സഹകരണ യൂണിയനിലെ തസ്തിക പാക്സുകള്‍ക്ക് തുല്യമാക്കി ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നു

Deepthi Vipin lal

സര്‍ക്കിള്‍ സഹകരണ യൂണിയനിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കി. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ( പാക്‌സ് ) സമാനമായ രീതിയില്‍ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചാണു ശമ്പള പരിഷ്‌കരണം നടപ്പാക്കുക. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗക്കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി.

സര്‍ക്കിള്‍ സഹകരണ യൂണിയനിലെ ജീവനക്കാരുടെ നിയമനം, വേതന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത വ്യവസ്ഥ നിലവിലില്ല. ഇതിനായി ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2018 മെയ് എട്ടിനാണു പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ എം.കെ. ബാബുവിനെ സര്‍ക്കാര്‍ ഏകാംഗക്കമ്മീഷനായി നിയോഗിച്ചത്. 2019 ഏപ്രില്‍ പത്തിനു കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണു ഇപ്പോള്‍ സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ഉത്തരവിറക്കിയത്.

നിലവില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ തുടരുന്ന എല്ലാ ജീവനക്കാര്‍ക്കും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു (ക്ലാസ്-6 ക്ലര്‍ക്ക് ) ബാധകമായ വിധത്തില്‍ 12,000-32,660 രൂപ ശമ്പള സ്‌കെയില്‍ അനുവദിച്ചു. ക്ലര്‍ക്ക്-ടൈപ്പിസ്റ്റ് തസ്തികയ്ക്കു താഴെയുള്ളവര്‍ക്കു പാക്സിലെ ക്ലാസ്-6 പ്യൂണ്‍ തസ്തികയ്ക്കു സമാനമായ രീതിയില്‍ 11,340-33,490 രൂപയും ശമ്പള സ്‌കെയിലായി അനുവദിച്ചു.

2019 ഏപ്രില്‍ ഒന്നു മുതല്‍ ഈ നിരക്കില്‍ ശമ്പളം അനുവദിക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. കുടിശ്ശിക, ക്ഷാമബത്താ നിരക്ക് തുടങ്ങിയവ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് അതതു സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ക്കു നിശ്ചയിക്കാം. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നിരക്കില്‍ ശമ്പളം വാങ്ങുന്നവരുടെ കാര്യത്തില്‍ ഇതില്‍ കുറവുവരുത്താതെ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്കു സ്‌കെയില്‍ നിശ്ചയിച്ച് നല്‍കാമെന്നു സഹകരണവകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News