19 Aug

സഹകാരി സഞ്ചാരത്തിന് സുവര്‍ണശോഭ

27 -ാം വയസ്സില്‍ നഗരൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റായതാണ്
എ. ഇബ്രാഹിംകുട്ടി. 78 -ാം വയസ്സിലും ആ സ്ഥാനത്തു തുടരുന്നു.
കടംകയറി മുടിഞ്ഞ ബാങ്കിനെ അര നൂറ്റാണ്ടു കൊണ്ട് അദ്ദേഹം
ക്ലാസ് 1 സ്‌പെഷല്‍ ഗ്രേഡ് പദവിവരെ എത്തിച്ചു. ഇപ്പോള്‍
ഒമ്പതിനായിരം എ ക്ലാസ് അംഗങ്ങളുള്ള ബാങ്കില്‍ 112 കോടി രൂപ
നിക്ഷേപമുണ്ട്.

അനില്‍ വള്ളിക്കാട്

ഒന്നുമറിയാതെ കയറിവന്നതാണ്. ഒന്നുമില്ലാത്തിടത്താണ് എത്തിപ്പെട്ടത്. അപ്പോഴും, സഹകരണക്കോലായില്‍ അമാന്തിച്ചു നിന്നില്ല, തിരുവനന്തപുരം നഗരൂരിലെ എ. ഇബ്രാഹിംകുട്ടി. ദൃഢനിശ്ചയവും സൗമ്യസ്വഭാവവുംകൊണ്ട് നാട്ടുകാരെ സ്‌നേഹനൂലില്‍ കോര്‍ത്തു. അതോടെ, മികച്ചൊരു സഹകരണ സ്ഥാപനം നാട്ടില്‍ ഉയര്‍ന്നുവന്നു. അതിന്റെ അനിഷേധ്യ സാരഥിയായി അമ്പതുവര്‍ഷം പിന്നിട്ടു. വലിയൊരു ജനസഞ്ചയത്തിന്റെ ആദരവ് നേടി സഹകരണ സേവനത്തിന്റെ സുവര്‍ണ ജൂബിലി തിളക്കത്തിലാണു എഴുപത്തിയെട്ടുകാരനായ ഇബ്രാഹിംകുട്ടി. യൗവ്വനത്തുടിപ്പില്‍ തീര്‍ത്തും യാദൃച്ഛികമായാണു സഹകരണ രംഗത്തേക്കുള്ള ഇബ്രാഹിംകുട്ടിയുടെ വരവ്. 1962 ല്‍ പ്രവര്‍ത്തനം തുടങ്ങിയ നഗരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കു 1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു. അന്നു 27 വയസ്സു മാത്രം പ്രായം. ബാങ്കിന്റെ പ്രസിഡന്റുമായി. അരനൂറ്റാണ്ടിനിപ്പുറവും സാരഥിയായി തുടരുന്നുവെന്ന അപൂര്‍വ ബഹുമതിയും ഇബ്രാഹിംകുട്ടിക്കു സ്വന്തം.

കടത്തിന്റെ കടുംവഴികള്‍

ബാങ്കിന്റെ ആരംഭകാല പ്രവര്‍ത്തനംതന്നെ നഷ്ടത്തിലേക്കുള്ള കൂപ്പുകുത്തലായിരുന്നു. ജില്ലാ ബാങ്കില്‍ നിന്നെടുത്ത വായ്പത്തുക കുടിശ്ശിക വരുത്തിയതിനു കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴാണ് ഇബ്രാഹിംകുട്ടിയുടെ വരവ്. കടംകയറി എല്ലാം കളഞ്ഞുകുളിച്ച സ്ഥാപനത്തിലേക്കാണു പോകുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഒന്നുമില്ലാത്തിടത്തു നിന്ന് ഒരു സഹകരണ പരിശീലനം. പിന്നീട് ഒന്നാന്തരം സഹകരണ ബാങ്കിനെ വാര്‍ത്തെടുത്ത പ്രയത്‌നം. ഇബ്രാഹിംകുട്ടിയുടെ അര നൂറ്റാണ്ടിന്റെ സഹകാരിജീവിതത്തിനു തിളക്കം ഇരട്ടിയാണ്.

