ഇ – ലോകത്ത് സഹകരണ ലോകവും മാറിയേ തീരൂ

moonamvazhi

– കെ. സിദ്ധാര്‍ഥന്‍

(2021 മെയ് ലക്കം)

നമ്മുടെ ജീവിതവും ജീവിതരീതിയും കാഴ്ചപ്പാടും കോവിഡ് മാറ്റിമറിച്ചു. ഇന്റര്‍നെറ്റ് അധിഷ്ഠിത ലോകത്താണു നമ്മള്‍ ജീവിക്കുന്നത്. ഡിജിറ്റല്‍ – ഇന്റര്‍നെറ്റ് ബിസിനസ് രീതിയിലേക്കു കാലം മാറുന്ന ഈ പരിവര്‍ത്തന ഘട്ടത്തില്‍ സഹകരണ ബാങ്കുകള്‍ക്കും മാറാതെ നിവൃത്തിയില്ല.

സാങ്കേതിക – ഇന്റര്‍നെറ്റ് മേഖലയില്‍ അഞ്ചു വര്‍ഷം കൊണ്ടുണ്ടാകേണ്ട മുന്നേറ്റം ഒരു വര്‍ഷം കൊണ്ട് സാധ്യമാക്കി എന്നതാണു കോവിഡ് ലോകത്താകെയും , ഇന്ത്യയില്‍ പ്രത്യേകിച്ചും , ഉണ്ടാക്കിയ മാറ്റം. വിദ്യാഭ്യാസം, ആരോഗ്യം, വാണിജ്യം, ബാങ്കിങ് മേഖലകളിലെല്ലാം ഓണ്‍ ലൈന്‍ രീതി വ്യാപകമായി. ടാക്‌സിക്കു പണം നല്‍കാനും വീട്ടിലേക്കു ഉപ്പു വാങ്ങാനുമെല്ലാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സ്ഥിതി വന്നു. വെര്‍ച്വല്‍ പ്രാര്‍ഥനയും ബിസിനസ് കൂടിച്ചേരലുകളും ജനകീയമായി. ഓഫീസുകള്‍പോലും വെര്‍ച്വല്‍ മാത്രമാകുന്ന രീതിയിലേക്കു ഇന്ത്യയില്‍ത്തന്നെ പല കമ്പനികളുമെത്തി. 2020 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ വ്യക്തിഗത ഇന്റര്‍നെറ്റ് ഉപയോഗം ശരാശരി 13.5 ജി.ബി. ഡാറ്റയാണെന്നാണു ബ്രോഡ് ബാന്‍ഡ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തു നിലവില്‍ ഫോര്‍ ജി ഉപഭോക്താക്കളുടെ എണ്ണത്തിലും വന്‍കുതിപ്പാണു കാണുന്നത്. ഈ വിഭാഗത്തില്‍മാത്രം ഉപഭോക്താക്കള്‍ 70 കോടി കടന്നു. 10 കോടി പുതിയ ഫോര്‍ ജി കണക്ഷനും ഒരു വര്‍ഷത്തിനിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഡാറ്റ ഉപയോഗത്തില്‍ 99 ശതമാനവും ഫോര്‍ ജി നെറ്റ് വര്‍ക്കിലൂടെയായിരുന്നു. അതേസമയം, ത്രീ ജി ഉപയോഗത്തില്‍ 56 ശതമാനത്തിലേറെ ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഡാറ്റ ഉപയോഗത്തിന്റെ ഈ കണക്കു മാത്രം പരിശോധിച്ചാല്‍ മാറുന്ന കാലവും സാഹചര്യവും ബോധ്യപ്പെടും.

