19 Aug

സഹകരണ മേഖലയെ കുറ്റമറ്റതാക്കാന്‍ സമഗ്രനടപടി

– വി.എന്‍. വാസവന്‍
( സഹകരണ, രജിസ്‌ട്രേഷന്‍ മന്ത്രി )

പുത്തന്‍ ആശയങ്ങള്‍ ഉയര്‍ത്തിയും ഒപ്പം നമ്മുടെ നാടിന്റെ തകര്‍ന്നു കൊണ്ടിരിക്കുന്ന
സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ച നേടിയെടുത്തും സഹകാരികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമങ്ങള്‍ ഈ മേഖലയില്‍ വളര്‍ന്നുവരുന്നുണ്ട് എന്നതിന്റെ ഫലമാണു സഹകരണ മേഖലയുടെ പുരോഗതി. 2.75 ലക്ഷം കോടി രൂപ ഈ മേഖലയില്‍ നിക്ഷേപമുണ്ട്. ആ നിക്ഷേപംകൂടി കണ്ടാണു ചിലര്‍ ഇതിനുമേലെ വട്ടമിട്ടു പറക്കുന്നത്. സഹകരണ മേഖലയിലാകെ കുഴപ്പമാണ് എന്ന പ്രചാരവേലകള്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്തു നടത്തുന്നുണ്ട്. സഹകരണ മേഖല മുച്ചൂടും മുടിക്കാന്‍ പരിശ്രമിക്കുന്ന ഒരു ആഗോള വീക്ഷണത്തിന്റെ ഉള്ളടക്കം അതിനു പിന്നിലുണ്ട്. ബഹുരാഷ്ട്ര ഭീമന്മാരും അന്താരാഷ്ട്ര ഭീമന്മാരും ഒരു കഴുകനെപ്പോലെ നമ്മുടെ രാജ്യത്തിന്റെ മീതെ, ഒരു ബദല്‍ശക്തിക്കെതിരെ, എല്ലാതരത്തിലുമുള്ള വലിയ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനെ ചെറുത്തു തോല്‍പ്പിച്ചു സഹകരണ മേഖലയെ കുറ്റമറ്റ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണു കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ( 68 -ാം സഹകരണ വാരാഘോഷത്തിന്റെ സമാപനച്ചടങ്ങ് കോഴിക്കോട് ഇരിങ്ങലിലെ സര്‍ഗാലയയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം )

വളരെയേറെ സുപ്രധാനമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ ആഗോളതലത്തിലും ദേശീയതലത്തിലും, വിശിഷ്യാ നമ്മുടെ സംസ്ഥാന തലത്തില്‍, നിലനില്‍ക്കുന്ന സന്ദര്‍ഭമാണിത്. സ്വാഭാവികമായും ഇത്തരം പ്രശ്‌നങ്ങളിലെല്ലാം സമയോചിതമായി, സന്ദര്‍ഭോചിതമായി ഇടപെടുന്ന മേഖലയാണു സഹകരണ രംഗം എന്നു നമുക്കറിയാം. കൃത്യമായി സഹകരണ മേഖല അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചുകൊണ്ടാണ് ഇപ്പോഴും അനുസ്യൂതം അതിന്റെ വിജയകരമായ ജൈത്രയാത്ര തുടരുന്നത്.

ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം കടന്നുചെന്ന് ഇന്നു ഏതെങ്കിലുമൊരു സംഘവുമായി ബന്ധമില്ലാത്ത ഒരു കേരളീയനുമുണ്ടാവില്ല എന്ന അവസ്ഥയിലേക്കു കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ രാജ്യത്തു ക്രെഡിറ്റ് മേഖലയില്‍ ഏതാണ്ട് 69 ശതമാനവും ഇന്നു കേരളത്തിലാണ് എന്നു അഭിമാനത്തോടെ പറയാന്‍ കഴിയും. ഈ മേഖലയില്‍ പുത്തന്‍ നീക്കങ്ങള്‍ നടത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ നാനാതരത്തിലുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്റെ അവസാനത്തില്‍ സഹകരണവുമായി ബന്ധപ്പെട്ട രണ്ടു ഭേദഗതി ബില്ലുകളവതരിപ്പിക്കുകയുണ്ടായി. ആ ബില്ലില്‍ പ്രധാനമായുമുണ്ടായിരുന്നത് ഒന്നു മില്‍മയുമായി ബന്ധപ്പെട്ട പ്രശ്‌നം. രണ്ട് കേരള ബാങ്കുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ബില്ലാക്കുന്ന കാര്യം. ഈ രണ്ടു കാര്യവും കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി എന്നത് അഭിമാനകരമായ നേട്ടമാണ്. ചില തെറ്റായ പ്രവണതകളും നമുക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒട്ടേറെ അരാജകത്വവും മില്‍മയിലുണ്ടായിരുന്നു. ആ സ്ഥിതിക്കെല്ലാം വിരാമമിട്ടുകൊണ്ട് യഥാര്‍ഥ ക്ഷീര കര്‍ഷകന്‍ മില്‍മയുടെ ഭരണാധികാരത്തിലേക്കു വരുന്ന ഒരു പുത്തന്‍ സാഹചര്യമുണ്ടായി. ആനന്ദ് മോഡല്‍ ക്ഷീര സഹകരണ സംഘം നമ്മള്‍ രൂപവത്കരിക്കുമ്പോള്‍ കൃത്യമായി അതിനൊരു നിര്‍വചനമുണ്ടായി. അതേപോലെ, എവിടെനിന്നെങ്കിലും പാലു വാങ്ങി സ്വന്തം പേരില്‍ കൊണ്ടുവെച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന രേഖകളിലൂടെ ക്ഷീര സംഘത്തിന്റെ ഭാരവാഹിയാകുന്ന അവസ്ഥ മാറ്റി. ഇനി മേലില്‍ സംഘത്തില്‍ അംഗമായി വരുന്നൊരാള്‍ ഒരു കറവയുള്ള മാടിനെ സംരക്ഷിച്ചിരിക്കണം. ഒന്നുകില്‍ പശു, അല്ലെങ്കില്‍ എരുമ. ഇത്തരത്തിലൊരു മാടിനെ സംരക്ഷിച്ച് 120 ദിവസത്തില്‍ 90 ദിവസമെങ്കിലും കൃത്യമായി പാലളക്കുന്ന ഒരാളിനേ ഇനി മേലില്‍ മില്‍മയില്‍ അംഗത്വമുണ്ടാകൂ. അങ്ങനെയുണ്ടെന്നു കൃത്യമായി ഭരണസമിതിക്കു ബോധ്യപ്പെടുന്നയാളിനേ അംഗത്വം കൊടുക്കൂ. അതുപോലെത്തന്നെ ഭരണസമിതിയിലേക്കു മത്സരിക്കുന്നയാളിന്റെ യോഗ്യത നോക്കാം. ഇനി 180 ദിവസത്തിനുള്ളില്‍ 500 ലിറ്റര്‍ പാലളക്കണം. ദിവസം 2.78 ലിറ്റര്‍ പാലളക്കണം എന്നാണു നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കു കൂടുതല്‍ പരിഗണന

ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണു പശുക്കളെ സംരക്ഷിക്കുന്നത.് അവയെ പരിചരിക്കുന്നതും തീറ്റ കൊടുക്കുന്നതും ആ കൃഷിയിലേര്‍പ്പെടുന്നതും കൂടുതലും സ്ത്രീകളാണ്. എന്നിട്ടും, ഒരു സ്ഥലത്തും സ്ത്രീകള്‍ക്കു വേണ്ട രൂപത്തിലുള്ള പരിഗണന കൊടുത്തിരുന്നില്ല. ഇപ്പോള്‍ പാസാക്കിയിട്ടുള്ള ബില്ലില്‍ ഇതൊക്കെ കൃത്യമായി വ്യവസ്ഥ ചെയ്തിരിക്കുന്നു. പ്രൈമറി സംഘമായിരുന്നാലും അപക്‌സ് ബോഡിയായിരുന്നാലും അതില്‍ ചെയര്‍മാനോ വൈസ് ചെയര്‍മാനോ അല്ലെങ്കില്‍ പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്ത്രീയായിരിക്കണം എന്ന രൂപത്തില്‍ സ്ത്രീകള്‍ക്കു സ്ഥാനം സംവരണം ചെയ്തിരിക്കുന്നു. സ്ത്രീകള്‍ക്കു കൊടുക്കാതിരുന്ന പരിഗണന ഈ ബില്ല് കൃത്യമായി കൊടുക്കുന്ന അവസ്ഥ വന്നിരിക്കുന്നു. മറ്റൊന്നു, ഭരണസമിതിയിലേക്കു മൂന്നു ടേമില്‍ക്കൂടുതല്‍ ഒരാള്‍ വന്നുകൂടാ എന്നതാണ്. ചെയര്‍മാനായി രണ്ടു ടേമില്‍ക്കൂടുതല്‍ വരാന്‍ പാടില്ല. ഒരു അരാജകത്വവും ഉണ്ടാകാതിരിക്കാന്‍, തുടര്‍ച്ചയായി ഭരണസമിതിയില്‍ ചടഞ്ഞുകൂടുന്ന അവസ്ഥ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍, കുറ്റമറ്റ രൂപത്തിലാണ് ഇപ്പോള്‍ മില്‍മയുടെ ഭേദഗതിബില്‍ പാസാക്കിയത്. നിയമനങ്ങളെല്ലാം സുതാര്യമാക്കി മാറ്റാന്‍ പറ്റുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സിയെയും വെക്കും. അതുപോലെ, ഓഡിറ്റില്‍ ഒരുപാട് കാലതാമസവും അരാജകത്വവും നിലനിന്നിരുന്നു. അതു മാറി ഇപ്പോള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനു പുറമേ പെര്‍ഫോമന്‍സ് ഓഡിറ്റും നിഷ്‌കര്‍ഷിക്കുന്നു. അങ്ങനെ ഓഡിറ്റും സുതാര്യമാക്കിയിരിക്കുന്നു. ഇങ്ങനെ യഥാര്‍ഥ ക്ഷീര കര്‍ഷകനിലേക്കു ക്ഷീരസംഘം കൊണ്ടുചെന്നെത്തിക്കുന്ന നിയമ ഭേദഗതിയാണ് ഇപ്പോള്‍ പാസാക്കിയത്.

കേരള ബാങ്ക് യാഥാര്‍ഥ്യമാവുമ്പോള്‍

രണ്ടാമതായി ആ ബില്ലുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട പ്രശ്‌നം കേരള ബാങ്കിന്റേതാണ്. കേരളത്തിലെ 14 ജില്ലാ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്കെന്ന ആശയം മുന്നോട്ടുവെച്ച് ആ രൂപത്തില്‍ ഭാവിയില്‍ കേരളത്തിനു സ്വന്തമായൊരു സാമ്പത്തിക സങ്കേതം എന്ന കാഴ്ചപ്പാടോടെ കേരള ബാങ്കിനു രൂപം കൊടുക്കണമെന്നതു സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. ആ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ച ശ്രീറാം കമ്മിറ്റി ശുപാര്‍ശ ചെയ്തതനുസരിച്ച് നമ്മുടെ നിലവിലുണ്ടായിരുന്ന ത്രീ ടയര്‍ സിസ്റ്റം മാറി ടൂ ടയറിലേക്കു വന്നു. മുമ്പ് പ്രൈമറി സംഘങ്ങളും ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുമെന്ന രൂപത്തിലാണു നിലനിന്നിരുന്നത്. സാധാരണ ഇടപാടുകാരനു ഒന്നു മുതല്‍ രണ്ടു ശതമാനം വരെ പലിശ ലാഭം ലഭിക്കാവുന്ന തരത്തി ലേക്കു ടൂ ടയര്‍ സിസ്്റ്റം വന്നു. അത്തരത്തില്‍ കേരള ബാങ്ക് ലയനം എന്ന ആശയം ഓര്‍ഡിനന്‍സായി കൊണ്ടുവന്നു. മലപ്പുറം ജില്ലാ ബാങ്ക് മാത്രം അതില്‍ ലയിക്കാതെ താല്‍ക്കാലികമായി കോടതിയുടെ പരിരക്ഷയില്‍ നിന്നിരുന്നു. എന്നാല്‍, ഹൈക്കോടതി ഓര്‍ഡിനന്‍സ് നിയമമാക്കി മാറ്റാന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ബില്ലു കൊണ്ടുവന്നു. 14 ജില്ലാ ബാങ്കുകളെയും ലയിപ്പിച്ചുകൊണ്ടുള്ള കേരള ബാങ്ക് എന്ന ആശയം യാഥാര്‍ഥ്യമാവുന്നു.