സഹകരണത്തിന്റെ ആദ്യ ചുവടുവെപ്പ് കനലോര്‍മയാണിന്നും ഇബ്രാഹിംകുട്ടിക്ക്്; അതു നല്‍കിയ കരുത്തിന്റെ ആഹ്ലാദമുണ്ടെങ്കിലും. ജപ്തി നടപടിയിലൂടെ ബാങ്കിന്റെ സ്വത്തുവകകളെല്ലാം ജില്ലാ ബാങ്കില്‍ നിക്ഷിപ്തമായിരുന്ന കാലത്താണു പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത്. ബാങ്കില്‍ സെയില്‍സ്മാനും പ്യൂണുമല്ലാതെ മറ്റു ജീവനക്കാരില്ല. ബാങ്കിങ് പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. ആറ്റിങ്ങലില്‍ നിന്നു രാമകൃഷ്ണ പിള്ള എന്നയാള്‍ വല്ലപ്പോഴും വന്നു ബാങ്ക് തുറക്കും. ഏതെങ്കിലും തുക പിരിഞ്ഞുകിട്ടിയാല്‍ ജീവനക്കാര്‍ക്കു പ്രതിഫലം നല്‍കും. അതിനിടെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച പ്യൂണ്‍ ബഷീര്‍ ബാങ്ക് വിട്ടു. വളം ഡിപ്പോയിലെ സെയില്‍സ്മാന്‍ ഷാഹുല്‍ ഹമീദ് സ്വയം പിരിഞ്ഞു പോവുകയും ചെയ്തു. അതോടെ, പ്രസിഡന്റ്സ്ഥാനത്തിരുന്നു ജീവനക്കാരുടെയും ചുമതലകള്‍ നിര്‍വഹിക്കേണ്ട സ്ഥിതിയായി ഇബ്രാഹിംകുട്ടിക്ക്. ആര്‍.ആര്‍.വി. ഹൈസ്‌കൂളില്‍ അധ്യാപകനായി ലഭിച്ച താത്ക്കാലിക ജോലി ഉപേക്ഷിക്കേണ്ടതായും വന്നു.

ബാങ്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

ബാങ്കിന്റെ ഉയിര്‍പ്പു ചരിത്രത്തില്‍ ഇബ്രാഹിംകുട്ടി ആദ്യം ഓര്‍ക്കുന്ന പേരാണ് സരസ്വതി അമ്മയുടേത്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ശ്രീകാര്യം സ്വദേശിനി. അവര്‍ ഭരണസമിതിയംഗങ്ങളുടെയും താല്‍പ്പര്യമുള്ള ബാങ്കംഗങ്ങളുടെയും യോഗം വിളിച്ചുചേര്‍ത്തു. പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവരുടെ ഓഹരിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കാനും വളം ഡിപ്പോ പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചു. പ്രവര്‍ത്തനത്തിനായി ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കാനും തീരുമാനിച്ചു. അതോടെ, ശൂന്യതയില്‍ നിന്നും സ്ഥാപനത്തിനു പതുക്കെ ജീവന്‍വെച്ചു.

