വരെ ആദായകരമായ ഇരുപതിലധികം സംരംഭങ്ങള്‍ നടത്തി വിജയം കണ്ട കൊടിയത്തൂര്‍ ബാങ്ക് നാളികേര സംസ്‌കരണത്തില്‍ ആധുനിക സാങ്കേതിക വിദ്യ പൂര്‍ണമായി പ്രയോജനപ്പെടുത്തിയാണു പുതിയ വെളിച്ചെണ്ണ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. നാച്വറല്‍ വെള്ളി വെളിച്ചെണ്ണ എന്ന പേരിലാണ് ഉല്‍പ്പന്നം വിപണിയിലിറക്കുന്നത്. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ നെല്ലിക്കാപ്പറമ്പില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡില്‍ പന്നിക്കോടിനടുത്താണു സഹകരണ മേഖലയിലെ ഏറ്റവും ആധുനിക നാളികേര സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. നിത്യേന അര ലക്ഷം തേങ്ങ സംസ്‌കരിച്ച് 5000 ലിറ്ററിലധികം ശുദ്ധമായ വെളിച്ചെണ്ണ നിര്‍മിക്കുന്ന പ്ലാന്റില്‍ കായികാധ്വാനം കുറയ്ക്കാന്‍ ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും 40 പേര്‍ക്കു ജോലി നല്‍കാന്‍ കഴിയും. ബോട്ട്ലിങ്, പാക്കിങ് തുടങ്ങിയവ യന്ത്രസഹായത്താല്‍ നടത്തുന്നതിനാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാവും. ഓട്ടോമാറ്റിക് വെയ് ബ്രിഡ്ജ് സംവിധാനം, ആധുനിക അഗ്നിശമന ഉപകരണങ്ങള്‍ തുടങ്ങിയവ ഫാക്ടറിയില്‍ ഒരുക്കിക്കഴിഞ്ഞു. 10,000 ലിറ്റര്‍ ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ് പണിതതിനാല്‍ മലിനീകരണ പ്രശ്നം പൂര്‍ണമായി ഒഴിവാക്കാനാവും. വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആധുനിക ലാബ് സൗകര്യവും ഉല്‍പ്പന്ന വിപണന കിയോസ്‌കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നബാര്‍ഡില്‍ നിന്നു അഞ്ചു കോടി

നന്നായി ഉണക്കിയ കൊപ്രയില്‍ നിന്നു തയാറാക്കുന്ന, രാസപദാര്‍ഥം കലരാത്ത വെളിച്ചെണ്ണ ആറ് മാസം വരെ ഉപയോഗിക്കത്തക്ക വിധത്തിലാണു വിപണിയിലെത്തിക്കുന്നത്. നിലവില്‍ 10,000 തേങ്ങ വരെ സംസ്‌കരിക്കുന്ന യൂണിറ്റ് ബാങ്കിന്റെ കീഴിലുണ്ട്. ഈ യൂണിറ്റിലെ വെളിച്ചെണ്ണക്കു വിപണിയില്‍ വലിയ അംഗീകാരം ലഭിക്കുകയും കേര കര്‍ഷകര്‍ക്ക് ആശ്വാസമാവുകയും ചെയ്തതാണു യൂണിറ്റ് വിപുലീകരിച്ച് വലിയ ഫാക്ടറി സ്ഥാപിക്കാന്‍ പ്രേരണയായത്. മൊത്തം ചെലവില്‍ അഞ്ച് കോടി രൂപ നബാര്‍ഡില്‍ നിന്നു കേരള ബാങ്ക് മുഖേന പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റീഫിനാന്‍സ് ഫെസിലിറ്റി – മള്‍ട്ടി സര്‍വീസ് സെന്റര്‍ വായ്പയായി ലഭിച്ചതോടെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനായി. പഴയ യൂണിറ്റിനു സമീപം ബാങ്ക് വിലക്കെടുത്ത 67 സെന്റ് സ്ഥലത്താണു പുതിയ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. വിലയിലെ ചാഞ്ചാട്ടം മൂലം സ്ഥിരവരുമാനം ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള കേരക്കൃഷിക്കു വലിയ പിന്‍ബലമാണു നാളികേര സംസ്‌കരണ യൂണിറ്റ് നല്‍കുന്നത്. പഴയ യൂണിറ്റില്‍ത്തന്നെ സാധാരണ കര്‍ഷകര്‍ വിപണിവിലയേക്കാള്‍ ഉയര്‍ന്ന വിലയ്‌ക്കേ തേങ്ങ വില്‍ക്കാറുണ്ടായിരുന്നുള്ളു. കോഴിക്കോടിനു കിഴക്കുള്ള കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം, മാവൂര്‍, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, മുക്കം, ഓമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ നാളികേര കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന തേങ്ങക്കു പുറമെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി , അരീക്കോട് പഞ്ചായത്തുകളിലുള്ളവരില്‍ നിന്നും തേങ്ങ സംഭരിക്കാനാവും. നാളികേരം സംസ്‌കരണകേന്ദ്രത്തില്‍ നല്‍കി തുല്യ തുകക്ക് വെളിച്ചെണ്ണ വാങ്ങിപ്പോവുന്ന ധാരാളം ചെറുകിട കൃഷിക്കാരും ഈ പ്രദേശങ്ങളിലുണ്ട്.

