ആശങ്ക വേണ്ട; സഹകരണബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുക്കില്ലെന്ന് അമിത്ഷാ

Deepthi Vipin lal

കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച സഹകരണമന്ത്രാലയം സംബന്ധിച്ച് കേരളം ഉൾപ്പടെയുള്ള  സംസ്ഥാനങ്ങൾ  ആശങ്ക ഉയർത്തുന്നതിനിടെ കൂടുതൽ വ്യക്തത വരുത്തി സഹകരണ ചുമതലയുള്ള മന്ത്രി അമിത്ഷാ. പാർലമെന്‍റിൽ വന്ന ചോദ്യങ്ങൾക്കാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ മന്ത്രാലയത്തിന് കീഴിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മന്ത്രി മറുപടി നൽകിയത്. സഹകരണമേഖലയിലെ പൊതുനയങ്ങളും വിവിധ മേഖലകളിലെ സഹകരണസ്ഥാപനങ്ങളുടെ ഏകോപനവുമാണ് മന്ത്രാലയത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ മെഡിക്കൽ കോളേജുകളുടെ നിയന്ത്രണം കേന്ദ്രമന്ത്രാലയം ഏറ്റെടുക്കുമോ എന്നതായിരുന്നു സംസ്ഥാനങ്ങളുടെ മറ്റൊരു ആശങ്ക. എന്നാൽ ഇക്കാര്യവും നിലവിൽ പരിഗണിക്കുന്നില്ലെന്ന് അമിത് ഷാ അറിയിച്ചു. എന്നാൽ അതത് മേഖലകളിലെ സഹകരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം മന്ത്രാലയത്തിൽ തുടരും. പ്രവർത്തനങ്ങൾ വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക, താഴേത്തട്ടിലേക്ക് അവയുടെ പ്രവർത്തനം വ്യാപിപ്പിക്കുക, അതുവഴി സമ്പദ് വ്യവസ്ഥയുടെ വളർച്ച, സഹകരണമേഖലയിലൂടെയുള്ള സാമ്പത്തിക വികസന മാതൃക പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങാതെ സഹകരണ സൊസൈറ്റികളെ സംയോജിപ്പിക്കും. സൊസൈറ്റികൾക്ക് അവരുടെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്ന തരത്തിൽ നയപരവും നിയമപരവുമായ സഹായം നൽകും. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രവർത്തനവും മന്ത്രാലയത്തിന് കീഴിൽ വരും.  സഹകരണ സംഘം  ഭാരവാഹികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനവും നൽകും.

സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് പറയുമ്പോഴും അന്തർ സംസ്ഥാന സഹകരണ സംഘങ്ങൾ രൂപീകരിക്കാനും അതിനു നിയമ നിർമാണം നടത്താനും കേന്ദ്ര സർക്കാരിന് അധികാരം ഉണ്ടാകും എന്നതാണ് വസ്തുത. സഹകരണം സംസ്ഥാനവിഷയമാണെന്നും കേന്ദ്രത്തിന് ഇടപെടാനാവില്ലെന്നുമുള്ള സുപ്രീംകോടതി വിധി ആശ്വാസകരമാണെങ്കിലും  നിലവിലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിൽ ഭേദഗതി വരുത്താനുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തിയേക്കും. ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ, സ്റ്റാർട്ട്- അപ്പുകൾ എന്നിവ വഴി അന്തർസംസ്ഥാന സഹകരണസംഘങ്ങൾ രൂപീകരിക്കാനാണ് നീക്കം.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!