കേരള ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍ നമുക്കാ രംഗത്ത് അഭിമാനകരമായ നേട്ടങ്ങളുണ്ട്. 769 ശാഖകള്‍ കേരള ബാങ്കിനുണ്ട്. അതുപോലെ 1628 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അതില്‍ അഫിലിയേറ്റു ചെയ്യും. കേരള ബാങ്ക് അവയുടെ അപക്‌സ് ബോഡിയായി നിലനില്‍ക്കും. കഴിഞ്ഞ കാലത്ത് എന്തെല്ലാം സഹായങ്ങള്‍ പ്രാഥമിക സംഘങ്ങളില്‍ നിന്നു കിട്ടുമായിരുന്നോ അതിനപ്പുറം സഹായങ്ങള്‍ പ്രാഥമിക സംഘങ്ങളില്‍ നിന്നും കേരള ബാങ്കില്‍ നിന്നും ഇനി കിട്ടും. മാത്രവുമല്ല, ചില ജില്ലാ ബാങ്കുകളെങ്കിലും നഷ്ടത്തിലാണ് ഓടിക്കൊണ്ടിരുന്നത്. എന്നാലിപ്പോള്‍ അഭിമാനത്തോടെ പറയട്ടെ കേരള ബാങ്ക് പൂര്‍ണ അര്‍ഥത്തില്‍ ഒരു വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ 61.99 കോടി രൂപ ലാഭത്തിലെത്തിയിരിക്കുന്നു. കേരള ബാങ്കിന്റെ 769 ശാഖകള്‍ക്കും ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് കിട്ടിയിരിക്കുന്നു. ഈ രംഗത്തു നമ്മള്‍ സ്വീകരിച്ച ഈ മാതൃക മറ്റു സംസ്ഥാനങ്ങള്‍ കൂടി സ്വീകരിക്കാന്‍ പോകുന്നതിന്റെ സൂചനയാണു പഞ്ചാബില്‍ നിന്നു വരുന്നത്. പഞ്ചാബില്‍ എല്ലാ ജില്ലാ ബാങ്കുകളും ലയിച്ച് ഒരു സംസ്ഥാന ബാങ്ക് രൂപവത്കരിക്കുകയാണ്. അതിന്റെ മാതൃകയായി കേരള മാതൃകയെടുക്കാനാണു റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഒരു പുതിയ സര്‍ക്കുലര്‍ തന്നെ പുറപ്പെടുവിക്കുകയുണ്ടായി. കേരളത്തിന്റെ സഹകരണ മേഖലയിലെ ഈ പുതിയ കാല്‍വെയ്പ് നമ്മുടെ രാജ്യത്താകെ മാതൃകയാവണം എന്ന സന്ദേശമാണു റിസര്‍വ് ബാങ്കില്‍ നിന്നുണ്ടായത്.

കേരള ബാങ്ക് കൂടുതല്‍ മുന്നോട്ട്

കേരള ബാങ്കിന്റെ കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ മുമ്പു പ്രകടിപ്പിച്ചിരുന്ന മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രതിനിധികള്‍ പോലും അവസാനം നിയമസഭയില്‍ ചര്‍ച്ചയിലൂടെ നമുക്കു യോജിച്ചു മുന്നോട്ടു നീങ്ങാം എന്ന അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അങ്ങനെ ഏകകണ്ഠമായാണ് ആ ബില്ലും കേരള നിയമസഭയില്‍ പാസായത് എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ കേരളത്തില്‍ നമുക്കു സ്വന്തമായൊരു ബാങ്ക് വന്നു. നമ്മുടെ സംസ്ഥാനത്തു വിവിധ ഷെഡ്യൂള്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ചയാണു കാണുന്നത്. 1969 ല്‍ ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ രാജ്യത്തു ഗ്രാമീണ സമ്പദ്ഘടനയില്‍ പുരോഗതി ഉറപ്പാക്കിക്കൊണ്ട് ഒട്ടനവധി ശാഖകള്‍ നാട്ടിന്‍പുറങ്ങളില്‍ വന്നിരുന്നു. അങ്ങനെ വന്നിരുന്ന ആ ബാങ്കുകളെല്ലാം സാധാരണ കൃഷിക്കാര്‍ക്കും ചെറുകിട കൃഷിക്കാര്‍ക്കും വായ്പകള്‍ കൊടുത്തിരുന്നു. വീടുവെക്കാന്‍ വായ്പകള്‍ നല്‍കിയിരുന്നു. കൃഷിക്കു വായ്പ നല്‍കിയിരുന്നു. കൊട്ടയും വട്ടിയും പായും നെയ്യാനും അങ്ങനെ നാനാതരത്തിലുള്ള കുടില്‍വ്യവസായങ്ങള്‍ക്കും വായ്പ നല്‍കിയിരുന്നു. ഇതെല്ലാം ഗ്രാമീണ സമ്പദ്ഘടനയെ ഉയര്‍ത്താന്‍ സഹായിച്ച സുപ്രധാന ഘടകമാണ്. എന്നാലിന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ചില സാമ്പത്തിക നയങ്ങളുടെ ഭാഗമായി എസ്.ബി.ടി.യും മറ്റും എസ്.ബി.ഐ.യില്‍ ലയിച്ചു. യൂണിയന്‍ ബാങ്ക് കാനറാ ബാങ്കില്‍ ലയിച്ചു. ഇന്ത്യയില്‍ത്തന്നെ ഏതാണ്ട് 2013 ശാഖകള്‍ പൂട്ടിക്കഴിഞ്ഞപ്പോള്‍ കേരളത്തില്‍ എസ്.ബി.ഐ.യുടെ 117 ശാഖകള്‍ പൂട്ടി. ഇങ്ങനെ ഈ ശാഖകളെല്ലാം പൂട്ടിയപ്പോള്‍ ആ ഇടത്തേക്കു കേരള ബാങ്കിന്റെ ശാഖകള്‍ കടന്നുവരുന്നു. അങ്ങനെ കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയില്‍ കഴിഞ്ഞ കാലത്തു ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളുമെല്ലാം നല്‍കിയിരുന്ന സംഭാവനകള്‍ ഇന്നു സഹകരണ മേഖലയാണു നല്‍കുന്നത്. എല്ലാ അര്‍ഥത്തിലും സഹായഹസ്തവുമായെത്തുന്നതു സഹകരണ ബാങ്കുകളാണ്. മാത്രവുമല്ല, സഹകരണ മേഖലയുടെ സി.ഡി. റേഷ്യോ 76.7 ആയി നില്‍ക്കുമ്പോള്‍ ദേശസാല്‍കൃത, കമേഴ്‌സ്യല്‍, ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയെല്ലാം കേരളത്തിലെ സി.ഡി. റേഷ്യോ 65.67 ആണ്. ഇങ്ങനെ കേരളത്തില്‍ നിന്നു സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ ഇവിടെ ചെലവഴിക്കാന്‍ മുന്നോട്ടുവരുന്നതു കേരള ബാങ്കാണ്. കേരള ബാങ്ക് ഇപ്പോള്‍ ഐ.ടി. ഇന്റഗ്രേഷനിലേക്കു വരികയാണ്. വിപ്രോയുമായി കരാറായിക്കഴിഞ്ഞു. ആ കരാര്‍ വന്നുകഴിയുമ്പോള്‍ മറ്റു ന്യൂജെന്‍ ബാങ്കുകളോട് മത്സരിക്കാന്‍ കഴിയുന്ന രൂപത്തില്‍ എ.ടി.എമ്മും പവര്‍ ബാങ്കിങ് സിസ്റ്റവും മൊബൈല്‍ ബാങ്കിങ്ങും ആര്‍.ടി.ജി.എസ്സുമെല്ലാം കേരള ബാങ്കിനു സ്വന്തമാവാന്‍ പോവുകയാണ്. അപ്പോള്‍ കേരള ബാങ്ക് മറ്റു ബാങ്കുകളോടൊപ്പം മത്സരിച്ചു മുന്നോട്ടു പോകുന്ന സാഹചര്യത്തിലേക്കുയരും.