രാജ്യത്തു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിനു 60 ഇരട്ടിയോളം വര്‍ധനവുണ്ടായതായാണു റിപ്പോര്‍ട്ട്. മൊബൈല്‍ ബ്രോഡ്ബാന്റ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്സിലാണു ഡാറ്റ ഉപയോഗത്തിലെ കുതിപ്പ് കാണിക്കുന്നത്. അതായത്, കോവിഡ് രോഗവ്യാപനം മാത്രമല്ല ഓണ്‍ലൈന്‍ – ഇന്റര്‍നെറ്റ് അധിഷ്ഠിത മേഖലകള്‍ വളരാന്‍ കാരണം എന്നതാണു ഇതു കാണിക്കുന്നത്. സേവനം വിരല്‍ത്തുമ്പിലേക്കു മാറ്റാനുള്ള ശ്രമം ഓരോ വര്‍ഷവും ഓരോ മേഖലയിലും നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ മാറ്റമാണു ഡാറ്റ ഉപയോഗത്തിന്റെ മുന്നേറ്റത്തില്‍ പ്രകടമാകുന്നത്. കോവിഡ് ജനങ്ങളെ ഒറ്റപ്പെടുത്തുകയും സമൂഹിക ഇടപെടലിനു നിയന്ത്രണം വരുത്തുകയും ചെയ്തതോടെ ഡിജിറ്റല്‍ മേഖലയിലെ മുന്നേറ്റത്തിനു കുതിപ്പ് കൂടിയെന്നതാണു വസ്തുത. ടെക്നോളജിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ആധുനിക ജീവിതം ഇന്റര്‍നെറ്റ് അധിഷ്ഠിതമാണ്. വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് മനുഷ്യന്റെ ആരോഗ്യം ഭീഷണി നേരിട്ടുതുടങ്ങിയപ്പോള്‍ ലോകം വിവര സാങ്കേതികതയെ ചേര്‍ത്തുപിടിച്ചു. ഭരണ കേന്ദ്രങ്ങളില്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങളില്‍, ട്രാന്‍സ്പോര്‍ട്ടേഷനില്‍, വ്യാപാര മേഖലയില്‍, ഹെല്‍ത്ത് കെയറില്‍ അങ്ങനെ സമസ്ത മേഖലയിലും ടെക്നോളജിയുടെ സര്‍വസാനിധ്യമായി. ഈ സാഹചര്യത്തിലാണു രാജ്യത്തെ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിന്റെ തോതു കൂടിയതിന്റെ കണക്കും പുറത്തുവരുന്നത്.

കുട്ടികളെ മൊബൈല്‍ ഫോണില്‍നിന്നു അകറ്റിനിര്‍ത്തണമെന്നു ശഠിച്ചവര്‍ അവരെ മൊബൈല്‍ ഫോണില്‍ തളച്ചിടാന്‍ നിര്‍ബന്ധിതരായി. പ്രാഥമിക തലം മുതല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വേണ്ടിവന്നതോടെയാണു ഇതു അനിവാര്യമാക്കിയത്. പ്രായ – ലിംഗ വ്യത്യാസമില്ലാതെ വിവര സാങ്കേതികത ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 50.4 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്തു സജീവമായി വ്യാപരിക്കുന്നവരാണ്. ഇതില്‍ത്തന്നെ 14 ശതമാനം പേര്‍ അഞ്ചിനും 11 നു വയസ്സിനിടയിലുള്ളവരാണ്. 43 ശതമാനം 12 വയസ്സിനു മുകളിലുള്ളവരാണ്. ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേയുടെ ഡാറ്റ പ്രകാരം രാജ്യത്തെ സജീവ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 70 ശതമാനവും ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഗ്രാമീണ ജനതയുടെ ഇന്റര്‍നെറ്റ് ആഭിമുഖ്യത്തിലും മുന്നേറ്റമുണ്ടായിട്ടുണ്ട്. കണക്ടിവിറ്റി, സേവന ഗുണനിലവാരം, ചെലവു കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് എന്നിവ വഴി ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ഭാവിയില്‍ കാര്യമായി ഉയരുമെന്നാണു വിലയിരുത്തല്‍.

