സുമനസ്സുകളുടെ സഹായത്തോടെ മാള വെണ്ണൂർ സഹകരണ ബാങ്ക് കരുതൽ ഭവനം ഒരുക്കുന്നു.

adminmoonam

സുമനസ്സുകളുടെ സഹായത്തോടെ വെണ്ണൂർ സഹകരണ ബാങ്ക് കരുതൽ ഭവനം ഒരുക്കുന്നു.വൃക്ക രോഗ ബാധിതരായ മക്കളുടെ ചികിത്സയ്ക്ക് വീടുപോലും വിറ്റ് വഴിയാധാരമായ കുടുംബത്തിന്റെ കാരുണ്യത്തിന് കൈത്താങ്ങായി വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് എത്തി. മാള മേലഡൂർ മലയാംകുന്ന് ദേശത്ത് കല്ലൂക്കാരൻ രമണൻ ആണ് തന്റെ മക്കളുടെ ചികിത്സയ്ക്കായി വീടുവിറ്റത്. വീട് ഇല്ലാതായതോടെ ദുരിതങ്ങൾക്കിടയിൽ കയറിക്കിടക്കാൻ ഒരു കിടപ്പാടം ഉണ്ടാക്കുന്നതിന് സാമ്പത്തിക സഹായം നൽകണമെന്നുള്ള അപേക്ഷയുമായാണ് രമണൻ ബാങ്കിനെ സമീപിച്ചത്. 5 ലക്ഷം രൂപ ചെലവാക്കി വീട് നിർമ്മിച്ചു നൽകാൻ ബാങ്ക് തയ്യാറായെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തത് അതിനു തടസ്സമായി. ബാങ്കിന്റെ ഇടപെടലിനെതുടർന്ന് മേലഡൂർ ഉണ്ണിമിശിഹാ പള്ളി 3 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് വീടുപണി ആരംഭിച്ചത്.

വീടിന്റെ ശിലാസ്ഥാപന ചടങ്ങിൽ മുൻ എം.എൽ. എ. ടി.യു.രാധാകൃഷ്ണൻ, പള്ളി വികാരി ഫാദർ ആൻഡ്രൂസ് ചെതലൻ, പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പോളി ആന്റണി, സെക്രട്ടറി ഇ.ഡി സാബു എന്നിവർക്ക് പുറമേ നിരവധി സഹകാരികളും പൊതുജനങ്ങളും പങ്കെടുത്തു.

രമണന്റെ രണ്ടാമത്തെ മകൻ അതുലിന്നാണ് ആദ്യം വൃക്ക രോഗം പിടിപെട്ടത്. ഉദാരമതികളുടെ സഹായത്തോടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. ഇതിനിടയിലാണ് മൂത്തമകൻ അമലിന്റെ വൃക്ക തകരാറിലായത്. ഈ സാഹചര്യത്തിലാണ് കിടപ്പാടം രമണൻ വിറ്റത്.

Leave a Reply

Your email address will not be published.

Latest News