സഹായത്തില്‍ മുന്നില്‍ സഹകരണ മേഖല

മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചെറുകിട കച്ചവടക്കാരെയും ബസ്സുകാരെയും സഹായിക്കുന്ന കേരള ബാങ്കിന്റെ ഒരു വായ്പാ പദ്ധതി കഴിഞ്ഞ ദിവസം തുടങ്ങി. ഇതു പ്രതീക്ഷാനിര്‍ഭരമായ സാഹചര്യം സൃഷ്ടിക്കും. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ അവിടത്തെ കച്ചവടക്കാരെ സഹായിക്കാനും സഹകരണ മേഖല മുന്നോട്ടുവന്നു. കേരള ബാങ്ക് രണ്ടു ലക്ഷം രൂപവരെയാണ് ഇങ്ങനെ സഹായം നല്‍കുന്നത്. കേരളത്തില്‍ പ്രളയക്കെടുതി വന്നാല്‍, അല്ലെങ്കില്‍ മഹാമാരി വന്നാല്‍, ഏതു പ്രതിസന്ധിയുടെയും പ്രയാസങ്ങളുടെയും നടുവില്‍ ജനങ്ങള്‍ക്കു സഹായഹസ്തവുമായി ഓടിയെത്തുന്നതു സഹകരണ മേഖലയാണെന്നതു നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമായി ഇന്നു സമൂഹം അംഗീകരിക്കുകയാണ്. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു കെയര്‍ഹോം പദ്ധതിയില്‍ 2073 വീടുകള്‍ ഇതിനകം നിര്‍മിച്ചുകൊടുത്തു. ഇതിന്റെ രണ്ടാംഘട്ടത്തില്‍ അടുത്ത മാസം തൃശ്ശൂരില്‍ 40 ഫ്‌ളാറ്റുകള്‍ പാവങ്ങള്‍ക്കു കൈമാറുകയാണ്. കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമടക്കം വിവിധ ജില്ലകളില്‍ പാവങ്ങള്‍ക്കു ഫ്‌ളാറ്റുകള്‍ നിര്‍മിച്ചുകൊടുക്കാനുള്ള പ്രവര്‍ത്തനം നടക്കുകയാണ്. ഇങ്ങനെ കേരളത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കെല്ലാം പ്രത്യാശയുടെ കിരണങ്ങള്‍ നല്‍കിക്കൊണ്ട് ആദ്യം മുന്നിട്ടു പ്രവര്‍ത്തിച്ചതു കെയര്‍ഹോം പദ്ധതിയിലൂടെ സഹകരണ മേഖലയാണ്.

കോവിഡ് വന്നപ്പോള്‍ എങ്ങും താങ്ങും തണലുമായി മാറിയതും സഹകരണ മേഖലതന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സഹകരണ മേഖല നല്‍കിയത് 226 കോടി രൂപയാണ്. മറ്റൊരു മേഖലയും ഈ രൂപത്തില്‍ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. സാമൂഹിക പ്രതിബദ്ധതയാണു സഹകരണ മേഖലയുടെ പ്രഥമ ലക്ഷ്യമെങ്കില്‍ അതു പൂര്‍ണ അര്‍ഥത്തിലും വ്യാപ്തിയിലും ലക്ഷ്യത്തിലും നിര്‍വഹിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ പ്രഖ്യാപിച്ച് മുന്നോട്ടുവന്നതും സഹകരണ മേഖലയാണ്. 92 കോടി രൂപയാണു മൊബൈല്‍ വാങ്ങാനും ടാബ് വാങ്ങാനും സഹകരണ സംഘങ്ങള്‍ നല്‍കിയിരിക്കുന്നത്. മറ്റേതു രംഗത്താണ്, ഏതു സാമ്പത്തിക സ്ഥാപനമാണ്, ഇത്തരമൊരു സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടു വന്നത് ? അപ്പോള്‍, സഹകരണ മേഖല ഏതെല്ലാം രംഗത്താണ് ഈ നാടിനെ സഹായിക്കാന്‍ മുന്നോട്ടുവരുന്നത് എന്നു തിരിച്ചറിയണം. ഈ സര്‍ക്കാര്‍ വന്നതിനുശേഷം നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി 29 യുവജന സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചു. യൗവനം കൂട്ടത്തോടെ സഹകരണ സംരംഭങ്ങളിലേക്കു വരുന്നത് അഭിമാനകരമാണ്. കോവിഡ് പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കാന്‍ 12 വനിതാ സഹകരണ സംഘങ്ങള്‍ മുന്നോട്ടുവന്നു. ഇവര്‍ക്കെല്ലാം അഞ്ചു ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം കൊടുത്തു. മൂന്നു ലക്ഷം രൂപ സബ്‌സിഡിയായും രണ്ടു ലക്ഷം രൂപ ഓഹരിയായിട്ടും.

നെല്‍ക്കൃഷിക്കാരെ സഹായിക്കാന്‍ പാലക്കാട് കേന്ദ്രീകരിച്ച് സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തു. നെല്ലു സംഭരണം, സംസ്‌കരണം, വിപണനം എന്നതാണിതിന്റെ പ്രവര്‍ത്തനം. അതുപോലെ കുട്ടനാട്ടിലും ഇതേപോലൊരു സഹകരണ സംഘം തുടങ്ങി. കലാകാരന്മാരുടെ സഹകരണ സംഘവും രൂപവത്കരിച്ചുകഴിഞ്ഞു. ഇതൊക്കെക്കൂടാതെ, സഹകരണ മേഖലയില്‍ ഗുണമേന്മയുള്ള നിരവധി ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നു. ഈ ഉല്‍പ്പന്നങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കോ-ഓപ് മാര്‍ട്ട് എല്ലാ ജില്ലകളിലും തുടങ്ങിക്കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തുന്നതില്‍ അംഗീകാരം നേടിയെടുത്ത കേരളത്തിലെ ആദ്യത്തെ സംഘം എന്ന പദവി നേടാന്‍ മണ്ണാര്‍ക്കാട്ടെ സഹകരണ ബാങ്കിനു കഴിഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റി പോലുള്ള സംഘങ്ങള്‍ ആഗോളതലത്തില്‍ത്തന്നെ പുരസ്‌കാരം നേടി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ വേറെയും വളര്‍ന്നുവരുന്നുണ്ട്. മെഡിക്കല്‍ കോളേജിനു സമാനമായി സഹകരണ മേഖലയില്‍ ചില ആശുപത്രികള്‍ വളര്‍ന്നുവരുന്നുണ്ട്. കൊല്ലം എന്‍.എസ്. ആശുപത്രി, പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രി, തലശ്ശേരി സഹകരണാശുപത്രി തുടങ്ങിയവ നൂതന ചികിത്സാ പദ്ധതികളിലൂടെ മുന്നേറുകയാണ്. നമ്മുടെ കേപ്പിന്റെ ( CAPE ) ഒമ്പതു എന്‍ജിനീയറിങ് കോളേജുകളില്‍ ഇപ്പോള്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ ആരംഭിച്ചു. കോഴിക്കോട്ട് എം. ദാസന്റെ പേരിലുള്ളതും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ചെയര്‍മാനായിട്ടുള്ളതുമായ എന്‍ജിനിയറിങ് കോളേജും നന്നായി മുന്നേറുന്നു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് ഈ പ്രൊഫഷണല്‍ കോളേജില്‍.