2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം 76 ശതമാനത്തിന്റെ വളര്‍ച്ചയാണു കാണിക്കുന്നത്. ഇതു ആഗോളാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഡാറ്റ ഉപയോഗത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്കാണ്. 2020 ല്‍ മാത്രം 36 ശതമാനം വാര്‍ഷിക വളര്‍ച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതാണു കോവിഡ് ഇന്റര്‍നെറ്റ് അധിഷ്ഠിത മുന്നേറ്റത്തിനു വേഗം നല്‍കിയെന്നു പറയുന്നത്. ഇതിനൊപ്പം, രാജ്യത്തു ഫോര്‍ ജി നെറ്റ്‌വര്‍ക്ക് ഉപയോഗം വര്‍ധിച്ചതും ഈ മുന്നേറ്റത്തിനു കാരണമാണ്. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടുകയാണ്. നഗര – ഗ്രാമ ഭേദമില്ലാതെയുള്ള ഈ വളര്‍ച്ച മാറിയ ജീവിത സാഹചര്യത്തിന്റെ പരിണിതിയാണ്. സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കു മാറുന്നു. നെറ്റ് ബാങ്കിങ്, ഇ – കൊമേഴ്സ്, ടെലി എഡ്യുക്കേഷന്‍, മീഡിയ തുടങ്ങി ഇന്റര്‍നെറ്റ് അധിഷ്ഠിത ജീവിതത്തിന്റെ സജീവതയിലാണു ലോകം. ഇന്റര്‍നെറ്റ് സാങ്കേതികതയുടെ ആവശ്യകതയിലേക്കാണു ഓരോ ദിവസവും ലോകത്തിന്റെ മാറ്റം. കോവിഡ് കാലം അതു ഓര്‍മിപ്പിച്ചു. ഡാറ്റ ഉപയോഗത്തിന്റെ കുതിച്ചുചാട്ടമായിരിക്കും ഇനിയും ഉണ്ടാവുകയെന്നതില്‍ സംശയമില്ല. ടെക്നോളജി ജീവിത സങ്കീര്‍ണതകളെ ലഘൂകരിക്കുന്ന സവിശേഷ സാഹചര്യങ്ങളിലൂടെയാണു ലോകം മുന്നോട്ടുപോകുന്നത്. അതു ജനസമാന്യത്തിന്റെ ദൈനംദിന ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമാകട്ടെ പ്രവചനാതീതവുമാണ്.

‘ഡാറ്റ’ മാറ്റിയ ബിസിനസ് ലോകം

ചരക്ക് – സേവന മേഖലകളിലെല്ലാം കോവിഡ് വ്യാപനം ബിസിനസ് രീതി മാറ്റിമറിച്ചു. ടൂറിസം ഉള്‍പ്പടെയുള്ള പല മേഖലകളും തകര്‍ച്ചയുടെ പടുകഴിയിലേക്കു വീണു. കേരളത്തില്‍ മാത്രം ടൂറിസം മേഖലയിലുള്ള 15 ലക്ഷം പേരുടെ ജീവിതോപാധിയാണു കോവിഡ് ഇല്ലാതാക്കിയതെന്നാണു ഏകദേശ കണക്ക്. ഇ – കൊമേഴ്‌സ് രംഗം പുരോഗതി പ്രകടമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍, സോഫ്റ്റ്‌വെയര്‍ മേഖലകള്‍ എന്നിവയെല്ലാം കാലോചിതമായി പരിഷ്‌കരിക്കപ്പെട്ടു. ബാങ്കിങ് ഡിജിറ്റലൈസേഷന്‍ വേഗത്തിലാക്കി. പണമിടപാടുകള്‍ക്കുള്ള മൊബൈല്‍ ആപ്പ് ഗ്രാമീണ മേഖലയിലടക്കം പ്രചാരത്തിലായി. ക്ലിനിക്കുകള്‍ക്കു പകരം ഇ – ഹെല്‍ത്തും ട്യൂഷന്‍ സെന്ററുകള്‍ക്കു പകരം ഇ – എഡ്യുക്കേഷനും വന്നു. കലാപഠന ശാലകള്‍, പെര്‍ഫോമിങ് ആര്‍ട്ടുകള്‍ എന്നിവയെല്ലാം തകര്‍ച്ചയെ നേരിട്ടുതുടങ്ങി. കോവിഡ് പടര്‍ന്നുകയറിയ ഒരു വര്‍ഷത്തിലധികം വരുന്ന കാലയളവ് മനുഷ്യന്റെ ജീവിതവും ജീവിതരീതിയും മാത്രമല്ല, കാഴ്ചപ്പാടും മാറ്റിയെന്നതാണു വസ്തുത.

