19 Aug

കേരള സ്‌റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

 പി.വി. രാജേഷ്, കരിപ്പാല്‍

(2020 ഏപ്രില്‍ ലക്കം)

പത്തില്‍പ്പരം പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിപാലിക്കുന്നതിന് ഒരു പരമോന്നത സംഘമായി വര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ 1984 ല്‍ സ്ഥാപിച്ച അപെക്‌സ് സൊസൈറ്റിയാണ് കേരള സ്റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പേററ്റീവ് സൊസൈറ്റി ലിമിറ്റഡ് അഥവാ കാപെക്‌സ്. കൊല്ലമാണ് കാപെക്‌സിന്റെ ആസ്ഥാനം. കശുവണ്ടി വ്യവസായത്തെയും, പ്രത്യേകിച്ച് കശുവണ്ടിയുടെ കയറ്റുമതി വിപണിയെ, പ്രോത്സാഹിപ്പിക്കാനാണു കേരള സര്‍ക്കാര്‍ കാപെക്‌സിന് രൂപം നല്‍കിയിരിക്കുന്നത്.

കശുവണ്ടിത്തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ തൊഴില്‍ സഹായപദ്ധതിയായി പരമാവധി പ്രവൃത്തിദിനങ്ങള്‍ നല്‍കുക എന്നതാണ് കാപെക്‌സിന്റെ സംഘടനാ ദൗത്യം. 1996-97 ല്‍ കാപെക്‌സ് പത്ത് കശുവണ്ടി ഫാക്ടറികള്‍ നിയന്ത്രിക്കുകയും ആറായിരത്തിലധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കുകയും ചെയ്തു. തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുകയും അവര്‍ക്ക് പരമാവധി തൊഴില്‍ നല്‍കുകയും ചെയ്യുക എന്നതും കശുവണ്ടി വ്യവസായത്തില്‍ നിലവിലുള്ള മിനിമം വേതനം, ബോണസ് മുതലായ നിയമപരമായ ആനുകൂല്യങ്ങള്‍ സാധ്യമാക്കുക എന്നതും കാപെക്‌സിന്റെ ഉത്തരവാദിത്തങ്ങളില്‍പ്പെടുന്നു.

സുരഭി – കേരള സ്റ്റേറ്റ് ഹാന്‍ഡിക്രാഫ്റ്റസ് അപെക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

1964 ല്‍ സ്ഥാപിതമായ ‘സുരഭി’ 102 സഹകരണ സംഘങ്ങളിലെ 30,000 കരകൗശലത്തൊഴിലാളികള്‍ സൃഷ്ടിച്ച മഹത്തായ കലകളും കരകൗശല വസ്തുക്കളും വിപണനം ചെയ്യുന്നു. കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി സുരഭിയുടെ 19 സെയില്‍സ് ഷോറൂമുകളുണ്ട്. റോസ് വുഡ്, ചന്ദനം, വൈറ്റ് വുഡ്, ജോയിന്റ് വുഡ്, ബനാന ഫൈബര്‍, സ്‌ക്രൂപൈന്‍, പേപ്പര്‍ മാച്ചെ കരിമ്പ്, മുള, ബെല്‍ മെറ്റല്‍, പിച്ചള, അലുമിനിയം, കളിമണ്‍, കോക്കനട്ട് ഷെല്‍, കൊഞ്ച് ഷെല്‍, ഹോണ്‍ തുടങ്ങിയവ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ സുരഭി ഔട്‌ലെറ്റുകളില്‍ കിട്ടും.

സൊസൈറ്റിയ്ക്ക് എറണാകുളത്ത് ഒരു എക്‌സ്‌പോര്‍ട്ട് ആന്റ് എക്‌സിബിഷന്‍ ഡിവിഷനുണ്ട്. ഇതിനുപുറമെ, പുതിയ ഡിസൈനുകള്‍ പരിശീലിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സൊസൈറ്റി എറണാകുളത്തെ കലൂരില്‍ ഒരു ക്രാഫ്റ്റ് ഡവലപ്‌മെന്റ് സെന്ററും അന്താരാഷ്ട്ര ടൂറിസ്റ്റ് സെന്ററായ കോവളത്ത് ഒരു ക്രാഫ്റ്റ് മാര്‍ക്കറ്റിംഗ് കോംപ്ലക്‌സും സ്ഥാപിച്ചു. കരകൗശലക്കാരായ യുവാക്കളെയും പുതിയ കരകൗശലത്തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കരകൗശല മത്സരങ്ങള്‍ സൊസൈറ്റി നടത്തുന്നു. ഹൗസ് കം വര്‍ക്ക്‌ഷെഡ് നിര്‍മാണം പോലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റി ഏറ്റെടുക്കാറുണ്ട്. കരകൗശലത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായവും നല്‍കാറുണ്ട്.

കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന്‍

കേരളത്തിലെ നാളികേര കര്‍ഷകരുടെ ഉന്നതതല ഫെഡറേഷന്‍ ആണ് കേരള കേര കര്‍ഷക ഫെഡറേഷന്‍ ( കേരഫെഡ്). നാളികേര കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1987 ല്‍ സര്‍ക്കാര്‍ കേരഫെഡ് രൂപവത്കരിച്ചത്. നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാവും വിപണനക്കാരുമാണ് കേരഫെഡ്. നാളികേരത്തിന്റെ വിപണിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്നു അവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഫെഡ് സ്ഥാപിച്ചിരിക്കുന്നത്.


