മാറണം കാലത്തെ അടയാളപ്പെടുത്തിയ കയര്‍മേഖല

[email protected]

ഒരുതൊഴില്‍മേഖല എങ്ങനെ സാമൂഹ്യമാറ്റത്തിന്‍റെ ഭാഗമാകുന്നുവെന്നതിന്‍റെ തെളിവാണ് കയര്‍-ബീഡിത്തൊഴിലാളികളുടെ സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ ഇടപെടല്‍. ഒരു ജനതയുടെ വികാരത്തിനൊപ്പംനിന്ന് മാറ്റത്തിനായി പോരാടാന്‍ ഈ രണ്ട് മേഖലയിലെയും തൊഴിലാളികള്‍ മുന്നിലുണ്ടായിരുന്നു.ആലപ്പുഴകേന്ദ്രീകരിച്ച് കയര്‍ത്തൊഴിലാളികളും വടക്കേമലബാറില്‍ ബീഡിത്തൊഴിലാളികളും ഇടതുപക്ഷ രാഷ്ട്രീയം വളരാന്‍ നിലമൊരുക്കുന്നതിന് പങ്കുവഹിച്ചവരാണ്. ബാക്കിയുള്ള തൊഴിലാളികളുടെ പങ്ക് കുറച്ചുകണ്ടുകൊണ്ടല്ല ഈ നിരീക്ഷണം. പക്ഷേ, ഈ രണ്ട് തൊഴില്‍മേഖലയും ക്ഷയിച്ചില്ലാതാകുമ്പോള്‍, ഒരുചരിത്രകൂട്ടായ്മയുടെ ദൃഢതയും നിശ്ചയദാര്‍ഡ്യവുമാണ് നഷ്ടപ്പെട്ടുപോകുന്നത്. ഇതില്‍ ബീഡിത്തൊഴില്‍ മേഖലയുടെ തകര്‍ച്ച ഒരു സാമൂഹ്യമാറ്റത്തിന്‍റെ ഭാഗമാണ്. ലഹരി ഉപയോഗം എതിര്‍ക്കപ്പടേണ്ടതാണെന്ന തോന്നല്‍ സമൂഹത്തില്‍ വളര്‍ന്നതുകൊണ്ടും വളര്‍ത്തിയതുകൊണ്ടുമാണ്. അതിനാല്‍, ബീഡിത്തൊഴില്‍മേഖലയില്‍ കാലികമായ മാറ്റമാണ് വേണ്ടത്. ദിനേശ് പോലുള്ള സഹകരണ സംഘങ്ങള്‍ അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നുമുണ്ട്.

കയര്‍വ്യവസായ രംഗത്ത് ഏറെയും സഹകരണ സംഘങ്ങളാണ്. കേരളത്തിലെ തേങ്ങ ഉല്‍പാദനത്തിന്‍റെ തോത് നോക്കിയാല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കേണ്ടവയാണ് ഈ കൂട്ടായ്മകള്‍. എന്നിട്ടും, 1980ന് ശേഷം കേരളത്തിലെ കയര്‍തൊഴിലാളികള്‍ കണ്ണീരിന്‍റെ കഥപറയുന്നതിന്‍റെ കാരണം കാലത്തിനൊത്ത് മാറാനാവത്തതും ആസൂത്രണത്തിന്‍റെ കുറവുമാണ്. ‘ജനശാക്തീകരണം സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ’ എന്നതാണ് ഇത്തവണത്തെ സഹകരണ വാരാഘോഷത്തിന്‍റെ മുദ്രാവാക്യമായി നിശ്ചയിച്ചത്. കുറഞ്ഞ ചെലവും കൂടുതല്‍ ഉല്പാദനവും എന്നതാണ് ഡിജിറ്റലൈസേഷന്‍റെ പ്രാഥമിക ലക്ഷ്യം. ഇത് കയര്‍സംഘങ്ങളിലുമെത്തിച്ചാല്‍ മൂന്നരപതിറ്റാണ്ടായി ഈ മേഖലയിലെ തൊഴിലാളകളുടെ വേദനയില്ലാതാകും. പാരമ്പര്യവും കരുത്തും സ്വന്തമായുണ്ടായിരുന്ന ഒരുതൊഴില്‍കൂട്ടായ്മയുടെ പുതിയ പതിപ്പ് സൃഷ്ടിക്കാനുമാവും.

ഇത്രയധികം തേങ്ങയുണ്ടായിട്ടും ചകിരിക്കായി തമിഴ്നാട്ടിലേക്ക് പോവേണ്ട അവസ്ഥയാണ് കയര്‍ സംഘങ്ങള്‍ക്ക്. ഉയര്‍ന്നുപൊങ്ങുന്ന കെട്ടിടങ്ങളല്ല, സഹകരണ മേഖലയുടെ രൂപം. അത് ജനങ്ങളുടെ ഇഴുകിച്ചേരലിന്‍റെ മന്ത്രമാണ്. ഓരോ തട്ടിലും ഓരോ നാട്ടിലും ഓരേലക്ഷ്യത്തിലേക്കെത്താനുള്ള കൂട്ടായ്മകളുണ്ടാകുമ്പോഴാണ് സഹകരണമെന്ന വാക്ക് അര്‍ത്ഥവത്താകുന്നത്. കയറിന് ബലവും ഗുണവും കിട്ടണമെങ്കില്‍ ഇളക്കമില്ലാതെ ചകരിനാരുകള്‍ ഇഴുകി നില്‍ക്കണം. അതേ കാര്യം സംഘങ്ങള്‍ക്കും ബാധകമാണ്. തെങ്ങുകര്‍ഷകന്‍മുതല്‍ കയറിന്‍റെയും കയറുല്‍പ്പനത്തിന്‍റെയും നിര്‍മ്മാണയൂണിറ്റുവരെയുള്ള ഇഴുകിച്ചേരല്‍ ഇല്ലാതെപോയതാണ് കയര്‍വ്യവസായരംഗത്തെ ഇടര്‍ച്ചയ്ക്കിടയാക്കിയത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കയര്‍വ്യവസായ പുനസംഘടന ഈ അര്‍ത്ഥത്തിലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. വിപണി കൂട്ടുകയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ആലപ്പുഴയുടെ തീരത്ത് മാത്രം ഒതുങ്ങാതെ എല്ലാജില്ലയിലും യന്ത്രവല്‍കൃത ചകരിനിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങും. ഇതിന് കയര്‍ഫെഡ് എന്ന സ്ഥാപനം നേതൃത്വം വഹിക്കും. സഹകരണത്തിന്‍റെ കൂട്ടായ്മ പൂര്‍ണ അര്‍ത്ഥത്തിലുണ്ടാക്കുകയാണ് പുനസംഘടനാ പാക്കേജിലൂടെ സര്‍ക്കാര്‍ പറയുന്നത്. അതിനെ പിന്തുണയ്ക്കുകയാണ്. പ്രഖ്യാപനങ്ങളല്ല, പ്രായോഗിക നടപടിയാണ് വേണ്ടത്. കാരണം, കയര്‍തൊഴിലാളിയുടെ ജീവിതം കാലത്തിന്‍റെ ഏടുകളിലുണ്ട്. ജനകീയ്കൂട്ടായ്മയ്ക്ക് ഒപ്പമുണ്ടാകുമെന്ന ഉറപ്പോടെ ‘മൂന്നാംവഴി’യുടെ രണ്ടാംപതിപ്പും ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!