03 Aug

മാറ്റത്തിന്റെ 2020

മാറ്റത്തിന്റെ 2020

മ്മള്‍ പുതുവര്‍ഷത്തിലേക്കു കടക്കുകയാണ്. സഹകരണ മേഖലയെ സംബന്ധിച്ചിടത്തോളം അതൊരു വെറും മാറ്റമല്ല. പരീക്ഷണത്തിന്റെയും അതിജീവനത്തിന്റെയും മാറ്റമാണ്. ഗ്രാമീണ ജീവിതത്തിന്, കര്‍ഷകന്, തൊഴിലാളി കൂട്ടായ്മക്ക് ആശ്രയിക്കാവുന്ന ഒരു സാമ്പത്തികരീതിയാണ് ഒന്നര നൂറ്റാണ്ടുകളിലേറെ പഴക്കമുള്ള സഹകരണ മേഖല. ‘ ഓരോരുത്തരും എല്ലാവര്‍ക്കും എല്ലാവരും ഓരോരുത്തര്‍ക്കും ‘ താങ്ങും തണലുമാകുന്ന സാമ്പത്തികാവസ്ഥ. കേരളത്തില്‍ ഈ കൂട്ടായ്മകള്‍ ഒരുപാട് വളര്‍ന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ സഹകരണ മേഖല , പ്രത്യേകിച്ച് വായ്പാ സംഘങ്ങള്‍, അതിന്റെ പരമാവധി ഉയരത്തില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. പരമാവധി എന്നത് നിലവിലെ സാഹചര്യത്തില്‍ നേടാവുന്ന ശക്തി എന്ന അര്‍ഥത്തില്‍ മാത്രം കണ്ടാല്‍ മതി. ഈ രീതിയില്‍ മുന്നോട്ടു പോകാനാവില്ലെന്നും വരാനിരിക്കുന്നത് അത്ര ശുഭകരമല്ലാത്ത ദിനങ്ങളാണെന്നും സഹകാരികള്‍ക്കും സഹകരണ ജീവനക്കാര്‍ക്കും തോന്നുന്ന ഘട്ടമാണിത്. അതാണ് പുതുവര്‍ഷം സഹകരണ മേഖലയെ സംബന്ധിച്ചിടത്തോളം വെറും മാറ്റമല്ല എന്നു പറയേണ്ടിവരുന്നത്.

കേരള ബാങ്ക് നിലവില്‍ വന്നുകഴിഞ്ഞു. എന്നാല്‍, അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ഏതു രീതിയിലാവുമെന്നു കാത്തിരുന്ന് അറിയേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് സഹകരണ മേഖലയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ തുടങ്ങി. വാദം മാത്രമല്ല, അതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ പുതിയ ഭേദഗതി കൊണ്ടുവരാനുള്ള നടപടി തുടങ്ങി. ക്രെഡിറ്റ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളില്‍ രജിസ്ട്രാര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുകയും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്യുകയാണ്. ആദായനികുതി വകുപ്പ് സ്വതന്ത്ര ഭാരതത്തിന്റെ തുടക്കം മുതല്‍ നല്‍കിയിരുന്ന എല്ലാ പരിഗണനയും അവസാനിപ്പിച്ചു. മാത്രവുമല്ല, കോര്‍പ്പറേറ്റുകളോടുപോലും കാണിക്കാത്ത കാര്‍ക്കശ്യവും കൊള്ളസംഘത്തെ നേരിടുന്നതുപോലുള്ള നടപടിയുമാണ് സഹകരണ സംഘങ്ങളോട് സ്വീകരിക്കുന്നത്. ഇതെല്ലാം ബോധ്യപ്പെടുത്തുന്നത് വരാനിരിക്കുന്നത് അത്ര ശുഭകരമായ ദിനങ്ങളല്ലെന്ന സഹകാരികളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നാണ്. അതിനാല്‍, ദീര്‍ഘ വീക്ഷണവും ജാഗ്രതയും ഇനിയുള്ള ഓരോ ചുവടുവെപ്പിലും ഉണ്ടാകേണ്ടതുണ്ട്. ലാഭം പെരുപ്പിച്ച് നികുതി അടയ്ക്കുന്നതിലല്ല , അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ വേണ്ടത്. പുതിയ കാലത്ത് ഏതു രീതിയില്‍ വളരാനാവുമെന്ന് ഭാവനാപൂര്‍ണമായ ചിന്ത ഉണ്ടാവേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ ഇക്കോണമിയുടെ പടുകൂഴിയില്‍ വീഴാതെ നോക്കണം. ബാങ്കിങ് ബിസിനസ്സിന്റെ പകിട്ടില്‍ അഭിരമിച്ചു പോകാതിരിക്കണം. സഹകരണ മേഖല ഒരു ബദലായിത്തന്നെ നിലനിര്‍ത്തേണ്ടതുണ്ട്. ഒരു പ്രദേശത്തെ ജനകീയ കൂട്ടായ്മക്ക് താങ്ങും തണലും നല്‍കാവുന്ന, അവരുടെ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ബദല്‍ സാമ്പത്തിക കേന്ദ്രമാവുകയാണ് വേണ്ടത്. പുതുവര്‍ഷം ആ വഴിയിലേക്കുള്ള ഉറച്ച ചുവടുവെപ്പാവട്ടെ.

‘ മൂന്നാംവഴി ‘ യുടെ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പരസ്യദാതാക്കള്‍ക്കും പുതുവത്സരാശംസകള്‍.

                    – എഡിറ്റര്‍

Read also
error: Content is protected !!