ദേശീയ സഹകരണ നയം:കോർപറേറ്റ് വൽക്കരണത്തിനും കേന്ദ്രീകരണത്തിനുമുള്ള നീക്കം: ഡോ.ശശി തരൂർ

Deepthi Vipin lal

സഹകരണ മേഖലയെ കോർപറേറ്റ്‌വൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢശ്രമമാണ് ദേശീയതലത്തിൽ രൂപീകരിക്കുവാനുദ്ദേശിക്കുന്ന പുതിയ സഹകരണ നയത്തിന് പിന്നിലുള്ളതെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. ‘ പുതിയ ദേശീയ സഹകരണ നയം: നീക്കങ്ങൾ, ചിന്തകൾ, വെല്ലുവിളികൾ ‘ എന്ന വിഷയത്തിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികേന്ദ്രീകരണമെന്ന സഹകരണ തത്വങ്ങൾക്ക് വിരുദ്ധവും ഭരണഘടനയുടെ ഫെഡറൽ സ്വഭാവം ലംഘിച്ചും സംസ്ഥാന വിഷയമായ സഹകരണത്തെ കേന്ദ്ര സർക്കാരിന്റെ കൈപ്പിടിയിലൊതുക്കുവാനുള്ള ശ്രമങ്ങളാണ് സഹകരണത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് വകുപ്പ് ചുമതല നൽകിയതിന് പിന്നിൽ. സഹകരണ മേഖലയിലേക്ക് വിദേശ നിക്ഷേപം ക്ഷണിക്കണമെന്ന ആവശ്യം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ നിന്നുയരുന്നത് ഇതോടൊപ്പം കാണേണ്ടതുണ്ട്- ശശി തരൂർ എം.പി പറഞ്ഞു.

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി കെ എസ് കൃഷ്ണ വിഷയമവതരിപ്പിച്ചു. മുൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സി ദിവാകരൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ആൾ ഇന്ത്യ കോഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി പ്രദീപ് കുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ കെ എസ് ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!