03 Aug

മില്‍മയും മാറണം, അമൂലിനെപ്പോലെ

മില്‍മയെന്നാല്‍ ഒരു വിളിപ്പേരിനപ്പുറം ഉള്ളിലുറയ്ക്കുന്ന വികാരമാണ്. അസംഘടിതരായ ക്ഷീരകര്‍ഷകര്‍ക്ക് ആശ്രയവും അത്താണിയുമാവാന്‍ പിറവികൊണ്ട സഹകരണ സ്ഥാപനം. ഗുജറാത്തിലെ ആനന്ദില്‍ ഇന്ത്യയ്ക്ക് മാതൃകയായ അമൂല്‍ എന്ന ക്ഷീരകര്‍ഷക കൂട്ടായ്മ നല്‍കിയ ഊര്‍ജത്തില്‍നിന്ന് മലയാളക്കരയില്‍ ജډമെടുത്ത സ്ഥാപനം. പക്ഷേ, അമൂലിനെ മാതൃകയാക്കുമ്പോഴും നമ്മുടെ സാഹചര്യവും സാധ്യതയും പരിഗണിക്കേണ്ടതാണ്. അമൂലിന് പിന്നില്‍ ഒരു കഥയുണ്ട്. അമൂല്‍ വരുന്നതിന് മുമ്പ് ആനന്ദിലെ ഏക ക്ഷീരസംഭരണ സ്ഥാപനം പോള്‍സണ്‍ ഡയറിയായിരുന്നു. കാലിവളര്‍ത്തുകാരായ നാട്ടുകാര്‍ പാത്രത്തില്‍ പാലുമായി കിലോമീറ്ററുകള്‍ താണ്ടി വേണം പോള്‍സണ്‍ ഡയറിയുടെ സംഭരണ കേന്ദ്രത്തിലെത്താന്‍. മിക്കവാറും അവിടെ എത്തുമ്പോഴേക്കും പാല്‍ കേടാകും. അതോടെ തിരസ്കരിക്കും. ശൈത്യകാലത്ത് പാലുല്‍പാദനം കൂടും. അപ്പോള്‍ വിലയും കുറയ്ക്കും. ചുരുക്കത്തില്‍ , ആനന്ദിലെ ക്ഷീരകര്‍ഷകരെന്നും അരപ്പട്ടിണിയില്‍ കാലിയെപ്പോറ്റി. ഇതിനൊരു മാറ്റമായാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മൊറാര്‍ജി ദേശായി, ത്രിഭുവന്‍ദാസ് പട്ടേല്‍ എന്നിവരുടെ നിര്‍ദ്ദേശത്തില്‍ കര്‍ഷകക്കൂട്ടായ്മയില്‍ അമൂല്‍ പിറക്കുന്നത്. മലയാളിയായ ഡോ. വര്‍ഗീസ് കുര്യന്‍റെ നേതൃത്വത്തില്‍ അമൂല്‍ അങ്ങനെ രാജ്യത്ത് ധവള വിപ്ലവത്തിനു തുടക്കമിട്ടു.

ഇത്രയും പറഞ്ഞത് അമൂലും മില്‍മയും പിറവികൊണ്ടുതന്നെ ഏറെ അകലത്തിലാണെന്ന് ഓര്‍മിപ്പിക്കാനാണ്. ഇവിടെ ക്ഷീരസംഘങ്ങളുണ്ടാക്കി അതിലേക്ക് കര്‍ഷകരെ എത്തിക്കുകയാണ് ചെയ്തത്. അവര്‍ക്ക് സഹായപദ്ധതികള്‍ കൊണ്ടുവന്നു. ഗ്രാമീണ മേഖലയില്‍നിന്ന് പാല്‍ സംഭരിച്ച് ശേഖരിക്കാനായി. മില്‍മയെന്നത് പാലിന് മലയാളി നല്‍കുന്ന മറ്റൊരു പേരായി മാറി. അതിനപ്പുറം മില്‍മയ്ക്ക് വളരാനായോ എന്ന പരിശോധനയാണ് വേണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന നിര്‍മാണ സ്ഥാപനമായ അമൂലിന്‍റെ വിറ്റുവരവ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29,220 കോടി രൂപയാണ്. അമൂല്‍ ശരാശരി ഒരു ദിവസം 106 ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നു. മാറാന്‍ അമൂലിന് പറ്റി. മില്‍മയ്ക്കും പറ്റണം. അതിന് കാലത്തിനൊത്ത് വളരാനാകണം.

എങ്ങനെ മാറണമെന്ന് പഠിക്കാനാണ് സര്‍ക്കാര്‍ ലിഡ ജേക്കബ് അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. മില്‍മയുടെ ഏറണാകുളം , തിരുവനന്തപുരം മേഖലകളെ ഒന്നിപ്പിച്ച് ഒറ്റ യൂണിയനാക്കണമെന്നാണ് സമിതിയുടെ പ്രധാനശുപാര്‍ശ. ഒപ്പം പ്രൊഫഷണലിസം കൊണ്ടുവരാനുള്ള ചില നിര്‍ദ്ദേശങ്ങളും സമിതി മുന്നോട്ടുവെക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പാലിന്‍റെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്നാണ് ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞത്. സംസ്ഥാനത്തിന് ആവശ്യമുള്ള പാലിന്‍റെ 87 ശതമാനം ഇപ്പോള്‍ത്തന്നെ നമ്മള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കര്‍ഷകരിലേക്ക് ഇറങ്ങാനാകണം. വിപണിയിലേക്ക് പറന്നുയരാനാകണം. മില്‍മയിലെ മാറ്റം ഇതിനാവണം. അനന്ദിലെ കര്‍ഷകരോ അവിടുത്തെ സാഹചര്യമോ അല്ല കേരളത്തില്‍. ക്ഷീരമേഖല ലാഭകരമാണെന്ന തിരിച്ചറിവില്‍ കര്‍ഷകരെ എത്തിക്കുകയാണ് വേണ്ടത്. അല്ലാതെ മില്‍മയെ പൊളിച്ചുമാറ്റി പരീക്ഷിച്ചുതീരരുത് പരിഷ്കാരം.

Read also
error: Content is protected !!