മ്യൂസിയം വളപ്പിലെ സഹകരണ ചായക്കട

Deepthi Vipin lal

 

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

ഇന്ത്യന്‍ കോഫി ഹൗസ് രൂപം കൊള്ളുന്നതിന് ദശാബ്ദങ്ങള്‍ക്കു മുമ്പ് തിരുവനനതപുരത്ത് സഹകരണ മേഖലയില്‍ ഒരു ചായക്കട തുടങ്ങിയിരുന്നു. കോളേജ് പഠനം കഴിഞ്ഞിറങ്ങിയ ഏതാനും ചെറുപ്പക്കാരായിരുന്നു ഈ സംരംഭത്തിനു പിന്നില്‍

രാജ്യത്തിന്റെ പലഭാഗത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സഹകരണ പ്രസ്ഥാനമാണ് ഇന്ത്യന്‍ കോഫി ഹൗസ്. എ. കെ.ജി. യാണ് ഇതിന്റെ സ്ഥാപകന്‍. എന്നാല്‍, ഇന്ത്യന്‍ കോഫി ഹൗസ് ജന്മം കൊള്ളുന്നതിന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സഹകരണ രംഗത്ത് ഒരു ചായക്കട രൂപം കൊണ്ടിട്ടുണ്ട്. അതും തിരുവനന്തപുരത്ത്. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ഈ ചായക്കട തുടങ്ങിയത്.

തിരുവനന്തപുരം നഗരവാസികള്‍ക്ക് സുപരിചിതനായ അഡ്വ. കെ. അയ്യപ്പന്‍ പിള്ളയാണ് ഈ ചായക്കടയുടെ ചരിത്രം ഓര്‍ത്തെടുക്കുന്നത്. നഗരത്തിന്റെ ഓരോ സ്പന്ദനവും നേരിട്ടറിഞ്ഞിട്ടുള്ള അയ്യപ്പന്‍പിള്ളക്ക് ഇപ്പോള്‍ വയസ് 105. ‘ നഗരത്തിന്റെ കാരണവര്‍ ‘ എന്നാണ് പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് നീളന്‍ കാലുളള കുടയുമായി നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന ഈ കാരണവര്‍ നഗരവാസികളുടെ കൗതുകക്കാഴ്്ചയാണ് .

  • പലഹാരക്കൊതി

നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ് സഹകരണ ചായക്കട തുടങ്ങാനുള്ള ആശയം ഉണ്ടായതെന്ന് അയ്യപ്പന്‍ പിള്ള പറയുന്നു. സെക്രട്ടേറിയേറ്റിനു സമീപം ഇന്നത്തെ ഏജീസ് ഓഫീസിനകത്തായി ഓടിട്ട ഒരു മനോഹര കെട്ടിടം ഇപ്പോഴും കാണാം. അതാണ് തിരുവിതാംകൂറിലെ ആദ്യത്തെ ലോ കോളേജ്. അവിടെയാണ് അയ്യപ്പന്‍ പിള്ള പഠിച്ചത്.

ലോ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ഉമാ മഹേശ്വരന്റെ യാത്രയയപ്പാണ് സഹകരണ മേഖലയിലെ ചായക്കട എന്ന ആശയത്തിലേക്ക് വഴി തുറന്നത്. പ്രൊഫസറുടെ യാത്രയയപ്പു വേളയില്‍ ചായ സല്‍ക്കാരം നടത്താനുള്ള ചുമതല അയ്യപ്പന്‍ പിള്ളക്കും തിരുവനന്തപുത്തുള്ള മറ്റ് ചില കൂട്ടുകാര്‍ക്കുമായിരുന്നു. കൊതിയൂറുന്ന പലഹാരങ്ങളാണ് അന്ന് അവര്‍ യാത്രയയപ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത്. കരിക്കിന്റെ ഐസ്‌ക്രീമും കേരള സലാഡും ഉള്‍പ്പെട്ട വിഭവങ്ങളെല്ലാം എല്ലാവര്‍ക്കും നന്നേ പിടിച്ചു. ഈ പലഹാരങ്ങള്‍ക്ക് പിന്നീട് കൂടുതല്‍ ആവശ്യക്കാരുണ്ടായി. ഇതിന്റെ ആവേശമുള്‍ക്കൊണ്ടാണ് സഹകരണാടിസ്ഥാനത്തില്‍ ഒരു ചായക്കട തുടങ്ങാനുള്ള ആലോചനയുമായി അയ്യപ്പന്‍ പിള്ളയും സംഘവും മുന്നോട്ടു വന്നത്.


