23 Jan

തൊഴിലൊരുക്കുന്ന സഹകരണ മേഖല

തൊഴിലൊരുക്കുന്ന സഹകരണ മേഖല

– സ്റ്റാഫ് പ്രതിനിധി

(2020 നവംബര്‍ ലക്കം )

100 ദിവസംകൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ സഹകരണ മേഖലയും സജീവ പങ്കാളിയാവുകയാണ്. 17,00 പേര്‍ക്കാണ് സഹകരണ മേഖല പുതുതായി തൊഴില്‍ നല്‍കാന്‍ പോകുന്നത്.

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സംയോജിത പദ്ധതി നടപ്പാക്കും. അതിലൂടെ 100 ദിവസംകൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1000 ആളുകള്‍ക്ക് അഞ്ച് എന്ന തോതില്‍ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി ലോക്ഡൗണിനു മുന്നേ പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം ഇതിന് വിലങ്ങുതടിയായി. ഈ സാഹചര്യത്തിലാണ് നൂറിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ നൂറു ദിവസം കൊണ്ട് കാര്‍ഷികേതര മേഖലകളില്‍ സൃഷ്ടിക്കുന്നത്. 50,000 എന്നതില്‍ നിന്ന് വ്യത്യസ്തമായി 95,000 തൊഴിലവസരങ്ങള്‍ അടിയന്തിരമായി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ചില സ്‌കീമുകള്‍ പൂര്‍ത്തിയാകുന്നതിന് കാലതാമസം ഉണ്ടായേക്കാം. എന്നാല്‍, എത്ര ചുരുങ്ങിയാലും 50,000 തൊഴിലവസരങ്ങള്‍ ഡിസംബറിനുള്ളില്‍ സൃഷ്ടിക്കുമെന്ന് ഉറപ്പു നല്‍കുന്നു – മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിവ.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതീക്ഷയോടെയാണ് സമൂഹം കേട്ടത്. സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരനിയമനത്തെക്കുറിച്ച് മാത്രമാണ് ഇതുവരെ തൊഴിലവസരം എന്ന രീതിയില്‍ നമ്മള്‍ കണക്കുവെച്ചത്. എന്നാല്‍, നിത്യവരുമാനമുറപ്പാക്കുന്ന എന്തും തൊഴില്‍ സാധ്യതകളാണെന്ന ബോധ്യത്തിലേക്ക് നമ്മളെ എത്തിച്ചത് നിലവിലെ ജീവിത സാഹചര്യമാണ്. അതുകൊണ്ടാണ്, സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നത് ഉദാരമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഒരു സംരംഭം അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കുന്നതായാല്‍ അഞ്ച് കുടുംബങ്ങള്‍ക്ക് അതിലൂടെ രക്ഷ കണ്ടെത്താനാകുമെന്ന ബോധ്യമാണത്.

സര്‍ക്കാരിന്റെ പ്രഖ്യാപനം ഒരു ദൗത്യമായി ഏറ്റെടുത്തതില്‍ മുമ്പിലുള്ളത് സഹകരണ മേഖലയാണ്. നൂറു ദിവസം കൊണ്ട് 17,000 തൊഴില്‍ നല്‍കാമെന്നാണ് സഹകരണ വകുപ്പ് സര്‍ക്കാരിന് നല്‍കിയ ഉറപ്പ്. അത് സഹകരണ സംഘങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. വ്യവസായ വകുപ്പാണ് മറ്റൊരു പ്രധാന തൊഴില്‍ ദാതാവ്. ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളും സംരംഭങ്ങളെ പരിപോഷിപ്പിക്കാന്‍ കെ.എസ്.ഐ.ഡി.സി. എന്നൊരു സ്ഥാപനവും വ്യവസായ വകുപ്പിനു കീഴിലുണ്ട്. ഇതെല്ലാം നേരിട്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ്. എന്നിട്ടും, 23,100 തൊഴിലുകള്‍ ഉറപ്പാക്കാമെന്നാണ് വ്യവസായ വകുപ്പ് അറിയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്, വിവിധ കേന്ദ്ര ഫെഡറേഷനുകള്‍, നബാര്‍ഡ്-എന്‍.സി.ഡി.സി. പോലുള്ള സാമ്പത്തിക സഹായ ഏജന്‍സികള്‍ എന്നിവയെല്ലാം പദ്ധതികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഈ സഹായമെല്ലാം ഗുണകരമായി ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയുന്നതും സഹകരണ സ്ഥാപനങ്ങള്‍ക്കാണ്. ഒരുപക്ഷേ, അത്തൊരമൊരു ശ്രമം ഉണ്ടായാല്‍ നൂറു ദിവസത്തിനുള്ളിലോ ആറു മാസത്തിനുള്ളിലോ 50,000 തൊഴിലവസരമെങ്കിലും സഹകരണ മേഖലയില്‍ മാത്രം ഉണ്ടാക്കാനാകും. പക്ഷേ, അതിന് സര്‍ക്കാര്‍ കൂടി മനസ്സുവെക്കേണ്ടതുണ്ട്. സഹകരണ സംഘങ്ങള്‍ നല്‍കുന്ന പല അപേക്ഷകളും സഹകരണ വകുപ്പിന്റെ വിവിധ തലത്തില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണ്. എന്‍.സി.ഡി.സി. ഫണ്ട് കിട്ടാന്‍ സര്‍ക്കാര്‍ അനുമതി കാത്തു കിടക്കുന്ന ഫയലുകളും ഏറെ. ഇത്തരം അമാന്തം സര്‍ക്കാര്‍ തലത്തില്‍നിന്നുകൂടി ഒഴിവാക്കിയാല്‍ സഹകരണ മേഖല ഏതു പ്രതിസന്ധിഘട്ടത്തിലും താങ്ങാവുമെന്ന ബോധ്യം സമൂഹത്തില്‍ ഉണ്ടാക്കാനാവും.

