26 Oct

യുവതയ്ക്കു സഹകരണവഴിയൊരുക്കുമ്പോള്‍

യുവജനങ്ങള്‍ക്കായി സഹകരണ സംഘമെന്നതു കേരളത്തിന്റെ ചുവടുവെപ്പാണ്. സഹകരണ മന്ത്രിയുടെ വാക്കില്‍ പറഞ്ഞാല്‍ ചരിത്രപരമായ തീരുമാനം. സഹകരണ മേഖല യുവാക്കള്‍ക്കു താല്‍പ്പര്യമില്ലാത്ത ഒരു രംഗമായി മാറി എന്നത് ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. അതിനൊരു മാറ്റം വരുത്താനാണു യുവജന സഹകരണ സംഘംതന്നെ പ്രത്യേകമായി തുടങ്ങി കേരളം പുതിയ മാര്‍ഗം തീര്‍ത്തിരിക്കുന്നത്. എന്നാല്‍, പേരുകൊണ്ടല്ല ഒരു സംഘം യുവജനങ്ങള്‍ക്കു പ്രിയപ്പെട്ടതാവുക. അവയുടെ പ്രവര്‍ത്തനം കൊണ്ടാണ്. നേരത്തെ കേരളാ ബാങ്ക് തുടങ്ങുന്നതിനു കാരണമായി ചൂണ്ടിക്കാട്ടിയതും യുവജനങ്ങളെ സഹകരണ ബാങ്കിങ് മേഖലയിലേക്കു കൊണ്ടുവരിക എന്നതായിരുന്നു. ആ ലക്ഷ്യത്തിലേക്കു നമുക്കു നടക്കാനായോ എന്ന് ഈ ഘട്ടത്തില്‍ ഒരാത്മപരിശോധന നടത്തുന്നതും നല്ലതാണ്. കോര്‍ ബാങ്കിങ്, സഹകരണ ബാങ്കിങ് ശൃംഖല, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിങ്ങനെ വാണിജ്യ ബാങ്കുകളോടു മത്സരിക്കാന്‍ പാകത്തില്‍ കേരള ബാങ്ക് സാങ്കേതിക മുന്നേറ്റം നടത്തേണ്ടതുണ്ട്. അതില്‍ പലതും തുടങ്ങാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതു വസ്തുതയാണ്. അതൊരു കുറവായി കാണേണ്ടതില്ല. ഇനിയും വൈകാതെ ആ ലക്ഷ്യത്തിലേക്കു വേഗം കൂട്ടുകയാണു വേണ്ടത്.

 

ഇനി യുവജന സംഘത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ നമുക്കുണ്ടാകേണ്ടതുണ്ട്. 27 സംഘങ്ങള്‍ ഒരുമിച്ച് തുടങ്ങി അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ പ്രധാനമാണ്. 45 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അംഗത്വം നല്‍കുന്നതാണു യുവജന സഹകരണ സംഘം. അതില്‍ അംഗമായ ഒരാള്‍ 45 കഴിഞ്ഞാല്‍ സംഘത്തില്‍ നിന്നു പുറത്താകണം. അത്തരമൊരു വ്യവസ്ഥ ഇതുവരെ സഹകരണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. നിയമപരമായ പരിഷ്‌കരണത്തിലും പുതിയ പാതയൊരുക്കുമ്പോള്‍ ശ്രദ്ധ വേണ്ടതുണ്ട്. ഒരു സാധാരണ സഹകരണ സംഘം തുടങ്ങുന്ന നടപടികളും വ്യവസ്ഥകളും തന്നെയാണു യുവജന സംഘത്തിനും ഇപ്പോഴുള്ളത്. അതായതു പേരില്‍ മാത്രമാണു പുതുമ എന്നര്‍ഥം. പക്ഷേ, പ്രവര്‍ത്തനത്തില്‍ പുതുമ വിഭാവനം ചെയ്യുന്നുണ്ട്. സിനിമാ നിര്‍മാണം, കാറ്ററിങ്, ഇവന്റ് മാനേജ്മെന്റ് എന്നിവയെല്ലാം ഇത്തരം സംഘങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്. അതുകൊണ്ടുമാത്രം ഇത്തരം സംഘങ്ങള്‍ മാതൃകയായി വളരുമെന്നു കരുതാനാവില്ല.

 

25 യുവാക്കള്‍ ചേര്‍ന്നുള്ള ഒരു സഹകരണ കൂട്ടായ്മ എന്ന നിലയില്‍ ഈ സംഘങ്ങളെ കാണണം. അങ്ങനെ കണ്ടാല്‍, ഈ കൂട്ടായ്മയുടെ ഭാഗമാകുന്നവര്‍ക്കു മെച്ചപ്പെട്ട വരുമാനം ലഭിക്കണം. അതായതു സംഘത്തിലെ ജീവനക്കാരന് അതിന്റെ ഭരണസമിതി അംഗമാകാന്‍ യോഗ്യതയില്ല എന്ന വ്യവസ്ഥ യുവജന സംഘത്തിനു ഗുണകരമാവില്ല. അവരുടെ അധ്വാനത്തിലൂടെ സംഘം ലാഭത്തിലെത്തുമ്പോള്‍ ആ ലാഭവിഹിതത്തിലും അവര്‍ക്കുതന്നെ മുന്‍ഗണന വേണം. പരമാവധി 25 ശതമാനം ലാഭവിഹിതം എന്ന വ്യവസ്ഥയും മാറേണ്ടതാണ്. 50 ശതമാനം ലാഭവിഹിതമെങ്കിലും യുവജന സംഘങ്ങളിലെ അംഗങ്ങള്‍ക്കു നല്‍കേണ്ടതുണ്ട്. കാരണം കുറഞ്ഞ അംഗങ്ങളും അവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനവുമായിരിക്കും ഇത്തരം സംഘങ്ങളുടെ വിജയത്തിനു വഴിയൊരുക്കുക. ജോലിയും വരുമാനവും ലാഭമുണ്ടാകുമ്പോള്‍ അതിലൊരു വിഹിതവും ലഭിക്കുമ്പോള്‍ കേരളം പോലൊരു സംസ്ഥാനത്തു യുവാക്കള്‍ കൂടുതലായി സഹകരണ മേഖലയിലേക്കെത്തും. 25 പേര്‍ എന്ന വ്യവസ്ഥപോലും നിര്‍ബന്ധമാക്കേണ്ടതില്ല. സാങ്കേതിക മേഖലയില്‍ ഒരു സംരംഭമാണ് ഇത്തരമൊരു കൂട്ടായ്മ ലക്ഷ്യമിടുന്നതെങ്കില്‍ അതു 10 പേര്‍ ചേര്‍ന്നാലും രജിസ്റ്റര്‍ ചെയ്യാനാവണം. സഹകരണ സ്റ്റാര്‍ട്ട് അപ് മാതൃകയിലേക്ക് ഇത്തരം സംഘങ്ങളെ കൊണ്ടുവരികയാണു വേണ്ടത്.

 

 

Read also
error: Content is protected !!