23 Sep

തിരുത്താനാകാം തളര്‍ത്താനാകരുത്

നാട്ടു കൂട്ടായ്മയുടെ ഭാഗമാണ് ഓരോ സഹകരണസംഘവും. അതിനെ പണമിടപാടിന്‍റെ മാത്രം കേന്ദ്രമായി കരുതാനാവില്ല. അവിടത്തെ നിക്ഷേപങ്ങളില്‍ കര്‍ഷകന്‍റെ വിഹിതമുണ്ട്. കൂലിപ്പണിക്കാരന്‍റെ ഓഹരിയുണ്ട്. ജീവനക്കാരന്‍റെ റിട്ടയര്‍മെന്‍റ് ആനുകൂല്യമുണ്ട്. ഉദ്യോഗസ്ഥരുടെ ശമ്പള ബാക്കിയുണ്ട്. ഇതൊക്കെ ചേര്‍ത്ത് സ്വരുക്കൂട്ടിയ പണം ഒരുനാടിന്‍റെ ചുരുങ്ങിയ പരിധിക്കുള്ളിലാണ് വിനിയോഗിക്കുന്നത്. അവിടെ കര്‍ഷകന് വിത്തും വളവും നല്‍കുന്നു. പണിക്കൂലിക്കായി വായ്പനല്‍കുന്നു. ജീവിതത്തില്‍ ഒരുതണല്‍ തേടുന്നവര്‍ക്ക് ഒരുപെട്ടിക്കട തുടങ്ങാന്‍,സ്ത്രീകൂട്ടായ്മകള്‍ക്ക ്ചെറുസംരംഭം തുടങ്ങാന്‍. അങ്ങനെ ആളുകളുടെ കനം നോക്കിയല്ല, ആവശ്യത്തിന്‍റെ തോത് നോക്കി വായ്പ കൊടുക്കുന്നു. കേരളത്തിലെ സഹകരണസംഘങ്ങള്‍ നേടിയ വിശ്വാസ്യതയുടെ അടിക്കല്ല് പാകിയത ്ഇങ്ങനെയാണ്. സര്‍ക്കാരും റിസര്‍വ്ബാങ്ക ്പോലുള്ള നിയന്ത്രണ സംവിധാനങ്ങളും പരിഷ്കാരങ്ങളേര്‍പ്പെടുത്തുമ്പോള്‍ ഈ കൂട്ടായ്മയുടെ നാട്ടുമനസ്കാണാതെ പോകരുത്. ഇപ്പോഴത്തെ സംഭവങ്ങളില്‍ അതില്ലാതെ പോകുന്നുണ്ടോയെന്ന ആശങ്കയുണ്ട്.

നിക്ഷേപങ്ങള്‍ക്ക് വിലക്കിടുന്ന റിസര്‍വ്ബാങ്കിന്‍റെ നിര്‍ദ്ദേശമാണ് ഇതിലാദ്യത്തേത്. വേണമെങ്കില്‍ റിസര്‍വ്ബാങ്കിന്‍റെ ലൈസന്‍സോടെ ഒരു ധനകാര്യബാങ്ക് മാത്രമായി കേരളത്തിലെ പ്രധാനപ്രാഥമിക സഹകരണബാങ്കുകള്‍ക്ക് മാറാവുന്നതേയുള്ളൂ. കാര്‍ഷിക വായ്പാസംഘങ്ങള്‍ വെറും വായ്പാസംഘങ്ങളെന്ന നിലയിലേക്ക് മാറണം. സേവന മേഖലയില്‍ നിന്ന് പഠിക്കേണം. ഇത്രയേയുള്ളൂ അത്തരമൊരു മാറ്റത്തിന്വേണ്ടത്. പക്ഷേ,കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍, സൗജന്യഡയാലിസിസ് കേന്ദ്രങ്ങള്‍, കര്‍ഷകര്‍ക്കുള്ള വളം വിതരണം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പാകത്തിലുള്ള കണ്‍സ്യൂമര്‍സ്റ്റോറുകള്‍ ഇതൊക്കെ ഒരുവില്ലേജ് പരിധിക്കുള്ളില്‍ ഒരുസഹകരണസംഘം ചെയ്യുന്നുണ്ട്. അതുണ്ടാക്കുന്ന മാനവികത റിസര്‍വ്ബാങ്കിന്‍റെ ലൈസന്‍സിനേക്കാളും വലുതാണെന്ന ബോധ്യമാണ് ഇത്തരം സംഘങ്ങളെ നയിക്കുന്നത്. അതുള്‍ക്കൊണ്ടുള്ള നിയന്ത്രണമാണ് റിസര്‍വ്ബാങ്കിന്‍റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. പണമിടപാടിനു മുകളില്‍ തുറന്നവെച്ച കണ്ണ് അനിവാര്യമാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഒരുജനകീയതയുടെ പേരിലും വെച്ചു പൊറുപ്പിക്കാവുന്നതല്ല. പക്ഷേ, വിശ്വാസ്യത ചോര്‍ന്നു പോകുന്ന നടപടിയാകരുത്. ബാങ്കിലൂടെ സര്‍ക്കാര്‍ വരുത്തുന്ന പരിഷ്കാരമാണ് രണ്ടാമത്തെ ആശങ്കയ്ക്ക് കാരണം. ഘടനാമാറ്റം നല്ലതുതന്നെ. പക്ഷേ,അതിനുള്ള മുന്നൊരുക്കത്തില്‍ ആശങ്കയുണ്ട്. 15 ബാങ്കുകളുടെ ലയനം അത്ര എളുപ്പമല്ല. ഒരുപാടുപേരുടെ ത്യാഗമുണ്ട് ജില്ലാബാങ്കുകളെ ഇന്നത്തെ നിലയില്‍ എത്തിച്ചതിന് പിന്നില്‍. കോഴിക്കോട് ജില്ലാബാങ്കിനെപ്പോലുള്ള സ്ഥാപനത്തിന്‍റെ വളര്‍ച്ചയ്ക്ക് ഒരു നൂറ്റാണ്ടിന്‍റെ കഥയുണ്ട് സര്‍ക്കാരിന്‍റെ പരിഷ്കാരത്തിലൂടെ അതിനൊരു ക്ഷീണമുണ്ടായാല്‍ അത് പൊറുക്കാവുന്നതല്ല. ഏതുമാറ്റവും തിരുത്താനാകാം, തളര്‍ത്താനാകരുത്. അത് റിസര്‍വ്ബാങ്കിന്‍റേതായാലും സര്‍ക്കാരിന്‍റേതായാലും.

Read also
error: Content is protected !!