എല്ലാ മേഖലകളിലും ഡിജിറ്റല്‍ രീതി വ്യാപകമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രാധാന്യം നേടി. വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ വന്നു. കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം സാധ്യമാകുമെന്ന പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന കെ – ഫോണ്‍ പദ്ധതി പൂര്‍ണരീതിയില്‍ നടപ്പായാല്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഡിജിറ്റല്‍ രീതികള്‍ വരുന്നതു പുതിയകാല ബിസിനസ് വളര്‍ച്ചയുടെ ഗതിവേഗം കൂട്ടുമെന്നുറപ്പാണ്. കൃഷിയിലും മറ്റും ‘ഡിജിറ്റലൈസേഷന്‍’ നടക്കുന്നുവെന്നതു കാണാതിരിക്കാനാവില്ല. ജൈവക്കൃഷി, കാര്‍ഷികോല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിങ് എന്നിവയെല്ലാം വളര്‍ച്ച നേടി. സ്റ്റാര്‍ട്ടപ്പുകള്‍ക്കു ടെക്നോളജിയുടെ വളര്‍ച്ച ഗുണം ചെയ്തു. ഇ – പെയ്മെന്റ് സാര്‍വത്രികമായി. ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലായി. സര്‍ക്കാര്‍ ഇടപാടുകള്‍ ഇ പ്ലാറ്റ്‌ഫോമിലേക്കു മാറി. പരമ്പരാഗത തൊഴില്‍ മേഖലകളും ബിസിനസ് രീതികളുമാണു പ്രതിസന്ധിയുടെ പടുകുഴിയിലായത്. ചെറുകാറുകള്‍ക്കു പ്രചാരം കൂടിയപ്പോള്‍ ടാക്‌സികളും പൊതുഗതാഗത സംവിധാനങ്ങളും ബുദ്ധിമുട്ടു നേരിട്ടു.

സംയുക്ത സംരംഭങ്ങളും വിപണനരീതിയും പ്രചാരത്തിലാക്കിയെന്നതാണു ഇന്റര്‍നെറ്റ് അധിഷ്ഠിത സമൂഹം തീര്‍ത്ത മറ്റൊരു മാറ്റം. ഒറ്റപ്പെട്ട ഉല്‍പ്പാദനവും വിതരണവും വിപണനവും ഇനിയുള്ള കാലത്തു പ്രായോഗികമല്ലെന്ന ബോധ്യത്തിലേക്കു ബിസിനസ് ലോകമെത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലാണങ്കില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് കേന്ദ്രീകൃത വിപണന സംവിധാനമൊരുക്കാനുള്ള ശ്രമങ്ങളാണു ഗ്രാമതലത്തില്‍ പോലും നടക്കുന്നത്. ഗ്രാമച്ചന്തകള്‍ വീണ്ടും പിറന്നതു ഇതിന്റെ ഫലമായാണ്. സമൂഹ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയെല്ലാം വിപണനത്തിനുള്ള സാധ്യതകളായി. കച്ചവടക്കാരന്‍ നിത്യോപയോഗ സാധനങ്ങളുടെ ഓര്‍ഡറുകള്‍ വാട്‌സ്ആപ്പ് വഴി സ്വീകരിക്കുകയും ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് രീതികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തുതുടങ്ങി. ഉല്‍പ്പാദകരെയും ഉപഭോക്താക്കളെയും വിപണന സംവിധാനങ്ങളെയും ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കിയുള്ള ബിസിനസ് രീതിക്കാണു ഇപ്പോള്‍ പ്രചാരം ലഭിക്കുന്നത്.

സഹകരണത്തിന്റെ ഭാവി

ഒത്തുചേരുകയും ഒപ്പം നില്‍ക്കുകയും ചെയ്യുകയെന്നതാണു സഹകരണത്തിന്റെ രീതിയും പ്രത്യയശാസ്ത്രവും. നിശ്ചിത മേഖല പ്രവര്‍ത്തന പരിധിയാക്കി ബിസിനസ് ചിട്ടപ്പെടുത്തുന്നതാണു സഹകരണ സംഘങ്ങളുടെ രീതി. ആ പ്രദേശത്തെ ജനങ്ങളെ അംഗങ്ങളാക്കുകയും അവരുമായി നിരന്തര സമ്പര്‍ക്കം സ്ഥാപിക്കുകയും അവരുടെ ക്ഷേമത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതുമാണു സഹകരണ ബിസിനസിന്റെ വിജയരഹസ്യം. ഇതു ഡിജിറ്റല്‍ – ഇന്റര്‍നെറ്റ് ബിസിനസ് രീതിയിലേക്കു കാലം മാറുന്ന പരിവര്‍ത്തന ഘട്ടമാണ്. അതിനാല്‍, നിലവിലെ പ്രവര്‍ത്തന രീതിയില്‍നിന്നു സഹകരണ സംഘങ്ങളും മാറേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഭക്ഷ്യോല്‍പ്പാദനം മുതല്‍ മരുന്നു വിതരണം വരെ സഹകരണ സംഘങ്ങള്‍ നല്ല രീതിയില്‍ ഏറ്റെടുത്തു നടത്തുന്ന കേരളത്തില്‍.

