ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരണം ഇനിയും നീളും

Deepthi Vipin lal

ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്ന സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ മൂന്നുമാസം കൂടി അനുവദിച്ചു. കരട് റിപ്പോര്‍ട്ട് ഭരണസമിതി ചര്‍ച്ച ചെയ്ത് വിലയിരുത്തണമെന്ന് മില്‍മയുടെ മൂന്നുമേഖലായൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. മേഖല യൂണിയന്‍ ഭരണസമിതികള്‍ക്ക് ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നതിനുമാണ് ശമ്പള പരിഷ്‌കരണ സമിതിയുടെ കാലാവധി മൂന്നുമാസത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടിനല്‍കിയത്.

2020 മാര്‍ച്ച് 23നാണ് ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്  സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. സംഘങ്ങളുടെ പ്രവര്‍ത്തനം, സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി, ജീവനക്കാരുടെ സേവന-വേതന പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായ ഒമ്പതംഗ സമിതിയാണ് ഇതുസംബന്ധിച്ചുള്ള പഠനം നടത്തുന്നത്.

ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ആഗസ്റ്റില്‍ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. 2020 ഡിസംബര്‍ 22വരെയായിരുന്നു സമിതിയുടെ പുതുക്കിയ കാലാവധി. കാലാവധി അവസാനിക്കുന്ന ദിവസം പരിഷ്‌കരണ സമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

ഈ യോഗത്തിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ്, മേഖലയൂണിയനുകളുടെ ഭരണസമിതി യോഗം കരട് റിപ്പോര്‍ട്ട് പരിശോധിക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. അതിനാല്‍, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മൂന്നുമാസം കൂടി നീട്ടിനല്‍കണമെന്ന് ക്ഷീരവികസന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് പുതുക്കിയ ഉത്തരവിറങ്ങിയത്. നിലവില്‍ സമിതിക്കുണ്ടായിരുന്ന കാലാവധി ഡിസംബര്‍ 22വരെയായിരുന്നതിനാല്‍, അതിനുശേഷം മൂന്നുമാസമെന്നാണ് പുതുക്കിയ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!