എല്ലാ ജില്ലയിലും ഓരോ കോ-ഓപ്മാര്‍ട്ട് കൂടി ആരംഭിക്കുന്നു

Deepthi Vipin lal

കേരളത്തിലെ സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങളെ ഏകീകൃത ബ്രാന്‍ഡിങ്ങിനു കീഴില്‍ കൊണ്ടുവന്നു വിപണിയില്‍ സജീവമാക്കാനായി സഹകരണ വകുപ്പ് രൂപം നല്‍കിയിട്ടുള്ള ബ്രാന്‍ഡിങ് ആന്റ് മാര്‍ക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്‌സ് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ഓരോ കോ-ഓപ്മാര്‍ട്ട് കൂടി ആരംഭിക്കാന്‍ തീരുമാനിച്ചു. കോ-ഓപ്മാര്‍ട്ട് തുടങ്ങാന്‍ താല്‍പ്പര്യമുള്ള സംഘങ്ങളുടെ പേരുകള്‍ അറിയിക്കാന്‍ എല്ലാ ജോയന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോടും സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

നിലവില്‍ ഓരോ ജില്ലയിലും ഓരോ കോ-ഓപ്മാര്‍ട്ടാണുള്ളത്. ഇനിയതു രണ്ടാകും. കോ-ഓപ്മാര്‍ട്ടിനാവശ്യമായ സഹകരണ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദക സഹകരണ സംഘങ്ങളില്‍ നിന്നു എത്തിച്ചുകൊടുക്കുന്നതിനുള്ള ചുമതല കോഴിക്കോട്ടെ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് സപ്ലൈ ആന്റ് മാര്‍ക്കറ്റിങ് സഹകരണ സംഘത്തെ ( എന്‍.എം.ഡി.സി ) യാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉല്‍പ്പാദക സംഘങ്ങളുടെ സ്റ്റോക്ക് വിവരം മനസ്സിലാക്കി കോ-ഓപ്മാര്‍ട്ടുകള്‍ക്കു മൊബൈല്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ഓര്‍ഡര്‍ നല്‍കി സാധനങ്ങള്‍ കൊടുക്കാനും ഉപഭോക്താക്കള്‍ക്കു ഓര്‍ഡര്‍ നല്‍കി സാധനങ്ങള്‍ കൊടുക്കാനുമുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കാനുള്ള ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെയും ഏല്‍പ്പിച്ചിട്ടുണ്ട്. ഈ സംവിധാനം നടപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

ലോജിസ്റ്റിക് സംവിധാനം നഷ്ടമില്ലാതെ പ്രവര്‍ത്തിപ്പിക്കാനും പദ്ധതിപ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് അടുത്ത ഘട്ടമെന്ന നിലയില്‍ ഓരോ ജില്ലയിലും ഓരോ കോ-ഓപ്മാര്‍ട്ട്കൂടി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published.

Latest News