വായ്പാ മേഖല, കണ്‍സ്യൂമര്‍ രംഗം, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു ശക്തമായ സാനിധ്യമുണ്ട്. എന്നാല്‍, ഇവയിലൊന്നിലും കേന്ദ്രീകൃതമായ ഏകോപനമില്ല. സ്‌കൂള്‍ സഹകരണ സംഘങ്ങള്‍ എല്ലാ ജില്ലയിലും എണ്ണത്തില്‍ ഏറെയുണ്ടെങ്കിലും പ്രവര്‍ത്തനത്തില്‍ നിര്‍ജീവമാണെന്നു പറയാം. ഇവയ്ക്കും ദിശാബോധമില്ലാത്ത പ്രവര്‍ത്തനമാണു പ്രതിസന്ധിയായി നില്‍ക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ മിക്കവാറും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഈ ലാഭത്തില്‍നിന്നുള്ള വിഹിതം ഉപയോഗിച്ചാണു ഡയാലിസിസ് സെന്റര്‍ മുതല്‍ ആംബുലന്‍സ് സര്‍വീസ് വരെ അവര്‍ നടത്തുന്നത്. ഇതിനും സംസ്ഥാന തലത്തില്‍ ഏകോപനമില്ല. സാങ്കേതിക സംവിധാനത്തിലൂടെ സഹകരണ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്ക് സിസ്റ്റം എല്ലാ മേഖലയിലും സ്ഥാപിക്കേണ്ടതു സഹകരണ ബിസിനസ് വളര്‍ച്ചയ്ക്കു അനിവാര്യമായിത്തീര്‍ന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വളര്‍ച്ചയും അതുപയോഗിച്ച് സേവനം ലഭിക്കണം എന്നാഗ്രഹിക്കുന്ന ജനസഞ്ചയവും കൂടിവരുന്ന ഘട്ടമാണിത്.

‘ സഹകരണ സംഘങ്ങള്‍ക്കിടയിലെ സഹകരണം ‘ എന്നതു ഒരു സഹകരണ തത്വമാണ്. ഈ പരസ്പരാശ്രിത സഹകരണ സംഘങ്ങള്‍ എന്ന ആശയം കേരളത്തില്‍ ഇതുവരെ പാലിക്കാനായിട്ടില്ല. ഒരുമിച്ചു മുന്നേറണമെന്ന കോവിഡാനന്തര ബിസിനസ് പാഠം സഹകരണ മേഖലയും ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍ പ്രതിസന്ധികള്‍ ഒരുപാട് നേരിടേണ്ടിവരും. മൊബൈലിലേക്കു സേവനങ്ങളെത്തിക്കാന്‍ സഹകരണ മേഖലയ്ക്കു കഴിയണമെന്ന ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി. അതിനുള്ള വഴികളെല്ലാം പ്രായോഗികമല്ലാത്ത സമീപനങ്ങളാലും പിടിവാശിയാലും മുടങ്ങിപ്പോകുന്നുവെന്നതാണു അനുഭവം. വായ്പാ മേഖലയിലൂന്നിയായിരുന്നു ഇതുവരെയുള്ള ഇത്തരം ചര്‍ച്ചകളെങ്കില്‍ ഇപ്പോള്‍ കണ്‍സ്യൂമര്‍ – സേവന മേഖലകളിലടക്കം ഈ മാറ്റം വേണ്ടിവന്നിരിക്കുകയാണ്.

