കേരള സഹകരണ സംഘ നിയമം – 1969 ഭേദഗതി നിര്‍ദേശങ്ങള്‍ വിലയിരുത്തുമ്പോള്‍

moonamvazhi

(2020 നവംബര്‍ ലക്കം )

ബി.പി.പിള്ള
(മുന്‍ ഡയരക്ടര്‍ , എ.സി.എസ്.റ്റി.ഐ.,
തിരുവനന്തപുരം)

1969 മെയ് 15 നു പ്രാബല്യത്തില്‍ വന്ന കേരള സഹകരണ സംഘ നിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്താന്‍ നിയോഗിക്കപ്പെട്ട സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് ലേഖകന്‍.

കേരള സഹകരണ സംഘ നിയമം 1969 മെയ് 15ന് പ്രാബല്യത്തില്‍ വന്നശേഷം നിരവധി തവണ നിയമത്തിലെ വ്യവസ്ഥകളില്‍ കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ മാറ്റങ്ങളോ വരുത്തിക്കൊണ്ട് ഭേദഗതികളുണ്ടായിട്ടുണ്ട്. ഭരണഘടനാ ഭേദഗതി , ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് , നബാര്‍ഡ് ആക്ട് , ആദായനികുതി നിയമം തുടങ്ങിയ ദേശീയ നിയമങ്ങള്‍ക്കനുസൃതമായോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായോ കോടതിവിധികളുടെ പശ്ചാത്തലത്തിലോ സഹകരണ നിയമം ഭേദഗതി ചെയ്യേണ്ടിവരാറുണ്ട്. സര്‍ക്കാര്‍ നിയമിക്കുന്ന സമിതികളുടെ നിര്‍ദേശത്തിന്മേലും നിയമഭേദഗതികള്‍ നടത്തിയിട്ടുണ്ട്.

കേരള സഹകരണ സംഘ നിയമത്തില്‍ കാലോചിതമായി വരുത്തേണ്ട ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിനായി ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. സഹകരണ മേഖലയിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി ഭാവിവികസനത്തിന് അടിത്തറ നല്‍കാവുന്ന രീതിയില്‍ 1969 ലെ കേരള സഹകരണ സംഘ നിയമവും ചട്ടവും സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു നിയമ പരിഷ്‌കരണക്കമ്മിറ്റിയെ ഏല്‍പ്പിച്ച ഉത്തരവാദിത്തം. 2019 ജൂലായില്‍ രൂപവല്‍കരിക്കപ്പെട്ട നിയമ പരിഷ്‌കരണക്കമ്മിറ്റിയുടെ സഹകരണ നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ 2020 ഒക്ടോബറില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. സമിതിയുടെ ഭേദഗതി നിര്‍ദേശങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

2010 ല്‍ കൂട്ടിച്ചേര്‍ത്ത പ്രൊവിസോ

1. കേരള സഹകരണ സംഘ നിയമത്തിലെ വകുപ്പ് രണ്ടില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍വചനം ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പാര്‍ട്ട് V ല്‍ അവയ്ക്ക് നല്‍കിയിട്ടുള്ള നിര്‍വചനത്തിനനുസൃതമായി ഭേദഗതി വരുത്തണമെന്നും 2010 ഏപ്രിലില്‍ വരുത്തിയ ഭേദഗതിയുടെ ഫലമായി അതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രൊവിസോ നീക്കണമെന്നും സഹകാരികള്‍ ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. വകുപ്പ് രണ്ടി ( ഒ.എ.എ. ) ല്‍ ഒരു വില്ലേജോ പഞ്ചായത്തോ അല്ലെങ്കില്‍ ഒരു മുനിസിപ്പാലിറ്റിയോ പ്രവര്‍ത്തന മേഖല ആയിട്ടുള്ളതും കാര്‍ഷിക വായ്പാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക എന്നത് മുഖ്യ ലക്ഷ്യമായിട്ടുള്ളതും സഹകരണ സംഘം രജിസ്ട്രാര്‍ നിശ്ചയിക്കുന്ന പലിശനിരക്കില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കേണ്ടതുമായ ഒരു സര്‍വീസ് സഹകരണ സംഘമോ സര്‍വീസ് സഹകരണ ബാങ്കോ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കോ റൂറല്‍ ബാങ്കോ ആണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. 2000 ജനുവരി ഒന്നിനു നിലനിന്നിരുന്ന സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും പ്രവര്‍ത്തന പരിധിയിലെ നിയന്ത്രണം ബാധകമല്ലെന്ന പ്രൊവിസോയും 2010 ല്‍ കൂട്ടിച്ചേര്‍ത്ത രണ്ടാമത്തെ പ്രൊവിസോയില്‍ മുകളില്‍ സൂചിപ്പിച്ച മുഖ്യ ലക്ഷ്യം നിറവേറ്റപ്പെടാത്ത സാഹചര്യത്തില്‍ ഈ നിയമത്തിലോ ചട്ടത്തിലോ സംഘ നിയമാവലിയിലോ വ്യക്തമാക്കിയിട്ടുള്ള വിധം ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ എല്ലാ സ്വഭാവങ്ങളും നഷ്ടപ്പെടുമെന്നും ഉണ്ടായിരുന്നു. 2010 ല്‍ കൂട്ടിച്ചേര്‍ത്ത രണ്ടാമത്തെ പ്രൊവിസോയുടെ പശ്ചാത്തലത്തിലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സ്ഥാപനം പ്രാഥമിക കാര്‍ഷിക വായ്പാ സംഘം ആണെന്നുള്ള രജിസ്ട്രാറുടെ ഒരു സര്‍ട്ടിഫിക്കറ്റ് കൂടി അതോടൊപ്പം നല്‍കണമെന്ന ശ്രദ്ധേയമായ വിധി 2019 ല്‍ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘം

അംഗങ്ങള്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കോ അല്ലെങ്കില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനം ഉള്‍പ്പെടെയുള്ള കാര്‍ഷികാനുബന്ധ ആവശ്യങ്ങള്‍ക്കോ സാമ്പത്തിക സൗകര്യം ചെയ്തുകൊടുക്കുക എന്നത് പ്രാഥമിക ലക്ഷ്യമോ മുഖ്യ ബിസിനസോ ആയിട്ടുള്ള ഒരു സഹകരണ സംഘം എന്ന നിര്‍വചനമാണ് ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. കൂടാതെ, ഇതര സഹകരണ സംഘങ്ങള്‍ക്ക് അംഗത്വം നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ സംഘനിയമാവലിയില്‍ ഉണ്ടായിരിക്കുകയും വേണം.

കേരള സഹകരണ സംഘനിയമ പ്രകാരം കാര്‍ഷിക വായ്പാ വിതരണം പ്രധാന ഉദ്ദേശ്യവും ബിസിനസും ആയിരിക്കണമെങ്കില്‍ ബാങ്കിങ് നിയമപ്രകാരം കാര്‍ഷിക വായ്പയോ കാര്‍ഷികാനുബന്ധ വായ്പയോ നല്‍കുക എന്നത് പ്രാഥമിക ലക്ഷ്യമോ അല്ലെങ്കില്‍ മുഖ്യ ബിസിനസോ ആയാല്‍ മതി. കാര്‍ഷിക വായ്പതന്നെ നല്‍കണമെന്നില്ല , കാര്‍ഷികാനുബന്ധ വായ്പയായാലും മതി. ഒരു സഹകരണ സംഘം പ്രാഥമിക കാര്‍ഷിക വായ്പാസംഘമാണോ അല്ലയോ എന്നത് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ നിര്‍വചന പ്രകാരമാണ് ആദായനികുതി വകുപ്പ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ സംഘങ്ങളെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളായി പരിഗണിക്കുന്നതിനും നികുതി ഇളവുകള്‍ അവയ്ക്ക് ലഭിക്കുന്നതിനും ബാങ്കിങ് നിയന്ത്രണ നിയമത്തിലെ നിര്‍വചനമാണ് സഹായകമാവുക.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ നിര്‍വചനം ബാങ്കിങ് നിയമത്തിലെ നിര്‍വചനത്തിന് അനുസൃതമായി ഭേദഗതി ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഭേദഗതി നിര്‍ദേശം ഇനി പറയുന്ന പ്രകാരത്തിലാണ് : ‘ ഒരു വില്ലേജോ പഞ്ചായത്തോ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയോ പ്രവര്‍ത്തന മേഖലയായിട്ടുള്ളതും അംഗങ്ങള്‍ക്ക് രജിസ്ട്രാര്‍ നിശ്ചയിക്കുന്ന പലിശനിരക്കില്‍ കാര്‍ഷിക വായ്പകളോ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം ഉള്‍പ്പെടെയുള്ള കാര്‍ഷികാനുബന്ധ വായ്പകളോ നല്‍കുക എന്നത് മുഖ്യ ഉദ്ദേശ്യ ലക്ഷ്യമോ അല്ലെങ്കില്‍ മുഖ്യ ബിസിനസോ ആയിട്ടുള്ളതും ഇതര സഹകരണ സംഘങ്ങള്‍ക്ക് അംഗത്വം നല്‍കുന്നത് നിയമാവലി വ്യവസ്ഥകളിലൂടെ അനുവദിക്കാത്തതുമായ ഒരു സര്‍വീസ് സഹകരണ സംഘമോ സര്‍വീസ് സഹകരണ ബാങ്കോ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കോ റൂറല്‍ ബാങ്കോ ആണ് പ്രാഥമിക കാര്‍ഷിക വായ്പാസംഘം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. 1999 ലെ കേരള സഹകരണ സംഘ നിയമ ഭേദഗതി സമയത്ത് നിലവിലുണ്ടായിരുന്ന സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധകമല്ല എന്ന ഒരു പ്രൊവിസോ നിര്‍വചനത്തില്‍ നല്‍കിയിട്ടുണ്ട്.