അമ്പതോളം നാളികേര സംഭരണ കേന്ദ്രം

അമ്പതോളം സ്ഥലങ്ങളില്‍ നാളികേര സംഭരണകേന്ദ്രങ്ങള്‍ തുറക്കാനും ബാങ്കിനു പദ്ധതിയുണ്ട്. ഇതുവഴി 50 പേര്‍ക്കു തൊഴില്‍ നല്‍കാനാവും. ഇപ്പോള്‍ മാര്‍ക്കറ്റില്‍ പലതരം പാക്കറ്റുകളില്‍ കിട്ടുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്തന്നെ സംശയം പ്രകടിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിലാണു പ്രാദേശികമായി സഹകരണ സംഘം ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണക്കു വിശ്വാസ്യത കൂടുന്നത്. ഉല്‍പ്പാദിക്കുന്ന വെളിച്ചെണ്ണ മുഴുവന്‍ വിറ്റുപോവാനും ഈ വിശ്വാസ്യത തന്നെയാണു കാരണം. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി വലിയ വിപണന ശൃംഖല സ്ഥാപിക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. മാര്‍ക്കറ്റിങ് വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി പ്രൊഫഷണല്‍ രീതിയില്‍ത്ത ന്നെ ഉല്‍പ്പന്നം ഉപഭോക്താക്കളിലെത്തിക്കാനാണു ശ്രമിക്കുന്നത്. ഈ രംഗത്തും കുറെ പേര്‍ക്കു തൊഴില്‍ നല്‍കാനാവും.

205 അംഗങ്ങളുമായി 1988 ല്‍ ആരംഭിച്ച കൊടിയത്തൂര്‍ സഹകരണ ബാങ്കിലിപ്പോള്‍ 27,000 അംഗങ്ങളുണ്ട്. 342 കോടി രൂപയാണു നിക്ഷേപം. 349 കോടി വായ്പ നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം 387 കോടി രൂപയാണ്. മെയിന്‍ ഓഫീസിനു പുറമെ അഞ്ച് ശാഖകളുണ്ട്. 56 ജീവനക്കാരും 12 കലക്ഷന്‍ ഏജന്റുമാരുമുള്ള കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലായി 170 പേര്‍ ജോലി ചെയ്യുന്നുണ്ട്.

കാര്‍ഷിക മേഖലയുടെ ഉണര്‍വ്വിന് ഊര്‍ജം പകരുന്ന പദ്ധതികള്‍ നടപ്പാക്കിയാണു കൊടിയത്തൂര്‍ ബാങ്ക് നബാര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സുരക്ഷിത 2030 എന്ന പേരില്‍ ബാങ്ക് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ചെറുകിട വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ വലിയ തുക ചെലവഴിച്ചുവരികയാണ്. കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബാങ്ക് രൂപം നല്‍കിയ ഗ്രീന്‍ ആര്‍മി വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചു. കര്‍ഷക സേവനകേന്ദ്രവും നഴ്സറിയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷക ഗ്രൂപ്പുകളുടെ സഹായത്തോടെ 300 ഏക്കര്‍ തരിശുപാടത്ത് നെല്‍ക്കൃഷിയിറക്കി കുത്തരി വിപണിയിലെത്തിക്കുകയുണ്ടായി. പാചക വാതക വിതരണം, പെട്രോള്‍ ബങ്ക്, സൂപ്പര്‍ മാര്‍ക്കറ്റ്, നീതി സ്റ്റോര്‍, സ്റ്റീല്‍ – സിമന്റ്് ഡിപ്പോ, വളം ഡിപ്പോ, അഗ്രോ ഷോപ്പ്, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍, നീതി മെഡിക്കല്‍സ്, മെഡിക്കല്‍ ലാബ്, മില്‍ക്ക് ബൂത്ത്, ജന സേവനകേന്ദ്രം, ലൈബ്രറി തുടങ്ങിയവയൊക്കെ കൊടിയത്തൂര്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്. അടുത്ത കാലത്തായി വിദ്യാഭ്യാസ – തൊഴില്‍ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. മുക്കത്ത് ബാങ്ക് ആരംഭിച്ച കരിയര്‍ ആര്‍ക്കേഡ് മത്സരപ്പരീക്ഷകള്‍ക്കു തയാറെടുക്കുന്നവര്‍ക്ക് ആശ്രയമാണ്.

ഇപ്പോള്‍ കേരള ബാങ്ക് ഡയരക്ടറായ ഇ. രമേശ് ബാബുവായിരുന്നു 1988 മുതല്‍ 1995 വരെയും 2006 മുതല്‍ 2020 വരെയുമുള്ള 21 വര്‍ഷം കൊടിയത്തൂര്‍ ബാങ്കിന്റെ പ്രസിഡന്റ്. വി. വസീഫ് ആണ് ഇപ്പോഴത്തെ പ്രസിഡന്റ്. സന്തോഷ് സെബാസ്റ്റ്യനാണു വൈസ് പ്രസിഡന്റ്. ഇ. രമേശ് ബാബു, എ.സി. നിസാര്‍ ബാബു, അബ്ദുള്‍ ജലാല്‍, ഷാജു പ്ലാത്തോട്ടം, മമ്മദുകുട്ടി കുറുവാടങ്ങല്‍, എ.പി. കബീര്‍, ഷൈജു എളയിടത്തൊടി, എം.കെ. ഉണ്ണിക്കോയ, എ.പി. നൂര്‍ജഹാന്‍, സലീന മുനീബ്, കെ.പി. അല്‍ഫോണ്‍സ എന്നിവര്‍ ഡയരക്ടര്‍മാരാണ്. കെ. ബാബുരാജാണ് സെക്രട്ടറി.

Read also