23 Sep

കാത്തിരിപ്പ് പരിഹാരമല്ല; പാഠമാണ്

കാത്തിരിപ്പ് പരിഹാരമല്ല; പാഠമാണ്

ഒരു പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ പരിഹാരവും സാധ്യമാവുക. അത് വ്യക്തികളായാലും ഭരണകൂടമായാലും സമാനമാണ്. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്നതാണ് സമീപകാല അനുഭവം. സഹകരണ സംഘങ്ങള്‍ ഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവരും ഒരേപോലെ സമ്മതിക്കുന്നുണ്ട്. ആദായനികുതി, ജി.എസ്.ടി., പിന്‍വലിക്കുന്ന പണത്തിന് നികുതി, പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണം – അങ്ങനെ പല രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഈ മേഖല നേരിടുന്നത്. പത്തു വര്‍ഷം മുമ്പ് ആദായനികുതിയിലൂടെയാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം. അന്നൊന്നും പരിഹരിക്കാനായില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കാരണമെന്ന് കേരളവും സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് സഹകാരികളും വിശ്വസിക്കുന്നുവെന്നതാണ് ഇതിന്റെയൊക്കെ അനന്തരഫലം. സത്യത്തില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് ഒരു പുനരാലോചനയെങ്കിലും നടത്തുന്നത് ഈ ഘട്ടത്തില്‍ ഉചിതമായിരിക്കും.

2019 നവംബര്‍ 21ന് കേരള നിയമസഭ ഒരു പ്രമേയം പാസാക്കിയതാണ് ഒടുവിലത്തെ നടപടി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് അര്‍ഹമായ ആദായനികുതി ഇളവ് (80 പി.) നിഷേധിക്കുന്നതിനും പ്രാഥമിക സഹകരണ സംഘങ്ങള്‍ ഒരു കോടി രൂപയിലധികം പിന്‍വലിക്കുമ്പോള്‍ രണ്ടു ശതമാനം നികുതി ( 194 എന്‍ ) പിടിക്കുന്നതുമാണ് ഈ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുകൂല ഇടപെടല്‍ വേണമെന്നാണ് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലെ ആവശ്യം. 2006 ഒക്ടോബര്‍ 26 ലും സമാനമായ ഒരു പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു. അന്ന് 194 എന്‍. നിലവില്‍ വന്നിട്ടില്ലാതിരുന്നതിനാല്‍ അക്കാര്യം ആദ്യ പ്രമേയത്തിലുണ്ടായിരുന്നില്ലെന്ന് മാത്രം. ഒരു പതിറ്റാണ്ടിനു ശേഷം ഒരു പ്രമേയം കൂടി പാസാക്കിയെന്നതല്ലാതെ മറ്റൊരു അനുകൂലമാറ്റവും ഇക്കാര്യത്തിലുണ്ടായിട്ടില്ല. മാത്രവുമല്ല, സഹകരണ സംഘങ്ങള്‍ പിന്‍വലിക്കുന്ന പണത്തിന് നികുതി ഈടാക്കുമെന്ന് ഉത്തരവിറങ്ങി രണ്ടര മാസത്തിനു ശേഷമാണ് അത് കേരളത്തിലെ സഹകരണ മേഖലയെ ബാധിക്കുമെന്ന ബോധ്യം സഹകരണ വകുപ്പിനുണ്ടായത്. അതുവരെ ബാധിക്കില്ലെന്ന വാദവുമായി നമ്മള്‍ കാത്തിരിക്കുകയായിരുന്നു.

ജി.എസ്.ടി.യാണ് മറ്റൊരു പ്രശ്‌നം. റിസ്‌ക് ഫണ്ട് ബോര്‍ഡിന് ജി.എസ്.ടി. ചുമത്തരുതെന്ന് സഹകരണ മന്ത്രി കേന്ദ്ര ധനമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടതാണ്. അക്കാര്യം അടുത്ത ജി.എസ്.ടി. കൗണ്‍സിലില്‍ ഉന്നയിക്കണമെന്നും റിസ്‌ക് ഫണ്ട് ബോര്‍ഡിന്റേത് ജീവകാരുണ്യ പ്രവര്‍ത്തനമായതിനാല്‍ ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കാമെന്നും കേന്ദ്ര ധനമന്ത്രി സമ്മതിക്കുകയും ചെയ്തു. പിന്നീട് ജി.എസ്.ടി. കൗണ്‍സില്‍ ചേര്‍ന്നിട്ടില്ല. പകരം, അതിനു മുമ്പുതന്നെ സംഘങ്ങള്‍ നല്‍കുന്ന റിസ്‌ക് ഫണ്ട്് വിഹിതത്തിന് 2017 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജി.എസ്.ടി. ചുമത്തി സഹകരണ വകുപ്പ് ഉത്തരവിറക്കി.

സഹകരണ മേഖല നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന നിയമസഭാ ചോദ്യത്തിന് കേന്ദ്രമന്ത്രിമാരെ നേരിട്ടുകണ്ട് രണ്ടു നിവേദനം നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രി നല്‍കിയ മറുപടി. നമ്മള്‍ ഇപ്പോഴും  കാത്തിരിപ്പിലാണ്. പ്രമേയം പാസാക്കിയും നിവേദനം നല്‍കിയും വെറും കാത്തിരിപ്പ്. ഈ കാത്തിരിപ്പ് ഒന്നിനും പരിഹാരമാവില്ല എന്ന പാഠമെങ്കിലും സര്‍ക്കാരും സഹകാരികളും ഉള്‍ക്കൊള്ളണം. നിയമപരമായി പാലിക്കേണ്ടത് അംഗീകരിക്കാനും അപകടങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യാനും കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അതൊരു പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. അത് ഇന്നത്തെ സഹകാരികളുടെ വീഴ്ചയായി കാലം വിലയിരുത്താനിടവരും.

 

– എഡിറ്റര്‍

Read also
error: Content is protected !!