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി പ്രാബല്ല്യത്തില്‍ വന്നിട്ടുള്ള സാഹചര്യത്തില്‍ മൂന്നാം വകുപ്പിലെ ഭേദഗതി പ്രാബല്യത്തില്‍ വരുന്ന മുറയ്ക്ക് പ്രാഥമിക കാര്‍ഷിക വായ്പാ സ്ഥാപനങ്ങളുടെ പേരിനോടൊപ്പമുള്ള ബാങ്ക് എന്ന വാക്ക് നീക്കം ചെയ്യേണ്ടിവരും. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവുകളും കിഴിവുകളും ലഭിക്കാന്‍ ഈ ഭേദഗതി സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.

രണ്ടാം വകുപ്പില്‍ത്തന്നെ പ്രാഥമിക വായ്പാ സംഘങ്ങള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുള്ള നിര്‍വചനങ്ങള്‍ വികലമാണെന്നിരിക്കെ അത്തരം സംഘങ്ങളുടെ നിര്‍വചനങ്ങളുമായി ബന്ധപ്പെട്ട് ഭേദഗതിനിര്‍ദേശങ്ങള്‍ ഒന്നും നിയമ പരിഷ്‌കരണക്കമ്മിറ്റി നല്‍കിയിട്ടില്ല.

2. സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ആറാം വകുപ്പില്‍ രജിസ്ട്രേഷനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ആവശ്യകതകളില്‍ സംഘത്തിന്റെ നിര്‍ദിഷ്ട നിയമാവലിയുടെ മൂന്നു കോപ്പികള്‍, അപേക്ഷകര്‍ വ്യക്തികളാണെങ്കില്‍ വ്യത്യസ്ത കുടുംബങ്ങളിലെ 25 വ്യക്തികള്‍ അപേക്ഷകരായിട്ടുണ്ടായിരിക്കണം, അപേക്ഷകരെല്ലാം അപേക്ഷയില്‍ ഒപ്പിട്ടിരിക്കണം എന്നീ നിബന്ധനകളോടൊപ്പം നാലാമതൊരു നിബന്ധനകൂടി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു. ആരംഭ ഓഹരിമൂലധന സംഭരണം നടത്തുന്നതിനുള്ള സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവാണ് നിര്‍ദേശിക്കപ്പെട്ട ആവശ്യകത. സംഘ രൂപവത്കരണവുമായി ബന്ധപ്പെട്ട് അനധികൃതമായി ഓഹരിത്തുക സമാഹരിക്കുന്നത് നിയന്ത്രിക്കാന്‍ നിര്‍ദേശിക്കപ്പെട്ട മേല്‍ സൂചിപ്പിച്ച നിബന്ധന സഹായകമാകും.

ആറാമത്തെ നിബന്ധന

3. ഒരു സഹകരണ സംഘത്തിന് രജിസ്ട്രേഷന്‍ നല്‍കുന്നതിനു മുന്‍പ് രജിസ്ട്രാര്‍ക്ക് ബോധ്യപ്പെടേണ്ട അഞ്ചു കാര്യങ്ങളാണ് നിയമത്തിലെ ഏഴാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരുന്നത്. 1. നിയമത്തിലെയും ചട്ടത്തിലെയും വ്യവസ്ഥകള്‍ പാലിക്കുന്നു. 2. സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വകുപ്പ് നാലിന് അനുസൃതമാണ് . 3. നിര്‍ദിഷ്ട സംഘത്തിന്റെ പ്രവര്‍ത്തന മേഖല സമാന സ്വഭാവമുള്ള മറ്റൊരു സംഘത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ കടന്നുകിടക്കുന്നില്ല. 4. നിര്‍ദിഷ്ട നിയമാവലി വ്യവസ്ഥകള്‍ നിയമ-ചട്ട വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ല. 5. സുസ്ഥിര ബിസിനസിന് വേണ്ടതെല്ലാം സാക്ഷാത്ക്കരിക്കുന്നു . വായ്പാ സംഘമാണെങ്കില്‍ രണ്ടര ലക്ഷം രൂപയും വായ്‌പേതര സംഘമാണെങ്കില്‍ ഒരു ലക്ഷം രൂപയും ചുരുങ്ങിയ ഓഹരി മൂലധന സഹായത്തുകയായി സമാഹരിച്ചിട്ടുണ്ട് എന്നുകൂടി രജിസ്ട്രാര്‍ക്ക് ബോധ്യപ്പെടണമെന്നതാണ് ആറാമത്തെ നിബന്ധന. ഒരു വായ്പാ സംഘം രൂപവത്കരിക്കാന്‍ 250 രൂപ മുഖവിലയുള്ള ഓഹരികളാണ് നല്‍കാനുദ്ദേശിക്കുന്നതെങ്കില്‍ ആയിരം പേര്‍ ഓഹരി എടുത്താല്‍ മാത്രമേ സംഘം രൂപവത്കരിക്കാന്‍ കഴിയൂ. സങ്കചിത താല്‍പ്പര്യത്തോടെ സഹകരണ സംഘങ്ങളുടെ രൂപവല്‍കരണം നടക്കുന്നത് ഒഴിവാക്കാന്‍ ഈ നിബന്ധന സഹായകമാകുമെങ്കിലും 2500 രൂപ മുഖവിലയുള്ള നൂറു ഓഹരികള്‍ നൂറു വ്യക്തികള്‍ കൂട്ടിയെടുത്തുകൊണ്ട് സംഘ രൂപവത്കരണം നടക്കാന്‍ സാധ്യതയുണ്ട്. തുറന്നതും സ്വമേധയാ ഉള്ളതുമായ അംഗത്വത്തിന് അതു തടസ്സമായി ഭവിക്കും.

നിയമത്തിലെ വകുപ്പ് ഏഴ് (1) (സി) ഭരണഘടനയുടെ അനുച്ഛേദം 19 (1) (സി) ക്ക് വിരുദ്ധമാണെന്നും അതു നിയമത്തില്‍ നിന്നു നീക്കണമെന്നും കേരള ഹൈക്കോടതി 2016 ല്‍ വിധിച്ചിട്ടുള്ള സാഹചര്യത്തിലും ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ബാധകമാകുമ്പോള്‍ വോട്ടവകാശമുള്ള എ ക്ലാസ് അംഗങ്ങളുടെ നിക്ഷേപം മാത്രം സ്വീകരിക്കാന്‍ അവ നിര്‍ബന്ധിതമാകുമെന്നതിനാലും അംഗത്വത്തിന് നിശ്ചയിച്ചിട്ടുള്ള നിയന്ത്രണം നീക്കം ചെയ്യേണ്ടതാണ്.

കേരള സഹകരണ സംഘനിയമത്തിലെ വകുപ്പ് രണ്ടില്‍ ‘വായ്പാ സംഘം’ എന്ന വിഭാഗത്തില്‍പ്പെട്ട സംഘത്തിന് നിര്‍വ്വചനം നല്‍കിയിട്ടില്ല. ചട്ടം 15 ലെ തരംതിരിവില്‍ ചട്ടം 15 1 എ യും എ എ യും ബി യും സി യും വായ്പാ സംഘങ്ങളാണ്. 15-1-സി യില്‍പ്പെടുന്നതും 500 ജീവനക്കാരുള്ളതുമായ ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടി ഒരു സംഘം രൂപവത്കരിക്കാന്‍ ഓരോ ജീവനക്കാരനും 500 രൂപയുടെ ഒരു ഓഹരിയെങ്കിലും എടുക്കണം. അംഗമാകാനുള്ള താല്‍പ്പര്യം നഷ്ടപ്പെടുത്താവുന്ന ഒരു നിയന്ത്രണമാണിത്. ചുരുങ്ങിയ ഓഹരിപ്പണം ഉണ്ടായിരിക്കണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള സംഘങ്ങളുടെ വിഭാഗത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാഥികളുടെ ക്ഷേമത്തിനു വേണ്ടി രൂപവത്കരിക്കുന്ന സഹകരണ സംഘങ്ങളെ ഒഴിവാക്കിയിട്ടില്ല എന്നത് അനീതിയാണ്.