ഇങ്ങനെ നമ്മുടെ സംസ്ഥാനത്തു സഹകരണ മേഖല നാനാ രംഗങ്ങളില്‍ പടര്‍ന്നു പന്തലിക്കുമ്പോള്‍ ചില രംഗത്ത് ഉടച്ചു വാര്‍ക്കലും അനിവാര്യമായി വരുന്നുണ്ട്. ഹൗസിങ് മേഖല എടുത്താല്‍, അതു രൂപവത്കരിക്കുന്ന കാലത്തു 14 ശതമാനവും 15 ശതമാനവും പലിശയും ഒപ്പം ഷെയര്‍ ലിങ്കിങ്ങും ഉണ്ടായിരുന്നു. ഇതു രണ്ടുംകൂടി ചേരുമ്പോള്‍ ഒരു ബ്ലേഡ് കമ്പനിയുടെ രൂപത്തിലേക്ക് എത്തിയെങ്കിലും ഇപ്പോള്‍ പലിശ കുറയ്ക്കാന്‍ തയാറായിട്ടുണ്ട്. എങ്കിലും, അതിനൊരു പുന:സംഘടന ആവശ്യമാണ്. ടൂര്‍ഫെഡിന്റെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എസ.്‌സി. – എസ്.ടി. സംഘങ്ങളെ പുനരുദ്ധരിക്കാന്‍ പുതുതായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ആവശ്യമായ ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്. വനിതാ ഫെഡിന്റെ പ്രവര്‍ത്തനങ്ങളെയും കുറച്ചുകൂടി ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടുവരേണ്ടതുണ്ട്.

തെറ്റായ പ്രവണതകള്‍

അങ്ങനെ കണ്‍സ്യൂമര്‍, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഭവന നിര്‍മാണം തുടങ്ങി നാനാ മേഖലകളില്‍ സഹകരണ പ്രസ്ഥാനം പടര്‍ന്നുപന്തലിച്ച് മുന്നോട്ട് പോകുന്ന ഒരു കാലഘട്ടത്തില്‍ ഈ മേഖലയില്‍ തെറ്റായ ചില പ്രവണതകള്‍ കടന്നു വരുന്നുണ്ട് എന്നതു ഗൗരവത്തോടെ കാണേണ്ടതാണ്. പക്ഷേ, അവ ഒറ്റപ്പെട്ടതാണ്. തെറ്റായ പ്രവണതകളെ പെരുപ്പിച്ചു കാണിച്ച് സഹകരണ മേഖലയിലാകെ കുഴപ്പം എന്ന പ്രചാരവേലകള്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്തു നടത്തുന്നുണ്ട്. സഹകരണ മേഖല മുച്ചൂടും മുടിക്കാന്‍ കഴിയുമോ എന്നു പരിശ്രമിക്കുന്ന ഒരു ആഗോള വീക്ഷണത്തിന്റെ ഉള്ളടക്കം അതിനു പിന്നിലുണ്ട്. ബഹുരാഷ്ട്ര ഭീമന്മാരും അന്താരാഷ്ട്ര ഭീമന്മാരും ഒരു കഴുകനെപ്പോലെ നമ്മുടെ രാജ്യത്തിന്റെ മീതെ, ഒരു ബദല്‍ശക്തിക്കെതിരെ, എല്ലാതരത്തിലുമുള്ള വലിയ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കേരളം ഒരു ബദല്‍ തീര്‍ക്കുന്ന സംസ്ഥാനമാണ.് ഇതിലൊരു വലിയ സ്ഥാനം സഹകരണ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഈ മേഖല ഇത്തരത്തില്‍ ഒരു സമാന്തര സങ്കേതമായി പടര്‍ന്നു പന്തലിച്ച് ബലിഷ്ഠ കരങ്ങളുമായി മുന്നോട്ടു വരുമ്പോള്‍ അതില്‍ നഷ്ടം സംഭവിക്കുന്ന കൂട്ടര്‍ ബഹുരാഷ്ട്ര ഭീമന്മാരും അന്താരാഷ്ട്ര ഭീമന്മാരുമാണ.് അവര്‍ തന്നെയാണു നരസിംഹം കമ്മിറ്റിക്കു രൂപം കൊടുത്തിട്ട് ഇന്ത്യാ ഗവണ്‍മെന്റിനെക്കൊണ്ട് ആ റിപ്പോര്‍ട്ടിലെ ശുപാര്‍ശ കൊണ്ടുവന്നത്. അവര്‍ തന്നെയാണു വൈദ്യനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൊണ്ടുവന്നത.് അവര്‍ തന്നെയാണു പ്രകാശ് ബക്ഷി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശവും കൊണ്ടുവന്നത്.

ഇത്തരത്തിലുള്ള നീക്കം നമ്മുടെ സഹകരണ മേഖലയ്ക്കു മീതെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കടന്നുവരുന്നുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇവിടെ ഉണ്ടാകുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കില്‍പ്പോലും അതിനെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. സഹകരണ മേഖലയില്‍ അത്തരത്തിലുള്ള കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സഹകരണ വകുപ്പ് ചില തീരുമാനങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. അതിലൊന്ന് ഓഡിറ്റിങ് രംഗത്താണ്. കണ്‍കറന്റ് ഓഡിറ്റര്‍മാര്‍ ഏതെങ്കിലും ഒരു സംഘത്തില്‍ പോയി കെട്ടിക്കിടന്ന് ആ സംഘം പറയുന്ന രീതിയില്‍ ഓഡിറ്റ് നടത്തിക്കൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചു. ഇനി ഒരു ടീം ഓഡിറ്റ് മാത്രം പോയാല്‍ മതി. ആ ഓഡിറ്റിനു നേതൃത്വം കൊടുക്കുന്നതു കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലാണ്. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ വേണമെന്നാവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് എഴുതിയിരുന്നു. അതിനു മറുപടി വന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പേരും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ഓഡിറ്റ് സിസ്റ്റം സ്വതന്ത്രമായി മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നു. ആ തരത്തില്‍ ഓഡിറ്റ് മുന്നോട്ടു പോകുമ്പോള്‍ അതു സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി സഹകാരികള്‍ക്കുകൂടി അവകാശം നല്‍കുന്ന ഒരു പോര്‍ട്ടല്‍ തുടങ്ങുകയാണ്. അതാണ് കോ-ഓപ്പറേറ്റീവ് മോണിറ്ററിങ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ( CAMIS ). സംസ്ഥാനത്ത് ഏതൊരു സഹകാരിക്കും ഏതൊരു സഹകരണ ബാങ്കിന്റേയും അംഗത്വം, ഷെയര്‍ ക്യാപിറ്റല്‍, ഡെപ്പോസിറ്റ,് ഓഡിറ്റ് ഏതു വര്‍ഷം വരെ നടന്നു തുടങ്ങിയ കാര്യങ്ങളെല്ലാം പോര്‍ട്ടലില്‍ നിന്നറിയാനാവും. പൊതുജനങ്ങള്‍ക്കു സഹകരണ മേഖലയിലുള്ള വിശ്വാസം ഉറപ്പാക്കാന്‍ സഹായിക്കുന്ന സാഹചര്യമാണ് ഈ സിസ്റ്റത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത് എന്നത് അഭിമാനകരമാണ്.

