യുവജനങ്ങളുടെ സഹകരണ സംഘങ്ങള്‍ ഇന്നു പ്രവര്‍ത്തനം തുടങ്ങുന്നു

Deepthi Vipin lal

കേരളത്തില്‍ യുവജനങ്ങള്‍ക്കായി ആദ്യമായി രൂപവത്കരിച്ച സഹകരണ സംഘങ്ങള്‍ ഇന്നു ( സെപ്റ്റംബര്‍ ആറ് ) പ്രവര്‍ത്തനമാരംഭിക്കും. വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടിയൂര്‍ക്കാവിലെ യൂത്ത് ബ്രിഗേഡ് യുവ സഹകരണ സംഘത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും.

സംരംഭകരംഗത്താണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. ഇതുവരെ 25 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സഹകരണ സംഘങ്ങള്‍ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളായി മാറാന്‍ അധികകാലമൊന്നും വേണ്ടിവരില്ലെന്നു മാതൃഭൂമിയിലും ദേശാഭിമാനിയിലും എഴുതിയ ലേഖനത്തില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രത്യാശിക്കുന്നു.

വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്ത് പ്രൊമോട്ടറായി രജിസ്റ്റര്‍ ചെയ്ത സംഘം മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ എല്ലാ സേവനങ്ങളും വീട്ടുപടിക്കലെത്തിക്കുന്ന പ്രവര്‍ത്തനമാണു നടത്തുന്നതെന്നു മന്ത്രി പറയുന്നു. വിവിധ തലങ്ങളിലാണ് ഈ യുവജന സംഘങ്ങളുടെ പ്രവര്‍ത്തനം. ഓരോ സംഘവും ഏതെല്ലാം മേഖലകളിലാണു പ്രവര്‍ത്തിക്കുകയെന്നു മന്ത്രി പ്രത്യേകം പറയുന്നുണ്ട്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില സംഘം ഇവന്റ് മാനേജ്‌മെന്റ് രംഗത്താണു പ്രവര്‍ത്തിക്കുക. കൊല്ലം പുനലൂരിലെ സംഘം പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. കൊല്ലം അഞ്ചലിലെ യുവാക്കള്‍ അഗ്രിഗേറ്റഡ് പ്ലാറ്റ്‌ഫോം വഴി വിവിധ മേഖലകളില്‍ തൊഴിലാളികളെ കണ്ടെത്തി ആവശ്യക്കാര്‍ക്കു അവരുടെ സേവനം നല്‍കം. ആലപ്പുഴ മാവേലിക്കരയില്‍ പ്രിന്റിങ്ങും പബ്ലിഷിങ്ങും തുടങ്ങാനാണു യുവാക്കളുടെ പരിപാടി. ആലപ്പുഴ ചേര്‍ത്തലയില്‍ കാറ്ററിങ് സര്‍വീസാണു തുടങ്ങുന്നത്. കാറ്ററിങ് രംഗത്തെ വന്‍കിടക്കാരോട് മത്സരിച്ച് സാധാരണക്കാര്‍ക്കു കുറഞ്ഞ നിരക്കില്‍ ഭക്ഷണമെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. മാലിന്യം ശേഖരിക്കലും സംസ്‌കരിക്കലും ( കോട്ടയം വെളിയന്നൂര്‍ സംഘം ), ഭക്ഷ്യ സംസ്‌കരണം ( പത്തനംതിട്ട സംഘം ), നിത്യോപയോഗ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും അവശ്യസാധനങ്ങള്‍ സംഭരിച്ച് വിതരണം നടത്തുകയും ചെയ്യുക ( എറണാകുളം വടക്കന്‍ പരവൂര്‍ സംഘം ), വീടുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള കോള്‍ സെന്റര്‍ സ്ഥാപിക്കുക ( എറണാകുളം മൂവാറ്റുപുഴ സംഘം ), പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുക ( പാലക്കാട് നെന്മാറ സംഘം ), തൊഴിലാളികള്‍ക്കാവശ്യമായ തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്യുക ( കോഴിക്കോട് നടുവണ്ണൂര്‍ സംഘം ), വിവിധോദ്ദേശ്യങ്ങള്‍ ( കാസര്‍കോട് ഹോസ്ദുര്‍ഗ് സംഘം ) എന്നിങ്ങനെ പോകുന്നു യുവജന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം.

18 – 45 പ്രായപരിധിയില്‍പ്പെട്ടവര്‍ക്കാണു ഈ സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുക. യുവ സഹകരണ സംഘങ്ങള്‍ വായ്പാ പ്രവര്‍ത്തനം നടത്തില്ല.

Leave a Reply

Your email address will not be published.

Latest News