അപേക്ഷ നിരസിക്കുമ്പോള്‍

4. സംഘ നിയമാവലി ഭേദഗതിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷ നിരസിക്കുന്ന സാഹചര്യത്തില്‍ അതിന്റെ കാരണം കാണിച്ചുകൊണ്ടുള്ള ഉത്തരവ് തീരുമാനമെടുത്ത ദിവസം മുതല്‍ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട സംഘത്തെ അറിയിക്കണമെന്നുള്ള വകുപ്പ് 12 ലെ വ്യവസ്ഥ 15 ദിവസത്തിനുള്ളില്‍ അറിയിക്കണം എന്നു ഭേദഗതി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമത്തില്‍ 15 ദിവസമായി കാലയളവ് കൂട്ടിയാലും അതു സമയബന്ധിതമായി നടപ്പാക്കുമോ എന്നത് സംശയമാണ്.

5. സഹകരണ സംഘങ്ങള്‍ക്ക് സബ്സിഡറി സ്ഥാപനങ്ങള്‍ പ്രൊമോട്ടു ചെയ്യാന്‍ അനുവദിക്കുന്ന നിയമത്തിലെ വകുപ്പ് 14 എ.എ. യില്‍ ഭേദഗതി നിര്‍ദേശിക്കുന്നു. സബ്സിഡറി സ്ഥാപനത്തിനു വേണ്ടി ഹോള്‍ഡിങ് സഹകരണ സംഘത്തിന്റെ ആസ്തികള്‍ പണയപ്പെടുത്തുന്നതിനും ഫണ്ടുകള്‍ സബ്സിഡറി സ്ഥാപനത്തിന് കൈമാറുന്നതിനും വിശേഷാല്‍ പൊതുയോഗത്തിന്റെ മുന്‍കൂര്‍ അനുവാദം ഉണ്ടായിരിക്കണം എന്ന പ്രൊവിസോ ഉപവകുപ്പ് (1) ന് ഉണ്ടാകണമെന്നും ഉപവകുപ്പ് (2) ല്‍ നിലവിലെ പ്രൊവിസോയോടെപ്പം രണ്ടാമതൊരു പ്രൊവിസോയായി സബ്സിഡറി സ്ഥാപനത്തില്‍ ഹോള്‍ഡിങ് സംഘം നല്‍കിയിട്ടുള്ളതോ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതോ ആയ സാമ്പത്തിക സഹായത്തുകയുമായി ബന്ധപ്പെട്ട പരിശോധനയും ഓഡിറ്റും സഹകരണ വകുപ്പില്‍ നിന്നും ഉണ്ടാകണമെന്നും നിര്‍ദേശിച്ചിരിക്കുന്നു. വകുപ്പ് 14 എ.എ. യിലെ ഒന്നാം ഉപവകുപ്പിലെ പ്രൊവിസോ ആരോഗ്യപരവും നിയമപരവുമാണ്. എന്നാല്‍, സബ്സിഡറി സ്ഥാപനത്തില്‍ സഹകരണ വകുപ്പിന് പരിശോധനയോ ഓഡിറ്റോ നടത്താന്‍ നിയമപരമായി സാധിക്കുമോ എന്നത് പ്രസ്തുത സബ്സിഡറി സ്ഥാപനം ഏതു നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.

6. വകുപ്പ് 14 ബി പ്രകാരം രൂപവത്കരിക്കുന്ന സഹകരണ സംഘങ്ങളുടെ പങ്കാളിത്ത സ്ഥാപനങ്ങളുടെ കാര്യത്തിലും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ പങ്കാളികളാകുന്ന ഓരോ സംഘവും അതിലേക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തുകയുമായി ബന്ധപ്പെട്ടും സഹകരണ വകുപ്പിന്റെ പരിശോധനയും ഓഡിറ്റും ഉണ്ടാകണമെന്ന് ഉപവകുപ്പ് മൂന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് നിഷ്‌കര്‍ഷിക്കുന്നു.

അംഗത്വ അവകാശങ്ങള്‍

അംഗത്വവുമായി ബന്ധപ്പെട്ട് നല്‍കാന്‍ ബാധ്യസ്ഥമായ തുകകള്‍ എല്ലാം നല്‍കിയ ശേഷമേ ഒരംഗത്തിന്റെ അംഗത്വ അവകാശങ്ങള്‍ വിനിയോഗിക്കാവൂ എന്നു നിഷ്‌കര്‍ഷിക്കുന്ന 19-ാം വകുപ്പില്‍ 19 ( 1 ) എന്നൊരു പുതിയ ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാനും നിലവിലെ ഉപവകുപ്പ് (1) ഉപവകുപ്പ് (2) ആക്കി മാറ്റാനും നിര്‍ദേശിക്കുന്നു. ഒരു സഹകരണ സംഘത്തിന്റെ പൊതുയോഗം ഓഹരി മുഖവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ ഓഹരിയിലെ അടയ്ക്കാനുള്ള കുടിശ്ശികത്തുക അഞ്ചു വര്‍ഷത്തിനുള്ളില്‍ അടയ്ക്കുന്നതുവരെ തന്റെ അംഗത്വം നിലനിര്‍ത്താന്‍ ഒരു വ്യക്തിക്ക് അവകാശമുണ്ടായിരിക്കും. ഓഹരിയുടെ മുഖവില വര്‍ധിപ്പിച്ചുകൊണ്ട് തീരുമാനമെടുത്തുകഴിഞ്ഞാല്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ അധിക ഓഹരിത്തുക അടയ്ക്കുന്നതിനുള്ള സാവകാശം നല്‍കുന്നത് ഉചിതമായിരിക്കും. നിര്‍ദേശിച്ചിട്ടുള്ള വിധം അഞ്ച് വര്‍ഷം സാവകാശം അനുവദിക്കുകയും അതിനുള്ളില്‍ ഭരണസമിതി തിരഞ്ഞെടുപ്പ് ഉണ്ടാവുകയും ചെയ്യുന്ന പക്ഷം ഓഹരിയുടെ മുഖവിലയില്‍ ഭാഗികമായി മാത്രം അടച്ച അംഗവും പൂര്‍ണമായി അടച്ച അംഗവും ഒരേ അവകാശമുള്ള അംഗങ്ങളാകുന്നത് ഉചിതമല്ല. വായ്പാ സംഘങ്ങളുടെ കാര്യത്തില്‍ വായ്പ നിലവിലുള്ള അംഗങ്ങള്‍ക്കും ലാഭവീതം നല്‍കുന്ന സംഘങ്ങള്‍ക്കും ഓഹരികള്‍ ഏകീകരിച്ചും ( കണ്‍സോളിഡേറ്റ് ചെയ്ത് ) ലാഭവീതത്തുക ഓഹരിത്തുകയിലേക്ക് വരവുവച്ചും കാലതാമസം ഉണ്ടാകാതെ മുഖവിലയുടെ വര്‍ധിച്ച തുക ഓഹരി അക്കൗണ്ടില്‍ വരവുവയ്ക്കാവുന്നതാണ്. എന്നാല്‍, വോട്ടു ചെയ്യുന്നതിനു വേണ്ടിമാത്രം അംഗത്വം എടുത്തിട്ടുള്ളതും ലാഭവീതം നല്‍കാത്തതുമായ സംഘങ്ങള്‍ക്കും അംഗങ്ങള്‍ക്കുമാണ് മേല്‍സൂചിപ്പിച്ച ഭേദഗതി നിര്‍ദേശം അനുകൂലമായി വരുന്നത്.