സംസ്ഥാനത്തെ 27 ലക്ഷത്തിലധികം വരുന്ന നാളികേര കര്‍ഷകര്‍ക്ക് പ്രതികൂലമായ വിപണന സാഹചര്യങ്ങളില്‍ തേങ്ങയ്ക്കും കൊപ്രയ്ക്കും ആകര്‍ഷകമായ താങ്ങുവില കേരഫെഡ് വാഗ്ദാനം ചെയ്യുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ നാഫെഡിന് വേണ്ടി താങ്ങുവില പദ്ധതിയില്‍ കൊപ്ര വാങ്ങുകയും മെച്ചപ്പെട്ട ഉല്‍പാദനക്ഷമതയിലൂടെയും ഉല്‍പാദനത്തിലും സംഭരണത്തിലും അവരെ സഹായിക്കുന്നതിലൂടെയും കര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള സേവനങ്ങളും കേരഫെഡ് നല്‍കുന്നു. ഇവ കൂടാതെ പരിശീലന ക്യാമ്പുകള്‍, എക്‌സിബിഷനുകള്‍, സെമിനാറുകള്‍ , തെങ്ങ് കൃഷി സംബന്ധിച്ച ബുള്ളറ്റിനുകളുടെയും സാഹിത്യങ്ങളുടെയും പ്രസിദ്ധീകരണം, വിതരണം എന്നിങ്ങനെ കര്‍ഷകരെ സഹായിക്കാനായി ഫെഡറേഷന്‍ ആനുകാലിക വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.

കേരഫെഡ് ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ‘കേര’ എന്ന ബ്രാന്‍ഡിലാണ് വിപണനം ചെയ്യുന്നത്. കേരളത്തിലെ നാളികേര കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച ഏറ്റവും മികച്ച ഗുണനിലവാരമുള്ള കൊപ്രയില്‍ നിന്നാണ് ‘കേര’ വെളിച്ചെണ്ണ നിര്‍മിക്കുന്നത്. അങ്ങനെ ശേഖരിക്കുന്ന കൊപ്ര ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്‌കരിക്കുന്നു. കൊപ്ര തിരഞ്ഞെടുക്കുന്നതിലും സംസ്‌കരിക്കുന്നതിലും ഉല്‍പ്പന്നത്തിന്റെ മികവും വിശുദ്ധിയും ഉറപ്പാക്കാന്‍ കേരഫെഡ് കര്‍ശനമായ ഗുണനിലവാര നിയന്ത്രണ നടപടികളാണ് സ്വീകരിക്കുന്നത്. കേരഫെഡിന് രണ്ട് എക്‌സ്‌പെല്ലര്‍ ഓയില്‍ എക്‌സ്ട്രാക്ഷന്‍ ഫാക്ടറികളുണ്ട്. ഒന്ന് കൊല്ലം കരുനാഗപ്പള്ളിയിലും മറ്റൊന്ന് കോഴിക്കോട് നടുവണ്ണൂരിലും. പ്രതിദിനം 250 ടണ്‍ ഉല്പാദനശേഷിയുള്ള കരുനാഗപ്പള്ളിയിലെ വെളിച്ചെണ്ണ സമുച്ചയം ഇന്ത്യയിലെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നാണ്.

കേരള വനിതാ സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് ( വനിതാഫെഡ്)

കേരള സഹകരണ സംഘം ആക്ട്് 1969 പ്രകാരം രജിസ്റ്റര്‍ ചെയ്ത പ്രാഥമിക വനിതാ സഹകരണ സംഘങ്ങളുടെ അപെക്‌സ് ഫെഡറേഷനാണ് വനിതാഫെഡ്. 2002 ഡിസംബര്‍ ഇരിപതിന് തിരുവനന്തപുരം ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ഫെഡേറഷന്‍ 2003 ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ചു. വനിതാഫെഡിന്റെ പ്രവര്‍ത്തന മേഖല കേരളം മൊത്തം വ്യാപിച്ചുകിടക്കുന്നു. നിലവില്‍ 475 പ്രാഥമിക വനിതാ സഹകരണ സംഘങ്ങള്‍ വനിതാഫെഡില്‍ അംങ്ങളാണ്.

സംസ്ഥാനത്തെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഫലപ്രദവും ഏകോപിതവുമായ രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് അതിന്റെ അംഗ സൊസൈറ്റികള്‍ വഴി സംയോജിത വായ്പയും സേവനങ്ങളും നല്‍കുക എന്നതാണ് ഫെഡറേഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. അതനുസരിച്ച്, ഫെഡറേഷന്‍ തുടക്കം മുതല്‍ അംഗത്വ സൊസൈറ്റികള്‍ക്ക് വായ്പാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രോജക്റ്റ് അധിഷ്ഠിത പിന്തുണ നല്‍കുകയും ചെയ്യുന്നു. വനിതാ ശാക്തീകരണത്തില്‍ വനിത ഫെഡറേഷന്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. സഹകരണ മേഖലയില്‍ സ്ത്രീകളെ കൂടുതല്‍ സജീവമാക്കാനും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് വനിതാഫെഡ് പരിശ്രമിക്കുന്നത്. അഞ്ഞൂറോളം വനിതാ സഹകരണ സംഘങ്ങളെ ഏകോപിപ്പിക്കാനും നയിക്കാനും വേണ്ടിയാണ് സംസ്ഥാന വനിതാ സഹകരണ ഫെഡറേഷന്‍ രൂപവത്കരിച്ചത്. പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളും സ്റ്റാര്‍ട്ടപ്പുകളും സൃഷ്ടിക്കുകയാണ് വനിതാഫെഡിന്റെ ലക്ഷ്യം.

Read also