സഹകരണ നിയമത്തില്‍ മാറ്റം വരുന്നു

മറ്റൊന്ന് ഈ രംഗത്തു സമഗ്രമായ ഒരു നിയമഭേദഗതിയാണ്. 65-ാം വകുപ്പനുസരിച്ച് ഒരു എന്‍ക്വയറി നടത്തി അതില്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്നു കണ്ടാല്‍ സമയോചിതമായി നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ആ നിയമത്തിന്റെ ദുര്‍ബലാവസ്ഥ പലപ്പോഴും കോടതികളില്‍ ചോദ്യം ചെയ്യപ്പെടും. അതുപോലെത്തന്നെ 66 ാം വകുപ്പിലും ഈ അവസ്ഥ നിലനില്‍ക്കുന്നു. അതുകൊണ്ട് സഹകരണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. അതിന്റെ കരട് തയാറാക്കിക്കഴിഞ്ഞു. കരടുമായി ബന്ധപ്പെട്ട് ഒരു വട്ടം ചര്‍ച്ച കഴിഞ്ഞു. ഇനി സംസ്ഥാനത്തെ പ്രമുഖരായ സഹകാരികളെ വിളിച്ചുകൂട്ടി അവരുടെ അഭിപ്രായങ്ങള്‍ കേട്ട് കരട്് കുറ്റമറ്റതാക്കണം.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ ആഗ്രഹിക്കുന്നു അങ്ങനെ സംസ്ഥാനത്തു സഹകരണ മേഖലയില്‍ സമഗ്രമായ ഒരു ഭേദഗതികൂടി കൊണ്ടുവന്നു ഈ മേഖല കുറ്റമറ്റതാക്കാന്‍ വേണ്ടി പരിശ്രമിക്കും.

ഇനിമേലില്‍ സഹകരണ ബാങ്കുകളില്‍ ഏതു ജീവനക്കാരനും ഏതൊരു തസ്തികയിലും രണ്ട് വര്‍ഷം അല്ലെങ്കില്‍ മൂന്നു വര്‍ഷത്തില്‍ക്കൂടുതല്‍ ഇരുന്നുകൂടാ. പതിനാലും പതിനഞ്ചും വര്‍ഷം കാഷ്യറും അക്കൗണ്ടന്റും ഒരേ പോസ്റ്റിലിരിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ചില ക്രമക്കേടുകള്‍ കണ്ടത്. അതുപോലെ നമ്മുടെ സംഘങ്ങളില്‍ ചിലര്‍ സോഫ്റ്റ്‌വെയറിനു വേണ്ടി ചില സ്വകാര്യ കമ്പനിക്കാരെ സമീപിക്കും. അതിന്റെ ഓപ്പറേഷന്‍ പാര്‍ട്ട് അറിയാവുന്നതു യഥാര്‍ഥത്തില്‍ ആ ബാങ്കില്‍ ഒരാള്‍ക്കു മാത്രമായിരിക്കും. പക്ഷേ, ഭരണസമിതിയിലാരും അതു പഠിക്കാന്‍ തയാറാകുന്നില്ല. അറിയാവുന്നവര്‍ പോലും അതു ശ്രദ്ധിക്കുന്നില്ല. വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ ഉപയോഗിച്ച് ലോകം അതിവേഗം കുതിച്ചു പായുമ്പോള്‍ ഈ മേഖലയിലെ പുരോഗതിക്ക് ഇത് അനിവാര്യമായ ഒരു ഘടകമാണ് എന്നു മനസ്സിലാക്കി ഭരണസമിതി അംഗങ്ങളും ഈ ടെക്നോളജി പഠിക്കാന്‍ തയാറാവണം. അതോടൊപ്പം ഭരണസമിതി അംഗങ്ങള്‍ക്കും ആവശ്യമായ പരിശീലനങ്ങള്‍ കൊടുക്കണം. ജീവനക്കാരെ നല്ല രീതിയില്‍ പരിശീലിപ്പിച്ച് എടുക്കണം. ഒരാളെ മാത്രം ആശ്രയിച്ചുപോകുന്ന അവസ്ഥ മാറണം. തിരുവനന്തപുരത്തെ ഒരു എംപ്ലോയീസ് സംഘത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും ഇതു ഓപ്പറേറ്റ് ചെയ്യാനറിയില്ല. അതു കൈകാര്യം ചെയ്തിരുന്ന ജീവനക്കാരന്‍ അവിടെ നിന്നു മൂന്നരക്കോടി രൂപ അടിച്ചുമാറ്റിയപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് അയാള്‍ ചെയ്തുകൊണ്ടിരുന്നതു മുഴുവന്‍ തെറ്റായ പ്രവര്‍ത്തനങ്ങളാണ് എന്ന്. ഈ സാങ്കേതിക വിദ്യ പഠിച്ചെടുക്കാന്‍ വേണ്ടിയുളള പരിശീലനം നല്‍കാനും സഹകരണ വകുപ്പ് മുന്‍കൈയെടുക്കും.

ഓഡിറ്റ് കൃത്യമാക്കും

കുറ്റമറ്റ രീതിയിലുളള നിയമ സംവിധാനങ്ങളും നീക്കങ്ങളും വരുമ്പോള്‍ത്തന്നെ കൃത്യമായ ഓഡിറ്റ് അതതു വര്‍ഷങ്ങളില്‍ നടക്കണം. ടീം മാറി മാറി കൃത്യമായി പരിശോധനകള്‍ നടക്കണം. ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ പരിശോധിക്കണം. ഒരു ഫിസിക്കലായ വെരിഫിക്കേഷന്‍ ഗോള്‍ഡ് ലോണില്‍ ഉണ്ടായിരിക്കണം. അതുപോലെത്തന്നെ ഗഹാന്‍ സംവിധാനത്തിലെ ന്യൂനതകള്‍ പരിഹരിക്കണം. വായ്പകള്‍ കൊടുക്കുമ്പോള്‍ റീ പെയ്മെന്റ് ശേഷിയുണ്ടോ എന്നന്വേഷിക്കണം. അതിനു ഡയരക്ടര്‍മാര്‍ പൊയ്ക്കൂടെന്നു കോടതിവിധിയുണ്ട്. ജീവനക്കാര്‍തന്നെ നിയോഗിക്കപ്പെടണം. ജീവനക്കാരോ മറ്റേതെങ്കിലും ഏജന്‍സിയോ ആണെങ്കില്‍ അതിനൊരു സൂപ്പവൈസിങ്ങ് സംഘംകൂടി ഉണ്ടാകണം. അങ്ങനെ കൃത്യമായി പരിശോധനകളെല്ലാം നടത്തിക്കൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കി മുന്നോട്ടുപോയാല്‍, പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി സുതാര്യമായാല്‍ ജനങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊരു വഴിയുണ്ടാവില്ല. ഗ്രാമീണ ജനജീവിതത്തിന്റെ അത്താണിയായി നില്‍ക്കുന്ന സഹകരണ പ്രസ്ഥാനത്തെ കൂടുതല്‍ കരുത്തോടെ, ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ അവസരമുണ്ടാക്കാതെ, കൂടുതല്‍ ക്രെഡിബിലിറ്റി ഉയര്‍ത്തി ക്കൊണ്ടുവരാന്‍ സഹായിക്കുന്ന തരത്തില്‍, വളര്‍ത്താനും ഓരോ പ്രശ്നത്തെയും കൈകാര്യം ചെയ്യാനും നമുക്കു കഴിയും.