7. ഭരണ സമിതി നിയമനവുമായി ബന്ധപ്പെട്ട 28-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിനോട് അനുബന്ധിച്ചുള്ള മൂന്നാമത്തെ പ്രൊവിസോയില്‍ മാറ്റം നിര്‍ദേശിക്കുന്നു. സംഘങ്ങളുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്താന്‍ പാടില്ല. എന്നാല്‍, അപ്പെക്സ് സംഘങ്ങള്‍, ഫെഡറല്‍ സംഘങ്ങള്‍, സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തന മേഖലയുള്ള സംഘങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അതത് സംഘങ്ങളുടെ നിയമാവലി വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഭരണസമിതി തിരഞ്ഞെടുപ്പു നടത്തേണ്ടതാണ്. മേല്‍ സൂചിപ്പിച്ച നിര്‍ദേശം നിയമവ്യവസ്ഥയാക്കുമ്പോള്‍ അപ്പെക്സ് സംഘങ്ങള്‍ക്ക് ജില്ലാ, താലൂക്ക് , സംസ്ഥാന തലങ്ങളില്‍ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള സാധ്യതകളുണ്ടാകാം. നിയമാവലി വ്യവസ്ഥ പ്രകാരം തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ സാധാരണ ഗതിയില്‍ ഹൈക്കോടതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും എന്ന അപകടം അവഗണിച്ചുകൂടാ.

8. 28 ാം വകുപ്പില്‍ ഒന്നാം ഉപവകുപ്പിന്റെ അനുബന്ധമായിട്ടുള്ള മൂന്നു പ്രൊവിസോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നതോടൊപ്പം വകുപ്പ് 28 (1 ജി ) യിലും ഭേദഗതി നിര്‍ദേശിക്കുന്നു. അധികാരത്തിലുള്ള ഭരണ സമിതി രണ്ടു വിദഗ്ധരെ ഭരണ സമിതിയിലേക്ക് കോ-ഓപ്റ്റ് ചെയ്യണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി ഉദ്ദേശിക്കുന്നത്. ബാങ്കിങ്ങില്‍ അനുഭവജ്ഞാനമുള്ള രണ്ടു വ്യക്തികളെ എന്നതിനു പകരം വാണിജ്യ ബാങ്കിലോ കേരള സംസ്ഥാന സഹകരണ ബാങ്കിലോ അര്‍ബന്‍ സഹകരണ ബാങ്കിലോ അല്ലെങ്കില്‍ ഒരു സര്‍വീസ് സഹകരണ ബാങ്കിലോ ശമ്പളം പറ്റുന്ന ജീവനക്കാരനായിട്ടുള്ളതോ അല്ലെങ്കില്‍ ജീവനക്കാരനായിരുന്നതോ ആയ അംഗത്തിനെ എന്നും മറ്റെതെങ്കിലും മേഖലയില്‍ എന്നതിനു ശേഷം നിയമം, കൃഷി, ബാങ്കിങ്, ധനകാര്യം എന്നിവപോലെ എന്നും ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുന്നു. കേരള സംസ്ഥാന സഹകരണ ബാങ്കില്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ ലയിക്കുന്നതുവരെ ജില്ലാ ബാങ്കുകള്‍ ഇവിടെയുണ്ടായിരുന്നു. ജില്ലാ ബാങ്കില്‍ ജീവനക്കാരായിരുന്നവര്‍ സര്‍വീസില്‍ നിന്നു വിരമിച്ചവരാണെങ്കില്‍ എന്തുകൊണ്ട് അവരെ ഇതില്‍ ഉള്‍പ്പെടുത്തിക്കൂടാ ?. സംസ്ഥാന സഹകരണ ബാങ്കില്‍ വ്യക്തികള്‍ക്ക് അംഗത്വം ഇല്ല എന്നിരിക്കെ സംസ്ഥാന സഹകരണ ബാങ്കില്‍ അംഗമായ ജീവനക്കാരന്‍ അല്ലെങ്കില്‍ മുന്‍ ജീവനക്കാരന്‍ എന്ന നിബന്ധന എങ്ങനെ പാലിക്കാന്‍ കഴിയും ? ഇനി സര്‍വീസ് സഹകരണ ബാങ്കിലും അര്‍ബന്‍ സഹകരണ ബാങ്കിലും ജീവനക്കാരായിട്ടുള്ളവര്‍ക്ക് സഹകരണ ചട്ടം 16 പ്രകാരം അംഗമാകാന്‍ കഴിയില്ല. കേരള ബാങ്കിലെ ജീവനക്കാര്‍ക്കും ഈ രണ്ടു വിഭാഗം സംഘങ്ങളില്‍ അംഗമാകാന്‍ നിയമം അനുവദിക്കുന്നില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ, അംഗമായ സംസ്ഥാന സഹകരണ ബാങ്കിലെ ശമ്പളം വാങ്ങുന്ന ജീവനക്കാരന്‍ അര്‍ബന്‍ ബാങ്കിലെയും സര്‍വീസ് സഹകരണ ബാങ്കിലെയും അംഗമായ ജീവനക്കാരന്‍ എന്ന വ്യവസ്ഥയ്ക്ക് സാധ്യതയും സാധുതയും ഇല്ല.

വിദഗ്ധരെ കോ-ഓപ്റ്റ് ചെയ്യണം

9. 28-ാം വകുപ്പിന്റെ ഉപവകുപ്പ് 1 ( ജി ) യിലെ നിലവിലെ മൂന്നു പ്രൊവിസോയ്ക്ക് ശേഷം നാലാമതൊന്നു കൂടി ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. ഭരണ സമിതി രൂപവത്കരണത്തിനു ശേഷം ആറ് മാസത്തിനുള്ളില്‍ ഉപവകുപ്പ് 1 ( ജി ) യില്‍ വ്യക്തമാക്കിയിട്ടുള്ള പ്രകാരം വിദഗ്ധരെ കമ്മിറ്റി കോ-ഓപ്റ്റ് ചെയ്യാത്തപക്ഷം വിദഗ്ധരെ സഹകരണ സംഘം രജിസ്ട്രാര്‍ കോ-ഓപ്റ്റ് ചെയ്യുന്നതായിരിക്കും എന്നതാണ് ആ നിര്‍ദേശം.

10. വകുപ്പ് 28 ( എ.ബി ) ഉപവകുപ്പി ( 2 ) ല്‍ 28 -ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പു പ്രകാരം രൂപവത്കരിക്കുന്ന കമ്മിറ്റിയില്‍ നിന്നും ഒരു പ്രസിഡന്റ് , വൈസ്പ്രസിഡന്റ് , ട്രഷറര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഓഫീസറെ തിരഞ്ഞെടുക്കുന്നതാണ് എന്ന വ്യവസ്ഥയില്‍ അപ്പെക്സ് സംഘത്തിലേക്കുള്ള പ്രതിനിധിയെക്കൂടി തിരഞ്ഞെടുക്കും എന്നു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. അപ്പെക്സ് സംഘങ്ങളിലേയ്ക്ക് മാത്രമല്ല ഫെഡറല്‍ സംഘങ്ങളിലേയ്ക്കും പ്രതിനിധികളെ അതിന്റെ അംഗസംഘങ്ങളില്‍ നിന്നും പൊതുയോഗത്തില്‍ പങ്കെടുക്കാനും വോട്ട് ചെയ്യാനും നിയോഗിക്കാറുണ്ട്. അതിനാല്‍ അപ്പെക്‌സ് സംഘത്തിലെ പ്രതിനിധി എന്നതോടൊപ്പം ഫെഡറല്‍ സംഘത്തിലെ പ്രതിനിധി എന്നുകൂടി ചേര്‍ക്കേണ്ടതാണ്.

11. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട വകുപ്പ് 28 ( ബി ) ല്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പും പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, പ്രതിനിധി ജനറല്‍ ബോഡി തിരഞ്ഞെടുപ്പും വോട്ടര്‍പട്ടിക തയാറാക്കലും സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലയായിരിക്കും എന്ന വ്യവസ്ഥയില്‍ സംസ്ഥാന സഹകരണ യൂണിയന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ എന്നിവകളിലേക്കുള്ള തിരഞ്ഞെടുപ്പും കമ്മീഷന്‍ നടത്തണമെന്ന് നിര്‍ദേശിക്കുന്നു. സഹകരണ തിരഞ്ഞെടുപ്പു കമ്മീഷനിലെ കമ്മീഷണര്‍മാര്‍ സഹകരണ വകുപ്പിലെ അഡീഷണല്‍ രജിസ്ട്രാറുടെ റാങ്കില്‍ കുറയാത്ത ഓഫീസര്‍മാരോ ഓഫീസര്‍മാരാ യിരുന്നവരോ ആകണം എന്ന വ്യവസ്ഥയില്‍ നിന്നും ഓഫീസര്‍മാരായിരുന്നവര്‍ എന്ന ഭാഗം നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നത് സ്വാഗതാര്‍ഹമാണ്.