മ്യൂസിയം വളപ്പില്‍ ചായക്കട തുടങ്ങിയാല്‍ നല്ല കച്ചവടം കിട്ടുമെന്ന് കൂട്ടുകാര്‍ നിര്‍ദേശിച്ചു. പക്ഷേ, അതിന് അധികൃതരുടെ അനുവാദം കിട്ടണം. ഉന്നത തലത്തില്‍ പിടിപാടുണ്ടെങ്കിലേ അനുമതി നേടിയെടുക്കാനാവൂ. സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ശ്രമിച്ച ആളാണ് ദിവാന്‍ സര്‍. സി. പി. എങ്കിലും, ചെറുപ്പക്കാരുടെ സംരംഭങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പല ആവശ്യങ്ങള്‍ക്കുമായി മുമ്പ് സി. പി.ക്കു മുമ്പില്‍ അയ്യപ്പന്‍പിള്ള പോയിട്ടുമുണ്ട്.

ഇന്നത്തെ ആകാശവാണി സ്ഥിതി ചെയ്യുന്ന ഭക്തി വിലാസത്തിലായിരുന്നു സി. പി. യുടെ ഔദ്യോഗിക വസതി. അയ്യപ്പന്‍ പിള്ളയും കൂട്ടരും അവിടെച്ചെന്ന് സി. പി. യെ കാണാന്‍ തീരുമാനിച്ചു. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ തുടങ്ങുന്ന ബിസിനസ് സംരംഭത്തിന് സി.പി. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മടിച്ചു മടിച്ചാണ് മ്യൂസിയം വളപ്പിലെ സ്ഥലത്തെപ്പറ്റി അവര്‍ സി.പി.യോട് പറഞ്ഞത്. അനുവദിക്കില്ലെന്നായിരുന്നു അവരുടെ ശങ്ക. പക്ഷേ, ദിവാന്‍ ഒരു തടസ്സവും പറഞ്ഞില്ല. അപ്പോള്‍ത്തന്നെ പ്രൈവറ്റ് സെക്രട്ടറി ചിദംബരത്തെ വിളിച്ചുവരുത്തി മ്യൂസിയം വളപ്പില്‍ ഒരു സംഘം ചെറുപ്പക്കാര്‍ ചായക്കട തുടങ്ങാന്‍ പോകുന്ന കാര്യം അറിയിച്ചു. അതിനാവശ്യമായ കെട്ടിടം അനുവദിക്കാനുള്ള ഏര്‍പ്പാട് ചെയ്തുകൊടുക്കാനും നിര്‍ദേശിച്ചു.

ഇപ്പോഴത്തെ സ്നേക്ക് പാര്‍ക്കിന് സമീപത്തായി ഉണ്ടായിരുന്ന മുറികളാണ് സഹകരണ ചായക്കടക്ക് അനുവദിച്ചത്്. അവിടെ അടുക്കള പുതുതായി പണിതു. മേശയും ബഞ്ചും പുതിയത് വാങ്ങി. ഒരുക്കങ്ങള്‍ വളരെവേഗം പൂര്‍ത്തിയാക്കി. സഹകരണ ചായക്കടയുടെ ഉദ്ഘാടനം ദിവാന്‍ തന്നെയാണ് നിര്‍വഹിച്ചത്. വ്യത്യസ്ത വിഭവങ്ങള്‍ നല്‍കിയിരുന്നതുകൊണ്ട് കടയില്‍ എപ്പോഴും തിരക്കായിരുന്നു. ആകാശവാണി ഡയരക്ടര്‍ മാധവന്‍നായര്‍ ( മാലി ), തിരുവനന്തപുരം മേയര്‍ ഗോവിന്ദന്‍കുട്ടിനായര്‍, പാര്‍ലമെന്റ് അംഗം വി.പി. നായര്‍ തുടങ്ങി ധാരാളം പേര്‍ ചായക്കടക്ക് സര്‍വ പിന്തുണയും നല്‍കിയിരുന്നു. അവരൊക്കെ അവിടത്തെ പതിവുകാരുമായിരുന്നു. 1958 വരെ ചായക്കട പ്രവര്‍ത്തിച്ചിരുന്നതായി അയ്യപ്പന്‍പിള്ള പറഞ്ഞു.