വായ്പാ ശൃംഖല വികസിപ്പിക്കല്‍

പ്രാഥമിക സഹകരണ ബാങ്കുകളെ കേരള ബാങ്കുമായി ബന്ധിപ്പിച്ച് ഒരു വായ്പാ ശൃംഖല വികസിപ്പിക്കാനുള്ള ചര്‍ച്ചകളും നടപടികളും ഇതിനകം നടന്നിട്ടുണ്ട്. നബാര്‍ഡിന്റെ 2020-21 കാലത്തെ അവലോകന റിപ്പോര്‍ട്ടിലും ഇത്തരമൊരു ശൃംഖല തീര്‍ക്കേണ്ടതു അനിവാര്യമാണെന്നാണു ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതിനു സാമ്പത്തിക സഹായം ചെയ്യാനും നബാര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപവരെ ഒരു സംസ്ഥാനത്തിനു നല്‍കാമെന്നാണു തീരുമാനം. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു പരസ്പരം ഇടപാട് നടത്താനും പ്രാഥമിക സംഘങ്ങളിലെ അംഗങ്ങള്‍ക്കു സംസ്ഥാനത്തു എവിടെനിന്നു പണം കൈപ്പറ്റാനുമുള്ള നിലയിലേക്കു ഈ ശൃംഖല മാറണമെന്നാണു നബാര്‍ഡ് നിര്‍ദേശിക്കുന്നത്. ഇതുവരെ ഗ്രാമീണ മേഖലയിലെ ഏക സാമ്പത്തിക ഇടപാട്സ്ഥാപനമായി നിന്നിരുന്നതു സഹകരണ ബാങ്കുകളാണ്. സംസ്ഥാനത്തു എല്ലാ പഞ്ചായത്തുകളിലും സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു നേരിട്ട് ബന്ധമുള്ള ധനകാര്യ സ്ഥാപനമായി ഇവ നിന്നു. അതായിരുന്നു സഹകരണ വായ്പാ മേഖലയുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കിയത്.

അതേസമയം, ഇന്റര്‍നെറ്റിന്റെ വ്യാപനവും കോവിഡ് വ്യാപനമുണ്ടാക്കിയ ശീലവും കാരണം ‘നേരിട്ട് ബന്ധമുള്ള ധനകാര്യ സ്ഥാപന’മെന്ന ബലത്തില്‍ മാത്രം സഹകരണ ബാങ്കുകള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ലെന്ന നിലയുണ്ടാക്കിയിട്ടുണ്ട്. ബാങ്കിങ് ആപ്പുകള്‍ ജനകീയമാവുകയും ആപ്പുവഴി വായ്പ എന്ന പരിഷ്‌കാരത്തിലേക്കു ബാങ്കിങ് മേഖല മാറുകയും ചെയ്താല്‍ നേരിട്ട് ഒരു ധനകാര്യ സ്ഥാപനത്തിലേക്കും ജനങ്ങള്‍ക്കു പോകേണ്ടിവരില്ല. ഗ്രാമത്തിലെന്നല്ല, അതത് ജില്ലകളില്‍പ്പോലും ബാങ്കുകള്‍ക്കു ശാഖവേണമെന്നു നിര്‍ബന്ധവുമില്ല. സാമൂഹിക അകലം ജീവിതത്തിന്റെ ഭാഗമായ ഘട്ടത്തിലാണു കോര്‍പ്പറേറ്റ് – വാണിജ്യ ബാങ്കുകള്‍ ഈ മാറ്റം കൊണ്ടുവരുന്നതെന്നു സഹകാരികള്‍ തിരിച്ചറിയേണ്ടതുണ്ട്. ജനകീയ സ്ഥാപനങ്ങളാണു സഹകരണ ബാങ്കുകള്‍. ഓരോ പ്രദേശത്തെയും ജനങ്ങളുടെ ജീവിതാവസ്ഥ നേരിട്ടറിയുന്നവരാണു അതിലെ ജീവനക്കാര്‍. അതിനാല്‍, സഹകരണ ബാങ്കുകളുടെ മനുഷ്യത്വപരമായ ബാങ്കിങ് പ്രവര്‍ത്തന മേഖലയിലേക്കു കോര്‍പ്പറേറ്റ് ബാങ്കിങ് ആധിപത്യം സ്ഥാപിക്കുന്നതു ഒരു നല്ല മാറ്റമായി കാണാനാവില്ല. അതേസമയം, ഇന്റര്‍നെറ്റ് അധിഷ്ഠിത സാമ്പത്തിക ഇടപാട്‌രീതി ജനങ്ങള്‍ക്കു അനിവാര്യമായി മാറുമ്പോള്‍ ഈ കോര്‍പ്പറേറ്റ് ബാങ്കിങ് രീതിയെ പ്രതിരോധിക്കാനുമാവില്ല. അതിനുവേണ്ടത് സഹകരണ ബാങ്കുകള്‍ ഇത്തരം സേവനദാതാക്കളാവുകയെന്നതാണ്.