12. വകുപ്പ് 28 ( ബി ) ലെ ഉപ വകുപ്പുകള്‍ മൂന്നും നാലും യഥാക്രമം ഉപവകുപ്പുകള്‍ അഞ്ചും ആറുമായി പുനര്‍നാമകരണം നടത്താനും ഉപവകുപ്പിലെ മൂന്നിലും നാലിലും പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിക്കുന്നു. ഉപവകുപ്പ് ( 3 ) ല്‍ ഒരു ജില്ലയ്ക്കുള്ളില്‍ പ്രവര്‍ത്തന മേഖലയുള്ള സംഘങ്ങളിലെ തിരഞ്ഞെടുപ്പു നടത്തുന്നതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നു മേഖലാ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ ഉപവകുപ്പ് ( 4 ) ല്‍ ജോയന്റ് രജിസ്ട്രാറുടെ റാങ്കില്‍ കുറയാത്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍ റീജ്യണല്‍ കമ്മീഷണറായി ഓരോ മേഖലയിലും ഉണ്ടാകണമെന്ന് നിര്‍ദേശിക്കുന്നു. സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശമായി ഇവയെ ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ കുറ്റം പറയാനാവില്ല.

13. പിരിച്ചുവിടപ്പെട്ട ഭരണ സമിതിയിലെ അംഗങ്ങള്‍ക്ക് പിരിച്ചുവിടല്‍ ഉത്തരവു വന്ന ദിവസം മുതല്‍ സഹകരണ സംഘങ്ങളിലെ ഭരണ സമിതിയിലേക്ക് മത്സരിക്കാനോ നോമിനേറ്റ് ചെയ്യപ്പെടാനോ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടാനോ രണ്ടു ടേമിലേക്ക് അയോഗ്യതയുണ്ടായിരിക്കും എന്ന 32 -ാം വകുപ്പിലെ വ്യവസ്ഥ ഒരു ടേമായി കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നത് ഉചിതമാണോ എന്നു പരിശോധിക്കണം. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായ ശേഷം ആറ് മാസത്തിനകം പൊതുയോഗം വിളിക്കുന്നതില്‍ പരാജയപ്പെടുന്ന ബോര്‍ഡിലെ ഉത്തരവാദികളായ അംഗങ്ങള്‍ക്ക് തുടര്‍ന്ന് ഒരു ടേമിലേക്ക് മത്സരിക്കാനും സഹകരണ സംഘത്തിലെ അംഗമായി തുടരാനും അര്‍ഹതയുണ്ടായിരിക്കില്ലെന്നു വകുപ്പ് 29 ലും പ്രധാന നിര്‍വഹണ ഉദ്യോഗസ്ഥന്‍ തയാറാക്കുന്ന ധനകാര്യ, സ്റ്റാറ്റിയൂട്ടറി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ച് കൃത്യത വരുത്തി എല്ലാ വര്‍ഷവും മെയ് 15 നകം ഓഡിറ്റിനായി ഓഡിറ്റര്‍ക്ക് നല്‍കാത്ത ഭരണ സമിതി അംഗങ്ങള്‍ തല്‍സ്ഥാനത്ത് തുടരാന്‍ അയോഗ്യരാണെന്നു വകുപ്പ് 64 ലും വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിരിച്ചുവിടപ്പെടുന്ന ഭരണ സമിതിയിലെ അംഗങ്ങളുടെ അയോഗ്യത രണ്ട് ടേമില്‍ നിന്നു ഒരു ടേമായി കുറയ്ക്കാനുള്ള നിര്‍ദേശം പുനപ്പരിശോധിക്കേണ്ടതാണ്.

ഭരണ സമിതിക്ക് ശിക്ഷ , ഓഡിറ്റര്‍ക്കില്ല

ഓഡിറ്റ് പൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 30 നു മുന്‍പ് വിളിച്ചു ചേര്‍ക്കാത്ത ഭരണ സമിതി അംഗങ്ങള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ അതിനുത്തരവാദിയായ ഓഡിറ്റര്‍ക്ക് ശിക്ഷയൊന്നുമില്ല എന്നത് വിരോധാഭാസമാണ്.

14. 33-ാം വകുപ്പുപ്രകാരം, ഭരണ സ്തംഭനം ഉണ്ടാകുന്ന സഹകരണ സംഘങ്ങളില്‍ രജിസ്ട്രാര്‍ നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കോ സംഘത്തില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ അധികാരമുണ്ടായിരിക്കുമെന്നും എന്നാല്‍ അങ്ങനെ അംഗത്വം ലഭിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ അംഗത്വ സ്ഥിരീകരണം ഉണ്ടാകുന്നതുവരെ വോട്ടവകാശം ഉണ്ടായിരിക്കുകയില്ല എന്നുമുള്ള നിര്‍ദേശം ഉചിതമാണ്.

15. നിയമത്തിലെ ലാഭവിഭജനവുമായി ബന്ധപ്പെട്ട 56-ാം വകുപ്പില്‍ സഹകരണ അംഗ സമാശ്വാസഫണ്ടിലേയ്ക്ക് ലാഭത്തിന്റെ 10 ശതമാനം മാറ്റി വയ്ക്കുന്നതിനുള്ള വ്യവസ്ഥ അഞ്ച് ശതമാനമാക്കി കുറയ്ക്കാനും 56-ാം വകുപ്പിന്റെ രണ്ടാം ഉപ വകുപ്പില്‍ നിര്‍ബന്ധ സ്വഭാവമില്ലാതിരുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേയ്ക്കുള്ള ലാഭത്തിന്റെ അഞ്ച് ശതമാനം തുക നിര്‍ബന്ധ സ്വഭാവമുള്ള 56-ാം വകുപ്പിന്റെ 1-ാം ഉപവകുപ്പില്‍ ഉള്‍പ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്യുന്നു. മൂലധന പര്യാപ്തത ( CRAR ) ബാധകമായിട്ടുള്ള സംസ്ഥാന, ജില്ലാ, അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഏറ്റവും നല്ല കാപ്പിറ്റല്‍ ഫണ്ട് ലാഭത്തില്‍ നിന്നു വകമാറ്റുന്ന സ്ഥിരതയുള്ള സ്വതന്ത്ര കരുതലുകളാണ്. സഹകരണ വിദ്യാഭ്യാസ ഫണ്ട്, മെമ്പര്‍ റിലീഫ് ഫണ്ട് , പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് എന്നിവയെല്ലാം സംഘത്തിന്റെ ലാഭത്തില്‍ നിന്നുള്ള ഔട്ട്ഫ്ളോ ആണ്. സംഘ ലാഭം പരമാവധി അതത് സംഘങ്ങളിലെ അംഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാന്‍ സാഹചര്യം ഉണ്ടാകേണ്ടതാണ്. ഓരോ സഹകരണ നിയമ ഭേദഗതിയിലും ഔട്ട്ഫ്ളോ ആയ പുതിയ ഫണ്ടുകള്‍ ലാഭം ഉപയോഗിച്ച് സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളും വ്യവസ്ഥകളുമാണുണ്ടാകുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളുടെ കാപ്പിറ്റല്‍ ഫണ്ടില്‍ ടയര്‍ ഒന്നിലുള്ള തുകയുടെ 70 ശതമാനം ലാഭം ഉപയോഗിച്ചുള്ള റിസര്‍വുകളും 30 ശതമാനം ഇക്വിറ്റി കോസ്റ്റുള്ള ഓഹരി മൂലധനവുമാണെങ്കില്‍ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ് . സംഘ ലാഭം ഫണ്ടാക്കി മാറ്റാനും അതു പുറത്തു പോകാതെ നിലനിര്‍ത്താനും സംഘങ്ങളെ , പ്രത്യേകിച്ച് സഹകരണ ബാങ്കുകളെ, അനുവദിക്കേണ്ടതാണ്. അതിന് സഹായകമായ നിയമ വ്യവസ്ഥകളാണുണ്ടാകേണ്ടത്.

16. ഓഡിറ്റുമായി ബന്ധപ്പെട്ട 63-ാം വകുപ്പില്‍ ഉപവകുപ്പ് നാലിന് നിലവിലെ പ്രൊവിസോയോടൊപ്പം രണ്ടാമതൊരു പ്രൊവിസോകൂടി നിര്‍ദേശിക്കുന്നു. ആദായ നികുതി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥമായ സംഘങ്ങള്‍ക്ക് ഈയാവശ്യത്തിനായുള്ള ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍ ബന്ധപ്പെട്ട ഓഡിറ്റര്‍ തയാറാക്കി സാക്ഷ്യപ്പെടുത്തി ഓഡിറ്റ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാന്‍ ബാധ്യസ്ഥനായ മേലുദ്യോഗസ്ഥന്‍ മേലൊപ്പിട്ട് സാമ്പത്തിക വര്‍ഷം അവസാനിച്ച് മൂന്നു മാസത്തിനകം ആദായനികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന മാതൃകയില്‍ സംഘത്തിന് ലഭ്യമാക്കേണ്ടതാണ്.

