സഹകരണ ജനാധിപത്യം വെറുംവാക്കല്ല

[email protected]

എല്ലാവര്‍ക്കും തുല്യനീതിയും തുല്യാവകാശവും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഒരാള്‍ക്ക് ഒരു വോട്ട് എന്ന ക്രമീകരണം സഹകരണ സംഘങ്ങളില്‍ നടപ്പാക്കിയത്. പണത്തിന്‍റെ മൂല്യം നോക്കി വോട്ടവകാശമില്ലാതാക്കിയത് ജനകീയ പരിഗണനയ്ക്കാണ്. അത് സര്‍ക്കാരും സര്‍ക്കാര്‍ പ്രതിനിധികളായ ഉദ്യോഗസ്ഥരും ഗൗരവത്തോടെ കണക്കിലെടുക്കണം. സഹകരണ സ്പിന്നിങ് മില്ലുകളില്‍നിന്ന് പുറത്തുവന്ന വിവരങ്ങളൊന്നും ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. ഇതില്‍ അഴിമതിയും ക്രമക്കേടും തടയാന്‍ ടെക്സ്റ്റൈല്‍ ഡയരക്ടര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. അതിനൊപ്പം, ജനാധിപത്യം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നത് കാണാതെ പോകരുത്. പതിനഞ്ചുവര്‍ഷമായി ഉദ്യോഗസ്ഥ ഭരണത്തിലാണ് കേരളത്തിലെ പല സഹകരണ സ്പിന്നിങ് മില്ലുകളും. മലപ്പുറം മാല്‍ക്കോ ടെക്സ് പോലുള്ള സ്ഥാപനങ്ങളില്‍ ഇടയ്ക്ക് ജനകീയ ഭരണമുണ്ടായി എന്നത് കാണാതിരിക്കുന്നില്ല. അതേസമയം, ഒന്നരപ്പതിറ്റോണ്ടോളം പൊതുയോഗത്തെയും അംഗങ്ങളുടെ അവകാശത്തേയും ഹനിക്കുന്ന നടപടി ഒരു സംഘത്തിലുണ്ടായാല്‍പ്പോലും അംഗീകരിക്കാനാവില്ല.

ഓരോ സംഘവും രൂപപ്പെട്ടതിന് പിന്നില്‍ ഒട്ടേറെ ത്യാഗവും കഠിനാദ്ധ്വാനവുമുണ്ട്. അത് സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ബലത്തില്‍ അധികാരം കൈയാളുന്ന ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകണമെന്നില്ല. അധികാരവും സ്ഥാനവും ജനകീയമായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളെത്തന്നെ വഴിതെറ്റിക്കാറുണ്ട്. ഈ ഘട്ടത്തില്‍ ഇടപെടാനുള്ള അധികാരം സര്‍ക്കാരിനുമുണ്ട്. ആ അധികാര പ്രയോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് ഭരണം ലഭിക്കുന്നത്. സ്പിന്നിങ് മില്‍ പോലുള്ള, അതിജീവിക്കാന്‍ പെടാപ്പാട് പെടുന്ന സ്ഥാപനങ്ങളില്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും ഈ ഉദ്യോഗസ്ഥര്‍ നടത്തിയാല്‍ അത് ഭരണ സമിതികള്‍ക്കുണ്ടാകുന്ന വീഴ്ചയെക്കാളും പൊറുക്കാന്‍ പാടില്ലാത്തതാണ്. ഒപ്പം, ഈ സ്ഥാപനങ്ങള്‍ സ്ഥിരമായി ഉദ്യോഗസ്ഥ ഭരണത്തിലാക്കുന്നത് സഹകരണ തത്വത്തിന് തന്നെ എതിരാണ്. അത് തിരുത്തപ്പെടേണ്ടതാണ്.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ സോഫ്റ്റ് വെയര്‍ ഏകീകരണമെന്നപേരില്‍ ഇഫ്ടാസിനെ എത്തിക്കുമ്പോള്‍ അതിനെ സഹകാരികള്‍ എതിര്‍ക്കുന്നതും സഹകരണ ജനാധിപത്യത്തിന്‍റെ പേരില്‍ത്തന്നെയാണ്. ഒരു വകുപ്പിന് കീഴില്‍ പരിഷ്കരണ നടപടി സര്‍ക്കാരിന് സ്വീകരിക്കാം. പക്ഷേ, സംഘങ്ങളുടെ ജനാധിപത്യ അധികാരത്തില്‍ കൈകടത്തിയാവരുത് അത്. സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്നതില്‍ ഒരു മുന്‍പരിചയം പോലുമില്ലാത്ത ഇഫ്ടാസിനെ സ്വീകരിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നത് ശരിയായ ജനാധിപത്യമാണ്. അതില്‍ ആവശ്യമായ വിശദീകരണം നല്‍കേണ്ടതും ബോധ്യപ്പെടുത്തേണ്ടതും സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഇത്തരം തിരുത്തലുകളുണ്ടാകണമെങ്കില്‍ ജനകീയ ഭരണസംവിധാനം വേണം. അതിനാല്‍, സഹകരണ ജനാധിപത്യമെന്നത് ഒരു വെറും വാക്കല്ല, അത് പാലിക്കപ്പെടാനും സംരക്ഷിക്കപ്പെടാനുമുള്ളതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!