മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക്

Deepthi Vipin lal

ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് ഗ്രാമ പഞ്ചായത്ത് പരിധിയില്‍പ്പെട്ട 2021 വര്‍ഷത്തെ എസ്എസ്എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഡോ.വി.ശിവദാസന്‍ എം.പി. പരിപാടി ഉത്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.എ. സാബു അബ്ദുള്‍ ഹമീദ് മുഖ്യാതിഥിയായ ചടങ്ങില്‍ ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ.രവി അദ്ധ്യക്ഷത വഹിച്ചു.

എസ്.എസ്.എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറ് ശതമാനം വിജയം കൈവരിച്ച പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനുള്ള ബേങ്കിന്റെ ഉപഹാരം വി ശിവദാസന്‍ എം.പി. സ്‌കൂള്‍ പ്രധാന അധ്യാപിക പി.കെ. സുരഭില ടീച്ചര്‍ക്ക് നല്‍കി. എസ്.എസ്.എല്‍.സി. പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥിക്കുള്ള ബാങ്കിന്റെ ഉപഹാരവും കാഷ് പ്രൈസും ഡോ.വി.ശിവദാസന്‍ എം.പി.യും പി.വി.സി. ഡോ. സാബു അബ്ദുള്‍ ഹമീദും വിതരണം ചെയ്തു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി.മോഹനന്‍, ബിന്ദു കെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു നങ്ങാരത്ത് സീമ പി. എന്നിവര്‍ പങ്കെടുത്തു. ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. അനില്‍ സ്വാഗതവും സെക്രട്ടറി എന്‍.പി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!