17,000 പേര്‍ക്ക് തൊഴില്‍

ഓരോ ജില്ലയിലും എത്ര പേര്‍ക്ക് വീതം തൊഴില്‍ ലഭ്യമാക്കണമെന്ന ഒരു കണക്കെടുപ്പാണ് സഹകരണ വകുപ്പ് ആദ്യം നടപ്പാക്കിയത്. വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് അവരുടെ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വിശദീകരണം തേടിയ ശേഷമാണ് ഇത്തരമൊരു കണക്ക് തയാറാക്കിയത്. നൂറു ദിവസം കൊണ്ട് 17,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചത് അങ്ങനെയാണ്. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, അപ്പക്‌സ് ഫെഡറേഷനുകള്‍, മറ്റ് സഹകരണ സംഘങ്ങള്‍, കേരള ബാങ്കിന്റെ 769 ശാഖകള്‍ എന്നിവയിലൂടെ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍, ചെറുകിട കച്ചവടം എന്നീ പദ്ധതികള്‍ക്കായി വായ്പ ലഭ്യമാക്കി തൊഴില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. 500 പേര്‍ക്ക് സ്ഥിരനിയമനം നല്‍കാമെന്ന ഉറപ്പും സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെയാണ് സംരംഭങ്ങളിലൂടെ തൊഴിലവസരമുണ്ടാക്കുന്നത്.

സംരംഭങ്ങള്‍ തുടങ്ങാന്‍ സഹകരണ സ്ഥാപനങ്ങള്‍ വായ്പ അനുവദിക്കും. ഈ കാലയളവില്‍ നല്‍കുന്ന വായ്പകള്‍ക്ക് ഒമ്പതു ശതമാനമേ പലിശ ഈടാക്കാവൂവെന്നും രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിരം, കരാര്‍, ദിനവേതനം, കമ്മീഷന്‍ എന്നീ അടിസ്ഥാനത്തില്‍ ലഭിക്കുന്ന തൊഴിലുകളെല്ലാം ഇതിന്റെ പരിധിയില്‍വരും. 2900 സംരംഭങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ വായ്പ നല്‍കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയുള്ള വായ്പകളാണിത്. അഞ്ചു ലക്ഷം രൂപ വായ്പ അനുവദിക്കുമ്പോള്‍ അതില്‍ ഒരാള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ 2664 വായ്പകള്‍ അനുവദിക്കും. പത്തു ലക്ഷമാണ് വായ്പയെങ്കില്‍ രണ്ടു പേര്‍ക്കാണ് തൊഴില്‍ കണക്കാക്കുന്നത്. ഈ രീതിയില്‍ 800 സംരംഭക വായ്പകളാണ് അനുവദിക്കുക. 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സംരംഭങ്ങളില്‍ അഞ്ചു പേര്‍ക്കും 25 ലക്ഷത്തിനു മുകളില്‍ ചെലവു വരുന്നവയില്‍ പത്തു പേര്‍ക്കും തൊഴില്‍ നല്‍കാനാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്രയും വായ്പാപദ്ധതികളിലൂടെ 7264 തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹകരണ സ്ഥാപനങ്ങള്‍ നിലവില്‍ സ്വന്തം നിലയില്‍ നടപ്പാക്കുന്ന 190 പദ്ധതികളിലായി 1862 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 1500 തൊഴിലവസരവും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളിലൂടെയാണ്. 159 പദ്ധതികളാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നടപ്പാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ്, മാര്‍ക്കറ്റ് ഫെഡ്, വനിതാ ഫെഡ്, റബ്ബര്‍മാര്‍ക്ക്, എസ്.സി.-എസ്.ടി.ഫെഡ് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് ബാക്കി 31 പദ്ധതികള്‍ നടപ്പാക്കുന്നത്. ഇതുവഴി 186 തൊഴിലവസരമാണ് പ്രതീക്ഷിക്കുന്നത്.