ഗാന്ധിയന്‍ അയ്യപ്പന്‍ പിള്ള

തിരുവനന്തപുരം നഗരത്തിന്റെ മാത്രമല്ല, തിരുവിതാംകൂറിന്റെ തന്നെ ഗതകാല ചരിത്രം നന്നായി അറിയുന്ന ആളാണ് അഡ്വ. കെ. അയ്യപ്പന്‍ പിള്ള. തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പഴയ കാര്യങ്ങളറിയാന്‍ പിള്ളയെയാണ് എപ്പോഴും ആശ്രയിക്കുന്നത്. ഗാന്ധിയനായ അയ്യപ്പന്‍പിള്ള ഗാന്ധിജിയെക്കാണാനും അദ്ദേഹത്തോട് സംസാരിക്കാനും ഭാഗ്യം കിട്ടിയിട്ടുളള സ്വതന്ത്ര്യ സമരസേനാനിയാണ്. ദീര്‍ഘകാലം തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സെക്രട്ടറിയും കുറച്ചുകാലം ചീഫ് സെക്രട്ടറിയുമായിരുന്ന ഏ. കുമാരപിള്ളയുടെ മകനായ അയ്യപ്പന്‍പിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഗാന്ധിജിയാണ്.

ബിരുദമെടുത്ത ശേഷം സര്‍ക്കാര്‍ ജോലിക്ക് പോകാന്‍ അയ്യപ്പന്‍പിള്ള തയാറെടുക്കുമ്പോഴാണ് ഹരിജനോദ്ധാരണ ഫണ്ട് പിരിക്കാന്‍ 1934-ല്‍ ഗാന്ധിജി തിരുവനന്തപുരത്ത് വന്നത്. ഗാന്ധിഭക്തനായിരുന്ന അയ്യപ്പന്‍പിള്ള ഗാന്ധിജിയുടെ സ്വീകരണച്ചടങ്ങിന്റെ ഭാരവാഹിയായി. പുത്തന്‍ കച്ചേരി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചുകയറ്റിയത് പിള്ളയായിരുന്നു. അയ്യപ്പന്‍ പിള്ളയുടെ അച്ചടക്കബോധവും വിനയവും ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടു. എന്തു ചെയ്യുന്നു എന്ന് ഗാന്ധിജി ചോദിച്ചു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുകയാണെന്നായിരുന്നു പിള്ളയുടെ മറുപടി. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ സര്‍ക്കാന്‍ ജോലിക്കു പോകാതെ സേവനം നാടിനുവേണ്ടി ഉപയോഗിക്കണമെന്ന് ഗാന്ധിജി ഉപദേശിച്ചു. അതോടെ, വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അയ്യപ്പന്‍പിള്ള പൊതു പ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു. വക്കീല്‍പ്പരീക്ഷക്ക് പഠിക്കുന്നതോടൊപ്പം പൊതുരംഗത്ത് അദ്ദേഹം സജീവമായി. 1938-ല്‍ തിതുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രുപവത്കരിച്ചപ്പോള്‍ അയ്യപ്പന്‍പിള്ള അതിന്റെ പ്രവര്‍ത്തകനായി.

1940-ല്‍ അയ്യപ്പന്‍പിള്ള തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തു. അടുത്ത വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!