17. ഉപവകുപ്പ് ( 5 ) ല്‍ കാലാകാലങ്ങളില്‍ സഹകരണ സംഘം രജിസ്ട്രാര്‍ , നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഓഡിറ്റ് മാന്വലിനും വിധേയമായി വിവിധതരം സംഘങ്ങളുടെ ഓഡിറ്റ് നടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്ന വ്യവസ്ഥയില്‍ ആദായ നികുതി വകുപ്പിന്റെ നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും എന്നതുകൂടി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. .

18. ഉപവകുപ്പ് ( 8 ) ല്‍ സഹകരണ സംഘങ്ങളുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്ന ഓഡിറ്റര്‍മാരുടെ ചുരുങ്ങിയ യോഗ്യതയും പരിചയവും നിയമപരമായി നിശ്ചയിക്കുന്ന രൂപത്തിലായിരിക്കും എന്നത് സഹകരണ സംഘങ്ങളുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിനുള്ള സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാരുടെ ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യതയും ഗ്രേഡും നിയമപരമായി നിശ്ചയിക്കുന്ന രൂപത്തിലായിരിക്കും എന്ന രൂപത്തില്‍ ഭേദഗതി ചെയ്യാന്‍ നിര്‍ദേശിക്കുന്നു.

ഓഡിറ്ററെ നിയമിക്കല്‍

19. ഉപവകുപ്പ് ( 9 ) ല്‍ ഓഡിറ്റ് ഡയരക്ടര്‍ തയാറാക്കുന്ന പാനലിലുള്ള ഓഡിറ്ററെയോ ഓഡിറ്റര്‍മാരെയോ അല്ലെങ്കില്‍ ഓഡിറ്റര്‍മാരുടെ പാനലിനെയോ പൊതുയോഗമോ വിശേഷാല്‍ പൊതുയോഗമോ നിയോഗിക്കും എന്ന വ്യവസ്ഥ നീക്കം ചെയ്യാനും പകരം ഉപവകുപ്പ് ( 8 ) ല്‍ പരാമര്‍ശിച്ച ഓഡിറ്ററെ / ഓഡിറ്റര്‍മാരെ / ഓഡിറ്റ് ടീമിനെ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് നടത്താന്‍ ഓഡിറ്റ് ഡയരക്ടര്‍ നിയോഗിക്കുന്നതാണ് എന്നു ചേര്‍ക്കാനും നിര്‍ദേശിക്കുന്നു. ഓഡിറ്റ് ഡയരക്ടര്‍ തയാറാക്കുന്ന പാനലില്‍ നിന്നു സംഘപൊതുയോഗം ഓഡിറ്ററെ നിയമിക്കും എന്നു 2013 ഫെബ്രുവരിയില്‍ സഹകരണ സംഘനിയമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വ്യവസ്ഥ വകുപ്പുദ്യോഗസ്ഥരുടെ എതിര്‍പ്പു മൂലം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓഡിറ്റ് ഡയരക്ടര്‍ തയാറാക്കുന്ന പാനലിലെ ചില ഓഡിറ്റര്‍മാര്‍ക്ക് ആവശ്യക്കാരായ സംഘങ്ങള്‍ കൂടൂതലുണ്ടാവുകയും ചിലരെ ആര്‍ക്കും വേണ്ടാതെ വരികയും ചെയ്യും എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് ഈ വ്യവസ്ഥ നടപ്പാക്കാതിരുന്നത്. ഓഡിറ്റ് ചെലവ്് സംഘംതന്നെ പൂര്‍ണമായി വഹിക്കുന്ന സാഹചര്യത്തില്‍ സംഘംപ്രവര്‍ത്തനത്തിലെ സാമ്പത്തികക്കരുത്തും ബലഹീനതകളും മനസ്സിലാക്കി മെച്ചപ്പെട്ട പ്രവര്‍ത്തനഫലം ഉണ്ടാകാന്‍ സഹായകമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രാപ്തിയുള്ള ഓഡിറ്ററെ കണ്ടുപിടിച്ച് നിയമിക്കാന്‍ സംഘത്തിന്റെ പരമാധികാര സഭയായ പൊതുയോഗത്തിന് ഭരണഘടനയുടെ അനുച്ഛേദം 243 ZM നിഷ്‌കര്‍ഷിക്കുന്നവിധം അധികാരം നല്‍കേണ്ടതാണ് .

20. വകുപ്പ് 63 ഉപവകുപ്പ് (10) ല്‍ അസിസ്റ്റഡ് അപ്പെക്സ് സംഘങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും ഓഡിറ്റ് ഡയരക്ടര്‍ അംഗീകരിച്ച പാനലിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഡിറ്റര്‍മാരില്‍ നിന്നും നടത്തുമെന്നുള്ള നിബന്ധനയില്‍ അസിസ്റ്റഡ് എന്ന വാക്കും ഓഡിറ്റ് ഡയരക്ടര്‍ അംഗീകരിച്ച പാനല്‍ എന്നതും നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നു.

21. വകുപ്പ് 64 ഉപവകുപ്പ് (10) ല്‍ 63-ാം വകുപ്പു പ്രകാരം നടത്തിയ ഓഡിറ്റില്‍ സംഘപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനായി ഉടനെത്തന്നെ സഹകരണ ഡയരക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ അറിയിക്കുന്നതാണ് എന്ന വ്യവസ്ഥയോടൊപ്പം അതിനുത്തരവാദിയായ വ്യക്തിക്കെതിരെ ബാധ്യതത്തുകയുണ്ടെങ്കില്‍ അതുംകൂടി അറിയിക്കണമെന്നും നിര്‍ദേശിക്കുന്നു.

22. 64-ാം വകുപ്പിന്റെ ഉപവകുപ്പ് 4 ( എ ) പ്രകാരം സംഘത്തിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകളുടെയും മറ്റു സ്റ്റാറ്റിയൂട്ടറി സ്റ്റേറ്റ്മെന്റുകളുടെയും കൃത്യത ഉറപ്പുവരുത്തേണ്ട ചുമതല മാനേജിങ് കമ്മിറ്റിയുടെതാണ്. ഈ സ്റ്റേറ്റ്മെന്റുകള്‍ ഓഡിറ്റിനായി ഒരു മാസത്തിനകം ഓഡിറ്റര്‍ക്ക് നല്‍കാനുള്ള ഉത്തരവാദിത്തം മാനേജിങ് കമ്മിറ്റിയ്ക്കാണ്. സമയം ഒരു മാസമെന്നത് 15 ദിവസമായി കുറയ്ക്കാന്‍ സമിതി നിര്‍ദേശിക്കുന്നു.

23. ഉപവകുപ്പ് 4 ( ബി ) അനുസരിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ മൂന്നു മാസത്തിനകം ഡയരക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ഒരു ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട സംഘത്തിനു നല്‍കേണ്ടതാണ്. ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഈ സമയപരിധി 45 ദിവസമായി കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു. ഓഡിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റ് ഡയരക്ടര്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ മൂന്നു മാസം കൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. ഈ കാലയളവ് കുറെ നീണ്ടതായിരുന്നു. ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള 45 ദിവസം പോലും കൂടുതലാണ് എന്ന കാഴ്ചപ്പാടാണ് സഹകാരികള്‍ക്കുള്ളത്.

