സ്നേഹതീരം വായ്പാ പദ്ധതിക്ക് തുടക്കം

Deepthi Vipin lal

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മപദ്ധതിയില്‍ മത്സ്യതൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന സ്നേഹതീരം വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ചു .കോട്ടയം കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളി പാരിഷ് ഹാളില്‍ സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. കോട്ടയം ജോയിന്റ് രജിസ്്ട്രാര്‍ (ജനറല്‍) അജിത് കുമാര്‍ പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണവും നടത്തി.

തീരദേശജില്ലകളിലെയും ഉള്‍നാടന്‍ മത്സ്യബന്ധന മേഖലകളിലെയും മത്സ്യബന്ധന-വിപണന-സംസ്‌ക്കരണ തൊഴിലാളികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതാണ് സ്നേഹതീരം വായ്പാ പദ്ധതി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സാഫുമായി ( സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് റ്റു ഫിഷര്‍ വുമണ്‍) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. സാഫില്‍ അംഗത്വമുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് ഒമ്പതു ശതമാനം പലിശ നിരക്കില്‍ പരമാവധി 50,000 രൂപ വായ്പ ലഭിക്കും. 52 ആഴ്ചയാണ് തിരിച്ചടവ് കാലാവധി.

ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, ഗ്രാമ പഞ്ചായത്തംഗം വി.സി. അഭിലാഷ്, കേരള ബാങ്ക് ഡയറക്ടര്‍ കെ.ജെ. ഫിലിപ്പ് കുഴികുളം, സഹകരണസംഘം രജിസ്ട്രാറും ഫിഷറീസ് വകുപ്പ് ഡയറക്ടറുമായ ഡോ. അദീല അബ്ദുള്ള, സാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍, വിവിധ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ. കേശവന്‍, എ.വി തോമസ്, ഫിലിപ്പ് സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!