ഉണ്ടായിട്ടുള്ള പ്രശ്നങ്ങളൊക്കെ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് പ്രശ്നത്തില്‍ ഇപ്പോള്‍ മൂന്നു തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഒന്ന,് ഡിപ്പാര്‍ട്ട്മെന്റ് എന്‍ക്വയറി. രണ്ട്, ക്രൈംബ്രാഞ്ച് അന്വേഷണം. രണ്ട് വനിതകളൊഴികെ കേസിലെ മുഴുവനാളുകളെയും അറസ്റ്റ് ചെയ്തു. മൂന്നാമതായി, ബോര്‍ഡ് അംഗങ്ങളും ബാങ്കിലെ ഏഴു സ്റ്റാഫും ഉള്‍പ്പെടെ 16 ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്മാരെ സസ്പെന്‍ഡ് ചെയ്തു. അവരുടെ പേരില്‍ അന്വേഷണം നടക്കുന്നു. അവര്‍ അറിയാതെ കാര്യങ്ങള്‍ നടക്കില്ല. കാരണം, 2011 മുതല്‍ 2020 വരെയുള്ള കാലത്ത് ഇക്കാര്യങ്ങള്‍ നടക്കുമ്പോള്‍ അവിടെ കണ്‍കറന്റ് ഓഡിറ്റ് ഉണ്ടായിരുന്നു. എന്തു കൊണ്ട് ഈ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവരല്ലേ ഇത് ഓഡിറ്റ് ചെയ്തു കൊണ്ടിരുന്നത് ? അപ്പോള്‍ സ്വാഭാവികമായി ഒരു കൂട്ടുകച്ചവടത്തിന്റെ ഉളളടക്കം അതിലുണ്ടായിരുന്നു. അതു ഭാവിയില്‍ സഹകരണമേഖലയില്‍ ഒരിക്കലും ആവര്‍ത്തിച്ചുകൂടാ. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികളുണ്ടാവും. എവിടെയൊക്കെ ഇത്തരത്തിലുളള തെറ്റായ പ്രവണതകള്‍ വരുന്നോ അതിനെതിരെ നിര്‍ദാക്ഷിണ്യം നടപടി സ്വീകരിച്ചു മുന്നോട്ടു പോകും. ഈ മേഖലയില്‍ ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് സഹകാരികളും ജീവനക്കാരും ജാഗ്രതയോടെയിരിക്കണം.

ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ മറ്റു രണ്ട് വെല്ലുവിളികള്‍ ഉയര്‍ന്നിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ചില ശാഖകള്‍ തുറന്നു രജിസ്ട്രാറുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി തോന്നിയപോലെ പലിശനിരക്കു നിശ്ചയിക്കുകയാണ്. തോന്നിയ നിരക്കിലാണ് അവിടെ നിക്ഷേപം സ്വീകരിക്കുന്നത്. മറ്റൊന്ന്, നിധി എന്നപേരിലുള്ള നിക്ഷേപം സ്വീകരിക്കലാണ്. ഇവ രണ്ടും നമുക്കു വലിയ രീതിയിലുള്ള ഭീഷണിയുയര്‍ത്തിക്കൊണ്ടുവരികയാണ്. ഇവയെ നമുക്കു നേരിടണം. നിയമപരമായും ജനാധിപത്യപരമായുമുള്ള ഉള്ളടക്കത്തില്‍ നിന്നുകൊണ്ടുള്ള ചെറുത്തുനില്‍പ്പുകള്‍ സ്വീകരിക്കേണ്ട സമയമായിരിക്കുന്നു. ഇത്തരത്തില്‍ സഹകരണ മേഖലയില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയണം.

കണ്‍സ്യൂമര്‍ഫെഡിന്റെ മികച്ച മാതൃക

സഹകരണ മേഖലയില്ലെങ്കില്‍ എങ്ങനെ നമുക്കു മുന്നോട്ടു പോകാന്‍ കഴിയും ? കണ്‍സ്യൂമര്‍ഫെഡിന്റെ ഒരു പ്രവര്‍ത്തനം എടുത്തു പരിശോധിക്കാം. കോവിഡ് എന്ന മഹാമാരി വന്നപ്പോള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ ഒരു പള്‍സ് ഓക്സിമീറ്ററിന്റെ വില 3000 രൂപയായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ആ രംഗത്ത് ഇടപെട്ട് ആദ്യം 950 രൂപയ്ക്ക് ഇതു കൊടുക്കാന്‍ തുടങ്ങി. പിന്നീടതു 500 രൂപയില്‍ താഴെയാക്കി. ജാഗ്രതാ സമിതികള്‍ക്കെല്ലാം പള്‍സ് ഓക്സിമീറ്റര്‍ ആവശ്യമാണ്. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന സ്വകാര്യമേഖലയുടെ ചൂഷണാധിഷ്ഠിത വീക്ഷണത്തിനെതിരെ ഒരു വലിയ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നതു സഹകരണ മേഖലയ്ക്കാണെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതായിരുന്നു കണ്‍സ്യൂമര്‍ഫെഡിന്റെ ആ നീക്കം. വാതില്‍പ്പടി സേവനം ഉറപ്പാക്കി എല്ലാ വിഭാഗം ആളുകള്‍ക്കും എത്രയോ ഉല്‍പ്പന്നങ്ങള്‍ അക്കാലത്തു വീടുകളില്‍ എത്തിച്ചു കൊടുക്കാനും കണ്‍സ്യൂമര്‍ഫെഡിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ മെഡിക്കല്‍ കോളേജുകളെല്ലാം കോവിഡ് രോഗികളെക്കൊണ്ടു നിറഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ സഹകരണ ആശുപത്രികളാണു മറ്റു രോഗങ്ങള്‍ വന്നവര്‍ക്കു സംരക്ഷണവലയം തീര്‍ത്തത്.