തുടര്‍ന്ന് ഒന്നര പതിറ്റാണ്ടിന്റെ കഠിന പ്രയത്‌നം. ജില്ലാ സഹകരണ ബാങ്കിന്റെ കടബാധ്യതയില്‍ നിന്നു മോചനം. മുമ്പ് ഓഡിറ്റിങ്ങില്‍ ക്ലാസിഫിക്കേഷനു പോലും അര്‍ഹതയില്ലാതിരുന്ന സാഹചര്യത്തില്‍ നിന്നു തുടര്‍ച്ചയായ ലാഭത്തിലൂടെ ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡ് പദവി നേടിയെടുത്തു. കഴിഞ്ഞ നാലു വര്‍ഷമായി സൂപ്പര്‍ ഗ്രേഡ് പദവി നേടാനുള്ള അര്‍ഹതയുമായി ബാങ്ക് പ്രവര്‍ത്തിക്കുന്നു. നഗരൂര്‍ പഞ്ചായത്ത് പ്രദേശം പ്രവര്‍ത്തന മേഖലയായുള്ള ബാങ്കിനു ഹെഡ് ഓഫീസിനു പുറമെ വെള്ളല്ലൂര്‍ വില്ലേജില്‍ പേരൂര്‍ ജങ്ഷനിലും ചെമ്മരുത് മുക്കിലും രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇപ്പോള്‍ എവിടെയും കടബാധ്യതയില്ലാതെ സ്വന്തം ഫണ്ടില്‍ ലാഭകരമായ പ്രവര്‍ത്തനം. ഒമ്പതിനായിരം ‘എ’ ക്ലാസ് അംഗങ്ങളുള്ള ബാങ്കിന്റെ ഓഹരി മൂലധനം ഒന്നരക്കോടിയിലേറെ രൂപയാണ്. 112 കോടിയിലധികം രൂപ നിക്ഷേപവും 83 കോടിയിലേറെ രൂപ വായ്പാ ബാക്കിയുമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സാമൂഹിക ക്ഷേമ പദ്ധതിയുടെയും കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ ആവശ്യത്തിലേക്കും 25 കോടിയിലേറെ രൂപ നിക്ഷേപബാക്കിയായി നിലനില്‍ക്കുന്നുമുണ്ട്.

അധ്യാപകനായ സഹകാരി

അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള പൊതുസ്വീകാര്യത ഇബ്രാഹിംകുട്ടിയുടെ സഹകരണ പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടായി എന്നു പറയാം. 1979 ല്‍ കുടവൂര്‍ എ.കെ.എം. ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. 1998 വരെ സര്‍വീസില്‍ തുടര്‍ന്നു. കെ.പി.എസ്.എച്ച്.എ. യുടെ ജില്ലാ പ്രസിഡന്റായിരുന്നു.

നഗരൂര്‍ ഐരൂര്‍കോണത്തു വലിയവീട്ടില്‍ അലിയാരുകുഞ്ഞിന്റെയും അവ്വ ഉമ്മാളുടെയും മകനായി 1943 ല്‍ ജനിച്ച ഇബ്രാഹിംകുട്ടി അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. രാജാരവിവര്‍മ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1966 ല്‍ എം.ജി. കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കെ കെ.എസ്.യു. ഭാരവാഹിയായി. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം വരെയെത്തി. ജില്ലാ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയും വഹിച്ചു. ഇപ്പോള്‍ ഭാരവാഹിത്തങ്ങളില്‍ നിന്നു സ്വയം ഒഴിഞ്ഞുവെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നുണ്ട്.

നഗരൂര്‍ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റായിരിക്കെ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ഇക്കാലത്തു ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗള്‍ഫ് നാടുകള്‍ എന്നിവ സന്ദര്‍ശിച്ചിട്ടുണ്ട്. കിളിമാനൂര്‍ ഹൗസിങ് സഹകരണ സംഘം പ്രസിഡന്റായിരുന്നു. കിളിമാനൂര്‍ പ്രാഥമിക കാര്‍ഷിക വികസന ബാങ്ക്, വെഞ്ഞാറമൂട് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളിലും ഡി.ആര്‍.ഡി.എ., ജില്ലാ വികസന സമിതി എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്. 1998 വരെ അധ്യാപകവൃത്തിയില്‍ നിന്നുള്ള ശമ്പളമല്ലാതെ ഏതെങ്കിലും യാത്രാബത്തയോ ഓണറേറിയമോ മറ്റു അലവന്‍സോ സ്വീകരിക്കാതെയാണ് എല്ലാ പൊതുപ്രവര്‍ത്തനവും നടത്തിയത് എന്നത് ഇബ്രാഹിംകുട്ടിയുടെ സേവന സവിശേഷതയാണ്.
ഹൗസാ ബീവിയാണ് ഭാര്യ. ഷിജി, ബിജി, ലിജി എന്നിവര്‍ മക്കളും സജിന്‍ ബാബു, സിയാദ്, ജാഫര്‍ഖാന്‍ എന്നിവര്‍ മരുമക്കളുമാണ്.

