28 Jun

അനിവാര്യമായ പ്രതിരോധവും തിരുത്തലും

സഹകരണ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നോട്ടീസ് വലിയ പ്രതിഷേധത്തിനാണു കേരളത്തില്‍ വഴിയൊരുക്കിയത്. സമരത്തിനും പ്രതിരോധത്തിനും സര്‍ക്കാര്‍ മുന്നിട്ടിറിങ്ങി. കക്ഷിരാഷ്ട്രീയം മറന്നു സഹകാരികള്‍ ഒത്തുചേര്‍ന്നു. സഹകരണ മേഖലയിലെ സംഘടനകള്‍ ഒറ്റയ്ക്കും കൂട്ടായും സമരത്തിനിറങ്ങി. തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിനു മുമ്പില്‍ സമരപരമ്പരകള്‍ അരങ്ങേറി. സംസ്ഥാനത്തെ സഹകരണ മന്ത്രിതന്നെ അതില്‍ ചിലതിനു നേതൃത്വം കൊടുത്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക ചാലകശക്തിയായ സഹകരണ സംഘങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന പരിഷ്‌കാരം റിസര്‍വ് ബാങ്ക് നടപ്പാക്കുമ്പോള്‍ അനിവാര്യമായ പ്രതിരോധമാണ് ഇതിലൂടെ ഉണ്ടായത്. ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതോ അതു തടയുന്നതോ അല്ല പ്രധാന പ്രശ്നം. അംഗങ്ങളുടെ സാമ്പത്തിക ഇടപാടുസ്ഥാപനങ്ങളാണു സഹകരണ സംഘങ്ങള്‍. അവയ്ക്കു പണം കൈമാറ്റത്തിനും ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിനും ചെക്ക്-ഡ്രാഫ്റ്റ് പോലുള്ള മറ്റു വിനിമയ ഉപാധികള്‍ ഉപയോഗിക്കുന്നതിനും വിലക്കുകൊണ്ടുവന്നാല്‍ ഈ സംഘങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കും ? ‘ബാങ്കിങ് ബിസിനസ്’ നടത്തുന്നതു നിയമവിരുദ്ധമാണെന്നാണു റിസര്‍വ് ബാങ്ക് പറയുന്നത്. അംഗങ്ങള്‍ക്ക് ‘ഫിനാന്‍ഷ്യല്‍ അക്കമഡേഷന്‍’ നല്‍കുകയാണു സഹകരണ സംഘത്തിന്റെ ദൗത്യമെന്നും പറയുന്നു. പണം കൈമാറുന്നതിനുപോലും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ എങ്ങനെയാണു ‘ഫിനാന്‍ഷ്യല്‍ അക്കമഡേഷന്‍’ നല്‍കുക എന്നതു റിസര്‍വ് ബാങ്ക് വിശദീകരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഇതിലൊന്നും വ്യക്തതയില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന നോട്ടീസ് പുറപ്പെടുവിച്ച ആര്‍.ബി.ഐ. നടപടിക്കെതിരെ അനിവാര്യമായ പ്രതിരോധമാണു കേരളം ഉയര്‍ത്തിയത് എന്നതില്‍ തര്‍ക്കമില്ല.

റിസര്‍വ് ബാങ്കിന്റെ നടപടി ചില തിരുത്തലുകള്‍ വരുത്താന്‍ കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചുവെന്നത് ഒരു വസ്തുതയാണ്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനു സുരക്ഷയൊരുക്കാന്‍ സംസ്ഥാന സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് രൂപവത്കരിച്ചിട്ട് ഒരു പതിറ്റാണ്ടാവുന്നു. അതിന്റെ വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കുകയോ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ മാറ്റുകയോ ചെയ്തിരുന്നില്ല. പരിരക്ഷ വര്‍ഷങ്ങളായി രണ്ടു ലക്ഷം രൂപയില്‍ ഒതുങ്ങി. അതുതന്നെ ലഭിക്കണമെങ്കില്‍ നിക്ഷേപം നടത്തിയ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം നിയമപരമായി അവസാനിപ്പിക്കണം. കേരളത്തിന്റെ അനുഭവത്തില്‍ വര്‍ഷങ്ങളെടുത്തു പൂര്‍ത്തിയാക്കുന്നതോ അനന്തമായി നീളുന്നതോ ആയ നടപടിയാണ് ഒരു സഹകരണ സംഘത്തിന്റെ സമാപ്തീകരണം എന്നത്. അതിനാല്‍, സംഘം പ്രതിസന്ധിയിലായാലും നിക്ഷേപകനു പണം തിരിച്ചുകിട്ടില്ല. അതു നല്‍കാനുള്ള ബാധ്യത ഗാരണ്ടി ഫണ്ട് ബോര്‍ഡിനും ഉണ്ടായിരുന്നില്ല. സഹകരണ സംഘത്തിലെ നിക്ഷേപം സുരക്ഷിതമല്ല എന്നു റിസര്‍വ് ബാങ്ക് പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ പോരായ്മയും പരിഹരിക്കേണ്ടതുണ്ടെന്നു സര്‍ക്കാരിനു ബോധ്യമായി. ഇതോടെ, നിക്ഷേപ പരിരക്ഷ അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. പ്രതിസന്ധിഘട്ടത്തില്‍ സംഘത്തെയും നിക്ഷേപകനെയും സഹായിക്കുന്ന വിധത്തില്‍ ചട്ടങ്ങളില്‍ ഭേദഗതിവരുത്താനും തീരുമാനിച്ചു. അനിവാര്യമായ തിരുത്തലാണിത്.

– എഡിറ്റര്‍

Read also