സഹകരണ മേഖല നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്. അതിലൊന്നു യു.പി.എ. ഗവണ്‍മെന്റ് പാസാക്കിയ ഒരു നിയമമാണ്. അതാണു 97 -ാം ഭരണഘടനാ ഭേദഗതി. ആ ഭേദഗതി 2011 ല്‍ പാസാക്കി. 2012 ല്‍ രാഷ്ട്രപതി ഒപ്പു വെച്ചു. അതനുസരിച്ച് നമുക്കു ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നു മാത്രമല്ല ചെക്ക് പോലും ഉപയോഗിക്കാന്‍ പ്രൈമറി സംഘങ്ങള്‍ക്ക് അവകാശമില്ല എന്ന രീതിയിലേക്കു ബാങ്കിങ്് റഗുലേഷന്‍ ആക്ടും 2020 ല്‍ പാസാക്കി. ഇങ്ങനെ പല തരത്തിലുള്ള ഭീഷണികള്‍ നമുക്കെതിരെ ഉയര്‍ന്നുവന്നപ്പോള്‍ 97 -ാം ഭരണഘടനാ ഭേദഗതിക്കെതിരായി സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, ബി.ആര്‍. ഗവായ്, കെ.എം. ജോസഫ് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ മൂന്നംഗ ഭരണഘടനാ ബെഞ്ച്് ഈ വിഷയത്തില്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ 32 എന്‍ട്രി അനുസരിച്ച് സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നു വ്യക്തമാക്കുകയുണ്ടായി. അതു സ്വാഗതാര്‍ഹമാണ.് ഇനി മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ അവശേഷിക്കുന്ന അവസ്ഥ കൂടി ഇല്ലാതാക്കാന്‍ വേണ്ടി നമ്മള്‍ റിവ്യൂ പെറ്റീഷനു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ രംഗത്തു നിയമപരമായ പോരാട്ടം ഇനിയും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

ബാങ്കിങ് നിയന്ത്രണ നിയമം

2020 ല്‍ പാസാക്കിയ ബാങ്കിങ്് നിയന്ത്രണ നിയമമനുസരിച്ച് അര്‍ബന്‍ ബാങ്കുകള്‍ അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. ബോര്‍ഡ് ഓഫ് മാനേജ്മെന്റ് നിലവില്‍വന്നു. അതുപോലെ ഓഡിറ്റ് സിസ്്റ്റത്തിലെ നിയന്ത്രണങ്ങള്‍ ആര്‍.ബി.ഐ.യുടെ കൈകളിലേക്കു വരുന്നു. ആര്‍.ബി.ഐ. പല രൂപത്തില്‍ അര്‍ബന്‍ ബാങ്കുകളുടെ ബിസിനസില്‍ ഇടപെടുകയാണ്. അതിനെതിരെ റിസര്‍വ് ബാങ്കിനെ സമീപിക്കാനും ഒപ്പം ഈ രംഗത്തു നിയമപരമായ പോരാട്ടം സുപ്രീംകോടതിയില്‍ നടത്താനും അര്‍ബന്‍ ബാങ്കിന്റെ ഫെഡറേഷനുകള്‍ വന്നു സംസാരിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് അവരോടൊപ്പമുണ്ട്.

ബാങ്ക്, ബാങ്കര്‍ എന്ന വാക്കുപയോഗിക്കാനും ചെക്കുപയോഗിക്കാനും പാടില്ല എന്ന് ആര്‍.ബി.ഐ. പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആര്‍.ബി.ഐ.യോട് ഇക്കാര്യത്തില്‍ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചും ഒപ്പം അനുനയത്തിന്റെ ശൈലി സ്വീകരിച്ചും നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കണം. കേന്ദ്രം സഹകരണ മന്ത്രാലയം രൂപവത്കരിച്ച ശേഷം നമുക്കുവന്ന കത്തില്‍ പറയുന്നത് ഓരോ സംഘത്തിന്റേയും എ ടു ഇസെഡ് ഉള്ളടക്കങ്ങള്‍ അവര്‍ പറയുന്ന സ്വകാര്യ ഏജന്‍സിക്കു കൈമാറണമെന്നാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ ഓരോ സഹകരണ പ്രസ്ഥാനത്തിന്റേയും വിശദവിവരങ്ങള്‍ സ്വകാര്യ കമ്പനിക്കു കൈമാറിയാല്‍പ്പിന്നെ എങ്ങനെയാണു നമ്മള്‍ സംഘങ്ങളുമായി മുന്നോട്ട് പോവുക ? അതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കേണ്ടി വരും. കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്ന സാമ്പത്തിക രംഗത്തെ ഇത്തരത്തിലുള്ള നയങ്ങള്‍ എന്തായാലും പൊതുമേഖല ഇവിടെ നിലനില്‍ക്കണം. പൊതു മേഖല നിന്നില്ലെങ്കില്‍ രാജ്യത്തിന്റെ സ്ഥിതി എന്താകും ? എത്ര അപകടകരമാകും ? ദേശീയതലത്തില്‍ നടക്കുന്ന സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ നമ്മുടെ നാട്ടിലുണ്ടാക്കുന്ന ദുരവസ്ഥ അനുഭവിച്ചറിഞ്ഞവരാണു നമ്മള്‍. അതുകൊണ്ട് അത്തരം ഒരു രൂപത്തിലേക്കു സഹകരണ മേഖലയെ വിടാന്‍ ഒരു കാരണവശാലും അനുവദിച്ചുകൂടാ.

കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം കടന്നാക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള നീക്കങ്ങളും നടത്തണം. കൊച്ചു കൊച്ചു ക്രമക്കേടുകളും അതിന്റെ പ്രയോഗത്തിലെ പാളിച്ചകളും ചില പ്രദേശത്തെങ്കിലുമുണ്ട്. അവ ഇല്ലായ്മ ചെയ്തു പ്രവര്‍ത്തനം കുറ്റമറ്റതാക്കി മുന്നോട്ടുകൊണ്ടു പോകുക എന്നതാണു നമ്മുടെ കാഴ്ചപ്പാട.് പുത്തന്‍ ആശയങ്ങള്‍ ഉയര്‍ത്തിയും ഒപ്പം നമ്മുടെ നാടിന്റെ തകര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ച നേടിയെടുത്തും സഹകാരികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമങ്ങള്‍ ഈ മേഖലയില്‍ വളര്‍ന്നുവരുന്നുണ്ട് എന്നതിന്റെ ഫലമാണു സഹകരണ മേഖലയുടെ പുരോഗതി. 2.75 ലക്ഷം കോടി രൂപ ഈ മേഖലയില്‍ നിക്ഷേപമുണ്ട്. ആ നിക്ഷേപംകൂടി കണ്ടാണു ചിലര്‍ ഇതിനുമേലെ വട്ടമിട്ടു പറക്കുന്നത് എന്നു നമ്മള്‍ തിരിച്ചറിയണം. കേരളത്തിലെ സഹകരണ മേഖലയ്ക്ക് അഭിമാനകരമായ നേട്ടങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുന്ന സാഹചര്യം ഇവിടെയുണ്ടാകണം.

Read also