ആപത്ഘട്ടത്തില്‍ സഹകരണ മേഖലയാണ് സംസ്ഥാന സര്‍ക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ 13,000 ല്‍പ്പരം അവസരങ്ങള്‍ പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകര്‍ക്കു നല്‍കുന്ന വായ്പയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. ഒരു പ്രാഥമിക സഹകരണ സംഘമോ കേരള ബാങ്കിന്റെ ശാഖയോ അഞ്ചു ലക്ഷം രൂപയുടെ രണ്ടു സംരംഭങ്ങളോ 10 ലക്ഷം രൂപയുടെ ഒരു സംരംഭമോ ആരംഭിച്ചാല്‍ ഈ ലക്ഷ്യത്തിലെത്തും. ഇതിനായി 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഏതെങ്കിലും പ്രാഥമിക സംഘത്തിന് സംരംഭക പ്രോത്സാഹനത്തിന് പണമില്ലെങ്കില്‍ കേരള ബാങ്ക് വഴി റീ ഫിനാന്‍സ് ചെയ്യും – മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബര്‍ ഏഴു വരെ അഞ്ചു ഘട്ടമായി സഹകരണ സംഘങ്ങള്‍ തൊഴില്‍ നല്‍കിയതിന്റെ കണക്കെടുപ്പ് നടത്തും. ഓരോ ജില്ലയിലും ഇതിന്റെ നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി രജിസ്ട്രാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്നതിന്് പ്രത്യേക യോഗം വിളിച്ച് നടപടി സ്വീകരിക്കേണ്ട ചുമതല ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കാണ്. ഓരോ ജില്ലയിലും ലഭ്യമാക്കുന്ന തൊഴിലവസരം ഇങ്ങനെ : തിരുവനന്തപുരം-595, കൊല്ലം-587, പത്തനംതിട്ട-466, ആലപ്പുഴ-653, കോട്ടയം-640, ഇടുക്കി-120, എറണാകുളം-745, തൃശ്ശൂര്‍-740, പാലക്കാട് -484, മലപ്പുറം-530, കോഴിക്കോട് -524, വയനാട് -145, കണ്ണൂര്‍ -754, കാസര്‍കോട് -281.

സംഘങ്ങള്‍ സംരംഭകത്വത്തിലേക്ക്

സംരംഭങ്ങളാണ് സാധ്യതകളെന്നത് പുതിയ കാലത്തിന്റെ തിരിച്ചറിവാണ്. ചെറുകിട-ഇടത്തരം സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഏറ്റവും കൂടുതല്‍ കേരളത്തില്‍ പിറവിയെടുത്തത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലാണ്. യുവാക്കളാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നതിലേറെയും എന്നതുകൊണ്ടാണ് തൊഴിലവസരമുണ്ടാക്കാനുള്ള സാധ്യതയായ സംരംഭകത്വ പ്രോത്സാഹനത്തിന് സര്‍ക്കാരുകള്‍ ഊന്നല്‍ നല്‍കുന്നത്. ഉദാരമായ വ്യവസ്ഥകളോടെയാണ് ഇവയ്ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വായ്പകളെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ മാറ്റം സഹകരണ മേഖലയിലും പ്രകടമാണ്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) രൂപവത്കരിക്കാനുള്ള നബാര്‍ഡിന്റെ തീരുമാനമാണ് ഇതിന്റെ ആദ്യ ചുവടുവെപ്പ് എന്നുപറയാം. ഇതേ മാതൃക എന്‍.സി.ഡി.സി.യും പിന്തുടര്‍ന്നു. സഹകരണ സംഘങ്ങള്‍ക്ക് എഫ്.പി.ഒ. യും സ്റ്റാര്‍ട്ടപ്പുകളും സ്വയം സഹായ ഗ്രൂപ്പുകളും തുടങ്ങാമെന്നാണ് എന്‍.സി.ഡി.സി. മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

