03 Aug

പുതിയ സാധ്യതകള്‍ തേടേണ്ട കാലം

പുതിയ സാധ്യതകള്‍ തേടേണ്ട കാലം

നിനിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ സഹകരണ മേഖല കടന്നുപോകുന്നത്. എണ്ണത്തില്‍ കുറവായിരുന്നിട്ടും വായ്പാ സഹകരണ സംഘങ്ങള്‍ സഹകരണ മേഖലയിലെരാജാക്കന്മാരായി വാണ കാലമായിരുന്നു ഇതുവരെ. ഇന്ത്യയിലെ സഹകരണ മേഖലയുടെ നിക്ഷേപത്തിന്റെ പാതിയിലേറെയും കേരളത്തില്‍ നിന്നാണെന്ന് അഭിമാനത്തോടെ നമ്മള്‍ പറഞ്ഞു. അതുണ്ടായത്, വാണിജ്യബാങ്കുകളുടെ മികവും പൊലിമയും ഒന്നുമില്ലാതിരുന്നിട്ടും വായ്പാ സംഘങ്ങളെ ജനങ്ങള്‍ വിശ്വസിച്ചതുകൊണ്ടാണ്. ജനകീയ ബാങ്കിങ് യാഥാര്‍ഥ്യമാക്കിയതുകൊണ്ടാണ്. ഗ്രാമീണന്റെ വ്യഥ അറിയുന്ന സഹകാരിയാണ് വായ്പയുടെ തോത് നിശ്ചയിച്ചത്. കടംകയറി മരണത്തിന് കയറു തേടി പോകുന്നവനോട് ‘ സാരമില്ല പരിഹാരമുണ്ടാക്കാം ‘ എന്ന് ആശ്വസിപ്പിക്കുന്ന ബാങ്കിങ് സംസ്‌കാരമാണ് സഹകരണ ബാങ്കുകളുണ്ടാക്കിയത്. ഇത് ഒരു ദിവസം കൊണ്ടുണ്ടായതല്ല. ഉഴുതുമറിച്ച വയലില്‍ വിത്തിടാനും കൊയ്‌തെടുത്ത നെല്ലിന് വിപണി കണ്ടെത്താനും സഹായവുമായി സഹകരണ സംഘങ്ങള്‍ എത്തിയതുകൊണ്ടാണ്. ആ വിശ്വാസ്യത നമ്മെ വളര്‍ത്തി. വളര്‍ന്നപ്പോള്‍ വാണിജ്യ ബാങ്കുകളോടുതന്നെ മത്സരിക്കേണ്ടതായി വന്നു. പണമിടപാടിന്റെ തോത് കൂടിയപ്പോള്‍ പരിശോധനകളുണ്ടായി. റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പുമെല്ലാം നിയന്ത്രണങ്ങളുമായി സഹകരണ മേഖലയെ തേടിയെത്തി. ഇനി നിയന്ത്രണങ്ങളുടെ കാലമാണ്. ആദായനികുതിയുടെ പരിധി ലംഘിക്കാനാവില്ല. കടം കൊടുക്കുന്നതിന് മാനദണ്ഡങ്ങളെത്തിത്തുടങ്ങി. നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. അതിനോട് യുദ്ധം ചെയ്ത് പരിഹാരമുണ്ടാക്കാനിറങ്ങിയാല്‍ ചോര്‍ന്ന പണപ്പെട്ടിയുമായി സംഘങ്ങള്‍ വാതിലടക്കേണ്ടിവരും.

വൈവിധ്യപൂര്‍ണവും ഭാവനാത്മകവുമായ പ്രവര്‍ത്തനരീതി വായ്പാസഹകരണ സംഘങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിലൊന്നാണ് സ്വാശ്രയ സംഘങ്ങളെ ഒന്നിച്ചുനിര്‍ത്തുക എന്നത്. കുടുംബശ്രീ അതിന് സഹായകമാണ്. അതിലുപരി ചെറിയ സ്വയംസഹായ സംഘങ്ങള്‍ക്ക് സഹകരണ സംഘങ്ങള്‍ക്കുതന്നെ രൂപം നല്‍കാവുന്നതാണ്. തിരിച്ചടവ് എളുപ്പമുള്ള വായ്പയാണ് സ്വയംസഹായ സംഘങ്ങള്‍ക്ക് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തത് നബാര്‍ഡാണ്. മാത്രവുമല്ല, ലഭിക്കുന്ന വായ്പകള്‍ ഉല്പാദനക്ഷമതയോടെ ഉപയോഗിക്കുന്നതും ഇവരാണെന്നാണ് നബാര്‍ഡിന്റെ വിലയിരുത്തല്‍. അങ്ങനെയാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ രൂപവത്കരിക്കാന്‍ നബാര്‍ഡ് തീരുമാനിച്ചത്. ഇതേമാതൃക സഹകരണ സംഘങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ചെറു കൂട്ടായ്മകള്‍ രൂപവത്കരിക്കുകയും അവയ്ക്ക് സഹായം നല്‍കി സംരംഭങ്ങള്‍ തുടങ്ങിക്കുകയും ചെയ്യാം. ഇത്തരം കൂട്ടായ്മകളുടെ സംരംഭത്തിന് നബാര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഒട്ടേറെ സാമ്പത്തിക സഹായങ്ങള്‍ വേറെയും ലഭിക്കും. അതും സഹകരണ സംഘങ്ങളുടെ സഹായത്തോടെ ലഭ്യമാക്കാനാകും. ഇങ്ങനെ നല്‍കുന്ന വായ്പകള്‍ കാര്‍ഷിക മേഖലയുള്‍പ്പടെയുള്ള മുന്‍ഗണനാ വിഭാഗത്തിനുള്ള സാമ്പത്തിക സഹായമായി കണക്കാക്കാനാവും. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഒട്ടേറെ സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ച് സാമ്പത്തികക്കൊള്ള നടത്തുന്നുണ്ട്. അതിന് സഹകരണ ബദല്‍ തീര്‍ക്കാനാകണം. മാത്രവുമല്ല, നാളെയുടെ നിലനില്‍പ് ഇത്തരം വായ്പകളിലൂടെയും നാടിന്റെ ന•യ്ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന ജനകീയ ബോധത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണെന്ന തിരിച്ചറിവും സഹകരണ സംഘങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അതേപോലെ, വായ്‌പേതര സംഘങ്ങള്‍ അവയുടെ ഉത്തരവാദിത്തം തിരിച്ചറിയണം. എന്ത് ലക്ഷ്യത്തിനുവേണ്ടിയാണോ ഇത്തരം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് ആ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചാണ് പലപ്പോഴും ഇവ പ്രവര്‍ത്തിക്കുന്നത്. കൃഷി, മാര്‍ക്കറ്റിങ്, ടൂറിസം, വനിതാക്ഷേമം എന്നിങ്ങനെയുള്ള മേഖലയിലെല്ലാം പുതിയ സാധ്യതകള്‍ കണ്ടെത്താനാകും. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് സഹകരണ സംഘങ്ങള്‍ ആലോചിക്കണം. ഇനി സഹകരണ സംഘങ്ങള്‍ പുതുവഴി തേടേണ്ട കാലമാണ്. ആ തിരിച്ചറിവിലേക്ക് സഹകാരികളും ജീവനക്കാരും എത്താന്‍ വൈകരുത്.

– എഡിറ്റര്‍

Read also
error: Content is protected !!