ഓഡിറ്റ് മൂന്നു മാസത്തിനകം വേണം

24. 63-ാം വകുപ്പു പ്രകാരം നിയമിക്കപ്പെടുന്ന ഓഡിറ്റര്‍ അല്ലെങ്കില്‍ ഓഡിറ്റിങ് സ്ഥാപനം സംഘസ്റ്റേറ്റ്മെന്റ് ലഭിച്ചുകഴിഞ്ഞാല്‍ നാല് മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഓഡിറ്റ് ഡയരക്ടര്‍ക്ക് നല്‍കേണ്ടതാണ്. ഓഡിറ്റ് പൂര്‍ത്തിയാക്കാനുള്ള കാലയളവ് മൂന്നു മാസമായി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 ന് പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുള്ളില്‍ വാര്‍ഷിക സ്റ്റേറ്റ്മെന്റുകള്‍ സെക്രട്ടറി തയാറാക്കണം. അവ 15 ദിവസത്തിനുള്ളില്‍ മാനേജിങ് കമ്മിറ്റി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണം. ഇവ ഓഡിറ്റര്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ മൂന്നു മാസത്തിനകം ഓഡിറ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഓഡിറ്റ് ഡയരക്ടര്‍ക്ക് നല്‍കണം. ഡയരക്ടര്‍ 45 ദിവസത്തിനുള്ളില്‍ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അങ്ങനെ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി ആറു മാസത്തിനകം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് സംഘങ്ങള്‍ക്ക് ലഭിക്കാന്‍ സാഹചര്യമുണ്ടാകും. എന്നാല്‍, സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി മൂന്നു മാസത്തിനകം ഓഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റുകളും റിട്ടേണുകളും റിസര്‍വ് ബാങ്കിന് / നബാര്‍ഡിന് നല്‍കണമെന്നാണ് 2020 ലെ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടിട്ടുള്ള സഹകരണ സ്ഥാപനങ്ങളുടെ കണക്കുകളും സ്റ്റേറ്റ്മെന്റുകളും റിട്ടേണുകളും കമ്പ്യൂട്ടര്‍വല്‍ക്യത ഓഡിറ്റിങ്ങിനുള്ള സംവിധാനം ഉണ്ടായാല്‍ മൂന്നു മാസത്തിനുള്ളില്‍ത്തന്നെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകും. എന്നാല്‍, വകുപ്പുദ്യോഗസ്ഥരുടെ തൊഴിലവസരങ്ങളും പ്രൊമോഷന്‍ സാധ്യതകളും സാരമായി കുറയാന്‍ ഇതു കാരണമാകും.

25. രജിസ്ട്രാര്‍ നടത്തുന്ന അന്വേഷണം പ്രതിപാദിക്കുന്ന 65-ാം വകുപ്പില്‍ 65 (2 എ ) എന്ന പുതിയ ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ നിയമ പരിഷ്‌കരണക്കമ്മിറ്റി നിര്‍ദേശിക്കുന്നു. സംഘ പ്രവര്‍ത്തനങ്ങളില്‍ ഗൗരവമായ പോരായ്മകളും വീഴ്ചകളും നടന്നു എന്ന് അന്വേഷണത്തില്‍ പുറത്തുവന്നാല്‍ ദുര്‍വിനിയോഗം ചെയ്ത തുകയും സംഘത്തിനുണ്ടായ മറ്റു സാമ്പത്തിക നഷ്ടങ്ങളും എത്രയെന്നും അതിനുത്തരവാദികളായ വ്യക്തികളുടെ ബാധ്യത എത്രമാത്രമെന്നും കാണിച്ചുകൊണ്ടുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് രജിസ്ട്രാറോ രജിസ്ട്രാര്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയോ തയാറാക്കേണ്ടതാണ്. 65-ാം വകുപ്പിന്റെ ഉപ വകുപ്പു ( 6 ) ല്‍ സഹകരണ നിയമത്തിലെ 32-ാം വകുപ്പു പ്രകാരമുള്ള ( ഭരണ സമിതി പിരിച്ചുവിടല്‍ ) നടപടികള്‍ രജിസ്ട്രാര്‍ എടുക്കുന്നതിനുള്ള വ്യവസ്ഥയാണുണ്ടായിരുന്നത്. സംഘത്തിനുണ്ടായ നഷ്ടം നിര്‍ണയിക്കാനും അതിന്റെ ഉത്തരവാദികള്‍ ആരൊക്കെയെന്നും അവരുടെ ബാധ്യത എത്ര വീതമെന്നും നിശ്ചയിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും വ്യവസ്ഥ നിര്‍ദേശിച്ചത് സ്വാഗതാര്‍ഹമാണ്.

26. സഹകരണ സ്ഥാപനങ്ങളില്‍ രജിസ്ട്രാറോ രജിസ്ട്രാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്ന പരിശോധനയുമായി ബന്ധപ്പെട്ട 66-ാം വകുപ്പില്‍ നിലവിലുള്ള പതിനൊന്ന് ഉപവകുപ്പുകളോടൊപ്പം 12-ാമത്തെ ഉപവകുപ്പു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. പരിശോധനയില്‍ ഗൗരവമായ ന്യൂനതകളാണ് കണ്ടെത്തുന്നതെങ്കില്‍ സംഘത്തിനുണ്ടായ നഷ്ടവും ദുര്‍വ്യയം ചെയ്ത തുകയും എത്രമാത്രമാണെന്നും അതിനുത്തരവാദികള്‍ ആരൊക്കെയാണെന്നും ചുണ്ടിക്കാട്ടിക്കൊണ്ടുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. ഇവിടെ നിര്‍ദിഷ്ട ഉപവകുപ്പ് 12 ല്‍ അന്വേഷണ റിപ്പോര്‍ട്ട് ( enquiry report ) എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അത് പരിശോധനാ റിപ്പോര്‍ട്ട് ( inspection report ) എന്നാക്കി തിരുത്തണം.

സര്‍ച്ചാര്‍ജ് എന്ന ശിക്ഷാ വ്യവസ്ഥ

27. ഒരു സഹകരണ സംഘത്തിന്റെ രൂപവത്കരണം / ഭരണം എന്നിവയുടെ ചുമതല നല്‍കപ്പെട്ട വ്യക്തിക്കോ സംഘത്തിന്റെ ഓഫീസര്‍ക്കോ ജീവനക്കാരനോ ( ആയിട്ടുള്ളതോ ആയിരുന്നതോ ആയ ) എതിരെ സര്‍ച്ചാര്‍ജ് എന്ന ശിക്ഷാവ്യവസ്ഥ പ്രതിപാദിക്കുന്ന 68-ാം വകുപ്പില്‍ സര്‍ച്ചാര്‍ജിന് വഴിതെളിക്കുന്ന സാഹചര്യങ്ങളായി ഉള്‍പ്പെടുത്തിയിരുന്നത് 63-ാം വകുപ്പനുസരിച്ചുള്ള ഓഡിറ്റും 65-ാം വകുപ്പു പ്രകാരമുള്ള അന്വേഷണവും 66-ാം വകുപ്പനുസരിച്ചുള്ള പരിശോധനയും മാത്രമായിരുന്നു . എന്നാല്‍, 2000 ജനുവരി ഒന്നിന് സഹകരണ നിയമത്തില്‍ ഉള്‍പ്പെടുത്തുകയും 2007 ജൂണ്‍ അഞ്ചിനു പ്രാബല്യത്തില്‍ വരികയും ചെയ്ത വകുപ്പ് 68 ( എ ) പ്രകാരമുള്ള, വിജിലന്‍സ് ഓഫീസര്‍ നടത്തുന്ന സൂക്ഷ്മ പരിശോധനയിലൂടെ തെളിയുന്ന പണാപഹരണവും സാമ്പത്തിക ക്രമക്കേടുകളും സര്‍ച്ചാര്‍ജിന് വഴിതെളിക്കാവുന്ന സാഹചര്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നില്ല. ആ ന്യൂനത പരിഹരിക്കാനുള്ള നിര്‍ദേശമാണ് 68-ാം വകുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ളത്.

28. സഹകരണ സംഘങ്ങളിലെ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും നിയമനവുമായി ബന്ധപ്പെട്ടും അവരുടെ പ്രൊമോഷന്‍, സീനിയോരിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഉണ്ടാകുന്ന ധനപരമല്ലാത്ത തര്‍ക്കങ്ങള്‍ സഹകരണ ആര്‍ബിട്രേഷന്‍ കോടതിയാണ് വകുപ്പ് 69 (2) (ഡി ) പ്രകാരം കൈകാര്യം ചെയ്യേണ്ടത്. ഒരു ജീവനക്കാരനെ ശിക്ഷണ നടപടിയുടെ ഭാഗമായോ മറ്റു കാരണങ്ങളാലോ സംഘത്തിന്റെ സബ്കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചാല്‍ 198-ാം ചട്ടപ്രകാരം ബോര്‍ഡു മുമ്പാകെയാണ് അപ്പീല്‍ ബോധിപ്പിക്കേണ്ടത്. ആര്‍ബിട്രേഷന്‍ കോടതി അപ്പീല്‍ മേധാവിയല്ല. ജീവനക്കാരുടെ നിയമനം, പ്രൊബേഷന്‍ തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ പ്രൊബേഷണറിയെ ഡിസ്ച്ചാര്‍ജ് ചെയ്യല്‍ തുടങ്ങിയ തര്‍ക്കവിഷയങ്ങളില്‍ പിരിച്ചുവിടലിനെതിരെ ആര്‍ബിട്രേഷന്‍ കേസുകളില്‍ ഇടപെടാന്‍ കഴിയും . വകുപ്പ് 69 ല്‍ ഉപവകുപ്പ് (2) ലെ ക്ലോസ് (ഡി ) ല്‍ ഒരു ജീവനക്കാരനെ വീണ്ടും പഴയ ജോലിയില്‍ നിയമിക്കാന്‍ സംഘക്കമ്മിറ്റിയോട് നിര്‍ദേശിക്കാന്‍ ആര്‍ബിട്രേഷന്‍ കോടതിക്ക് അധികാരമുണ്ട് എന്നു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതിലെ അവ്യക്തത നീക്കണം.