നാടിന്റെ ആദരം

അമ്പത്തൊന്നാണ്ടിന്റെ അനുസ്യൂത സഹകരണ സേവനത്തിന് നഗരൂര്‍ ജനത ഇബ്രാഹിംകുട്ടിക്കു കഴിഞ്ഞ മാസം മാതൃകാപരമായ ആദരവ് അര്‍പ്പിച്ചു. ബാങ്കിന്റെയും പഞ്ചായത്തിന്റെയും മുന്‍കാല ഭരണസമിതി അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചേര്‍ന്നുള്ള സംഘാടകസമിതി ഒരു മാസം നീണ്ട പരിപാടികളോടെയാണു ‘സഹകരണ ജേതാവിന്’ അനുമോദനം നല്‍കിയത്. ‘സ്‌നേഹപൂര്‍വ്വം സാറിന്’ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ മുപ്പതു നിരാലംബ രോഗികള്‍ക്ക് അയ്യായിരം രൂപ വീതം ചികിത്സാ സഹായം, വിദ്യഭ്യാസ അവാര്‍ഡ് വിതരണം, ഗാന്ധിസ്മൃതി സന്ധ്യ, സാംസ്‌കാരിക സമ്മേളനം, മെഡിക്കല്‍ ക്യാമ്പ്, രക്തദാന ക്യാമ്പ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിരുന്നു. കൊടുംകാറ്റില്‍ വീട് പൂര്‍ണമായും തകര്‍ന്ന നഗരൂര്‍ കോട്ടയ്ക്കല്‍ ലിസിക്കു പുതിയ വീട് നിര്‍മിച്ചു നല്‍കാന്‍ മുന്‍കൈ എടുത്തുകൊണ്ടാണ് അരനൂറ്റാണ്ടിന്റെ സഹകരണ ശോഭക്ക് ഇബ്രാഹിംകുട്ടി കൂടുതല്‍ തിളക്കം ചാര്‍ത്തിയത്. അടൂര്‍ പ്രകാശ് എം.പി.യുടെ ‘ആറ്റിങ്ങല്‍ കെയര്‍’ എന്ന പദ്ധതിയുടെ സഹായവും സഹകാരികളുടെയും പൊതുപ്രവര്‍ത്തകരുടെയും സഹായവും ഏകോപിപ്പിച്ചുകൊണ്ടാണു ലിസിക്കു പുതിയ വീട് പണിതു നല്‍കിയത്. വീടിന്റെ താക്കോല്‍ കൈമാറല്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത അനുമോദന പരിപാടിയില്‍ നടന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു? ഇബ്രാഹിംകുട്ടിയുടെ മറുപടി ലളിതം. ‘ സഹകരണമെന്നതു സ്‌നേഹമാണ്. സ്‌നേഹം കൊണ്ട് എന്തും കീഴടക്കാം. ഏതു വെല്ലുവിളികളും അതിജീവിക്കാം. ഒരു നാട് മുഴുവന്‍ ഒരുമിച്ചു നിന്നു. അവര്‍ക്കൊപ്പം ഞാനും. എന്റെ പേരു ചേര്‍ത്താണു നാട്ടുകാര്‍ ബാങ്കിനെ പറയുക. അതിലും വലിയ ജീവിതാഹ്ലാദം വേറെന്തുണ്ട് ? ‘. സേവനം സ്‌നേഹമാക്കിയ ഒരു സഹകാരിയുടെ മറുപടിയില്‍ എളിമയുടെ പുഞ്ചിരി.

Read also