23 Sep

ഡിജിറ്റല്‍ ലോകത്തിനു പുറത്താകുന്ന സഹകരണ മേഖല

ഡിജിറ്റല്‍ ലോകത്തിനു പുറത്താകുന്ന സഹകരണ മേഖല

പ്രാദേശികതയാണു സഹകരണ സംഘങ്ങളുടെ അടിസ്ഥാന സ്വഭാവം. ഓരോ മേഖലയിലും അതതു ജനവിഭാഗം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുകയെന്ന ലക്ഷ്യവുമായാണു സഹകരണ കൂട്ടായ്മകള്‍ ഉണ്ടാകുന്നത്. കര്‍ഷകര്‍ക്കായി കാര്‍ഷിക സംഘങ്ങളും തൊഴിലാളികള്‍ക്കായി തൊഴിലാളി സംഘങ്ങളും പിറവിയെടുത്തതു അങ്ങനെയാണ്. പിറവി കൊണ്ടുമാത്രം പൂര്‍ത്തിയാകുന്ന ലക്ഷ്യമല്ല ഓരോ സഹകരണ സംഘത്തിനുമുള്ളത്. അതു കാലോചിതമായി നവീകരിക്കപ്പെടുകകൂടി വേണം. വിത്തിനും വളത്തിനും പണമില്ലാതിരിക്കുകയും വിപണനം വട്ടിപ്പലിശക്കാരും ഇടനിലക്കാരും നിയന്ത്രിക്കുകയും പണി ചെയ്യാനുള്ള മനസ്സും ശരീരവും മാത്രം കര്‍ഷകര്‍ക്കു കൈമുതലായി ഉണ്ടാവുകയും ചെയ്ത ഘട്ടത്തിലാണു കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു പ്രസക്തിയുണ്ടായിരുന്നത്. അന്നത്തെ സാഹചര്യം മാറി. അതു മാറ്റിയെടുത്തതില്‍ സഹകരണ സംഘങ്ങളുടെ പങ്ക് ഏറെ വലുതാണ്. അതേ സംഘങ്ങള്‍ക്കു ഇന്നു പിടിച്ചുനില്‍ക്കണം. അതിനു പഴയ കാഴ്ചപ്പാടും പ്രവര്‍ത്തനരീതിയും മതിയാവില്ല. ഡിജിറ്റല്‍ ലോകത്തിലേക്കു ധനകാര്യ മേഖല മാറുമ്പോള്‍, പണരഹിത ഇടപാടിലേക്കു ബാങ്കുകള്‍ ചുവടുവെക്കുമ്പോള്‍, മാറാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവ് സഹകരണ മേഖലയ്ക്കും ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ കാര്‍ഷിക വായ്പാ സംഘങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകളായി മുഖം മാറിയിട്ട് നാളേറെയായി. കര്‍ഷക കൂട്ടായ്മയുടെ ധനകാര്യ സ്ഥാപനം എന്ന നിലയില്‍ ഒരു പ്രദേശത്തിന്റെ ബാങ്കായി ഇതു മാറിക്കഴിഞ്ഞു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു ധനകാര്യ ഇടപാടിനായി ഒരു സഹകരണ ബാങ്ക് എന്നതാണു കേരളത്തിന്റെ സഹകരണ നയം ചൂണ്ടിക്കാട്ടുന്നത്. കാര്‍ഡില്‍ നിന്നു ഓണ്‍ലൈനിലേക്കും ഓണ്‍ലൈനില്‍ നിന്നു സമ്പര്‍ക്കരഹിത ഇടപാടിലേക്കും സാമ്പത്തിക കൈമാറ്റം മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ കറന്‍സികളിലേക്കു ലോകം മാറുന്നു. ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഇറക്കുന്ന കാര്യം റിസര്‍വ് ബാങ്ക് പരിശോധിക്കുന്നു. ഈ ഘട്ടത്തിലാണു പണമല്ലാതെ മറ്റൊരു ഇടപാടുരീതിയും സാധ്യമാകാത്ത ധനകാര്യ സ്ഥാപനമായി സഹകരണ സംഘങ്ങള്‍ നില്‍ക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങള്‍ക്കും പ്രാദേശിക ഭരണകൂടത്തിനും ആശ്രയിക്കാവുന്ന ധനകാര്യ സ്ഥാപനമായി സഹകരണ സംഘങ്ങള്‍ മാറണമെങ്കില്‍ സാങ്കേതിക മുന്നേറ്റം ഉണ്ടായേ പറ്റൂ. ഇക്കാര്യത്തില്‍ എല്ലാ സഹകാരികളും ഒന്നിക്കുന്നുണ്ടെങ്കിലും അതിനുള്ള പഠനമോ സാധ്യതാ പരിശോധനയോ നടന്നിട്ടില്ല. പകരം, സോഫ്റ്റ്വെയര്‍ ഏകീകരണം പോലുള്ള കാലഹരണപ്പെട്ടതും സാങ്കേതിക മുന്നേറ്റത്തിനു വഴിയൊരുക്കാത്തതുമായ പരിഷ്‌കാരത്തിലേക്കാണു നമ്മള്‍ പോകുന്നത്.

എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളുടെയും അക്കൗണ്ടുകള്‍ ഏകീകരിക്കുക, ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഈ പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യങ്ങള്‍ രൂപവത്കരിച്ച് പരസ്പരം ഇടപാടിനുള്ള സൗകര്യം ഉറപ്പാക്കുക, സംസ്ഥാന തലത്തില്‍ പ്രാഥമിക ബാങ്കുകളുടെ ഇടപാടുകള്‍ ക്രോഡീകരിക്കുന്നതിനു ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്ഥാപനം രൂപവത്കരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണു അടിയന്തരമായി ചെയ്യേണ്ടത്. ഇതിനുള്ള സാധ്യതകളാണു പരിശോധിക്കേണ്ടത്. സഹകരണ ബാങ്കുകള്‍ക്കായി ഒരു പൊതു മൊബൈല്‍ ആപ്പും ഡെബിറ്റ് കാര്‍ഡും തയാറാക്കേണ്ടതുണ്ട്. ഈ സഹകരണ കാര്‍ഡ് പൊതുവിതരണ കേന്ദ്രം, ത്രിവേണി, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ കണ്‍സ്യൂമര്‍ സ്റ്റോര്‍, മാവേലി സ്റ്റോര്‍, നീതി സ്റ്റോര്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പണമടയ്ക്കാന്‍ ഉപയോഗിക്കാനാവണം. ഡിജിറ്റല്‍ ലോകത്തു പുതിയ സാധ്യതകളെ എങ്ങനെ ഉപയോഗിക്കാനാകും എന്നതാവണം നമ്മുടെ ചിന്ത. മുന്നിലെത്താനാവണം ഓടേണ്ടത്. പിന്നാലെ ഓടിയാല്‍ ഒരിക്കലും ഓട്ടം തീരില്ല. അതു സഹകരണ മേഖലയിലുള്ളവരും സഹകാരികളും സര്‍ക്കാരും ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

– എഡിറ്റര്‍

Read also
error: Content is protected !!