സേവന രംഗം

സഹകരണ വായ്പാ ശൃംഖലയുടെ ഏകോപനവും ഡിജിറ്റലൈസേഷനും സാധ്യമാക്കിയാല്‍ മാത്രം സഹകരണ ബിസിനസ് മെച്ചപ്പെടുത്താനാകുമെന്നു കരുതാനാവില്ല. അതിനു വായ്പാ ശൃംഖലയുടെ ഭാഗമായിത്തന്നെ കണ്‍സ്യൂമര്‍ – മാര്‍ക്കറ്റിങ് – സേവന മേഖലകളെയും ബന്ധിപ്പിക്കാനാവണം. ഇ – കൊമേഴ്‌സ് രംഗത്തേക്കു കടക്കാനുള്ള ശ്രമം സഹകരണ വകുപ്പ് നടത്തിയെങ്കിലും അതു വിജയം കണ്ടിട്ടില്ല. ദീര്‍ഘവീക്ഷണമോ വൈദഗ്ധ്യമോ ഇല്ലാത്തവര്‍ ഈ പദ്ധതി നടപ്പാക്കാനൊരുങ്ങിയതാണു അതിനു കാരണമായത്. കണ്‍സ്യൂമര്‍ സ്റ്റോറുകളുടെ സേവനം വീടുകളിലെത്തിക്കാനുള്ള നെറ്റ്‌വര്‍ക്കാണു വികസിപ്പിക്കേണ്ടത്. ഒരു പഞ്ചായത്തില്‍ ഒരു കണ്‍സ്യൂമര്‍ സ്റ്റോറും അവിടെനിന്നു കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ വീടുകളിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയാല്‍ പുതിയ കാലത്തു പൊരുതിനില്‍ക്കാന്‍ കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്കു കഴിയും. ഇതിനു സഹകരണ വായ്പാ ശൃംഖലയിലാകെ ഉപയോഗിക്കാവുന്ന കണ്‍സ്യൂമര്‍ കാര്‍ഡുകളിറക്കിയാല്‍ രണ്ടു സഹകരണ മേഖലയുടെ ബിസിനസ് ഏകോപിപ്പിക്കപ്പെടും.

സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്ക് ഒരുക്കുമ്പോള്‍ അവയുടെ സേവന മേഖലകളെ ഏകോപിപ്പിക്കാനുള്ള നടപടി കൂടിയുണ്ടാകണം. സഹകരണ ബാങ്കുകള്‍ പലയിടത്തും ആംബുലന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. ഈ ആംബുലന്‍സുകളുടെ സേവനം ഒറ്റ നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരണം. സംസ്ഥാനത്താകെ ബാധകമാകുന്ന ഒരു ടോള്‍ഫ്രീ നമ്പര്‍ നല്‍കുകയും ഇതിലേക്കു എവിടെനിന്നു വിളിച്ചാലും ആ പ്രദേശത്തെ ആംബുലന്‍സിന്റെ സേവനം ഉറപ്പുവരുത്തുകയും വേണം. ഇത്തരത്തില്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരസ്പരാശ്രിതമായി ഉപയോഗപ്പെടുത്താന്‍ അവയെ ഒന്നിപ്പിക്കുകയും അതു പൊതുജനങ്ങളിലേക്കു എത്തിക്കാന്‍ സാധിക്കുകയും ചെയ്താലേ ഡിജിറ്റല്‍ കാലത്തു സഹകരണ മേഖലയ്ക്കു പിടിച്ചുനില്‍ക്കാനാകൂ. അല്ലെങ്കില്‍, അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന പൊതുതത്വം അംഗീകരിച്ച് പല സഹകരണ സംഘങ്ങള്‍ക്കും അകാലചരമത്തിനു ഊഴം കാത്തു കഴിയേണ്ടിവരും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!