സഹകരണ സംഘങ്ങള്‍ നേരിട്ട് സംരംഭങ്ങളിലേക്ക് കടക്കുന്നത് ഒരു പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി നബാര്‍ഡ് മുന്നോട്ടുവെക്കുന്ന ആശയവും ഇതാണ്. ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താല്‍ അതിനുള്ള സാമ്പത്തിക സഹായം കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കാമെന്നാണ് നബാര്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍, ശീതീകരണ സംഭരണികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ തുടങ്ങാം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഗതാഗത സൗകര്യമൊരുക്കുന്നതിനും സഹായമുണ്ട്. സഹകരണ സംഘങ്ങള്‍ സംരംഭങ്ങളിലേക്ക് ഇറങ്ങുന്നതിന് ഒട്ടേറെ സാധ്യതകളാണ് കേരളത്തിലുള്ളത്. പ്രത്യേകിച്ച്, ഭക്ഷ്യ സംസ്‌കരണ മേഖലയില്‍. സുഭിക്ഷ കേരളം പദ്ധതി സഹകരണ സംഘങ്ങള്‍ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധന് ഈ വര്‍ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഉല്‍പ്പാദനം കൂടുന്നതിനനുസരിച്ച് സംഭരണവും സംസ്‌കരണവും വിപണനവും ഉണ്ടാകുന്നില്ലെന്നതാണ് കേരളത്തിന്റെ പേരായ്മ. ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ എന്ന രീതിയിലാണ് സഹകരണ സംഘങ്ങളുടെ സംരംഭങ്ങള്‍ ഉണ്ടാകേണ്ടത്.

കാര്‍ഷിക മേഖലയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കിയില്ലെങ്കില്‍ ആ സംരംഭങ്ങള്‍തന്നെ പ്രതിസന്ധിയിലാകും. ഉല്‍പ്പാദനവും വിപണനവും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്ന സ്ഥിതിയാണ് മിക്ക സഹകരണ സംഘങ്ങള്‍ക്കുമുള്ളത്. ഈ സ്ഥിതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മാര്‍ക്കറ്റിങ് സംഘങ്ങള്‍ വിപണന ശൃംഖല വിപുലപ്പെടുത്താനുള്ള ശ്രമമാണ് നടത്തേണ്ടത്. മറ്റ് സംഘങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുത്ത് വിപണിയിലെത്തിക്കാന്‍ മാര്‍ക്കറ്റിങ് , കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്ക് കഴിയണം. ഇതിന് കണ്‍സ്യൂമര്‍ഫെഡിന് വലിയ പങ്ക് വഹിക്കാനുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് മറ്റൊരു മാര്‍ഗം. സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി ഒരുക്കാനുള്ള ഏകീകൃത സംവിധാനം സംസ്ഥാനത്ത് തുടങ്ങേണ്ടതും അനിവാര്യമാണ്. സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇതിന്റെ തുടക്കമായി കണക്കാക്കാം. എന്തായിലും, പരമാവധി തൊഴിലവസരം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം സഹകരണ മേഖല ഏറ്റെടുത്തിട്ടുണ്ട്.

സഹകരണ സംഘങ്ങളുടെ സംരംഭങ്ങളിലൂടെ 100 നാളികേര സംസ്‌കരണ യൂണിറ്റുകളിലായി 1000 പേര്‍ക്കും 750 പച്ചക്കറി സംഭരണ വില്‍പന കേന്ദ്രങ്ങളിലായി 1500 പേര്‍ക്കും തൊഴില്‍ നല്‍കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. ഇതിനു പുറമേ പലയിനങ്ങളിലായി സംഘങ്ങള്‍ നേരിട്ടു മറ്റു സംരംഭങ്ങള്‍ക്കു രൂപം നല്‍കുന്നതിലൂടെ 3000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. അപ്പക്‌സ് സഹകരണ സംഘങ്ങളായ കണ്‍സ്യൂമര്‍ ഫെഡ് -1000, മാര്‍ക്കറ്റ് ഫെഡ് -12, വനിതാഫെഡ് -174, റബ്ബര്‍ മാര്‍ക്ക് -36, എസ്.സി/എസ്.ടി ഫെഡറേഷന്‍ -28 എന്നിങ്ങനെ 1250 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാരിന് നല്‍കിയ ഉറപ്പ്. സഹകരണ മേഖലയിലെ വായ്‌പേതര സംഘങ്ങളിലൂടെ 474 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മത്സ്യഫെഡിന്റെ മുന്‍കൈയില്‍ രൂപം കൊള്ളുന്ന വിവിധ തരത്തിലുള്ള സംരംഭങ്ങളിലായി 579 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും. അക്വാ കള്‍ച്ചര്‍ യൂണിറ്റുകളിലൂടെയും തൊഴിലവസരങ്ങളുണ്ടാക്കാനാകുമെന്നാണ് സഹകരണ വകുപ്പിന്റെ കണക്കുകൂട്ടല്‍.

 

Read also
error: Content is protected !!