ആര്‍ബിട്രേഷന്‍ കോടതി

29. സഹകരണ ആര്‍ബിട്രേഷന്‍ കോടതിയായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത, കാലാവധി എന്നിവയും ശമ്പളവും അലവന്‍സുകളും മറ്റു സേവന വ്യവസ്ഥകളും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കും എന്നായിരുന്നു വകുപ്പ് 70 ( എ )യുടെ ഉപവകുപ്പ് (2) ല്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഈ വ്യവസ്ഥ നീക്കം ചെയ്തുകൊണ്ട് സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസിലുള്ള മുന്‍സിഫ് അല്ലെങ്കില്‍ മജിസ്ട്രേറ്റ് തസ്തികയിലുള്ള ഒരു വ്യക്തിയല്ലാതെ മറ്റാരും ആര്‍ബിട്രേഷന്‍ കോടതിയുടെ പ്രിസൈഡിങ് ഓഫീസറായി നിയമിക്കപ്പെടാന്‍ യോഗ്യരല്ല എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ആര്‍ബിട്രേഷന്‍ കോടതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് കൂടുതല്‍ വ്യക്തമാക്കാന്‍ സഹായകമാണ്.

30. വിധികളുടെയും ഉത്തരവുകളുടെയും നടപ്പാക്കല്‍ പ്രതിപാദിക്കുന്ന 76-ാം വകുപ്പില്‍ 68-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പനുസരിച്ചുള്ള സര്‍ച്ചാര്‍ജ്് ഉത്തരവുകള്‍ , 70-ാം വകുപ്പനുസരിച്ചുള്ള തര്‍ക്കവിഷയങ്ങളിലെ വിധികള്‍, 73-ാം വകുപ്പ് പ്രകാരമുള്ള സമാപ്തീകരണ നടപടികളുടെ ഭാഗമായുള്ള സംഘത്തിന്റെ ആസ്തികള്‍ വിറ്റഴിക്കല്‍ , 75-ാം വകുപ്പു പ്രകാരമുള്ള ചാര്‍ജുകളുടെ നിര്‍വഹണം , 82-ാം വകുപ്പിലുള്ള സഹകരണ ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍, 83-ാം വകുപ്പനുസരിച്ചുള്ള രജിസ്ട്രാര്‍ അല്ലെങ്കില്‍ സര്‍ക്കാരിന്റെ അപ്പീലുകളിലെ വിധികള്‍, 84-ാം വകുപ്പനുസരിച്ചുള്ള ട്രൈബ്യൂണലിലെ റിവിഷന്‍ കേസുകളിലെ വിധികള്‍, 85-ാം വകുപ്പിനു കീഴിലുള്ള ട്രൈബ്യൂണലിന്റെ റിവ്യൂ വിധികള്‍, 86-ാം വകുപ്പു പ്രകാരമുള്ള ട്രൈബ്യൂണലിലെ താത്ക്കാലിക ഉത്തരവുകള്‍ ( ഇന്റര്‍ലുക്യൂട്ടറി ഓര്‍ഡര്‍ ) എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ചാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മേല്‍ സൂചിപ്പിച്ച വിധികളുടെയും ഉത്തരവുകളുടെയും കൂട്ടത്തില്‍ വകുപ്പ് 69 (എ) പ്രകാരമുള്ള സഹകരണ ഓംബുഡ്സ്മാന്റെ വിധികളുടെ / ഉത്തരവുകളുടെ നടപ്പാക്കലും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നു.

സഹകരണ ഓംബുഡ്‌സ്മാന്‍

ബാങ്കിങ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളിലെ ബാങ്കിങ് സേവനങ്ങളിലെ ന്യൂനതകളും പോരായ്മകളും പരിഹരിക്കുന്നതിനാണ് വകുപ്പ് 69 ( എ ) ല്‍ സഹകരണ ഓംബുഡ്സ്മാന്‍ എന്ന വ്യവസ്ഥ 2010 ഏപ്രില്‍ 28 ന് പ്രാബല്യത്തില്‍ വന്ന സഹകരണ നിയമ ഭേദഗതിയില്‍ കൊണ്ടുവന്നത്. 2020 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നതും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള സഹകരണ വായ്പാ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഏതു സമയവും ബാധകമാക്കാവുന്നതുമായ ഭേദഗതി വ്യവസ്ഥകളില്‍ മൂന്നാം വകുപ്പിലെ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമ്പോള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്ത പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് പൊതുജന നിക്ഷേപം സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാതെ വരും. ഷെഡ്യൂള്‍ഡ് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും വാണിജ്യ ബാങ്കുകള്‍ക്കും റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ക്കും മാത്രമാണ് ബാങ്കിങ് ഓംബുഡ്സ്മാന്‍ ബാധകമാക്കിയിട്ടുള്ളത്. സംസ്ഥാന സഹകരണ ബാങ്കിനും ജില്ലാ സഹകരണ ബാങ്കിനും അര്‍ബന്‍ ബാങ്കുകള്‍ക്കും ബാങ്കിങ് ഓംബുഡ്സ്മാന്‍ ബാധകമല്ല. സഹകരണ ഓംബുഡ്സ്മാനാണ് ഇവയ്‌ക്കൊക്കെ ഇപ്പോള്‍ ബാധകമായിട്ടുള്ളത്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള വായ്പാ സംഘങ്ങള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ വകുപ്പ് 69 ( എ ) ല്‍ ഭേദഗതി വരുത്തേണ്ടി വരും.

31. സഹകരണ സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡിന് പരീക്ഷാ നടത്തിപ്പ് ചുമതലയോടൊപ്പം നിയമനത്തിനായി സെലക്റ്റ് ചെയ്തവര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കുന്ന ചുമതലകൂടി നല്‍കുന്നതിനാവശ്യമായ ഭേദഗതി വകുപ്പ് 80 ( ബി ) ല്‍ നിര്‍ദേശിക്കുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, പ്രാഥമിക വായ്പാ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജൂനിയര്‍ ക്ലാര്‍ക്കും അതിനു മുകളിലുമുള്ള തസ്തികകളിലേക്ക് നേരിട്ടു നിയമനം നടത്തുന്നതിനുള്ള എഴുത്തു പരീക്ഷ നടത്താനുള്ള ചുമതലയായിരുന്നു ബോര്‍ഡിനു നല്‍കിയിരുന്നത്. എഴുത്തു പരീക്ഷ നടത്തേണ്ട സംഘങ്ങളുടെ പട്ടികയില്‍ അര്‍ബന്‍ സഹകരണ സംഘങ്ങള്‍, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍, ജീവനക്കാരുടെ വായ്പാ സംഘങ്ങള്‍, റൂറല്‍ സഹകരണ സംഘങ്ങള്‍, സഹകരണ ബില്‍ഡിങ് സംഘങ്ങള്‍, സഹകരണ ഹൗസ് ബില്‍ഡിങ് സംഘങ്ങള്‍ എന്നിവയെക്കൂടി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു.

32. വകുപ്പ് 80 ( ബി ) ല്‍ നിലവിലെ ഉപവകുപ്പ് നാല് ഉപവകുപ്പ് അഞ്ചാക്കാനും ഇനി പറയുന്ന വ്യവസ്ഥ ഉപവകുപ്പ് (4) ല്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിക്കുന്നുണ്ട്. ഓഫീസര്‍മാരുടെയും മറ്റു ജീവനക്കാരുടെയും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സഹകരണ നിയമത്തിലോ ചട്ടത്തിലോ അല്ലെങ്കില്‍ സംഘനിയമാവലിയിലോ എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും സഹകരണ നിയമത്തിലെ 80-ാം വകുപ്പിലെ ഉപവകുപ്പ് 3 (എ) ലും വകുപ്പ് 80 (ബി) ലും ഉപവകുപ്പ് (1) ലും സൂചിപ്പിച്ചിട്ടുള്ള തസ്തികകള്‍ ഒഴികെയുള്ള തസ്തികകളിലേക്ക് കാലാകാലങ്ങളില്‍ രജിസ്ട്രാര്‍ എംപാനല്‍ ചെയ്യുന്ന ലിസ്റ്റിലുള്ള ബാഹ്യ ഏജന്‍സിയെക്കൊണ്ട് എഴുത്തുപരീക്ഷ നടത്തിവേണം നിയമനം നടത്താന്‍.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!