സഹകരണ വകുപ്പ് പ്രഖ്യാപിച്ചത് 10,000 തൊഴില്‍, നല്‍കിയത് 16,828; കൂടുതല്‍ തിരുവനന്തപുരത്ത്

Deepthi Vipin lal

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബര്‍ വരെ നല്‍കിയത് 16,828 തൊഴില്‍. ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് 92 ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷ്യവും കടന്ന് തൊഴില്‍ നല്‍കുന്നത്. 10,000 തൊഴില്‍ നല്‍കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്.

സംരംഭകത്വ മേഖലയില്‍ സഹകരണ വകുപ്പ് മികച്ച മുന്നേറ്റമാണ് നടത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങളില്‍ 151 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി. കേരള ബാങ്കില്‍ 13 സ്ഥിരം നിയമനങ്ങളും നല്‍കി. കേരള ബാങ്കില്‍ മാത്രം 10,093 സംരംഭക തൊഴിലവസരങ്ങളാണ് സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സൃഷ്ടിച്ചത്. സഹകരണ വകുപ്പില്‍ 27 നിയമനങ്ങളും നടന്നു. വിവിധ ജില്ലകളില്‍ സംരംഭകത്വ വിഭാഗത്തില്‍ 6540 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.


ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില്‍ 1074 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ്. 1038 പേര്‍ക്കാണ് തൊഴിലവസരങ്ങള്‍ ഒരുക്കി നല്‍കിയത്. തൃശ്ശൂര്‍ – 597, എറണാകുളം – 563, കണ്ണൂര്‍ – 533, ആലപ്പുഴ – 503, പാലക്കാട് – 414, കാസര്‍ഗോഡ് – 413, മലപ്പുറം – 381, കോഴിക്കോട് – 273, കൊല്ലം – 268, പത്തനംതിട്ട – 169, ഇടുക്കി – 158, വയനാട് – 156 എന്നിങ്ങനയാണ് മറ്റു ജില്ലകളില്‍ സഹകരണ വകുപ്പ് ഒരുക്കിയ തൊഴിലവസരങ്ങള്‍. യുവജനങ്ങളാണ് സംരംഭകത്വ മേഖലയില്‍ കൂടുതലായി കടന്നു വരുന്നത്. ഈ സംരംഭങ്ങള്‍ പ്രാദേശിക സ്റ്റാര്‍ട്ട് അപ്പുകളായി മാറുമെന്നാണ് സഹകരണ വകുപ്പിന്റെ പ്രതീക്ഷ. ഇപ്പോഴുള്ള പദ്ധതികളുടെ വിപുലീകരണത്തിനും സഹകരണ വകുപ്പ് പിന്നീട് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു.

സഹകരണ വകുപ്പ് മുന്നോട്ട് വച്ച ആശയവുമായി പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചു. കൃത്യമായ പദ്ധതികളുമായി എത്തിയവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയ ബന്ധിതമായി നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ പരിശോധനകളിലൂടെ പദ്ധതികളുടെ നടത്തിപ്പും വിലയിരുത്തി. കോവിഡ് സൃഷ്ടിച്ച തൊഴില്‍ രംഗത്തെ പ്രതിസന്ധി മറികടക്കാനാണ് സഹകരണ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ച് നൂറു ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമാക്കിയത്.

Leave a Reply

Your email address will not be published.

Latest News