03 Aug

മാറ്റം ഉള്‍ക്കൊള്ളാനും മനസ്സു വെക്കണം

മാറ്റം ഉള്‍ക്കൊള്ളാനും മനസ്സു വെക്കണം

പ്ര തിസന്ധികളുണ്ടാക്കിയ ബദലാണ് സഹകരണം. ലോകത്താകെ അത് പിറന്നതും വളര്‍ന്നതും സാഹചര്യങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ്. സര്‍ക്കാര്‍ – സ്വകാര്യ മേഖല പോലെ നിയതമായ രൂപത്തില്‍ കെട്ടിപ്പെടുത്തതല്ല സഹകരണ പ്രസ്ഥാനം. പിറന്നതിനുശേഷം നിയമ വ്യവസ്ഥകളുണ്ടാക്കുകയും അതിനനുസരിച്ച് നിയന്ത്രണവും ഘടനയും ചിട്ടപ്പെടുത്തുകയുമാണ് സഹകരണ മേഖലയിലുണ്ടായത്. വിശപ്പില്‍ പൊള്ളുന്ന വയറിന് ശമനമുണ്ടാക്കാന്‍ രൂപപ്പെട്ട കൂട്ടായ്മയാണ് സഹകരണ സംഘങ്ങള്‍. അതിനാല്‍, സാഹചര്യവും നിയമ വ്യവസ്ഥയുമനുസരിച്ച് അതിന്റെ ഘടന ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടുനിന്നു. പക്ഷേ, പൊതുസ്വഭാവം ഒന്നുതന്നെയായിരുന്നു.

സഹകരണ പ്രസ്ഥാനത്തിന്റെ ആത്മാംശം എന്താണെന്ന് ഓര്‍മപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിതെന്നാണ് പൊതുവിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ സമീപകാല നിയമ ഭേദഗതികള്‍ സഹകരണ സംഘങ്ങളെ തകര്‍ക്കുമെന്ന ആധിയാണ് സഹകാരികളുടെ വാക്കില്‍ നിറയുന്നത്. അതില്‍ ഒടുവിലത്തേതാണ് ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് – 2020. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് പ്രാഥമിക സഹകരണ ബാങ്ക് എന്ന രീതിയില്‍ ഇനി പ്രവര്‍ത്തിക്കാനാകുമോയെന്നതാണ് ഇപ്പോഴുയരുന്ന സംശയം. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാതെ ബാങ്ക് എന്ന പേര് ഒരു ധനകാര്യ സ്ഥാപനവും ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് നിയമത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍, നമ്മള്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇപ്പോഴത്തെ ഭേദഗതിയനുസിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്ക് എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിയമത്തിന്റെ നൂലിഴകീറി ഇപ്പോഴും ബാങ്ക് എന്നുപയോഗിക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവരും സഹകാരികള്‍ക്കിടയിലുണ്ട്. അത് അംഗീകരിക്കപ്പെട്ടാല്‍ നല്ലത്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ പൊതുനിലപാടും ഇതുവരെ അവര്‍ സ്വീകരിച്ച സമീപനവും കണക്കാക്കിയാല്‍ അത്തരമൊരു വാദം അംഗീകരിക്കുമെന്ന് വിശ്വസിക്കാനാവില്ല.

ഒരു പേരിലല്ല, വിശ്വാസ്യതയിലാണ് കേരളത്തില്‍ സഹകരണ മേഖല വളര്‍ന്നത് എന്നതില്‍ തര്‍ക്കമില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ജനകീയ പരുവപ്പെടലാണ് സഹകരണ പ്രസ്ഥാനത്തിന്റെ അന്തസ്സത്ത. അതിനാല്‍, അനാവശ്യ വ്യവഹാരങ്ങളില്‍ അഭിരമിച്ച് പണവും സമയവും കൊല്ലുന്ന രീതിയില്‍നിന്ന് നമ്മളും മാറേണ്ടതുണ്ട്. ബാങ്കുകളായി മാറാന്‍ മൂലധനശേഷിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് അതിനുള്ള വഴിയൊരുക്കുകയാണ് വേണ്ടത്. കാര്‍ഷിക വായ്പ സംഘങ്ങളായി നില്‍ക്കേണ്ടുന്നവക്ക് അതിന്റെ ധര്‍മവും നിറവേറ്റാനാകണം. അതോടെ, കാലങ്ങളായി തുടരുന്ന ആദായനികുതി തര്‍ക്കത്തിനും അറുതിയാവും. കാര്‍ഷിക സംഘങ്ങള്‍ക്ക് നിലവിലെ പണമിടപാട് തടസ്സപ്പെടുത്താതിരിക്കാനുള്ള ക്രമീകരണം കേരള ബാങ്കിലൂടെ വരുത്താനാകണം.

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. കേരള ബാങ്ക് അതിന്റെ തുടക്കമായിരുന്നു. കേന്ദ്ര നിയമ ഭേദഗതികള്‍ അതിന്റെ മറ്റൊരു വഴിയൊരുക്കലാണ്. ഈ മാറ്റം ശ്രദ്ധയോടെയും അവധാനതയോടെയും വിലയിരുത്തുകയാണ് സഹകാരികളും സര്‍ക്കാരും ചെയ്യേണ്ടത്. അതിന് കലഹമല്ല, ചര്‍ച്ചയാണ് വേണ്ടത്. മാറ്റമുള്‍ക്കൊള്ളാന്‍ നമ്മുടെ മനസ്സും പാകപ്പെടണം.

 

– എഡിറ്റര്‍

Read also
error: Content is protected !!