23 Jan

കാലിക്കറ്റ് സിറ്റി ബാങ്ക് വെബിനാര്‍ നടത്തി

കാലിക്കറ്റ് സിറ്റി ബാങ്ക് വെബിനാര്‍ നടത്തി

ഡിജിറ്റല്‍ ബാങ്കിങ് സമ്പ്രദായത്തിലേക്കു മാറിയാലേ സഹകരണ മേഖലയ്ക്ക് ഇനി നിലനില്‍പ്പുള്ളു എന്ന് ലാഡറിന്റെ ചീഫ് കമേഴ്‌സ്യല്‍ മാനേജരും കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി.യുമായ ഡോ. എം. രാമനുണ്ണി അഭിപ്രായപ്പെട്ടു.

അറുപത്തിയേഴാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ വെബിനാറില്‍ ‘ സാമ്പത്തിക ഉള്‍പ്പെടുത്തലും ഡിജിറ്റലൈസേഷനും സമൂഹ മാധ്യമങ്ങളും – സഹകരണ പ്രസ്ഥാനത്തിലൂടെ ‘ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഡോ. രാമനുണ്ണി. ജോ. രജിസ്ട്രാര്‍ ജയരാജന്‍ ടി. വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നതിലും എല്ലാ ഇടപാടുകളും ബാങ്ക് വഴിയാക്കുന്നതിലും കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ കൊടുക്കുന്ന സബ്സിഡിയും മറ്റാനുകൂല്യങ്ങളും അവരവരുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്നതിലും കേരളം അല്‍പ്പം മുന്‍പന്തിയിലാണെന്ന് ഡോ. രാമനുണ്ണി അഭിപ്രായപ്പെട്ടു. എന്നാല്‍, ഇന്ത്യയെ മൊത്തത്തില്‍ നോക്കുമ്പോള്‍ 30-40 ശതമാനം ആളുകള്‍ ഇപ്പോഴും ബാങ്കിങ് ഇടപാടുകളുടെ പരിധിയില്‍ വരുന്നില്ല. സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങിയെങ്കിലും പലര്‍ക്കും അതിന്റെ ഗുണം ലഭിക്കുന്നില്ല. കാരണം, അവര്‍ക്ക് പണം കൈമാറ്റം നടത്താനുള്ള കഴിവും അറിവുമില്ല. അതുകൊണ്ട് അവരുടെ അക്കൗണ്ടിലേക്ക് പാചകവാതക സബ്സിഡിയോ മറ്റാനുകൂല്യങ്ങളോ വന്നാല്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നില്ല എന്നു പറഞ്ഞ് ബാങ്കുകള്‍തന്നെ ആ പണം എടുക്കുകയാണ്. എന്നാല്‍, കേരളത്തിലെ സാഹചര്യം കുറച്ചു ഭേദമാണ് – അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയില്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജി സംവിധാനം കൊണ്ടുവരണമെന്ന് പത്രപ്രവര്‍ത്തകന്‍ ബിജു പരവത്ത് ( മാതൃഭൂമി ) അഭിപ്രായപ്പെട്ടു. ന്യൂ അംബ്രല്ല എന്റിറ്റി എന്ന പേരില്‍ സ്വകാര്യ ഗ്രൂപ്പുകളെക്കൂടി നാഷണല്‍ പേയ്മെന്റ് സിസ്റ്റത്തിലേക്ക് കൊണ്ടുവരാനാണ് ആര്‍.ബി.ഐ.യുടെ തീരുമാനം. ഇതിനു വേണ്ടി അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കു ശേഷം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്ക് , ഡ്രാഫ്റ്റ് തുടങ്ങിയവ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതേസമയം, ഡിജിറ്റല്‍ പണമിടപാടിന് റിസര്‍വ് ബാങ്കിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഒരു വിലക്കുമില്ല. അതുകൊണ്ട് ഡിജിറ്റല്‍ പണമിടപാടിലേക്ക് സഹകരണ പെയ്മെന്റ് രീതി മാറണം -അദ്ദേഹം നിര്‍ദേശിച്ചു. അസി. രജിസ്ട്രാര്‍ ( പ്ലാനിങ് ) അഗസ്റ്റി മുഖ്യ പ്രഭാഷണം നടത്തി. അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ഷീജ. എന്‍.എം, യൂണിറ്റ് ഇന്‍സ്പെക്ടര്‍ സബീഷ് കുമാര്‍, ശ്രീജിത്ത് മുല്ലശ്ശേരി എന്നിവരും സംസാരിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് സ്വാഗതവും ബാങ്ക് ഡയരക്ടര്‍ പി.എ. ജയപ്രകാശ് നന്ദിയും പറഞ്ഞു.

Read also
error: Content is protected !!